രുക്മിണീ സ്വയംവരം – പത്ത്‌

പാദത്തോടിങ്ങനെ നൂപുരം താൻ ചെന്നു

യാചിക്ക ചെയ്യുന്നതെന്നിങ്ങനെ.

മാർഗ്ഗത്തിലെങ്ങുമിടർച്ചവരായല്ലോ

മാർദ്ദവം കോലുമിപ്പാദങ്ങൾക്കോ

ദീധിതി പൂണ്ടുള്ള തൂനഖജാലങ്ങൾ

ദീപമായ്‌ മുമ്പിൽ വിളങ്ങുയാൽ.

ബന്ധുരഗാത്രിതൻ ചന്തത്തെ വാഴ്‌ത്തുവാൻ

ചിന്തിച്ച തോറുമിന്നാവതല്ലേ. 960

രാശികൾകൊണ്ടു തിരിഞ്ഞുചമച്ചോന്നി-

പ്പേശലമേനിതാനെന്നു തോന്നും;

ചാപമായുള്ളതിച്ചില്ലികൾ രണ്ടുമോ

ലോചനമായതോ മീനമല്ലോ.

കൊങ്കകൾ രണ്ടുമൊ കുംഭമെന്നിങ്ങനെ

ശങ്കയെക്കൈവിട്ടു ചൊല്ലാമല്ലൊ.

മന്നവന്തന്നുടെ ബാലികയാമിവൾ

കന്നിയായല്ലൊ താൻ പണ്ടേയുള്ളൂ

സമ്മോദം പൂണ്ടു മിഥുനത്വം തന്നെയും

ചെമ്മുകലർന്നു ലഭിക്കുമിപ്പോൾ 970

പാവനമായുള്ള തീർത്ഥവും ദേശവും

കേവലമിന്നിവൾ മെയ്യിലും കാൺ;

ഹാരമായുള്ളൊരു ഗംഗയുമുണ്ടല്ലൊ

രോമാളിയായൊരു കാളിന്ദിയും

മാലോകരുള്ളത്തിലാനന്ദം നൽകുന്ന

ബാലപ്പോർ കൊങ്കനൽ കുംഭകോണംഃ

കാഞ്ചനം വെല്ലുമിക്കാമിനി മേനിയിൽ

കാഞ്ചിയും കണ്ടാലും കാന്തിയോടെ.“

ഇത്തരമിങ്ങനെ ചൊല്ലിനിന്നീടിനാർ

അത്തൽ പിണഞ്ഞുള്ള മന്നവന്മാർ 980

അംഗനതന്നുടെയംഗങ്ങളെല്ലാമേ

ഭംഗിയിൽ കാണേണമെന്നു നണ്ണി

‘ചൊല്ലു നീ’ എന്നവർ ചൊല്ലുന്ന ചൊല്ലാലെ

ചെല്ലത്തുടങ്ങിന കണ്ണിണതാൻ

മുറ്റുംതാൻ ചെന്നുള്ളൊരംഗത്തെക്കൈവിട്ടു

മറ്റൊന്നിൽ ചെല്ലുവാൻ വല്ലീലപ്പോൾ

മുഗ്‌ദ്ധവിലോചനതാനുമന്നേരത്തു

ബദ്ധവിലാസയായ്‌ മെല്ലെമെല്ലെ

ചെന്നുതുടങ്ങിനാൾ ചേണുറ്റുനിന്നൊരു

നന്ദകുമാരകൻ നിന്ന ദിക്കിൽ 990

ചാരത്തുനിന്നൊരു വാരിധികണ്ടിട്ടു

വാരുറ്റ വൻനദിയെന്നപോലെ

കാർമുകിൽവർണ്ണന്താൻ കാമുകർ ചൂഴുറ്റു

കാമിനിതന്നെയണഞ്ഞാനപ്പോൾ

വണ്ടുകൾ ചൂഴുറ്റ വാരിജം കണ്ടിട്ടു

മണ്ടിയടുക്കുന്ന ഹംസംപോലെ.

ബാലിക തന്നുടെ പാണിയെ മെല്ലവേ

ചാലത്തങ്കൈകൊണ്ടു പൂണ്ടാമ്പിന്നെ

വാരണവീരൻതൻ കാമിനീകൈതന്നെ-

ച്ചാരത്തു ചെന്നങ്ങു പൂണുംപോലെഃ 1000

തേരിലങ്ങായ്‌ക്കൊണ്ടു പാഞ്ഞുതുടങ്ങിനാൻ

വീരന്മാരെല്ലാരും നോക്കിനിൽക്കെ

എന്നതു കണ്ടുള്ള മന്നവരെല്ലാരും

ഒന്നൊത്തുകൂടിക്കതിർത്താരപ്പോൾ

വില്ലെടുത്തീടിനാർ വാളെടുത്തീടിനാർ

‘ചെല്ലുവിൻ പിന്നാലെ’ എന്നു ചൊന്നാർ

ഭൂമിപന്മാരുടെ മൗലിയായുള്ളൊരു

ചേദിപൻതന്നുടെ കന്യകയെ

കൊണ്ടങ്ങുമണ്ടുന്നോനെന്നൊരു ഘോഷങ്ങ-

ളുണ്ടായിവന്നു തമ്മന്ദിരത്തിൽ 1010

ചേദിപന്തന്നുടെ ചേവരന്നേരം

ചെല്ലത്തുടങ്ങിനാർ ചെവ്വിനോടെ.

മാഗധന്താനും മറ്റുള്ളവരെല്ലാരും

മാനിച്ചു നിന്നു പറഞ്ഞാരപ്പോൾഃ

”നമ്മുടെ മുന്നിലിക്കന്യകതന്നെയി-

ന്നമ്മെയുമിങ്ങനെ നാരിയാക്കി

കൊണ്ടങ്ങു പോയാനേ കൊണ്ടൽനേർവ്വർണ്ണന്താൻ

കണ്ടങ്ങു ന്നില്ലായ്‌വിൻ നിങ്ങളാരും

കന്യക തന്നുടെ കള്ളനായുള്ളോനെ-

ക്കണ്ടുകതിർത്തു പിടിച്ചുനേരെ 1020

കൊണ്ടിങ്ങു പോരുവാനിണ്ടലും കൈവിട്ടു

മണ്ടുവിമ്പിന്നാലേ വീരന്മാരേ!“

എന്നങ്ങു ചൊന്നുള്ള മന്നവരെല്ലാരും

തന്നുടെതന്നുടെ സേനയുമായ്‌

വാരണമേറിനാർ വാജിയുമേറിനാർ

വാരുറ്റ തേരിലുമേറിപ്പിന്നെ

വാരിജലോചനന്തന്നുടെ പിന്നാലെ

പാരാതെ ചെന്നു ചെറുത്താരപ്പോൾ

പിന്നാലെ ചെല്ലുന്ന വൈരിയെക്കണ്ടിട്ടു

സന്നദ്ധരായുള്ള യാദവന്മാർ 1030

തേരും തിരിച്ചു മടങ്ങിനിന്നീടിനാർ-

വീരന്മാരങ്ങനെ ചെയ്തു ഞായം

വീരന്മാരായുള്ള മന്നവർ കേൾക്കവേ

ധീരന്മാരായ്‌ നിന്നു ചൊന്നാർ പിന്നെഃ

”ചേദിപന്തന്നുടെ പെണ്ണിനെച്ചെവ്വോടെ

യാദവന്മാരായ ഞങ്ങളിപ്പോൾ

കൊണ്ടങ്ങു പോകുന്നതെല്ലാരും കണ്ടാലും

മണ്ടിവന്നീടുവിനാകിൽ നിങ്ങൾ“

വീരന്മാരായുള്ള മന്നവരെന്നപ്പോൾ

ഘോരങ്ങളായുള്ള ബാണങ്ങൾക്ക്‌ 1040

പാരണ നൽകിനാർ യാദവന്മാരുടെ

മാറിലെഴുന്നൊരു ചോരവെള്ളം

യാദവന്മാരുടെ ബാണവുമന്നേരം

ചേദിപന്മുമ്പായ മന്നോരുടെ

ചോരയായുള്ളൊരു വെള്ളത്തിൽ മുങ്ങീട്ടു

പാരംകുളിച്ചു തുടങ്ങീതപ്പോൾ

ഭീതിയെപ്പൂണ്ടൊരു കാമിനി തന്മുഖം

കാതരമായിട്ടു കണ്ടനേരം

കാർമുകിൽ നേർവ്വർണ്ണൻ ചൊല്ലിനിന്നീടിനാൻ

തൂമന്ദഹാസത്തെത്തൂകിത്തൂകിഃ 1050

”താവകമായുള്ളൊരാനനം കണ്ടിട്ടു

താപമുണ്ടാകുന്നു മാനസത്തിൽ;

മാനിനിമാരുടെ മൗലിയായുള്ള നി-

ന്നാനനമേതുമേ വാടൊല്ലാതെ.

*എന്നുടെ ബാണങ്ങൾ ചെല്ലുന്ന നേരത്തു

മന്നവരാരുമേ നില്ലാരെങ്ങും.

ആയിരം കാകന്നു പാഷാണമൊന്നേ താൻ

വേണുന്നൂതെന്നതോ കേൾപ്പുണ്ടല്ലൊ.“

ഇങ്ങനെ ചൊന്നവൾ പേടിയെപ്പോക്കീട്ടു

വന്നുള്ളമന്നോരെ നോക്കിനാന്താൻ 1060

കാരുണ്യം പൂണ്ടൊരു കാർവ്വർണ്ണന്തന്മുഖം

ആരുണ്യം പൂണ്ടു ചമഞ്ഞുതപ്പോൾ;

നൂതനമായുള്ളൊരാതപം പൂണുന്ന

പാതംഗമാകിന ബിംബംപോലെ.

വാരിജലോചനനായി വിളങ്ങിന

വാരിജവല്ലഭന്തങ്കൽനിന്ന്‌

ബാണങ്ങളാകുന്ന ദീധിതി ജാലങ്ങൾ

വാരുറ്റു മേന്മേലേ ചെല്ലുകയാൽ

നേരിട്ടു നിന്നൊരു വീരന്മാരായുള്ള

കൂരിരുട്ടെങ്ങുമേ കണ്ടീലപ്പോൾ

വീരനായുള്ളൊരു രുക്മിതാനന്നേരം

തേരിലങ്ങേറി മുതിർന്നു ചൊന്നാൻഃ 1070

”ചോരനായ്‌വന്നു നിന്നാരുമേ കാണാതെ

സോദരി തന്നെയും തേരിലാക്കി

കൊണ്ടങ്ങുമണ്ടുന്ന കൊണ്ടൽനേർവ്വർണ്ണന്തൻ

കണ്‌ഠത്തെക്കണ്ടിച്ചു കൊന്നു പിന്നെ

സോദരിതന്നെയുമ്മീണ്ടുകൊണ്ടിങ്ങു ഞാൻ

പോരുന്നതെല്ലാരും കണ്ടുകൊൾവിൻ.

നിശ്ചയമെന്നതു നിർണ്ണയിച്ചാലുമി-

ന്നിച്ചൊന്ന കാരിയം പൂരിയാതെ 1080

കുണ്ഡിനമാകിന മന്ദിരം തന്നിൽ ഞാൻ

എന്നുമേ പൂകുന്നേനല്ല ചൊല്ലാം.“

ഇങ്ങനെയുള്ളൊരു നംഗരവാദത്തെ

മംഗലദീപവും പൂണ്ടു ചൊന്നാൻ.

പാരാതെ പിന്നെയക്കാർമുകിൽ വർണ്ണനെ

നേരിട്ടു നിന്നു വിളിച്ചു ചൊന്നാൻഃ

”മൂർക്ക്വൻതങ്കൈയിലേ നന്മണിതന്നെയും

മൂഷികങ്കൊണ്ടങ്ങു മണ്ടുംപോലെ

എന്നുടെ സോദരിതന്നെയും കൊണ്ടു നീ

എന്തിത്തുടങ്ങുന്നു?“ തെന്നു ചൊല്ലി. 1090

Generated from archived content: krishnagatha39.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here