ഗോപികാദുഃഖം- ഭാഗം പതിനഞ്ച്‌

ഏറ്റമുഴറ്റോടു ചൊല്ലിനാനല്ലൊ നീ

തേറ്റംവരും വണ്ണമമ്മയ്‌ക്കപ്പോൾ

‘വേദന വന്നതു കേളമ്മേ! ചെമ്മെ നീ

പൈതലായുളെളാരു കോൾമുതല

പെട്ടെന്നു വന്നിവൾ മേനിയിൽ ചേർന്നിട്ടു

തിട്ടതിയാക്കി കണക്കിലേറ്റം.

അമ്മിഞ്ഞിമേലും കഴുത്തിലും കാണമ്മേ!

പുൺപെട്ടുമാഴ്‌കുന്നതീയഗതി.

കണ്ണിണ കണ്ടാലും മാഴ്‌കിച്ചമഞ്ഞതു

തിണ്ണം തളർന്നുതേ മേനിയെല്ലാം. 1410

കോഴപൂണ്ടിന്നും നുറുങ്ങുവിറയ്‌ക്കുന്നു

കോൾമയിർക്കൊണ്ടതു പോയില്ലിന്നും

നീളത്തിലുളെളാരു വീർപ്പിനെക്കണ്ടാലും

ആലസ്യമേതുമേ പോയിതില്ലേ.

മാലോകരെല്ലാമിറങ്ങും നിലംവിട്ടു

മാപാപിയിങ്ങെന്നെക്കൊണ്ടുപോന്നാൾ

പേടിച്ചു ഞാനും വശംകെട്ടു മാഴ്‌കുന്നു

പേയായിപ്പോകുന്നു വാർത്തയെല്ലാം

ആരാനുമിങ്ങു വരുന്നവരുണ്ടോയെ-

ന്നാരാഞ്ഞുനോക്കിയിരുന്നേൻ ഞാനോ. 1420

നീയിങ്ങു നോക്കി വരുന്നതു കണ്ടല്ലൊ

പോയങ്ങു നീങ്ങീതപ്പാഴനിപ്പോൾ.’

അയ്യോ എന്നമ്മയ്‌ക്കു തോന്നുമാറുളളത്തിൽ

പൊയ്യായിച്ചൊന്ന മൊഴികൾകൊണ്ടേ

തേറ്റം വരുത്തിന നിങ്കളവോർക്കുമ്പോൾ

ഏറ്റം നടുങ്ങുന്നുതുളളമയ്യോ.

ഇങ്ങനെ നിന്നുടെ ലീലകളോർക്കുമ്പോൾ

എങ്ങനെ ഞങ്ങൾ പൊറുപ്പൂതിപ്പോൾ?

മേളമായന്തിക്കു കോലക്കുഴലൂതി-

ക്കാലികൾപിന്നാലെ നീ വരുമ്പോൾ 1430

മുട്ടെവരുന്നതു പാർക്കരുതാഞ്ഞിട്ട-

ങ്ങോട്ടേടം വന്നല്ലോ ഞങ്ങൾ കാണ്മൂ

ഇങ്ങനെ നിന്മുഖം കാണാതെയിന്നിപ്പോൾ

എങ്ങൾ പൊറുക്കുമെന്നോർക്കവേണ്ട.

വല്ലികൾ നല്ലവയുണ്ടിങ്ങു ചൂഴവും

നല്ലമരങ്ങളുമുണ്ടരികെ;

അല്ലലെപ്പോക്കുവാനാരാഞ്ഞുപോകേണ്ട-

തില്ലെങ്ങൾക്കെന്നതും തേറിനാലും.

ആരെ നിനച്ചെങ്ങൾ ജീവിച്ചു കൊൾവൂ തെ-

ന്നാരോമൽ കാന്താ! നീ കൈവെടിഞ്ഞാൽ? 1440

അച്‌ഛനുമമ്മയും കൂടിപ്പിറന്നോരും

ഇച്‌ഛയിൽ മേവിന കാന്തന്മാരും

മെച്ചമേ ഞങ്ങളെ കൈവെടിഞ്ഞൂ ഞങ്ങൾ

ഇച്‌ഛയല്ലാതതു ചെയ്‌കയാലേ.

അച്‌ഛനായ്‌നിന്നതുമമ്മയായ്‌ നിന്നതും

നിശ്‌ചലനാകിന നീതാനത്രെ;

നീയിന്നു ഞങ്ങളെക്കൈവെടിഞ്ഞായാകിൽ

പോരൊല്ലായെന്നുമിക്കാലമിപ്പോൾ

നിങ്കഴൽപങ്കജംതന്നോടു വേർപെട്ട

സങ്കടം മേന്മേലെ പൊങ്ങുമെങ്ങൾ 1450

നിങ്കനിവില്ലായ്‌കിലെങ്ങനെ ജീവിപ്പൂ

പങ്കജലോചനാ! തമ്പുരാനെ!

ആപത്തു വന്നവയോരോന്നേ പോക്കീട്ടു

പാലിച്ചായല്ലോ നീ പണ്ടു നമ്മെ.

പാതിരാനേരത്തിക്കാട്ടിലെറിഞ്ഞേച്ചു

നാഥ! നീ പോകാതെ നമ്മെയിപ്പോൾ

ചെന്തളിർപോലെ പതുത്തുളള നിമ്പാദം

ചന്തത്തിൽ മെല്ലെന്നെടുത്തു ഞങ്ങൾ

കൊങ്കയിൽ ചേർക്കുമ്പോൾ വാടുമെന്നിങ്ങനെ

ശങ്കിച്ചു ചേർക്കയില്ലെന്നുമേതാൻ 1460

വയ്‌പോടു ഞങ്ങൾ മുകയ്‌ക്കുന്ന നേരത്തു

വീർപ്പുകളേല്‌ക്കുമ്പോൾ വാടുമല്ലൊ

അപ്പാദംകൊണ്ടല്ലൊ കല്ലിലും മുളളിലും

ഇപ്പോൾ നടക്കുന്നു നീളെ നീയോ

നിങ്കാലിലല്ലേതും മുളളു തറയ്‌ക്കുന്നു

സങ്കടമാണ്ടുളെളാരെങ്ങളുളളിൽ.

പങ്കജം ശംഖുകളാകിന രേഖകൾ

തങ്കൽ വിളങ്ങിന നിമ്പാദങ്ങൾ

കൊങ്കകൾ രണ്ടിലും കൊണ്ടന്നു ചേർത്തെങ്ങൾ

സങ്കടംപോക്കണം തമ്പുരാനേ! 1470

നന്മൊഴിയാകിന നന്മധുകൊണ്ടു നീ

ചെമ്മെ വെളിച്ചത്തു വന്നുടനെ

നോറ്റുകിടക്കുന്നൊരൈങ്ങൾചെവികളിൽ

പോറ്റീ! നിറയ്‌ക്കേണമേറ്റമേറ്റം

ചിത്തത്തിലെങ്ങൾക്കു ചേതംവരുംവണ്ണം

കത്തുന്ന കാമക്കൊടുന്തീതന്നെ

നേരറ്റചോരിവാതന്നുടെ നേൻകൊണ്ടു

കോരിച്ചൊരിഞ്ഞു തളർത്തണമേ.

എങ്ങാനും പോകുമ്പൊളെങ്ങളെ നോക്കീട്ടു

പുഞ്ചിരിതൂകി നീ നിന്നതെല്ലാം 1480

ദീർഘമായ്‌വീർത്തുവീർത്തോർക്കുന്നുതെങ്ങളോ

മേൽക്കണ്ണുമിട്ടിപ്പോളായവണ്ണം

അങ്ങിനിച്ചെല്ലുമ്പോളെങ്ങളെയെല്ലാരു-

മിങ്ങിനിപ്പോരൊല്ലായെന്മരല്ലോ

ആരിനി ഞങ്ങളെപ്പാലിപ്പോരുളളതെൻ

ആരോമൽകാന്താ നീ കൈവെടിഞ്ഞാൽ?

നീയെന്നിയാരുളളതെങ്ങൾക്കങ്ങോർക്കുമ്പോൾ

ആയർകോനായ്‌നിന്ന തമ്പുരാനേ!

എങ്ങളെക്കൊണ്ടിനിക്കേഴിക്കയൊല്ലാതെ

ചങ്ങാതമായ്‌ മുമ്പിൽ കാണണമേ.“ 1490

ഇങ്ങനെ നിന്നുടനമ്പോടു നാരിമാർ

പൊങ്ങിനവേദനപൂണ്ടു ചെമ്മേ

ഉച്ചത്തിലെല്ലാരുമൊച്ചകൊളളുംവണ്ണം

മെച്ചമേ കേണുതുടങ്ങിനാരേ

മാറിലെഴുന്നൊരു ചൂടില്ലയാഞ്ഞാകിൽ

മാറാതെ വീണൊരു കണ്ണുനീരാൽ

നീറുമന്നാരിമാർ നിന്നൊരു കാനനം

ആറായിപ്പോയിതു മെല്ലെമെല്ലെ.

Generated from archived content: krishnagatha29.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here