കൃഷ്‌ണഗാഥ

അന്നിലംതന്നിലേ നിന്നു വിളങ്ങിന

സന്യാസിതന്നെയും കണ്ടാരപ്പോൾ.

കണ്ടൊരു നേരത്തു കൂപ്പിനിന്നീടിനാ-

രിണ്ടലകന്നുളെളാരുളളവുമായ്‌.

തൻപദം കുമ്പിട്ടു നിന്നവരോടപ്പോ-

ളമ്പോടു ചൊല്ലിനാൻ സന്യാസിതാൻ.

‘നിർമ്മലരായുളള നിങ്ങൾക്കു മേന്മേലേ

നന്മകളേറ്റം ഭവിക്കേണമേ.

ഉത്തമരായുളള നിങ്ങൾതന്നുളളിലേ

ഭക്തിയെക്കണ്ടു തെളിഞ്ഞു ഞാനോ. 250

എങ്ങു നിന്നിങ്ങിപ്പോളാഗതരായ്‌ നിങ്ങൾ?

മംഗലമായിതേ കണ്ടതേറ്റം.’

എന്നതു കേട്ടുളള വീരന്മാർ ചൊല്ലിനാർ

വന്നതിൻ കാരണമുളളവണ്ണം.

പാരാതെ പോന്നിങ്ങു വന്നു ചൊല്ലീടിനാർ

നേരായി നിന്നൊരു വാർത്തയപ്പോൾ.

‘ധന്യന്മാരായിതേ ഞങ്ങളുമിന്നൊരു

പുണ്യവാന്തന്നെയും കാൺകകൊണ്ടേ.’

എന്നവർ ചൊല്ലുമ്പോൾ ലാംഗലി ചോദിച്ചാ-

‘നെന്നിലംതന്നിൽ നിന്നെ’ന്നിങ്ങനെ. 260

വീരന്മാരെന്നതുനേരം പറഞ്ഞിതു

സീരിതന്നോടുടൻ സാരമായിഃ

‘നമ്മുടെ ചാരത്തു കാണുന്നൊരദ്രിമേൽ

നിർമ്മലനായൊരു ഭിക്ഷുകൻതാൻ

മേവിനിന്നീടുന്നോൻ ഞങ്ങളവനെയും

സേവിച്ചുകൊണ്ടല്ലൊ പൊന്നുകൊണ്ടു.’

‘എങ്കിൽ നമുക്കങ്ങു കാണണ’മെന്നിട്ടു

പങ്കജനേത്രനും താനുമായി

ഉത്തമന്മാരായ യാദവന്മാരോടു-

മൊത്തുനടന്നങ്ങു പോയിപ്പോയി 270

പാരാതെ ചെന്നു ഗിരിമുകളേറുമ്പോൾ

ദൂരവേ കാണായി സന്യാസിയേ.

കാന്തിപൂണ്ടേറ്റം വിളങ്ങിനിന്നീടുന്ന

കാന്താരവാസിയാം കൗന്തേയനേ

പൂർവ്വാചലം തന്നിൽ മേവിനിന്നീടുന്ന

സൂർയ്യൻതാൻ നിന്നു വിളങ്ങുംപോലെ.

ദൂരത്തുനിന്നവർ ചാരത്തു ചെന്നിട്ടു

നേരൊത്തു കൂപ്പി വണങ്ങി നിന്നാർ.

മസ്‌ക്കരിതന്നെ നമസ്‌കരിച്ചങ്ങനെ

സൽക്കരിച്ചമ്പിനോടായവണ്ണം. 280

Generated from archived content: krishnagatha4.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here