രുക്‌മിണീസ്വയംവരം

മംഗലമല്ലൊതാനിങ്ങനെ വന്നതു

മങ്കമാർമൗലിയാം ബാലയ്‌ക്കിപ്പോൾ;

ചൊല്‌പെറ്റു നിന്നൊരു മുല്ലപോയ്‌ചേരുവാൻ

കല്പകദാരുവോടെല്ലാ വേണ്ടൂ

വീരനായ്‌ പോരുന്ന സോദരൻ ചൊല്ലാലെ

ചേരോടു ചേരുമാറാക്കൊല്ലാതെ.“

ഇങ്ങനെ ചൊന്നുളള തോഴിമാരെല്ലാരും

കനയകതന്നുടെ മുന്നിൽചെന്ന്‌

മാലിന്നു കാരണം ചോദിച്ചുനിന്നാര-

മ്മാനിനിതന്നോടു ഖിന്നരായ്‌ഃ

”മാനിനിതന്നുളളിൽ മാലുണ്ടെന്നിങ്ങനെ

മാലോകരെല്ലാരും ചൊല്ലുന്നിപ്പോൾ

മാരമാലെന്നതു തോഴിമാരായിട്ടു

പോരുന്ന ഞങ്ങൾ​‍്‌​‍ു തോന്നിക്കൂടീ

ധന്യനായുളെളാരു സുന്ദരന്തന്നിലെ

നിന്നുടെ മാനസം ചെന്നുതായി

ആരിലെന്നുളളതു പാരാതെ ചൊല്ലണം

പാരിലേനാരിമാർ നായികേ! നീ“

തോഴിമാരിങ്ങനെ ചോദിച്ച നേരത്തു

കോഴപൂണ്ടീടുന്ന കോമളതാൻ

ധീരതഭാവിച്ചു ചൊല്ലിനിന്നീടിനാൾ

ചാരത്തുനിന്നുളേളാരെല്ലാരോടും.

”ഈശ്വരന്തന്നെയൊഴിഞ്ഞുമന്മാനസം

ആശ്രയിച്ചില്ലമറ്റാരെയും ഞാൻ

രാപ്പകലുളെളാരു പാഴ്‌പനികൊണ്ടു ഞാൻ

വായപുകുറഞ്ഞു മെലിഞ്ഞുതിപ്പോൾ

എന്നതുകൊണ്ടല്ലീ മന്മഥമാലെന്നു

നിങ്ങൾ നിനയ്‌ക്കുന്നു തോഴിമാരേ?“

മാരമാൽ തന്നെയും മൂടിനിന്നിങ്ങനെ

മാനിനി മന്ദമായ്‌ ചൊല്ലുംനേരം

കൂട്ടിൽ കിടന്നൊരു ശാരികപ്പൈതൻ താൻ

പാട്ടായിച്ചൊന്നതു കേൾക്കായപ്പോൾഃ

”ദൈവമേ നിങ്കഴൽ കൈതൊന്നീടുന്നേൻ

കൈവെടിഞ്ഞീടൊല്ലായെന്നയെന്നും

ദേവകീനന്ദനന്തന്നുടെ മെയ്യോടു

കേവലം ചേർക്കണമെ​‍െ.യും നീ.“

ഇങ്ങനെ കേട്ടൊരു തോഴിമാരെല്ലാരും

തങ്ങളിൽ നോക്കിച്ചിരിച്ചു ചൊന്നാർഃ

”കേളാതതെല്ലാമേ ചൊല്ലിത്തുടങ്ങിതേ

മേളത്തിൽ നമ്മുടെ ശാരികതാൻ

ശാരികപ്പൈതല്‌ക്കു കാർവ്വർണ്ണന്തന്നിലേ

മാരമാലുണ്ടാതെന്നേ വേണ്ടു“

ശാരികപ്പൈതലെക്കോപിച്ചു നോക്കിനാൾ

വാരിജലോചന പാരമപ്പോൾ

കന്യകതന്നുടെ കോപത്തെക്കൊളളാതെ

പിന്നെയും നിന്നതു ചൊല്ലീതപ്പോൾഃ

”കാണുന്നോർ കണ്ണിനു പീയൂഷമായൊരു

കാർവ്വർണ്ണന്തന്നുടെ മേനിതന്നെ

കണകൊണ്ടു കണ്ടു ഞാനെന്നുപോലെന്നുടെ

സങ്കടംപോക്കുന്നു തമ്പുരാനെ!“

ചങ്ങാതിമാരായ മങ്കമാരെല്ലാരും

മങ്ങാതെ നിന്നങ്ങു ചൊന്നാരപ്പോൾഃ

”പാഴമ പൂണ്ടൊരു ശാരികപ്പൈതലേ!

പാരാതെപോകേണം ദൂരത്തിപ്പോൾ;

എങ്ങാനും പോകുന്ന കാർവ്വർണ്ണന്തന്നെക്കൊ-

ണ്ടിങ്ങനെ ചൊല്ലുവാനെന്തു ഞായം

ഇല്ലാതിങ്ങനെ ചൊല്ലിത്തുടങ്ങിനാൽ

ഉളളതെന്നിങ്ങനെ തോന്നുമല്ലോ.“

കാർവ്വർണ്ണനെന്നൊരു നാമത്തെക്കേട്ടപ്പോൾ

വേറൊന്നായ്‌ക്കാണായി ഭാവമെല്ലാം

കാമിനിതന്നുടെ കോമളമേനിയിൽ

കോൾമയിൽക്കൊണ്ടു തുടങ്ങി ചെമ്മേ.

”പാഴ്‌പനികൊണ്ടല്ലീ കോൾമയിൽക്കൊളളുന്നു

വായ്‌പെഴുന്നീടുമിമ്മെയ്യിലിപ്പോൾ

രോമങ്ങൾ തന്നോടു കോപിക്കവേണ്ടാതോ

ശാരികപ്പൈതലോടെന്നപോലെ?“

പുഞ്ചിരിതൂകിനാരിങ്ങനെ ചൊന്നവർ

അഞ്ചാതെ നിന്നവൾ തന്നെ നോക്കി.

ചഞ്ചലലോചന താനുമന്നേരത്തു

പുഞ്ചിരി കിഞ്ചന തൂകിനിന്നാൾ.

പിന്നെയും ചൊല്ലിനാർ തോഴിമാരെല്ലാരും

കന്യകതന്മു​‍േം തന്നെ നോക്കിഃ

”ചൊല്ലേണ്ടതെല്ലാമേ ചൊല്ലിതായല്ലൊ നാം

നല്ലതു ചിന്തപ്പാവെന്നേ വേണ്ടൂ.

താർത്തേന്താൻ ചെന്നിട്ടു പീയൂഷം തന്നോടു

ചേർച്ച തുടങ്ങുന്നുതെന്നപോലെ

കാർവ്വർണ്ണൻ തന്നോടു നിന്നുടെ ചേർച്ചയും

കാൺമതിന്നെങ്ങൾക്കു വാഞ്ഞ്‌ഛയുണ്ടേ.“

തോഴിമാരിങ്ങനെ ചൊന്നൊരു നേരത്തു

തോഷത്തെപ്പൂണ്ടൊരു ബാലികതാൻ

പെട്ടെന്നു ചെന്നു പിടിച്ചങ്ങു പുൽകിനാൾ-

ഇഷ്‌ടത്തെക്കേൾക്കുമ്പൊളെന്നു ഞായം

പിന്നെയുമെല്ലാരും ധന്യയായുളെളാരു

കന്യകതന്നോടു ചൊന്നാരപ്പോൾഃ

”നിന്നുടെ കാന്തിയെക്കേട്ടൊരു കാർവ്വർണ്ണൻ

പിന്നെയിന്നിന്നെ വെടിഞ്ഞുപോമോ?

പൂമണം കേട്ടൊരു കാർവ്വണ്ടു പിന്നെയ-

പ്പൂമലരെന്നിയേ തീണ്ടുമോ താൻ?“

ഇങ്ങനെ ചൊല്ലിയക്കന്യക തന്നുടെ

പൊങ്ങിന വേദന പോക്കിനിന്നാർ.

കണ്ണനെത്തിണ്ണം തന്നുളളിലേ നണ്ണിയ-

ക്കന്യകയിങ്ങനെ മേവുംകാലം

ചേദിപനായൊരു വിരന്നു ഞാനിന്നു

ചെവ്വോടെ നൽകേണമെന്മകളെ

എന്നങ്ങുചൊല്ലി മുതിർന്നു തുടങ്ങിനാൻ

കുണ്ഡിനപാലകനാറ വീരൻ.

എന്നതുകേട്ടൊരു കന്യകതാനപ്പോൾ

മുന്നേതിലേറ്റവും ഖിന്നയായി

എന്തിനി നല്ലതെന്നിങ്ങനെ ചിന്തിച്ചു

സന്താപം പൂണ്ടങ്ങു നിന്നു പിന്നെ

ആപ്‌തനായ്‌ നിന്നുളെളാരാരണന്തന്നോട-

ങ്ങാത്തവിഷാദമായ്‌ നിന്നു ചൊന്നാൾഃൽ

Generated from archived content: krishnagatha33.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here