“ദോഷവാനായുള്ള സോദരന്തന്നുള്ളിൽ
ദ്വേഷമുണ്ടെന്നതു കണ്ടുചെമ്മേ,
എങ്കിലുമിന്നു ഞാൻ വങ്കനിവാണ്ടുള്ള
പങ്കജലോചന തന്നെ നേരേ
കൊണ്ടിങ്ങു പോരുന്നതുണ്ടെന്നു നിർണ്ണയം
കണ്ടങ്ങു നിന്നാലും കാമുകൻമാർ.
പാരാതെപോക നാം” എന്നങ്ങു ചൊല്ലിനി-
ന്നാരണന്തന്നെയും തേരിലാക്കി
വേഗത്തിൽ പോയങ്ങുവേലപ്പെൺകാന്തനും
വേലപ്പെടാതെയും ചെന്നുകൂടി.
മേളമാണ്ടീടുന്ന ചേദിപനുണ്ടുപോൽ
വേളിയെന്നിങ്ങനെ കേട്ടു കേട്ട്
തന്നുടെ തൻണ്ടെ സേനയുമായിട്ടു
മന്നവരെല്ലാരും വന്നാരപ്പോൾ
ചേദിപന്താനും തൻ ചേർച്ചപൂണ്ടുള്ളോരും
ചെഞ്ചെമ്മേ വന്നാരമ്മന്ദിരത്തിൽ
ഭേരികൾ തന്നുടെ നാദം കൊണ്ടെങ്ങുമേ
പൂരിച്ചു നിന്നുടനാശയെല്ലാം.
ചേദിപൻ വന്നതു കണ്ടങ്ങു നിന്നപ്പോൾ
ആദരം പൂണ്ടൊരു മന്നവൻ താൻ
മംഗലദീപവും കൊണ്ടങ്ങു ചെന്നിട്ടു
സംഗമിച്ചീടിനാൻ ഭംഗിയോടെ.
മന്ദമായ് വന്നിങ്ങു സുന്ദരമായൊരു
മന്ദിരം തന്നിലങ്ങാക്കിപ്പിന്നെ
വന്നുള്ള മന്നോരെ മാനിപ്പാനായിട്ടു
പിന്നെയും പോന്നിങ്ങു വന്നു നിന്നാൻ
മാധവദ്വേഷികളായി വിളങ്ങുന്ന
മാഗധന്മുമ്പായ മന്നോരെല്ലാം
‘മാധവൻ വന്നു പിണങ്ങുന്നൂതാകിലോ
രോധിക്കവേണം നാം’ എന്നു ചൊല്ലി.
ഘോരമായുള്ളൊരു സേനയുമായിട്ടു
പൂരിലകംപുക്കാർ ഭൂഷിതരായ്.
എന്നതു കേട്ടൊരു രോഹിണീനന്ദനൻ
തന്നുടെ സേനയുമായിപ്പിന്നെ
ഓടിവന്നീടിനാൻ മാധവഞ്ചാരത്തു-
കൂടിപ്പിറന്നവരെന്നു ഞായം.
മന്നിടം തന്നിലെ മാലോകരെല്ലാരും
ഒന്നിച്ചു നന്നായി വന്നാരപ്പോൾ.
കൺമുനകൊണ്ടോരോ കാമുകരുള്ളത്തിൽ
കമ്പത്തെ മെന്മേലെ നൽകിനൽകി
വന്നുവന്നീടുന്ന സുന്ദരിമാരുമ-
മ്മന്ദിരം പൂകിനാർ മന്ദമന്ദം.
വാജികൾ തന്നുടെ *ഹേഷകൾ കൊണ്ടുമ-
മ്മാലോകർകോലുന്ന ഘോഷംകൊണ്ടും
ആനകൾ തന്നുടെ നാദങ്ങൾകൊണ്ടുമ-
ങ്ങാശകൾ പൂരിച്ചു നിന്നുതെങ്ങും
കാരണരായുള്ളൊരാരണരെല്ലാരും
പാരാതെ വന്നു നിന്നെന്നനേരം
കന്യകതന്നുടെ മംഗലമായുള്ള
കർമ്മങ്ങളെല്ലാമങ്ങാരംഭിച്ചാർ;
ചേദിപന്തന്നുടെ മംഗലകർമ്മവും
വേദിയർ ചെന്നുനിന്നവ്വണ്ണമേ.
ദാനങ്ങൾകൊണ്ടുള്ളൊരാരണരെല്ലാരും
ആശിയും ചൊന്നങ്ങു നിന്നനേരം
കന്യകതന്നുടെ മണ്ഡനം ചെയ്‌വാനായ്
കാമിനിമാരെല്ലാം വന്നുനിന്നാർ.
നീടുറ്റു നിന്നുള്ള ചേടിമാരെല്ലാരും
ഓടിത്തുടങ്ങിനാരങ്ങുമിങ്ങും
മണ്ഡിതയായൊരു മാനിനി തന്നിലെ
നണ്ണിത്തുടങ്ങിനാർ മെല്ലെമെല്ലെഃ
“പാരാതെ വന്നുണ്ടു ഞാനെന്നു ചൊല്ലിനോ-
രാരണൻ വന്നുതില്ലെന്നുമിപ്പോൾ;
കാരണമെന്തുപോലാരണനെന്നുടെ
മാരണമായിട്ടു വന്നില്ലല്ലീ?
ആശ്രയമില്ലാതെ പോരുന്നോരെന്നെയീ-
ന്നീശ്വരൻ കൈവെടിഞ്ഞീടുന്നോനോ?
കാരുണ്യം പൂണ്ടൊരു ഗൗരിക്കുമെന്നോടു
കാരുണ്യമില്ലാതൊരു ഞാനിനിയാർക്കുമേ
യോഗ്യയായ് വന്നങ്ങു പോരവേണ്ടാ
കുറ്റമില്ലാതൊരു മറ്റൊരു ജന്മത്തിൽ
തെറ്റെന്നു കണ്ണനെയേശിക്കൊൾവൂ”
ഇങ്ങനെ നണ്ണുമ്പോൾ ചേദിപന്തന്നുടെ
മംഗലഘോഷങ്ങൾ കർണ്ണങ്ങളിൽ
ചെന്നു ചെന്നന്നേരം ദുഃഖമായുള്ളിലെ
നിന്നൊരു തീയ്‌ക്കൊരു കാറ്റായ് വന്നു
തള്ളിയെഴുന്നൊരു കണ്ണുനീർ തന്നെയും
ഉള്ളിലെ ബന്ധിച്ചു നിന്നനേരം
ആരണന്തന്നെയും വന്നതു കാണായി
ദൂരത്തു നിന്നങ്ങു ചാരത്തപ്പോൾ.
നാരികൾ മൗലിയാം ബാലയെക്കണ്ടപ്പൊ-
ളാരണന്തന്മുഖം മെല്ലെമെല്ലെ.
തേമ്പാതെനിന്നൊരു തിങ്കളെക്കണ്ടുള്ളൊ-
രാമ്പലെപ്പോലെ ചമഞ്ഞുകൂടി
രുക്‌മിണിതന്നുടെ ലോചനമാലകൾ
വിപ്രവരങ്കൽ പതിച്ചുതപ്പോൾ,
കൂമ്പിമയങ്ങിന വാരിജന്തങ്കൽ നി-
ന്നാമ്പലിൽ ചാടുന്ന വണ്ടുപോലെ.
ദീനതപൂണ്ടൊരു മാനിനിതന്നുടെ
മാനസന്താനുമുഴന്നുനിന്നു.
കല്യമായുള്ളൊരു കാറ്റിനെയേറ്റൊരു
മുല്ലതമ്പല്ലവമെന്നപോലെ.
എണ്ണമില്ലാതൊരു കൗതുകം പൂണ്ടിട്ടു
കർണ്ണങ്ങൾ തിണ്ണം വിരിഞ്ഞുതപ്പോൾ;
ഭൂതലം തന്നിൽനിന്നാതങ്കം പൂണ്ടൊരു
പൂമേനി താനേയെഴത്തുടങ്ങി;
ദൃഷ്ടികൾ ചെന്നവൻ നാവിന്തലയ്‌ക്കലേ
പെട്ടെന്നുറച്ചു തറച്ചു നിന്നു.
എന്തിവൻ ചൊല്ലുന്നതെന്നങ്ങു ചിന്തിച്ചു
വെന്തുവെന്തങ്ങൾ നിന്നനേരം
തന്മുഖമായുള്ളൊരംബുജം തന്നുള്ളിൽ
നന്മൊഴിയായൊരു തേനെഴുന്നുഃ
“ചിന്തപൂണ്ടുള്ളൊരു സന്താപം വേർവ്വിട്ടു
സന്തോഷം പൂണ്ടാലുമായവണ്ണംഃ
ഏറെപ്പറഞ്ഞിട്ടുകാലം കഴിക്കേണ്ട
തേറുക വേണ്ടൂ ഞാൻ ചൊന്നതെല്ലാം
കാലത്തുവന്നു നിൻ പാണിതലംതന്നെ-
ച്ചാലപ്പിടിക്കുമമ്മാധവന്താൻ”
ആരണന്തന്നുടെ തൂമൊഴിയിങ്ങനെ
നാരികൾ മൗലിതാൻ കേട്ടനേരം
ഉള്ളിൽനിറഞ്ഞൊരു സന്തോഷം തന്നിലെ
കൊള്ളാഞ്ഞുനിന്നു വഴിഞ്ഞുപിന്നെ
പുഞ്ചിരിയായിട്ടും കണ്ണുനീരായിട്ടും
ചെഞ്ചെമ്മേ തൂകിത്തുടങ്ങീതപ്പോൾ.
ആനന്ദമായൊരു വാരിയിൽ മുങ്ങിനി-
ന്നാരണന്തന്നോടു ചൊന്നാൾ പിന്നെഃ
“പട്ടാങ്ങുതന്നെ നീ ചൊന്നതെന്നാകിലും
പട്ടാങ്ങെന്നിങ്ങനെ തോന്നീതില്ലേ
ഇങ്ങനെയുള്ളൊരു ഭാഗ്യത്തിൻ ഭാജനം
എങ്ങനെ ഞാനാവദതെന്നു നണ്ണി
ഇന്നു കഴിഞ്ഞേ ഞാൻ നിർണ്ണയിച്ചീടുന്നു
നിന്നുടെചൊല്ലെല്ലാം” എന്നു ചൊല്ലി
മാധവന്തന്നുടെ മേനിയും ചിന്തിച്ചി-
ട്ടാതങ്കം പോക്കിനാൾമെല്ലെമെല്ലെ.
മാധവന്താനപ്പോൾ യാദവന്മാരുമായ്
മന്ദിരംതന്നിലെ ചെന്നു പുക്കാൻ,
താരകജാലങ്ങളോടു കലർന്നൊരു
വാർതിങ്കളാകാശം പൂകുംപോലെ,
വാരിജലോചനൻ വന്നതുകേട്ടൊരു
നാരിമാരെല്ലാരുമോടിയോടി
ചെന്നുതുടങ്ങിനാർ ചെന്താരിൽ മാതുതൻ
പുണ്യമായുള്ളൊരു മേനികാൺമാൻ.
കുണ്ഡിനവാസികളായുള്ളോരെല്ലാരും
ചെന്നു തുടങ്ങിനാരവ്വണ്ണമേ
വന്നുവന്നീടുമമ്മന്നവർ കണ്ണുമ-
ക്കണ്ണന്മെയ് തന്നിലെ വാതായനങ്ങളും
വാതിലുമെല്ലാം തുറക്കയാലെ
മണ്ഡനം കൊണ്ടെങ്ങും മണ്ഡിതമായൊരു
കുണ്ഡിനമാകിന മന്ദിരവും
കാർവ്വർണ്ണന്തന്നുടെ കാന്തിയെക്കാൺമാനായ്
കൺമിഴിക്കുന്നുതോയെന്നു തോന്നും
കാർവ്വർണ്ണൻ വന്നതു കേട്ടൊരു ചേദിപ-
ന്നാനനം വാടിത്തുടങ്ങീതപ്പോൾ
ബന്ധുവായ്‌വന്നുള്ള മന്നവൻമാരുമായ്
മന്ത്രം തുടങ്ങിനാൻ വെന്തുവെന്ത്
കുണ്ഡിനം തന്നിലെ മന്ദിരമായുള്ള
സുന്ദരിമാരെല്ലാമെന്നനേരം
കാർമുകിൽവർണ്ണന്തങ്കാന്തിയെക്കണ്ടിട്ടു
കാമിച്ചുനിന്നു പറഞ്ഞാരപ്പോൾഃ
‘ഇങ്ങനെയുള്ളൊരു കാന്തിക്കു നേരായൊ-
രംഗനയാരെന്നു ചൊല്ലു തോഴീ!’
‘പത്മദലായതലോചനയായൊരു
രുക്‌മിണിതാനൊഴിഞ്ഞാരുമില്ലേ’
‘കാർമുകിൽപോലെയിമ്മേനിതാൻ കാണുമ്പോൾ
തൂമിന്നൽപോലെയിന്നാരിയുള്ളു,
എന്നതു കാണുമ്പോൾ പങ്കജയോനിക്കു
മുന്നമേ ചിന്തയുണ്ടെന്നു തോന്നും’
‘ആതങ്കം വേറിട്ട രോഹിണി തന്നോടു
വാർതിങ്കൾ താൻ ചെന്നു ചേരുംപോലെ
കാർവ്വർണ്ണന്താനുമിമ്മാനിനി തന്നോടു
പാരാതെ ചേർന്നതു കാൺമനോ നാം?’
Generated from archived content: krishnagatha37.html Author: cherusseri