വമ്പുപൊഴിഞ്ഞുള്ളൊരമ്പുകൾ കൊണ്ടവൻ
വമ്പുകലർന്നു നിന്നെയ്‌കയാലേ
ബാലികതന്നുടെ മാനസമിന്നിപ്പോൾ
ചാലകമായിച്ചമഞ്ഞുകൂടി
വൈദർഭി തന്നുടെ വൈരസ്യം ചൊല്ലുവാൻ
വൈദഗ്‌ദ്ധ്യമില്ലയെൻ നാവിന്നിപ്പോൾ;
എങ്കിലുമിങ്ങനെ നിഞ്ചെവി പൂകിപ്പാൻ
പങ്കജലോചന! ചൊല്ലുന്നേൻ ഞാൻ
കോമളമായൊരു പൈതലെന്നേതുമേ
ഓർക്കുന്നോനല്ലയിമ്മാരനിപ്പോൾ
മാലിന്നു ഭാജനമായൊരു ബാലയ്‌ക്കു
കോലവും ശീലവും വേറൊന്നായി;
‘വമ്പനി പൂണ്ടൊരു ശീതം കൊണ്ടെന്മെയ്യിൽ
കമ്പത്തെക്കണ്ടാലും’ എന്നു ചൊല്ലും;
‘പാരമായുള്ളൊരു ചൂടൊണ്ടു പൊങ്ങുന്നു
വാരിയിലാക്കുവിൻ’ എന്നും പിന്നെ
വക്ഷസ്സിലിന്നു‘ ബാഷ്‌പങ്ങളായുള്ള
മുത്തുകൾ ഭൂഷണമായി വന്നു
നിന്മൂലമുണ്ടായ മന്മഥമാൽകൊണ്ടു
തന്മനം വെന്തങ്ങു നീറുകയാൽ
പങ്കജം കോകിലം തിങ്കളെന്നേതുമേ
തൻചെവി കേൾക്കവേ മിണ്ടരുതേ
പൂന്തെന്നലേറ്റീടിൽ താന്തയായ് നിന്നീടും
ഭ്രാന്തെന്നേ ചൊല്ലാവൂ പിന്നേതെല്ലാം
വണ്ടന്മാർ പാടിന പാട്ടിനെക്കേൾക്കുമ്പൊ-
ളിണ്ടലും പൂണ്ടങ്ങു മണ്ടിപ്പിന്നെ
’അന്തകമ്പോത്തിന്റെ‘ വന്മണിക്കൂറ്റിതാ
ചന്തത്തിൽ കേൾക്കായിതെ’ന്നുചൊല്ലും
ആഴമാണ്ടീടുന്നൊരാതങ്കം പൂണ്ടുള്ള
തോഴിമാരെല്ലാരും കോഴയായി
‘എന്തിനി നാം നല്ലൂ’തെന്നങ്ങു ചിന്തിച്ചു
സന്തതം വെന്തുവെന്തായിക്കൂടി
പാണികൾകൊണ്ടു തന്മാറിടം തന്നെയും
പാരം മുറുക്കിക്കിടന്നുകൊള്ളും
“പ്രാണങ്ങളോടു കലർന്നൊരു നീയിന്നി-
പ്രാണങ്ങൾ പോകുമ്പോൾ പോകൊല്ലാതെ”
എന്നങ്ങു ചൊല്ലിത്തന്നുള്ളിലിരുന്നൊരു
നിന്നെച്ചെറുക്കുന്നോളെന്നപോലെ
ഭദ്രയായുള്ളൊരു മാനിനിതന്നെത്താൻ
നിദ്രയെപ്പൂണ്ടു കിടക്കിലപ്പോൾ
തല്പത്തിലെങ്ങുമേ തപ്പിത്തുടങ്ങുന്നോൾ
ഉല്പന്ന ജാഗരായിപ്പിന്നെ
ഗോവിന്ദൻ മാധവൻ കേശവനെന്നെല്ലാം
മേവുന്ന നാമങ്ങളൊന്നൊന്നേ താൻ
മാനിനിക്കിന്നിന്നു മന്മഥന്തന്നുടെ
ആവേശമന്ത്രമായ് വന്നുകൂടി
ചിത്രത്തിലുണ്ടല്ലോ വാരിജമെന്നിട്ടു
ഭിത്തിമേൽ നോക്കാന്നോളല്ലയിപ്പോൾ
കേകികൾ പീലികൾ ചിന്തിക്കുമെന്നിട്ടു
വാർകൂന്തൽ ചീന്തുന്നോളല്ല ചെമ്മേ
‘വാരിജം തന്നിലകൊണ്ടെന്നു തോഴീ! നീ
പാരാതെ വീയെന്നെ’യെന്നു ചൊല്ലും;
മാനിച്ചു നിന്നവൾ വീതുതുടങ്ങുമ്പോൾ
‘മാപാപീ! വീയൊല്ലാ’യെന്നും പിന്നെ
കുങ്കുമച്ചാറെല്ലാം നീറായിപ്പോകുന്നു
കൊങ്കകൾ തങ്കലേ ചെല്ലുംനേരം;
പങ്കജക്കോരകം ചങ്ങാതിയായുള്ള
കൊങ്കകൾ രണ്ടിനും പണ്ടുപണ്ടേ
എന്നതുമിന്നിന്നു ചേരാതെയാകുന്നു
പങ്കജമൊട്ടിൽ തണുപ്പുണ്ടല്ലോ
മേനിയിലുള്ളൊരു നീലക്കളങ്കംകൊ-
ണ്ടാനനതുല്യത വന്നുകൂടാ
എന്നല്ലോ തിങ്കളെച്ചൊല്ലുന്നിതെല്ലാരും
എന്നതു മിന്നുന്നു പൊയ്യാകുന്നു.
കഞ്ജുളമാണ്ടൊരു കണ്ണുനീർ തന്നിലേ
മജ്ജനം ചെയ്‌തു കിടക്കയാലേ
മാനിനിതന്നുടെ ലോചനം തന്നോടു
നേരൊത്തുനിന്നിതും വാരിജങ്ങൾ
മാൺപുറ്റു നിന്നൊരു രാവെല്ലാം തങ്ങളെ
കൂമ്പാതെ കൊള്ളുവാൻ വല്ലുമാകിൽ
പുഞ്ചിരി തൂകുമ്പോൾ വെണ്ണിലാവെന്നു താൻ
നെഞ്ചകം തന്നിലെ തോന്നുകയാൽ
പുഞ്ചിരിതൂകുന്നോളല്ലതാൻ ചെഞ്ചെമ്മേ.
കൊഞ്ചലും കിഞ്ചിൽ കുറഞ്ഞുതായി;
കൊഞ്ചൽ തുടങ്ങുമ്പോൾ കോകിലം തന്നുടെ
പഞ്ചമരാഗമെന്നോർത്തു കൊള്ളും.
Generated from archived content: krishnagatha35.html Author: cherusseri