മംഗലമായൊരു രോമാളിതാൻ വന്നു
പൊങ്ങിത്തുടങ്ങീതു ഭംഗിയോടേ.
കാമുകന്മാരുടെ കൺമുനയോരോന്നേ
കാമിച്ചു ചെന്നുതറയ്‌ക്കയാലേ
ഭിന്നമായെന്ന കണക്കെ വിളങ്ങുന്നു
രമ്യമായുളള നിതംബബിംബം.
കാണുന്നോരെല്ലാർക്കും കൈകൊണ്ടുമെല്ലവേ
ലാളിപ്പാനായിട്ടു തോന്നുകയാൽ
ഉൾക്കമ്പം നൽകിനോരൂരുക്കൾ തന്നെയോ
പൊൽക്കമ്പമെന്നല്ലൊ ചൊല്ലേണ്ടുന്നു. 110
ചെങ്കഴൽതന്നോടു ചേർച്ച പൂണ്ടീടുന്നു
പങ്കജമെന്നതു ചേരുമിപ്പോൾ
അംഭോജലോചനനമ്പുറ്റ കൈകൊണ്ടു
സംഭാവിച്ചല്ലൊ താൻ പണ്ടേയുളളു.
ഇന്ദിരനേരൊത്ത സുന്ദരിയിങ്ങനെ
മന്ദിരം തന്നിലിരിക്കും കാലം
മാലോകരന്നന്നു വന്നുവന്നോതുന്ന
മാധവന്തന്നുടെ കാന്തിയെല്ലാം.
കേട്ടു കേട്ടമ്പോടു മാനസം പോയങ്ങു
ചാട്ടം തുടങ്ങിതേ നാളിൽ നാളിൽ. 120
ആരാനും വന്നതു കാണുന്നനേരത്തു
പാരാതെപോയ് ചെല്ലും ചാരത്തപ്പോൾ.
കാർമ്മുകിൽവർണ്ണന്റെ വാർത്തയെക്കേൾക്കാമെ-
ന്നാമോദമാവോളം പൂണ്ടുപൂണ്ട്
എങ്ങാനും പോകുന്ന പാന്ഥന്മാരോടെല്ലാം
ഇങ്ങുവന്നീടാമേയെന്നു ചൊല്ലും.
യാദവന്മാരെന്നു തന്നെയും കേൾക്കുമ്പൊ-
ളാദരം പൂണ്ടു ചിരിക്കും ചെമ്മേ
ബാലപ്പൂമേനി വളർന്നു തുടങ്ങുമ്പോൾ
നീലക്കാർവ്വർണ്ണനിൽ പ്രേമവായ്‌പും 130
കൂടിക്കലർന്നു വളർന്നു തുടങ്ങീത-
ന്നീലക്കാർവേണിക്കു മെല്ലെമെല്ലെ.
മുല്ലപ്പൂബാണനുമെന്നതു കണ്ടിട്ടു
ചെല്ലത്തുടങ്ങീതു മെല്ലെമെല്ലെ.
വില്ലും കുലച്ചു നല്ലമ്പും തൊടുത്തിട്ടു
മുല്ലപ്പൂവേണി തൻമുന്നൽ ചെമ്മേ
ശൈശവമായതു പോയീലയെന്നിട്ടു
യൗവ്വനം പാർത്തുടൻ നിന്നു കാമൻ.
നാലഞ്ചുമാസങ്ങളങ്ങനെ ചെന്നപ്പോൾ
പാലഞ്ചും വാണിമാർ മൗലിമാല 140
കേവലയായൊരു ദേവിയെപ്പൂജിച്ചു
സേവ തുടങ്ങിനാളായവണ്ണം.
“അംബികേ! നിന്നുടെ ചെമ്പൊൽപ്പദങ്ങളെ-
ക്കുമ്പിട്ടുകൂപ്പുന്നേൻ തൺപെടായ്‌വാൻ
കാർവ്വർണ്ണന്തന്നെയെൻ കാന്തനായ് നൽകുന്ന
കാരുണ്യം പാരാതെ നൽകേണമേ.”
ഇങ്ങനെ ചൊല്ലി നമസ്‌കരിച്ചീടിനാൾ
മംഗലയായുളള ദേവിതന്നെ.
അങ്ങനെ പോരുന്ന മംഗലാതങ്കലേ
ശൃംഗാരം വന്നങ്ങു വേരുറച്ചുഃ 150
കാമുകരുളളമക്കാമിനി മൂലമായ്
കാമമാൽ പൂണ്ടതു ചൊല്ലവല്ലേൻ
രുക്‌മിണി തന്നുടെ കാന്തിയെക്കണ്ടുളള
മൈക്കണ്ണിമാരെല്ലാം മാഴ്‌കി മാഴ്‌കി
ആണുങ്ങളായാവൂ നാമെല്ലാമെന്നുളെളാ-
രാശയെപ്പൂണ്ടാരേ വേണ്ടുംവണ്ണം.
സ്വർവ്വേശ്യമാരായ് നിന്നുർവ്വശിമുമ്പായി
ഗർവ്വിതമാരായ മാതരെല്ലാം
മാനിനിതന്നുടെ കാന്തിയെക്കണ്ടിട്ടു
മാനുഷിമാരായ നാരിമാരിൽ 160
മേന്മേലെ നിന്നൊരു കൂറുണ്ടിവന്നെന്നു
നാന്മുഖനോടു വഴക്കുപൂണ്ടാർ.
ലാവണ്യം തന്നുടെ സാരമായ് നിന്നുളെളാ-
രോമനയായൊരു ബാലികതാൻ
കാണുന്നോരെല്ലാർക്കും കണ്ണിനു നല്ലൊരു
പീയൂഷമായിട്ടേ മേവുംകാലം
പണ്ഡിതനായൊരു നാരദനന്മുനി
കുണ്ഡിനം തന്നിലെഴുന്നളളിനാൻ.
മാമുനി വന്നതു കണ്ടൊരുനേരത്തു
മന്നവൻ ചെന്നങ്ങു വന്ദിച്ചപ്പോൾ 170
വിഷ്‌ടരം മുമ്പായ പൂജയെച്ചെയ്‌തിട്ടു
തുഷ്‌ടിയെച്ചേർത്തു വണങ്ങിച്ചൊന്നാൻ;
“ചേവടികണ്ടു തൊഴേണമെന്നിങ്ങനെ
കേവലം നണ്ണി ഞാൻ നിന്നുതിപ്പോൾ
എന്നുടെ കന്യകയായൊരു ബാലിക
തന്നുടെ മംഗലം ചിന്തിപ്പാനായ്
ഭോഗ്യമായുളെളാരു ഭാഗ്യമിയന്നിട്ടു
യോഗ്യനായുളളതിവൾക്കിന്നാർ പോൽ?”
എന്നങ്ങു ചൊല്ലുമ്പോൾ കന്യക മെല്ലവേ
വന്നങ്ങു നിന്നാൾതാൻ വന്ദിപ്പാനായ്. 180
തങ്കഴൽ കൂപ്പിന കന്യകതന്നുടെ
മംഗലമായുളെളാരംഗംതന്നെ
കാരുണ്യമാണ്ടൊരു കൺകൊണ്ടു നോക്കീട്ടു
നാരദൻ പാരാതെ ചൊന്നാനപ്പോൾഃ
“ഭാഗ്യമിയന്ന നിൻകന്യകതന്നുടെ
യോഗ്യനായുളെളാനെ ചൊല്ലുന്നേൻ ഞാൻ.
കാമ്യമായുളെളാരു മാണിക്കക്കല്ലു താൻ
കാഞ്ചനം തന്നോടു ചേരുംപോലെ
കാർവർണ്ണന്തന്നോടു പാരാതെ ചേരേണം
കാന്തിയെപ്പൂണുമിക്കന്യകയും” 190
നാരദനിങ്ങനെ ചൊന്നൊരു നേരത്തു
നാരികൾ മൗലിയാം ബാലികതാൻ
ഭൂതലം തന്നിൽ വരച്ചു ചമച്ചുളള
രേഖകളെണ്ണിനാൾ മെല്ലെമെല്ലെ,
നന്മയായുളള പൊഴുതിനെക്കാണായി
നന്മയെപ്പൂണ്ടുളേളാർക്കെന്നു ഞായം
കോൾമയിർക്കൊണ്ടതു കാണുമെന്നോർത്തിട്ടു
തോഴിയെത്തേടി നടന്നാൾപിന്നെ.
മാമുനി ചൊല്ലിന തൂമൊഴി മന്നവൻ
മാനിച്ചുചൊല്ലിനാനെല്ലാരോടും 200
Generated from archived content: krishnagatha31.html Author: cherusseri