സത്രാജിത്താകുന്ന മന്നവൻ പണ്ടുപോയ്
മിത്രനെസ്സേവിച്ചു നിന്നകാലം
ഉത്തമമായൊരു രത്നത്തെ നൽകിനാൻ
ഭക്‌തിയെക്കണ്ടു തെളിഞ്ഞു മിത്രൻ.
വാർമെത്തുമാറു സ്യമന്തകമെന്നൊരു
പേർപെറ്റു നിന്നൊന്നിപ്പാരിലെങ്ങും.
എട്ടെട്ടുഭാരം നല്‌പൊന്നുമിണ്ണീടുന്നോ-
ന്നിഷ്‌ടത്തിൽ പൂജിച്ചു സേവിക്കുമ്പോൾ.
അങ്ങനെയുളെളാരു നന്മണിതന്നെത്ത-
ന്നംഗത്തിൽ ചേർത്തവൻ പോകുംനേരം 10
ദ്വാരകതന്നിലെ മാലോകർ കണ്ടിട്ടു
സൂര്യനെന്നിങ്ങനെ നിർണ്ണയിച്ചാർ
പാഥോജലോചനൻ തന്നുടെ ചാരത്തു
പാഞ്ഞുചെന്നെല്ലാരും ചൊന്നാരപ്പോൾ;
“സൂരിയനുണ്ടിങ്ങു വന്നു തുടങ്ങുന്നു
സൂതനും തേരുമകന്നു ചെമ്മേ.
ആദരിച്ചീടണം പാരാതെ ചെന്നു നീ
വേദത്തിൻ കാതലാം ദേവൻതന്നെ.”
എന്നതു കേട്ടൊരു പങ്കജലോചനൻ
എന്തെന്നു ചിന്തിച്ചുനോക്കിച്ചൊന്നാൻ; 20
“മിത്രനല്ലേതുമേ രത്നത്തെപ്പൂണ്ടുളള
സത്രാജിത്തല്ലൊയീ വന്നതിപ്പോൾ.”
എന്നതു കേട്ടുളള യാദവന്മാരെല്ലാം
നിന്നങ്ങു മേവിനാർ നോക്കിനോക്കി,
സത്രാജിത്തങ്ങുപോയ് തന്നുടെ ഗേഹത്തിൽ
സത്വരം ചെന്നങ്ങു പുക്കുപിന്നെ.
ഈശ്വരപൂജയെച്ചെയ്‌തങ്ങുപോരുന്ന
വേശ്‌മത്തിലാക്കിനാനമ്മണിയും.
സ്വർണ്ണങ്ങൾകൊണ്ടു നിറഞ്ഞു തുടങ്ങീത-
പ്പുണ്യവാൻ തന്നുടെ ഗേഹമപ്പോൾ. 30
അന്നൊരുനാളിലന്നന്ദജൻ മെല്ലവേ
ചെന്നങ്ങു നിന്നവൻ മന്ദിരത്തിൽ
യാദവരാജനു വേണമെന്നിങ്ങനെ
യാചിച്ചു നിന്നാനന്നന്മണിയേ,
ലുബ്‌ധനായുളെളാരു മന്നവനന്നേരം
ഉദ്ധതനായിക്കൊടാഞ്ഞ മൂലം
മെല്ലവേ തന്നുടെ മന്ദിരം പൂകിനാൻ
അല്ലിത്താർ മാനിനീ കാന്തനപ്പോൾ.
വാഞ്ഞ്‌ഛിതമായതു കൈവന്നു കൂടാതെ
വാരിജലോചനൻ പോയനേരം 40
എന്തിതു കൊണ്ടിനി വന്നതെന്നിങ്ങനെ
ചിന്തതുടങ്ങീതു മന്നവനും.
ഒട്ടുനാളിങ്ങനെ തിട്ടതി കൂടാതെ
ഇഷ്‌ടമായ് നിന്നു കഴിഞ്ഞകാലം
മന്നവന്തന്നുടെ സോദരനമ്മണി
തന്നുടെ കണ്‌ഠത്തിൽ ചേർത്തുചെമ്മേ
ആയാസം കൈവിട്ടു പേയായിപ്പോകാതെ
നായാടവേണം ഞാനെന്നു നണ്ണി
വാജിമേലേറി നടന്നുതുടങ്ങിനാൻ
വാരുറ്റു നിന്നൊരു കാനനത്തിൽ. 50
വീരനായുളെളാരു കേസരിവന്നപ്പോൾ
പാരാതെ കൊന്നവൻ തന്നെ വീഴ്‌ത്തി
വാജിയും കൊന്നുടനമ്മണിതന്നെയും
വാരിക്കൊണ്ടങ്ങു നടന്നനേരം
ജാംബവാൻ കണ്ടു നൽകേസരിതന്നെയും
ചാമ്മാറു നിന്നു കതിർത്തു പിന്നെ
ദീധിതി പൂണ്ടൊരു നന്മണി തന്നെയും
ആധികളഞ്ഞു പറിച്ചുകൊണ്ട്
ബാലകന്നായിട്ടു ലീലകൾ കോലുവാൻ
ചാലെ നൽകീടിനാനാലയത്തിൽ. 60
സോദരൻ പോയവൻ വന്നുതില്ലെന്നിട്ടു
കാതരനായൊരു മന്നവന്താൻ
തന്നോടു ചേർന്നുളള ലോകരോടന്നേരം
ഖിന്നനായ് നിന്നു പറഞ്ഞാൻ മെല്ലെഃ
“നായാട്ടുകോലുവാൻ നന്മണി പൂണ്ടങ്ങു
പോയൊരു സോദരൻ വന്നുതില്ലേ;
എന്തിതിങ്കാരണമെന്നതേ ചിന്തിച്ചു
വെന്തു വെന്തീടുന്നുതുളളമിപ്പോൾ.
നന്മണികൂടാതെ പോയാകിൽ വന്നാനും
എന്നൊരു നിർണ്ണയമുണ്ടെനിക്കും. 70
ആദിത്യസേവയെപ്പണ്ടു ഞാൻ ചെയ്‌തതി-
ന്നാപത്തിൻ മൂലമായ് വന്നുകൂടി.
ഓങ്ങിനതെല്ലാരും കണ്ടുതായല്ലോ പ-
ണ്ടോശയും കേട്ടുതായിന്നു ചെമ്മേ.
എന്നുടെയുളളത്തിൽ മുന്നമേയുണ്ടതു
നിന്നോടു ചൊല്ലീലയെന്നേ വേണ്ടൂ.”
ഖിന്നനായുളെളാരു മന്നവനിങ്ങനെ
കണ്ണനെത്തോന്നിച്ചു ചൊന്നനേരം
ഇഷ്‌ടരായുളളവരെന്നതു കേട്ടപ്പോൾ
‘കഷ്‌ടം’ എന്നിങ്ങനെ ചൊല്ലിപ്പിന്നെ 80
തങ്ങളിൽനിന്നു പറഞ്ഞു തുടങ്ങിനാർഃ
“ഇങ്ങനെയുളളതിന്നെന്തു ചൊൽവൂ?
നാമിപ്പറഞ്ഞതു പൊങ്ങുകിലെങ്ങാനും
നമ്മുടെ ജീവനും പോക്കുണ്ടാമേ.
എന്നതു ചിന്തിച്ചു കൊളളുവിനെല്ലാരും”
എന്നങ്ങു ചൊന്നവർ നിന്നനേരം
തന്നുടെ ബന്ധുവായ് നിന്നങ്ങു പോന്നവൻ
തന്നോടു ചൊല്ലിനാനങ്ങൊരുത്തൻ
തന്നുടെ തന്നുടെ ബന്ധുവായുളളവർ
തങ്ങളിൽ തങ്ങളിൽ ചൊല്ലിച്ചൊല്ലി 90
കർണ്ണങ്ങൾതോറും നടന്നു തുടങ്ങീത-
ക്കണ്ണനെക്കൊണ്ടുളള വാർത്തയപ്പോൾ.
മാലോകരെല്ലാരും തങ്ങളിലൊന്നിച്ചു
ചാലപ്പറഞ്ഞു തുടങ്ങീതപ്പോൾഃ
“വാരിജലോചനൻ ശീലങ്ങളോർക്കുമ്പോൾ
ചേരുന്നൂതല്ലയീ വാർത്തയിപ്പോൾ.”
‘വിത്തങ്ങൾ കാണുമ്പോൾ ചിത്തം മയങ്ങാതെ
ഉത്തമരായുളേളാരാരിപ്പാരിൽ?
ബന്ധുരമായൊരു രത്നമിതെന്നതു
ചിന്തിച്ചു കാൺക നീ മറ്റൊന്നല്ലേ. 100
ബാലനായ് പണ്ടിവൻ ചാലനടന്നന്നേ
വേലകളെല്ലാമേ കേൾപ്പുണ്ടല്ലീ?
ആച്ചിമാർ വീട്ടിലെ വെണ്ണകവർന്നതി-
പ്പൂജ്യനായ് പോരുന്ന വീരനത്രെ.
കട്ടതുകൊണ്ടു പിടിച്ചുകൊണ്ടമ്മതാൻ
കെട്ടിനാളെന്നതോ കേൾപ്പുണ്ടല്ലോ.
നാരിമാർ വീഴ്‌ത്തുളള കൂറകൾ വാരിക്കൊ-
ണ്ടാരുമേ കാണാതെ കൊണ്ടുപോയി.
ഇത്തരംചെയ്യുന്ന കർക്കശന്മാർക്കു ചൊ-
ല്ലിച്‌ഛയുണ്ടാകാതോ രത്നങ്ങളിൽ. 110
വേലിതാൻ ചെന്നു വിളതിന്നു പോരുന്ന
കാലമിതെന്നതു വന്നുകൂടി
തന്നെയും തന്നെയും കാത്തുകൊണ്ടന്നാലേ
നിന്നുകൊൾകെല്ലാരുമെന്നേ വേണ്ടൂ.’
മാലോകരിങ്ങനെ ചൊന്നതു കേട്ടപ്പോൾ
മാലിയന്നീടിനാർ പാന്ഥന്മാരും
ബാലകന്മാരോടു ചൊല്ലിനാരെല്ലാരും
‘ചാരത്തു ചൊല്ലൊല്ലാ’ എന്നിങ്ങനെ
കാണുന്നനേരത്തു ബാലകന്മാരെല്ലാം
പായുന്നതെന്തെന്നു ചിന്തിച്ചപ്പോൾ 120
പങ്കജലോചനന്തന്നുടെയുളളിലും
ശങ്കതുടങ്ങീതു മെല്ലെമെല്ലെ.
ബാലന്മാരെ വിളിച്ചു തുടങ്ങിനാൻ
വാഴപ്പഴങ്ങളുമായിച്ചെമ്മെ.
പിന്നെയുമൊന്നുമേ ചാരത്തു ചെല്ലാതെ
പിൻനോക്കി മണ്ടുന്ന ബാലകന്മാർ
ചൊന്നതുകേട്ടു പറഞ്ഞുതുടങ്ങിനാർ
മന്ദിരംതന്നിലെ നിന്നോരെല്ലാംഃ
“നിന്നോടു മുന്നം ഞാൻ ചൊന്നൊരു വാർത്തകൾ
നിർണ്ണയമെന്നതു വന്നുതിപ്പോൾ; 130
വാഴപ്പഴങ്ങളെക്കാണുന്നനേരത്തു
ബാലകർ ചാരത്തു ചെല്ലുമല്ലൊ;
മോതിരം തോടകൾ കോൾവളയെന്നിവ
മോഷണിച്ചീടുവാൻ തക്കമപ്പോൾ.”
Generated from archived content: krishnagatha42.html Author: cherusseri