ഘോരങ്ങളായുള്ള ബാണങ്ങൾ തൂകിനാൻ
വാരിദം വാരിയെത്തൂകുംപോലെ
കൊണ്ടൽനേർവർണ്ണനും ബാണങ്ങളെല്ലാമേ
കണ്ടിച്ചു കണ്ടിച്ചു വീഴ്‌ത്തി വീഴ്‌ത്തി
സാരഥിതന്നെയും വ്യാജികൾതന്നെയും
തേരുമന്നേരത്തു വീഴ്‌ത്തിപ്പിന്നെ
ചാലെച്ചെന്നങ്ങവന്തന്നെയും ബന്ധിച്ചു
കാലന്നു നൽകുവാനോങ്ങുംനേരം
കാർവ്വർണ്ണന്തന്നുടെ കൈ പുക്കു നിന്നിട്ടു
കാതരനായൊരു വീരന്നപ്പോൾ 1100
ബാലിക തന്നുടെ ലോചനവാരികൾ
ആലംബമായിട്ടേ വന്നുകൂടി
കാർമ്മുകിൽ വർണ്ണന്തന്നാനനം തന്നുടെ
രാഗവും കിഞ്ചിൽ കുറഞ്ഞുതായി.
‘കൊല്ലാതെ കൊല്ലേണമിന്നിവന്തന്നെ’യെ-
ന്നുള്ളിലേ നണ്ണിന കാർവ്വർണ്ണന്താൻ
പേശലമായൊരു കേശവും മീശയും
പേയായിപ്പോകുമാറാക്കിപ്പിന്നെ
പോകെന്നു ചൊല്ലിയയച്ചു നിന്നീടിനാൻ
ആകുലനാകിന ഭൂപന്തന്നെ. 1110
നാണവും പൂണ്ടുതന്നാനനം കുമ്പിട്ടു
നാനാജനങ്ങളും കാണവേതാൻ
വേഗത്തിൽ പോയിത്തന്മന്ദിരം തന്നുടെ
ചാരത്തു ചെന്നങ്ങു നിന്നനേരം
ഉറ്റവരെല്ലാരും കുറ്റമകന്നൊരു
മറ്റൊരു മന്ദിരം നിർമ്മിച്ചപ്പോൾ
ക്ഷീണനായുള്ളൊരു രുക്മിയെത്തന്നെയും
ചേണുറ്റ മന്ദിരം തന്നിലാക്കി
മന്നവന്മാരെല്ലാം മാനവും കൈവിട്ടു
തന്നുടെ മന്ദിരം തന്നിൽ പുക്കാർ. 1120
കാമിനി തന്നോടു കൂടിക്കലർന്നൊരു
കാർവ്വർണ്ണന്താനുമായ് മെല്ലെമെല്ലെ.
ദ്വാരകയാകിന പൂരിലകം പുക്കാർ
ഭേരിയും താഡിച്ചു യാദവന്മാർ.
*വേദിയരായുള്ള ദേശികൾ ചൊല്ലാലെ
വൈദർഭി തന്നുടെ പാണിതന്നെ
നൽപ്പൊഴുതാണ്ടൊരു രാശികൊണ്ടന്നേരം
പദ്‌മവിലോചനൻ പൂണ്ടുകൊണ്ടാൻ
പാർവ്വതി തന്നുടെ പാണിയെപ്പണ്ടുനൽ
പാവകലോചനനെന്നപോലെ 1130
വാരുറ്റുനിന്നുള്ളൊരുത്സവമന്നേരം
ദ്വാരകതന്നിൽ പരന്നുതെങ്ങും
വാർതിങ്കൾ തന്നോടു തൂവെണ്ണിലാവുതാൻ
വാരുറ്റുനിന്നാ കലർന്നപോലെ
കാർവ്വർണ്ണന്തന്നോടു കാമിനിതാനുമ-
ക്കാലത്തു ചാലക്കലർന്നുനിന്നാൾ
ബാലികതന്നുടെ വാഞ്ഞ്‌ഛിതംപൂരിപ്പാൻ
ചാലത്തുനിഞ്ഞു തുടങ്ങുംനേരം
ചേദിപന്തന്നുടെ ചൊല്ലാലെ വന്നിട്ടു
വേദന പൂകിപ്പാനെന്നപോലെ 1140
ലജ്ജതാൻ ചെന്നു ചെറുത്തു തുടങ്ങിനാൾ
ഇച്ഛയല്ലെന്നതു ചിന്തിയാതെ.
വാരിജലോചനൻ കണ്ണിണമെല്ലെയ-
ന്നാരിതന്നാനനം പൂകുംനേരം
വാരിജലോചന തന്നുടെ കണ്ണിണ
നേരെ മടങ്ങിത്തുടങ്ങുമപ്പോൾ
‘ഓമലേ! നിന്നുടെ കോമളമായൊരു
പൂമേനിമെല്ലവേ പൂണ്ടുകൊൾവാൻ
കാമിച്ചു വന്നു ഞാൻ ദൂരത്തുനില്ലാതെ
ചാരത്തു പോരിങ്ങു ബാലികേ! നീ’ 1150
എന്നങ്ങു ചൊല്ലുമ്പൊളാനനം താഴ്‌ത്തുകൊ-
ണ്ടേതുമേ മിണ്ടാതെ നിന്നുകൊള്ളും
വാസത്തിനുള്ളൊരു മന്ദിരം തന്നിൽ തൻ-
നാഥനുമായിട്ടു മേവുംനേരം
ചൂഴും നിന്നോരോരോ ലീലകളോതിത്തൻ
തോഴിമാരെല്ലാരും *പോകുന്നേരം
കേവലനായൊരു കാന്തനെക്കാൺകയാൽ
പോവതിനായിട്ടു ഭാവിക്കുന്നോൾ
ശയ്യയിലങ്ങു തിരിഞ്ഞു കിടന്നിട്ടു
പയ്യവേ നോക്കീടുമിങ്ങുതന്നെ; 1160
കാർമുകിൽ വർണ്ണന്താൻ കണ്ണടച്ചീടുകിൽ
ആനനം തന്നിലെ നോക്കിൽ നിൽക്കും.
ചുംബനത്തിന്നു തുനിഞ്ഞു തുടങ്ങുകിൽ
ചിമ്മിനിന്നീടും തങ്കണ്ണിണയും
കാർമുകിൽ വർണ്ണന്തന്മേനിയോടേശുകിൽ
കോൾമയിൽക്കൊള്ളും തന്മേനിതന്നിൽ
പങ്കജലോചനന്തന്നുടെ പാണികൾ
കൊങ്കയിൽനിന്നു കളിക്കുംനേരം
ചേണുറ്റനീവിതൻ ചാരത്തുചെല്ലുകിൽ
പാണികൾ ചെന്നു പിണങ്ങുമപ്പോൾ 1170
‘ഇങ്ങനെയോരോരോ ലീലകൾ തോഞ്ഞുതൻ
മംഗലകാന്തനും താനുമായി
ചിത്തമിണങ്ങി മയങ്ങിനിന്നേഴെട്ടു
പത്തുദിനങ്ങൾ കഴിഞ്ഞകാലം
തോഴികൾ തന്നുടെ ചാരത്തു ചെല്ലുമ്പോൾ
കോഴ തുടങ്ങീതു മെല്ലെമെല്ലെ.
ചോരിവാ തന്നയും മൂടിത്തുടങ്ങിനാൾ
വാരുറ്റ പാണിയെക്കൊണ്ടുമെല്ലെ
തോഴിമാരെല്ലാരുമെന്നതു കണ്ടപ്പോൾ
പാഴമ പൂണ്ടു പറഞ്ഞു നിന്നാർഃ 1180
“ചൊല്ലിയന്നീടിന ചൂതത്തിൻ ചാരത്തു
ചെല്ലത്തുടങ്ങീതു മുല്ലതാനേ,
പണ്ടുതാൻ കാമിച്ച പൂമരം ചാരത്തു
കണ്ടുകണ്ടീടിനാലെന്നു ഞായം
ചൊൽപെറ്റു നിന്നൊരു ദാഡിമം തന്നുടെ
നല്പഴം കണ്ടൊരു പൈങ്കിളി താൻ
കൊത്തിപ്പിളർന്നതു മൂടുവാൻ തേടുന്നു
പുത്തനായ് നിന്നുള്ള പല്ലവംതാൻ.
ചാലെ വിരിഞ്ഞൊരു വാരിജം തന്നിലെ-
ത്തേനുണ്ടു നിന്നുള്ളൊരന്നത്തിന്റെ 1190
വാർനഖമേറ്റു പൊളിഞ്ഞതു കണ്ടാലും
വാരിജം തന്നുടെ കോരകങ്ങൾ”.
തോഴിമാരെല്ലാരുമെന്നതു ചൊന്നപ്പോൾ
തോഷത്തെപ്പൂണ്ടൊരു കോപവുമായ്
നാണം ചുമന്നു കനത്ത കണക്കെത-
ന്നാനനം താഴ്‌ത്തിനാൾ മാനിനിതാൻ
ഇങ്ങനെയോരോരോ മംഗലലീലകൾ
തങ്ങളിൽ കൂടിക്കലർന്നു പിന്നെ
കാർമുകിൽ നേരൊത്ത കാന്തിയെപ്പൂണ്ടുള്ള
കാമുകന്മേനിയും പൂണ്ടുചെമ്മെ. 1200
ഭംഗികൾ തങ്ങുന്ന ശൃംഗാരം തന്നുടെ
മംഗലവാഴ്‌ചയും വാണുനിന്നാർ.
Generated from archived content: krishnagatha40.html Author: cherusseri