രുക്‌മിണി തന്നുടെ സോദരനായൊരു
രുക്‌മിതാൻ ചൊല്ലിനാനെന്നനേരംഃ
“മാതുലന്തന്നെയും കൊന്നങ്ങുനിന്നിട്ടു
പാതകമാണ്ടൊരു പാഴനെന്നും,
പാവനമായൊരു വൈദികമന്ത്രത്തെ-
പ്പാദജന്മാവിന്നു നൽകുംപോലെ,
സോദരിയായൊരു രുക്‌മിണി തന്നെ ഞാൻ
ആദരവോടു കൊടുക്കയില്ലേഃ
നിർമ്മലനായൊരു ചൈദ്യനു നൽകേണം
”സന്മതിയാളുമിക്കന്യതന്നെ.“ 210
ഇങ്ങനെ ചെന്നുടൻ ചേദിപന്തങ്കലേ
തങ്ങിനിന്നീടും ഗുണങ്ങളെല്ലാം
മുഗ്‌ദ്ധവിലോചന കേൾക്കവേ പിന്നെയും
ചിത്തവിലോഭനമായിച്ചൊന്നാൻഃ
”വേദ്യങ്ങളായുളള സൽഗുണമെല്ലാമേ
ചേദ്യനിലല്ലൊ വിളങ്ങുന്നിപ്പോൾ.
ബന്ധുവായുളളതു മാഗധന്താനല്ലൊ
ദന്തവക്‌ത്രാദികളുണ്ടുപിന്നെ.
വീരതകൊണ്ടു മറ്റാരുമില്ലിങ്ങനെ
ശൂരതകൊണ്ടുമങ്ങവ്വണ്ണമേ 220
കാന്തിയെക്കാണുമ്പോൾ കാമനുമഞ്ചീടും,
പൂന്തേനേ വെല്ലുമത്തൂമൊഴിയും.
വിത്തംകൊണ്ടോർക്കുമ്പോൾ വിത്തേശൻ താനല്ലെ,
ഇത്തരമാർക്കുമേയെത്തിക്കൂടാ.
വഞ്ചകനായൊരു നാരദൻ ചൊല്ലാലെ
വഞ്ചിതരാകൊല്ല നിങ്ങളാരും
ശാന്തന്മാരല്ലാത യാദവന്മാരോടു
ബാന്ധവമില്ല നമുക്കു പണ്ടേ.“
ഇത്തരം ചൊല്ലിനാൻ മുഗ്‌ദ്ധികതന്നുടെ
ചിത്തമച്ചേദിപന്തങ്കലാവാൻ. 230
രുക്‌മിതാനിങ്ങനെ ചൊന്നുളള വാർത്തകൾ
രുക്‌മിണി കേട്ടങ്ങു നിന്നനേരം.
ഉജ്ജ്വലിച്ചീടുന്നൊരുന്മുകജാലങ്ങൾ
നൽച്ചെവി പൂകുന്നൂതെന്നു തോന്നി,
ഭീഷ്‌മകന്തന്നുടെ ചിത്തവുമന്നേരം
ഊഷ്‌മമായ് വന്നുതേ മെല്ലെമെല്ലെ.
മറ്റുളള ലോകർക്കും പറ്റിത്തുടങ്ങീതു
ചുറ്റമവന്തങ്കലുളളതെല്ലാം.
മന്നവന്താനും മറ്റുളളവരെല്ലാരും
ഖിന്നന്മാരായ്‌പിന്നെപ്പോയനേരം 240
സോദരൻ ചൊല്ലാലങ്ങോരോരോനാരിമാർ
ആദരവോടു പറഞ്ഞു നന്നായ്
ചൈദ്യനിലങ്ങവൾ മാനസം പൂകിപ്പാൻ
വൈദ്യം തുടങ്ങിനാർ വാക്കുകൊണ്ടേ,
കീഴ്‌പെട്ടുചാടുന്ന വൻനദീവെളളത്തെ
മേല്‌പെട്ടുപോക്കുവാനെന്നപോലെ.
നാരിമാർ ചൊല്ലെല്ലാം ബാലികതാനപ്പോൾ
ചാരത്തുനിന്നങ്ങു കേട്ടതോറും
കൊണ്ടൽനേർവ്വർണ്ണനിൽ ചെല്ലുന്നമാനസം
പണ്ടേതിലേറ്റവുമുണ്ടായ്‌വന്നു- 250
കല്‌പകപ്പൂമലർ നണ്ണിനവണ്ടുതാൻ
മറ്റൊരു പൂവിൽ മെരിങ്ങുമോ താൻ.
സാധിച്ചുകൂടാത കാരിയമെന്നവർ
ബോധിച്ചുനിന്നങ്ങു പോയനേരം
മന്നിടമെങ്ങുമേ ചൊല്ലിയന്നീടുമ-
ക്കന്യക തന്നുളളിലോർച്ച പുക്കു;
കാമനുംവന്നു കതിർത്തു തുടങ്ങിനാൻ
കാമിനിതന്നോടു പിന്നെപ്പിന്നെ
മുറ്റുമിക്കണ്ണനെച്ചിന്തിക്കയെന്നിയേ
മറ്റുളള ചിന്തകൾ മാറിക്കൂടി. 260
കന്യകതന്നുളളിൽ കാമമാൽ പൂണ്ടിട്ടു
ഖിന്നതയുണ്ടെന്നു കണ്ടനേരം
ചങ്ങാതിമാരായ മങ്കമാരെല്ലാരും
തങ്ങളിൽക്കൂടിപ്പറഞ്ഞാരപ്പോൾഃ
”ബാലികതന്നുടെ മാനസം തന്നിലെ
മാലിന്നു മൂലമറിഞ്ഞായോ നീ?
നാലഞ്ചുനാളുണ്ടു പാലഞ്ചും വാണിതൻ
കോലംമെലിഞ്ഞു തുടങ്ങീതിപ്പോൾ.
രമ്യങ്ങളായുളളതൊന്നുമേ കാണുമ്പോൾ
ഉന്മേഷം കാണുന്നൂതില്ല ചെമ്മെ. 270
വീണയെക്കൊണ്ടുളള ഗാനവുംമാറിതാ-
യൂണുംകുറഞ്ഞു തുടങ്ങിതായി.
കണ്ണാടിവെന്ന കവിൾത്തടം തന്നെയും
തിണ്ണം വിളർത്തിന്നു കാണാകുന്നു.
നീളത്തിൽ വന്നുളള വീർപ്പുകളേല്‌ക്കയാൽ
മേളത്തെപ്പോക്കുന്നു ചോരിവായും
ചൂടുപൊഴിഞ്ഞുളെളാരാതപമേല്‌ക്കയാൽ
വാടുന്ന ചെന്തളിരെന്നപോലെ.
ഭൂഷണംതന്നിലും ഭാഷണംതന്നിലും
ദ്വേഷമായ്‌ക്കാണുന്ന നാളിൽ നാളിൽ 280
ചെഞ്ചെമ്മേ നാം ചെന്നു നർമ്മങ്ങളോതുമ്പോൾ
പുഞ്ചിരിതൂകുന്നോളല്ല ചെമ്മേ.
കോണിലങ്ങെങ്ങാനും താനേപോയ് നിന്നിട്ടു
കേണുതുടങ്ങുന്നോൾ മെല്ലെമെല്ലെ.
മാനിനിതന്നുടെ മാനസം തന്നെയി-
മ്മാരനിന്നാരാനും തീനിട്ടാരേ
നാരദൻ വന്നിങ്ങു പോയതിൽപ്പിന്നെയി-
ന്നാരിക്കു മാനസം വേറൊന്നായി.
കണ്ണടച്ചീടുകിൽ തന്നിലേമെല്ലവേ
കണ്ണാ! എന്നിങ്ങനെ ചൊല്ലിക്കേൾക്കാം. 290
നീണ്ടുളളകൈകൊണ്ടു കൊങ്കകൾ തന്മീതേ
പൂണ്ടുകൊളളുന്നതും കാണാമപ്പോൾ.
തൂവിയർപ്പേന്തിന പൂമേനിതന്നിലേ
കോൾമയിർക്കൊണ്ടേതും കാണാം ചെമ്മേ
പൂഞ്ചേലതാനുമയഞ്ഞു ചമഞ്ഞതും
കാഞ്ചിമുറിഞ്ഞതും കാണാം ചെമ്മേ
മറ്റുമുണ്ടിങ്ങനെ കാണുന്നൂ“തെന്നപ്പോൾ
മറ്റൊരു മാനിനി ചൊല്ലിനാൾ താൻഃ
”മാനിനിതന്നുടെ മാലിന്നുവന്നൊരു
കാരണം കണ്ടുതായെങ്കിലിപ്പോൾ 300
Generated from archived content: krishnagatha32.html Author: cherusseri