ഗോപികാദുഃഖം- ഭാഗം 13

പൊയ്‌കകൾതോറുമിറങ്ങിക്കളിക്കയാൽ

നീർകലർന്നുളെളാരു മെയ്യുമായി.

മണ്ടിനടന്നൊരു വണ്ടിണ്ട ചൂഴവും

കണ്ടാലും മാനിച്ചു പാടിപ്പാടി

പാപനായുളെളാരു പൂബാണൻചൊല്ലാലെ

പാന്ഥന്മാരായോരെക്കൊന്നുകൊന്ന്‌

മന്ദമന്ദം നടന്നിങ്ങവൻ വന്നിട്ടു

മാഴ്‌കിത്തളർന്നുളേളാരെങ്ങൾമെയ്യിൽ

വമ്പിലണഞ്ഞവനേറെളെപ്പൊരുന്നയ്യോ

കമ്പം വരുത്തുമാറുളളിലെങ്ങും 1210

ആരുമൊരുത്തർ ചെറുക്കുന്നോരില്ലയോ

പാരം തളർന്നു വശംകെടുന്നു.“

എന്നതു കേട്ടൊരുനേരത്തു ചൊല്ലിനാർ

വല്ലവിമാരോടു മാനിനിമാർഃ

”ഈ വന്ന വാരണന്തന്നെയടക്കുവാൻ

ആവോരില്ലാരുമീ ഞങ്ങളിലോ,

ആയിരമാനകളൂക്കുതിരണ്ടുളേളാ-

രാനയുണ്ടല്ലോയക്കംസൻവീട്ടിൽ

ആരിന്നവന്റെ മദത്തെയടക്കുവാൻ

പോരുവോരുളളതിപ്പാരിലോർത്താൽ 1220

മുറ്റുമവന്നേ ചെറുക്കാവുതിന്നിപ്പോൾ

മറ്റാരും വന്നു ചെറുപ്പോരില്ലേ

ചൂടുതഴച്ചു പൊറുക്കരുതായുന്നു,

കേടു വരുന്നുണ്ടിന്നമ്മമാരേ!“

എന്നതു കേട്ടിട്ടു പിന്നെയും ചൊല്ലിനാർ

നിന്നൊരു കാനനദേവതമാർഃ

”തിങ്കളെ നോക്കുവിൻ മങ്കമാരെ! നിങ്ങൾ

കൺകുളുർത്തീടുമേ കണ്ടതോറും“

എന്നതുകേട്ടുടൻ തിങ്കളെ നോക്കിനാർ

എല്ലാരും മെല്ലവേ വല്ലവിമാർ 1230

ശൃംഗാരംതന്നുടെ ജീവനായ്‌ നിന്നൊരു

മംഗലനാകിയ തിങ്കൾതന്നെ.

കണ്ടൊരുനേരത്തു കാമത്തീയുളളിലെ

കത്തിത്തുടങ്ങി കണക്കിലേറ്റം

മാരമാലുളളത്തിൽ ചേരുമന്നാരിമാർ

പാരം തളർന്നു പറഞ്ഞാരപ്പോൾഃ

”നട്ടുച്ചനേരത്തു പെട്ടൊരു വെയ്‌ലേറ്റു

ചുട്ടുപൊരിഞ്ഞങ്ങിരിക്കുംനേരം

ചൂടു തളർത്തുവാൻ തീക്കുഴിതന്നിലേ

ചാടിനാൽ ചൂടു തളർത്താമോതാൻ? 1240

മാപാപിയാകിന തിങ്കളിന്നെങ്ങളെ-

ക്കോപിച്ചു കൊല്ലുന്നോനെന്നുവന്നു

നേരിട്ടുനിന്നവൻ വന്മദം പോക്കുവാൻ

പാരിടം തന്നിലിന്നാരുമില്ലേ

രാഹുവിൻകണ്‌ഠമോ നാരായണൻ പണ്ടേ

നേരെ തറിച്ചുകളഞ്ഞാനല്ലൊ.

വാരിധി പണ്ടു കടഞ്ഞൊരു നേരത്തു

ബാഡവപാവകൻതങ്കൽനിന്നു

സാരമായുളെളാരു പിണ്ഡമെഴുന്നിവൻ

വാരുറ്റ മണ്ഡലമായിപ്പിന്നെ 1250

മറ്റെങ്ങുമാർക്കും പൊറുക്കരുതാഞ്ഞിട്ടു

കറ്റച്ചെടയോന്താനന്നുടനെ

ക്രൂരമായുളെളാരു കാളകൂടത്തെയും

ഘോരനായുളെളാരു തിങ്കളെയും

മേളമെഴുന്ന കഴുത്തിലും ഗംഗതൻ

ഓളംതുളുമ്പുന്ന മൗലിയിലും

ചേണുറ്റെഴുന്നൊരു ഭൂഷണമായിട്ടു

ചെവ്വോടുനിന്നു ധരിച്ചുകൊണ്ടു

ദീധിതിമാലയാം ജ്വാലകളേറ്ററ്റു

ലോകങ്ങളെല്ലാമെ വെന്തനേരം 1260

ശ്വേതിമപൂണ്ടൊരു ഭൂതിപോയെങ്ങുമെ

മീതെ പരന്നു ചമഞ്ഞതല്ലോ

വെണ്മതിരണ്ട നിലാവായിനിന്നിട്ടു

ചെമ്മേ നിറഞ്ഞെങ്ങും കണ്ടതിപ്പോൾ

നീലമായ്‌ നിന്നവന്മേനിയിൽ കണ്ടതോ

ചാലക്കളങ്കമല്ലെന്നു ചൊല്ലാം.

ക്ഷ്വേളമിയന്നൊരു കാളഭുജംഗത്തെ

ലാളിച്ചുവച്ചതിക്കാണായതേ,

തങ്കരംകൊണ്ടുടനെന്നതുകൊണ്ടല്ലോ

എങ്കൽ വിഷംതന്നേ തൂകുന്നിപ്പോൾ 1270

തീപ്പൊരിതന്നെ വിഴുങ്ങിച്ചകോരങ്ങൾ

സാധിച്ചുനിന്നുതേ പണ്ടുപണ്ടേ,

തീക്ഷ്‌ണതപൂണ്ട നിലാവിനെയല്ലായ്‌കിൽ

വായ്‌ക്കൊണ്ടു നിൽക്കുമാറെങ്ങനേ താൻ?

മാപാപിത്തിങ്കൾ മറയുന്നോനല്ലെന്നും

മാപാപമെന്തിനിച്ചെയ്‌വതയ്യൊ!“

തങ്ങളിലിങ്ങനെ നിന്നു പറഞ്ഞവർ

തിങ്കളോടായിപ്പറഞ്ഞാർ പിന്നെഃ

”രാഹു കാൺ വന്നതാ നിന്നെ വിഴുങ്ങുവാ-

നോടിമറഞ്ഞുകൊൾ തിങ്കളേ! നീ 1280

പൊയ്യല്ല ഞങ്ങളിന്നിന്നോടു ചൊന്നതു

മെയ്യെന്നുതന്നെ നീ തേറിനാലും.

മുക്കണ്ണൻമൗലിയിൽ നില്‌ക്കുന്ന നിന്നുടെ

മുഗ്‌ദ്ധനായുളെളാരു പൈതൽതന്നെ.

സർപ്പങ്ങളാലൊന്നു ചെന്നു വിഴുങ്ങീത-

ങ്ങിപ്പൊളെന്നുണ്ടൊരു വാർത്തകേട്ടു

വേഗത്തിൽ ചെന്നു നിമ്പൈതലേ വീണ്ടുകൊൾ

നാഗത്തിൻവായിൽനിന്നായവണ്ണം,

മൈക്കണ്ണിതന്നുടെ തൈക്കൊങ്ക പുൽകുമ്പോൾ

മുക്കണ്ണരേതുമറിയില്ലേ 1290

പന്നഗവായിലെപ്പൈതലേ മീണ്ടുകൊൾ

പിന്നെയുമാമല്ലൊ ഞങ്ങളോട്‌

കാച്ചൽപിണഞ്ഞുളെളാരെങ്ങൾമേലിങ്ങനെ

തീച്ചൊരിഞ്ഞാലുമിന്നായവണ്ണം.

പിന്നെയും ഞങ്ങളെക്കൊൽകെന്നിയില്ലേതും

തിന്നുന്നതുണ്ടോ ചൊൽ തിങ്കളേ! നീ.“

പേടിപറഞ്ഞാരൊട്ടിങ്ങനെ തിങ്കളെ,

പേ പറഞ്ഞാർ പിന്നെയായവണ്ണം

സങ്കടമാണ്ടുളള മങ്കമാരിങ്ങനെ

തിങ്കളെ നോക്കിപ്പറഞ്ഞനേരം 1300

Generated from archived content: krishnagatha27.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here