കാളിന്ദിനീരിൽ നിഴലിച്ചുകാണായി
മേളമെഴുന്നൊരു തിങ്കൾതന്നെ.
ആപന്നമാരായ ഗോപികമാരെല്ലാം
കോപിച്ചുനിന്നുടനെന്നനേരം
പാറകൾകൊണ്ടങ്ങെറിഞ്ഞു തുടങ്ങിനാർ
പാരമന്നീരിലെത്തിങ്കൾതന്നെ.
കണ്ണാടിതന്നിലും കാണായി തിങ്കളെ-
ക്കണ്ണാടിതന്നെയുമെന്നനേരം
കല്ലുമെടുത്തുടൻ കുത്തിത്തുടങ്ങിനാർ
പല്ലും കടിച്ചുളള കോപത്താലെ 1310
ഇങ്ങനെയോരോരോ വേലകൾ ചെയ്‌താരെ
മന്മഥമാൽകൊണ്ടു മൂടുകയാൽ.
“കാരുണ്യമൂർത്തി നുറുങ്ങേറിപ്പോകുന്നു
കാരുണ്യമുണ്ടാവാൻ കാലമായി
കാർമ്മുകിൽവർണ്ണനോടിങ്ങനെ ചൊല്ലീട്ടു
കാനനദേവതമാരെല്ലാരും
കാമിനിമാരെല്ലാം കാണവെ ചേണുറ്റ
കാനനം തന്നിൽ മറഞ്ഞുകൊണ്ടാർ.
അമ്മമാരായുളള ദേവതമാരെല്ലാം
ചെമ്മേ മറഞ്ഞങ്ങു പോയനേരം 1320
ദീനതപൂണ്ടുളെളാരാനായമാതര-
ക്കാനനം തന്നിലിരുന്നെല്ലാരും
ആയർകോന്തന്നെപ്പുകണ്ണങ്ങു പാടിനാർ
മായം കളഞ്ഞപ്പൊളായവണ്ണംഃ
”കാർവർണ്ണ! കണ്ണാ! കടൽവർണ്ണ! കാണയ്യോ
കാരുണ്യമാണ്ടോനേ! കാരണനേ!
എങ്ങളിലുളെളാരു കാരുണ്യമിന്നിപ്പോൾ
എങ്ങാനും പോയിതറിഞ്ഞായോ നീ
‘കാർവർണ്ണന്തന്നുടെ മാനസമിന്നിന്നു
കാരുണ്യമില്ലാതെയായിതല്ലൊ’ 1330
മാലോകരെല്ലാരും നിന്നെക്കൊണ്ടിങ്ങനെ
ചാലപ്പറയുമാറാക്കൊല്ലാതെ,
അണ്ണാന്നുനിന്നുകൊണ്ടാകാശം നോക്കീട്ടു
കണ്ണുനീരോലോലെ മേലെമേലെ
കേണുകിടക്കുന്ന വേഴാമ്പൽപോലെയായ്
വീണുമറുകുന്നുതെങ്ങളയ്യോ
നീരോടു വേറായിപ്പാഴ്‌പറമ്പേറീട്ടു
നീന്തുന്ന മീനങ്ങളെന്നപോലെ
കണ്ടാലുമെങ്ങളുഴയ്‌ക്കുന്നതിങ്ങനെ
മണ്ടിവരേണമേ കൊണ്ടൽവർണ്ണ! 1340
നിന്നുടെ ദാസിമാരായുളള ഞങ്ങളെ
വില്ലാലെ തല്ലുന്നേൻ മുല്ലബാണൻ,
പോരായ്‌മയിന്നതിലേതുമേയില്ലയോ
വീരനായുളള നിന്നുളളിലിപ്പോൾ
എന്തെന്റെ കണ്ണ! നീ പോയതിങ്കാരണ-
മേതുമേ ഞങ്ങൾക്കു തോന്നീതില്ലേ;
ഏറ്റം തെളിഞ്ഞു കളിക്കുന്നനേരത്തു
ചീറ്റമുണ്ടാവാനോ ഞായമില്ലേ.
കോപംകൊണ്ടല്ലല്ലീ മെല്ലെ മറഞ്ഞു നീ
താപത്തെത്തൂകുന്നുതെങ്ങളുള്ളിൽ 1350
കോപത്തിന്നേതുമേ ഞായമില്ലോർക്കുമ്പോ-
ളാപത്തിൻകാലമിതെന്നേവേണ്ടു.
രക്ഷിച്ചുപോരുന്ന നീയിന്നു ഞങ്ങളെ
ഭക്ഷിക്കുമാറല്ലൊ വന്നുതിപ്പോൾ
പോരായ്‌മ ഞങ്ങളിലേതാനുമുണ്ടെങ്കിൽ
പാരാതെ വല്ലായ്‌മ ചൊല്ലാമല്ലൊ,
ചുറ്റത്തിലിങ്ങനെ ചേർന്നു കളിക്കുമ്പോൾ
മറ്റേതുമില്ലെന്നു ചൊല്ലാം ചെമ്മേ.
തൂമതിരണ്ട നിന്നോമൽമുഖം തന്നെ-
ക്കാമിച്ചു നോക്കിയിരിക്കുന്നേരം 1360
എന്നുടെ കണ്ണിമ തങ്ങളിൽ കൂടിതൊ
എങ്കിൽ നുറുങ്ങു വെറുത്താലും നീ.
കാലികൾപിന്നാലെ കാലം പുലരുമ്പോൾ
ബാലകന്മാരുമായ് പോകുംനേരം
പിന്നാലെ വന്നെങ്ങൾ നിന്നുടെ പൂമേനി
തന്നിലെ നോക്കിക്കൊതിക്കും നേരം
കാടുമറഞ്ഞങ്ങു പോമ്മുമ്പേ നിമ്പിമ്പേ
ചാടുന്ന കണ്ണുമടങ്ങീതോതാൻ
നേരറ്റകാന്തി കലർന്നൊരു നീ മെല്ലെ-
ച്ചാരത്തു വന്നുനിന്നെങ്ങൾ മെയ്‌മേൽ 1370
കോമളക്കൈകൊണ്ടു തൊട്ടൊരുനേരത്തു
കോൾമയിർക്കൊളളാതെയുണ്ടോ കണ്ടു?
അമ്പോടു നമ്മിൽ തഴുകുന്നനേരത്തു
മുമ്പിലെൻ കൈയ്‌കളയഞ്ഞുതോ താൻ!
നന്മയിൽ നമ്മിലേ ചുംബിക്കുംനേരത്തു
നിന്മുഖമിങ്ങേറെ വന്നുതോ താൻ?“
പ്രേമം നിറഞ്ഞു വഴിഞ്ഞുളള വാക്കുകൾ
കാമുകനോടു പറഞ്ഞിങ്ങനെ
കോപം കൊണ്ടല്ലെന്നു സാധിച്ചു നമ്മുടെ
പാപമേ കാരണം എന്നു ചൊല്ലി 1380
കീഴിൽ കഴിഞ്ഞുളള പാഴമയോരോന്നേ
കീർത്തിച്ചു പാടിനാർ വേറെ വേറെ.
”ആമ്പാടിതന്നിൽനിന്നിന്നാളൊരുനാൾ നാം
അന്തിമയക്കിലിരുന്നു മെല്ലെ
പൂഞ്ചേലകിഞ്ചിലയച്ചുചമച്ചു നീ
കാഞ്ചിയുളേളടം തലോടും നേരം
അമ്മ വരുന്നതു കണ്ടുടൻ ചൊല്ലിനാൻ
സമ്മതിയായൊരു നന്മൊഴി നീ
ഇല്ലാതതിന്നിവളെന്നെപ്പറയുന്നോൾ
വല്ലായ്‌മ ഞാനേതും ചെയ്‌തതില്ലേ. 1390
“വെണ്ണ കവർന്നു നീയെന്നെന്നെച്ചൊല്ലിനോ-
ളിന്നിവൾ പോകൊല്ലാ‘യെന്നു ചൊല്ലി
ചേലത്തലയും മുറുക്കിപ്പിടിച്ചിട്ടു
വേലപ്പെൺ കാന്തൻതന്നാണ ചൊല്ലി
കണ്ണുനീർ കാട്ടിന നിങ്കളവോർക്കുമ്പോൾ
തിണ്ണം നടുങ്ങുന്നൂതുളളമിപ്പോൾ.
ആറ്റിൽ കുളിക്കേണമെന്നങ്ങു നാമന്നാൾ
പോറ്റീ പറഞ്ഞൊത്തു പോയനേരം
തെറ്റെന്നു ചെല്ലാഞ്ഞുപേടിച്ചുകൊണ്ടമ്മ
പെട്ടെന്നു പോന്നങ്ങു വന്നനേരം 1400
Generated from archived content: krishnagatha28.html Author: cherusseri
Click this button or press Ctrl+G to toggle between Malayalam and English