ഗോവിന്ദനായൊരു മന്ദരംതന്നാലെ
മേവുന്ന മന്ഥനംകൊണ്ടു ചെമ്മേ
പ്രദ്യുമ്‌നനായാരു നൽത്തിങ്കളുണ്ടായി
രുക്മിണിയായൊരു പാൽക്കടലിൽ.
ശംബരനായൊരു ദാനവനെന്നപ്പോൾ
നമ്മുടെ വൈരിയിതെന്നു നണ്ണി
പെറ്റൊരു നേരത്തു പെട്ടെന്നു വന്നിട്ടു
മറ്റാരും കാണാതെ കൊണ്ടുപോയി
പാൽക്കടൽ തന്നിലെറിഞ്ഞു നിന്നീടിനാൻ-
മൂർക്ക്വരായുള്ളവരെന്നു ഞായം. 10
പൈതലെച്ചെന്നു വിഴുങ്ങിനിന്നീടിനാൻ
പൈപെരുത്തീടിന മീനനപ്പോൾ
വാരിധി ചാരർ പിടിച്ചുകൊണ്ടന്നേരം
ബാലനെപ്പൂണുമമ്മീനന്തന്നെ
സർപ്പത്തെപ്പൂണ്ടൊരു ഭാജനംപോലെ ചെ-
ന്നപ്പോഴേ നൽകിനാൻ ശംബരന്ന്.
പാചകനന്നേരം വാൾകൊണ്ടമ്മീനനെ-
പ്പാരാതെ ചെന്നങ്ങു കീറുന്നേരം
പേയില്ലയാതൊരു പൈതലെക്കണ്ടിട്ടു
മായാവതിക്കായി നൽകിനിന്നാൻ 20
നാരദന്തന്നുടെ വാർത്തയെക്കേട്ടു നി-
ന്നാദരവോടവൾ പൈതൽതന്നെ
തന്നുടെ കാന്തനാം കാമനെന്നിങ്ങനെ
നിർണ്ണയിച്ചമ്പിൽ വളർത്തുകൊണ്ടാൾ
മെല്ലെമെല്ലങ്ങു വളർന്നു വളർന്നവൻ
നല്ലൊരു യൗവനം പൂണ്ടകാലം
കാമിച്ചു നിന്നൊരു കാമിനിതന്നോടു
നാണിച്ചുനിന്നു പറഞ്ഞാനപ്പോൾഃ
“അമ്മയായുള്ളൊരു നിന്നുടെ ഭാവങ്ങൾ
സമ്മതികൂടാതെ കണ്ടതെന്തേ?” 30
എന്നങ്ങു കേട്ടവളിങ്ങനെ ചൊല്ലിനാൾഃ
“എന്നുടെ കാന്തനായ് നിന്നതു നീ
കന്ദർപ്പൻ നീയെന്നു നിർണ്ണയിച്ചാലുമി-
ന്നിന്നുടെ കാന്തയായ്‌നിന്നതു ഞാൻ
നിന്നുടെ വൈരിയായുള്ളൊരു ശംബരൻ
തന്നെ നീ കൊല്ലുവായെന്നു നണ്ണി
ശംബരന്തന്നുടെ മന്ദിരം തന്നിലേ
നിന്നു മുഷിഞ്ഞു ഞാനിത്രനാളും.”
എന്നതു കേട്ടവനുള്ളിലങ്ങുണ്ടായി
തന്നുടെ വേല കഴിഞ്ഞതെല്ലാം. 40
ക്രുദ്ധനായ് നിന്നിട്ടു ശംബരന്തന്നോടു
യുദ്ധം തുടങ്ങിനാമ്പാരമപ്പോൾ
ഘോരനായുള്ളൊരു ശംബരന്തന്നെയും
ആദരം കൈവിട്ടു നേരെയപ്പോൾ
അന്തകന്തന്നുടെ മന്ദിരം പൂകിച്ചു
ചന്തത്തിൽ തന്നുടെ കാന്തയുമായ്
വാരുറ്റു നിന്നൊരു ദ്വാരകതന്നിലെ
പാരാതെ ചെന്നങ്ങു പൂകുംനേരം
കണ്ടു*കണ്ടീടുന്ന കാമിനിമാരെല്ലാം
കൊണ്ടൽനേർവ്വർണ്ണന്താനെന്നു നണ്ണി 50
പേടിച്ചുപോയി മറഞ്ഞു തുടങ്ങിനാർ
കേടറ്റു പിന്നെയും തേടിനിന്നാർഃ
ആരിതെന്നിങ്ങനെ ശങ്കിച്ചു നിന്നാര-
ദ്വാരകതന്നിലെ ലോകരെല്ലാം
‘എന്നുടെ ബാലകന്താനിതെ’ന്നിങ്ങനെ
തന്നിലെ നണ്ണിയണഞ്ഞനേരം
വൈദർഭിതന്നുടെ വാർമുലക്കോരകം
വൈകാതെനിന്നു ചുരന്നുതപ്പോൾ
നാദരനന്മുനി പാരാതെ ചെന്നുടൻ
ദ്വാരകയാകിന പൂരിൽനേരേ 60
കീഴിൽ കഴിഞ്ഞുള്ളവസ്ഥകളോരോന്നേ
കോഴപ്പെടാതെ നിന്നോതിയോതി
‘നിന്നുടെ ബാലകന്താനിവൻ’ എന്നവൾ-
തന്നോടു നിന്നങ്ങു ചൊന്നനേരം
തന്നുടെ പൈതലിവനെന്നതങ്ങവൾ
നിർണ്ണയിച്ചമ്പോടു പൂണ്ടുകൊണ്ടാൾ
അംഗജന്തന്നുടെ സംഗതിതന്നാലെ
മംഗലമായ്‌വന്നു മാലോകർക്കും.
Generated from archived content: krishnagatha41.html Author: cherusseri
Click this button or press Ctrl+G to toggle between Malayalam and English