രുക്മിണീ സ്വയംവരം – ഒൻപത്‌

തിങ്ങിവിളങ്ങിന സുന്ദരിമാരെല്ലാം

തങ്ങളിലിങ്ങനെ ചൊല്ലുംനേരം

ഗൗരിതമ്പാദങ്ങൾ കൂപ്പുവാനായങ്ങു

ഗൗരവം പൂണ്ടുനൽ കന്യകതാൻ

പോകത്തുടങ്ങിനാൾ പോർകൊങ്കചീർക്കയാ-

ലാകുലമായ്‌ നിന്നു മെല്ലെമെല്ലെ

മംഗലദീപങ്ങൾ കണ്ണാടിപൂണ്ടുള്ള

മന്നവകന്യകമാരുമായി.

എന്നതു കണ്ടുള്ള തോഴിമാർ വന്നു വ-

ന്നെണ്ണമില്ലാതോളമായിക്കൂടി.

ആഗതരായുള്ളൊരാരണരെല്ലാരും

ആശിയും ചൊല്ലി നടന്നാർപിമ്പേ

വീരന്മാരായുള്ള ചേവകരെല്ലാരും

നാരികൾ ചൂഴവും ചെന്നുപുക്കാർ.

ഗായകന്മാരും നൽവീണയുമായിട്ടു

ഗാനം തുടങ്ങിനാർ മെല്ലെമെല്ലെ

കാഹളമൂതിനാർ ഭേരിയുമെല്ലാ മ-

ങ്ങാഹനിച്ചീടിനാരായവണ്ണം.

അങ്ങനെ പോയുള്ളൊരംഗന താനപ്പോൾ

അംബികാമന്ദിരം തന്നിൽ പുക്കാൾ

ആരണനാരമാർ ചൊന്നതു കേട്ടുകേ-

ട്ടംബികതന്നെയും കൂപ്പിനിന്നാൾ

ഉത്തമായൊരു ഭക്തിപൊഴിഞ്ഞവൾ

ചിത്തമലിഞ്ഞു തുടങ്ങീതപ്പോൾ;

ചന്ദ്രികയേറ്റങ്ങു നിന്നുവിളങ്ങിന

ചന്ദ്രശിലാമണിയെന്നപോലെ

കണ്ണുനീരായിട്ടു തന്മന്നിൽ നിന്നോർക്കു

തിണ്ണമെഴുന്നതു കാണായപ്പോൾ

താവുന്നരോമങ്ങൾ നിന്നുവിളങ്ങിതേ

ദേവിയെക്കൂപ്പുവാനെന്നപോലെ

കാണുന്ന ലോകർക്കുമാനന്ദബാഷ്പങ്ങൾ

വീണു തുടങ്ങീതു കാണുംതോറും.

ദേവിയായ്‌ മേവിന പുമലർതന്നിലേ

താവുന്നൊരാനന്ദത്തേറലെല്ലാം

ഉണ്ടുണ്ടു നിന്നവൾ മാനസമായൊരു

വണ്ടുതാൻ പോന്നിങ്ങു വന്നുപിന്നെ

ആരണനാരിമാരായുള്ള പൂക്കളിൽ

ആദരവോടു നടന്നുതെങ്ങും

ദാനങ്ങൾകൊണ്ടവർ മാനസം തന്നില-

ങ്ങാനന്ദം നൽകിനാൾ മാനിനിതാൻ

ആരണനാരിമാരാശിയായന്നേരം

‘വീരനായുള്ളൊരു കാന്തനുമായ്‌

സന്താപം വേർവ്വിട്ടു സന്തതിയുണ്ടായി

സന്തതം വാഴ്‌ക നീ’ എന്നു ചൊന്നാർ

പത്നിമാർ ചൊന്നുള്ളൊരാശിയും പൂണ്ടിട്ടു

ഭക്തയായ്‌ നിന്നൊരു കന്യകതാൻ

ദേവിതമന്ദിരം തന്നിൽ നിന്നന്നേരം

പോവതിന്നായിത്തുടങ്ങുന്നപ്പോൾ

ചേദിപൻ താനങ്ങു ദാനവും ചെയ്തു നൽ

ചേലയും പൂണ്ടു ചമഞ്ഞുനന്നായ്‌

കന്യക വന്നൊരു നൽവഴിതന്നെയും

പിന്നെയും പിന്നെയും നോക്കിനിന്നാൻ

ധന്യയായുള്ളൊരു കന്യകയന്നേരം

തന്നുടെ തോഴിമാരോടും കൂടി

ചങ്ങാതിയായൊരു ബാലിക തൻകൈയിൽ

ചന്തത്തിൽ ചേർത്തു തൻകൈയുമപ്പോൾ

മന്നവന്മാരുടെ മുന്നിലങ്ങാമ്മാറു

വന്നു തുടങ്ങിനാൾ ഭംഗിയോടെ.

മാലോകർക്കുള്ളൊരു കണ്ണുകളെല്ലാമ-

മ്മാനിനി മേനിയിൽ ചാടീതപ്പോൾ.

മാൺപുറ്റുനിന്നൊരു മാലതിതങ്കലേ

തേമ്പാതെ വണ്ടുകൾ ചാടുംപോലെ

എണ്ണമറ്റീടുന്ന കണ്ണുകൾ മേന്മേലേ

തിണ്ണം തന്മേനിയിൽ പാഞ്ഞനേരം

പാരിൽ വിളങ്ങുന്ന നാരിമാർ മൗലിക്കു

ഭാരം പൊഴിഞ്ഞു നിന്നെന്നപോലെ

മന്ദമായുള്ളൊരു യാനവുമായിട്ടു

ചെന്നുതുടങ്ങിനാൾ ചൊവ്വിനോടേ.

‘കാർവർണ്ണന്തന്നുടെ കാമിനിയായ ഞാൻ

കാൽനട പൂണ്ടു നടക്കവേണ്ട’

എന്നങ്ങു നണ്ണി നിന്നെന്ന കണക്കെയ-

നിന്നുള്ള മന്നവർ മാനസത്തിൽ

ചെന്നു കരേറി വിളങ്ങി നിന്നീടിനാൾ

ഇന്ദുതാന പൊയ്‌കയിലെന്നപോലെ

തൂമകലർന്നോരു കാമിനിതന്നുടെ

പൂമേനി കണ്ടൊരു കാമുകന്മാർ

കാമശരങ്ങൾ മനങ്ങളിലേല്‌ക്കയാൽ

പ്രേമമിയന്നു മയങ്ങിനിന്നാർ

കണ്ണിണകൊണ്ടവൾ കാന്തിയെത്തന്നെയും

പിന്നെയും പിന്നെയുമുള്ളിലാക്കി.

പാർക്കുന്നതോറുമങ്ങാക്കമിയന്നുള്ള

ലേഖ്യങ്ങൾപോലെ ചമഞ്ഞുകൂടി.

വീടികവാങ്ങുവാനോങ്ങിന മന്നവൻ

വീടിക തൻ കൈയിൽ വാങ്ങുംനേരം

കേടറ്റ നാരിതന്നാനനം കാൺകയാൽ

കേവലമങ്ങനെ നിന്നുപോയി

ചേലതാൻ പൂണ്ടതു *ചൊവ്വില്ലയാഞ്ഞിട്ടു

ചാലത്തുനിഞ്ഞങ്ങു പൂൺമതിനായ്‌

ചേല ഞെറിഞ്ഞാ തുടങ്ങിന നേരത്തു

ബാലിക വന്നതു കാൺകയാലെ

കൈക്കൊണ്ടു നിന്നൊരു ചേലയുമായിട്ടു

മൈക്കണ്ണിതന്നെയും നോക്കിനോക്കി

നിന്നുവിളങ്ങിനാനന്യനായുള്ളോരു

മന്നവൻ പണ്ടു പിറന്നപോലെ.

വീണയും വായിച്ചു നിന്നൊരു മന്നവൻ

മാനിനിവന്നതു കണ്ടനേരം

വീണങ്ങു പോയൊരു വീണയെക്കാണാതെ

കോണം കൊണ്ടോങ്ങിനാനങ്ങുമിങ്ങും

അമ്മാനയാടുന്ന മന്നവനന്നേരം

പെൺമൗലി വന്നതു കണ്ടനേരം

നർത്തകന്തന്നുടെയമ്മാനയായ്‌വന്നു

ഹസ്തങ്ങൾ തങ്ങളേ കോലുകയാൽ

പാടുവാനായിട്ടു വാപിളർന്നീടിനാൻ

കേടറ്റുനിന്നൊരു മന്നവൻ താൻ;

നീടുറ്റു നിന്നൊരു നാരിയെക്കാൺകയാൽ

നീളത്തിൽ പാടുമാറായിവന്നു.

ആനമേലേറുവാൻ കാൽകളാലൊന്നെടു-

ത്താനതന്മേനിയിലായനേരം

മാനിനിതന്നുടെയാനനം കണ്ടിട്ടു

മാഴ്‌കിനിന്നീടിനാനവ്വണ്ണമേ

മന്ത്രിപ്പാൻ ചെന്നങ്ങു മറ്റൊരു മന്നവൻ

മന്ത്രിച്ചു നിന്നു തുടങ്ങുംനേരം

ബന്ധുരഗാത്രിതൻ ചന്തെത്തെക്കാൺകയാൽ

അന്ധനായങ്ങനെ നിന്നുപോയാൻ

വാജിമേലേറിന മന്നവന്താനപ്പോൾ

വാരിജലോചന വന്നനേരം

“വാഹനം കൂടാതെ ബാലികമുന്നിൽ നീ

വാജിമേൽ നിന്നതു ഞായമല്ലേ”

എന്നങ്ങു ചൊല്ലിനിന്നെന്ന കണക്കെയ-

മ്മന്മഥനാക്കിനാൻ ഭൂതലത്തിൽ-

വാരണമേറിന മന്നോരുമങ്ങനെ;

തേരിൽ നിന്നുള്ളോരുമവ്വണ്ണമേ

ഇങ്ങനെയോരോരോ ചാപലം കാട്ടിനാർ

മംഗലരായുള്ള മന്നോരെല്ലാം.

മാനിനിമാരുടെ മൗലിയായുള്ളൊരു

മാലികയായൊരു ബാലികതാൻ

കാമനെപ്പെറ്റു വളർത്തങ്ങു നിന്നൊരു

കോമളക്കൺമുനകൊണ്ടു മെല്ലെ

ഭൂമിപന്മാരുടെ മേനിയിൽ നല്ലൊരു

ഭൂഷണഭേദത്തേ നൽകിനിന്നാൾ.

എന്മെയ്യിലെന്മെയ്യിൽ നോക്കുന്നൂതെന്നിട്ടു

മന്നവരെല്ലാരുമുന്നതരായ്‌

തന്നുടെ തന്നുടെ മേന്മയെ മേന്മേലേ

തന്നിലെ തന്നിലെ വാഴ്‌ത്തിനിന്നാർ

കാമശരങ്ങൾ തറച്ചുള്ളതെല്ലാം തൻ

കോമളമെയ്യിൽ പരന്നപോലെ

കാമുകരായുള്ള മന്നവരെല്ലാർക്കും

കോൾമയിർക്കൊണ്ടു തുടങ്ങീതപ്പോൾ.

മാരന്നു നല്ലൊരു ബാണമായ്‌ നിന്നൊരു

മാനിനിതന്നുടെ കാന്തിതന്നെ

കണ്ടുകണ്ടീടുന്ന മന്നവരെല്ലാരും

ഇണ്ടലും പൂണ്ടു പുകണ്ണാരപ്പോൾഃ

“ഇങ്ങനെയുള്ളൊരു സുന്ദരിതന്നെ നാം

എങ്ങുമേ കണ്ടുതില്ലെന്നു ചൊല്ലാം.

ആരുപോലിങ്ങനെ പാരിടം തന്നിലി-

ന്നാരിയെ നിർമ്മിച്ചു നിന്നതിപ്പോൾ

നന്മുനിമാരെയുമോതിച്ചു പോരുന്ന

നാന്മുഖന്താനല്ലയെന്നു ചൊല്ലാംഃ

മന്മഥൻ തന്നുടെ കൗശലം കാട്ടുവാൻ

നിർമ്മിച്ചുവെന്നാകിൽ ചേരുമൊട്ടേ

മന്മഥന്നുള്ളത്തിൽ മാരമാലുണ്ടാമി-

ന്നിർമ്മല മേനിയെക്കാണും നേരം

ഇങ്ങനെയുള്ളൊരു നന്മുഖം കാണുമ്പോ-

ളിന്ദ്രനായ്‌ വന്നാവൂ നാമെല്ലാരും

കാമ്യമായ്‌ നിന്നുള്ളൊരിന്മുഖം തന്നുടെ

*സാമ്യമായുള്ളതിന്നെന്തു പാർത്താൽ;

വാർതിങ്കളെങ്കിലോ വാരിജം തന്നുള്ളിൽ

ആതങ്കമുണ്ടായി വന്നുകൂടും.

ആതങ്കം കോലുന്നു വാരിജമെങ്കിലും

വാർതിങ്കളെന്നതേ ചേരുന്നതും

ഹാരമായുള്ളൊരു താരകജാലങ്ങൾ

ചാരത്തു ചെന്നങ്ങു പൂകയാലേ

മല്ലപ്പോൾ കൊങ്കയാം പങ്കജക്കോരകം

ഉല്ലസിക്കുന്നൂതുമല്ലയല്ലൊ.

പുഞ്ചിരിയായിട്ടു നിന്നനിലാവുമു-

ണ്ടഞ്ചിതമായിട്ടു കാണാകുന്നു.

കണ്‌ഠത്തോടേറ്റിട്ടു തോറ്റങ്ങു പോയിതേ

കംബുക്കളെല്ലാമതുള്ളത്രേ;

എന്നതുകൊണ്ടല്ലൊയിന്നുമക്കൂട്ടങ്ങൾ

ഏറ്റം കരഞ്ഞു നടക്കുന്നെങ്ങും

ശങ്കയുണ്ടെന്നുള്ളിൽ പങ്കജനേർമുഖീ

കൊങ്കകൾ വാഴ്‌ത്തുവാനോർത്തുകണ്ടാൽ;

ലാവണ്യമായൊരു വാപിക തങ്കലെ

താവുന്ന കോരമെന്നോ ചൊൽവൂ?

ശൃംഗാരംവന്നതിന്നംഗജനുള്ളൊരു

മംഗലകുംഭങ്ങളെന്നോ ചൊൽവൂ

തൊട്ടങ്ങുകാണുമ്പോൾ തൂനടുവെന്നതും

പട്ടാങ്ങെന്നിങ്ങനെ വന്നുകൂടും

സുന്ദരമായുള്ള കൊങ്കകളാകിന

കുന്നുകൾ തന്മീതെ തങ്ങുകയാൽ

‘പോർകൊങ്കയാകിന പൊല്‌ക്കുടം തന്നുള്ളിൽ

പോർപെറ്റുനിന്നധനത്തിനുടെ

വായോലതന്നിലെ വർണ്ണങ്ങൾതാനല്ലൊ

രോമാളിയായിട്ടു കണ്ടുതിപ്പോൾ’

എന്നങ്ങു ചൊല്ലുന്നു വന്നുള്ളോരെല്ലാരും

എന്മതമങ്ങനെയല്ല ചൊല്ലാം;

പാർവ്വതീനാഥനെപ്പണ്ടുതാൻ പേടിച്ചു

പാഞ്ഞൊരു മന്മഥൻ കൈയിൽ നിന്നു

വല്ലാതെവീണു മുറിഞ്ഞങ്ങുപോയൊരു

ചില്ലിയായുള്ളൊരു വില്ലു തന്റെ

*വേർവ്വിട്ടു പോയൊരു ഞാണത്രെകണ്ടതി-

ച്ചേണുറ്റ രോമാളിയെന്നു ചൊല്ലി.

നാഭിയെക്കൊണ്ടു നല്ലാവർത്തം തന്നുടെ

ശോഭയും വെന്നങ്ങു നിന്നു പിന്നെ

ശ്രോണിയെക്കൊണ്ടു മണത്തിട്ടതന്നെയും

ചേണൂറ്റു നിന്നവൾ വെൽകയാലേ

ഊർമ്മികളാകലന ചില്ലിതൻ ഭംഗത്തെ

മേന്മേലേ കോലുന്നു വന്നദികൾ

രംഭയിമ്മാതരിൽ നല്ലതെന്നിങ്ങനെ

കിംഫലം നിന്നു പുകണ്ണെല്ലാരും?

ഊരുക്കൾ കൊണ്ടേ താൻ രംഭതൻകാന്തിയെ-

പ്പാരം പഴിച്ചവൾ വെന്നാളല്ലൊ.

‘എന്നുടെയാനത്തെക്കണ്ടുകൊള്ളേണം നീ

അന്നത്തിൻ പൈതലേ!’ എന്നിങ്ങനെ

മണ്ടാതെ നിന്നുള്ള മഞ്ജീരം തന്നുടെ

ശിഞ്ജിതംകൊണ്ടവൾ പാദമിപ്പോൾ

ചൊല്ലുന്നൂതെന്നല്ലോ ചൊല്ലുന്നുതെല്ലാരു-

മെന്നുള്ളില്ലെന്നല്ല തോന്നി ചെമ്മേഃ

‘കോരകമായുള്ളൊരഞ്ജലി പൂണ്ടിട്ടു

വാരിജം മേവുന്നു രാവുതോറും

നിന്നുടെ കാന്തിയെക്കിട്ടുമെന്നിങ്ങനെ

തന്നുള്ളിൽ നിന്നുള്ളൊരാശയാലേ.

യാചിച്ചുപോരുന്ന വാരിജത്തിനു നിൻ

പാരിച്ച കാന്തിയെ നൽകവേണം’

Generated from archived content: krishnagatha38.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here