‘ഉല്‌പലംകൊണ്ടു ചമച്ചങ്ങുവച്ചൊരു
ദർപ്പണംതന്നെയായ് തോന്നുന്നുതേ.’
മാൺപേറും മാരന്തൻ മാന്തളിർനേരൊത്ത
പൂന്തുകിൽ നന്നായ് മുറുക്കിനിന്നാൻ.
‘നേരറ്റകാന്തികലർന്നൊരു കണ്ണന്തൻ
ചോരി വാ തോന്നുന്നുതെന്നുളളിലേ’
ചന്തത്തിൽ നല്ല പവിഴത്താൽ നിർമ്മിച്ചു
ചെന്തളിർകൊണ്ടു പൊതിഞ്ഞുചെമ്മെ
നല്ലൊരു പീയൂഷമെപ്പൊഴും വീഴ്‌ത്തുവാൻ
ഉളെളാരു ഭാജനം തോന്നുന്നുതേ.‘ 1010
അഞ്ചലരമ്പൻ തന്മാനിനിതന്മുഖം
വഞ്ചിച്ചു നോക്കിനാനൊന്നുമെല്ലെ
’അഞ്ചിതമായുളെളാരഞ്ചനവർണ്ണന്തൻ
പുഞ്ചിരി നെഞ്ചിലേ തോന്നുന്നുതേ‘
’വാണിയായുളെളാരു മാലതിതന്നുടെ
ചേണുറ്റ പൂവെല്ലാം തോന്നുന്നുതേ‘
കാന്തനമ്മാരന്തൻ കാന്തമായുളെളാരു
കൂന്തൽ മുടിഞ്ഞു മുറുക്കിനിന്നു.
’നിർമ്മലനായൊരു നന്ദജന്തന്നുടെ
നൻമുഖം തോന്നുന്നുതെന്നുളളിലേ.‘ 1020
’പുഞ്ചിരിയാകിന ഗംഗതന്തോയത്തിൽ
കഞ്ചം വിരിഞ്ഞതു തോന്നുന്നുതേ.‘
നാളീകബാണന്തൻ ചേണുറ്റെഴുന്നൊരു
തൂണീരം മേനിയിൽ ചേർത്താനപ്പോൾ.
തങ്ങളിലിങ്ങനെ നിന്നു പറഞ്ഞവർ
തിങ്ങിന വേദന പൊങ്ങുകയാൽ
കണ്ണന്മുഖംതന്നിലുളളമുറപ്പിച്ചു
നിന്നുവിളങ്ങിനാരെല്ലാരുമേ.
ഉന്നിദ്രനായൊരു മന്മഥന്താനപ്പോൾ
സന്നദ്ധനായ് നിന്നാൻ പോർക്കുചെമ്മെ 1030
എന്നുടെ മാനിനിതന്നുടെ കാന്തിയെ
വെന്നങ്ങു നിന്നാരിമ്മാതരെല്ലാം
എന്നൊരു കോപംകൊണ്ടന്നമ്മടവാരേ
നന്നായടക്കുവാനെന്നപോലെ
കൈച്ചരടും തൻവിരൽച്ചരടും പിന്നെ-
യിച്‌ഛയിൽനിന്നു മുറുക്കിനന്നായ്
കണ്ണന്റെ കണ്ണിണതന്നുടെ കാന്തിയെ-
ത്തിണ്ണം തെളിഞ്ഞുടൻ കൈവണങ്ങി
ഉല്‌പലമാകുന്നൊരദ്‌ഭുതബാണത്തെ
കെൽപുകലർന്നു തൊടുത്തുവിട്ടാൻ. 1040
മാനിനിമാരുളളിൽ ചെന്നു തറച്ചപ്പോൾ
മാധവന്തന്നുടെയാണ ചൊന്നാർ.
വാരുറ്റവന്തന്റെ ചോരിവാതന്നുടെ
നേരറ്റ കാന്തിയെക്കൈവണങ്ങി
കങ്കേളിതന്നുടെ പൂവായ ബാണത്തെ-
ശ്ശങ്കകളഞ്ഞു തൊടുത്തുപിന്നെ
മാറത്തുതന്നെ ചുഴിച്ചുകൊടുത്താനേ
മാപാപിയാകിന മാരൻനേരേ.
പുഞ്ചിരിതന്നുടെ വെണ്മയെത്തന്നെ തൻ-
നെഞ്ചകംതന്നിലേ നണ്ണിനണ്ണി 1050
മുല്ലതൻ പൂവായ നല്ലൊരുബാണത്തെ
മെല്ലെന്നെടുത്തു തൊടുത്തുപിന്നെ
വല്ലവിമാരുളളിൽതന്നേ തറപ്പിച്ച-
ങ്ങല്ലൽ പൊഴിച്ചാനേയായവണ്ണം.
കാർമുകിൽവർണ്ണന്തന്നാനനം തന്നുടെ
കോമളകാന്തിയെക്കൈവണങ്ങി
അംബുജമാകിയ ചെമ്മുളള ബാണത്തെ
വമ്പുകലർന്നു വലിച്ചുവിട്ടാൻ
മാനിനിമാരുളളിൽ ക്ഷീണത ചേർപ്പാനായ്
ബാണങ്ങൾ നാലുമിയറ്റിപ്പിന്നെ 1060
മാകന്ദംതന്നുടെ പൂവായ ബാണത്തെ
മാനിച്ചെടുപ്പാൻ തുടങ്ങുംനേരം
മാനിനിമാരപ്പോൾ നേരേ വിലക്കിനാർ
’മാപാപീ! കൊല്ലൊല്ലാ‘ എന്നുതന്നെ.
ചീർത്തുതഴച്ചുളെളാരാർത്തിപിണഞ്ഞുളള
താർത്തേന്മൊഴികളങ്ങുളളിലെങ്ങും
മൂർത്തുളള ബാണങ്ങളേറ്റുടനന്നേരം
മൂർച്‌ഛനപൂണ്ടു തുടങ്ങിനാരേ
കാർവർണ്ണന്തന്നുടെ കാമിനിമാരെല്ലാം
കാമശരം നട്ടു വീണനേരം 1070
കാനനംതന്നിലെ ദേവതമാരെല്ലാം
ദീനതപൂണ്ടു വെളിച്ചപ്പെട്ടാർ
ഓടിയണഞ്ഞവർ നീടുറ്റമെയ്‌തന്നിൽ
കേടറ്റ കൈകളെക്കൊണ്ടു ചെമ്മെ
ചാലത്തണുത്ത പനിനീരിൽ തോച്ച നീ-
രോലത്തലോടിനാർ മെല്ലെമെല്ലെ.
ചെന്തളിർതന്നെപ്പറിച്ചങ്ങുകൊണ്ടന്നു
ചന്തത്തിൽ നീളെ വിരിച്ചതിന്മേൽ
അല്ലൽപിണഞ്ഞുളള വല്ലവിമാരെയും
മെല്ലെന്നെടുത്തു കിടത്തിനന്നായ് 1080
മാലേയവും നല്ല കർപ്പൂരംതന്നെയും
പ്രാലേയതോയത്തിലാക്കിച്ചെമ്മേ.
മാഴ്‌കിത്തളർന്ന മുഖങ്ങളിലെങ്ങുമേ
മാനിച്ചുനിന്നു തളിച്ചാർ പിന്നെ.
മുത്തുകൾ കൊണ്ടന്നു പുത്തൻമുലകൾതൻ
മദ്ധ്യത്തിലാക്കിനാരത്തൽ പോവാൻ
പുത്തൻ മൃണാളങ്ങൾ കൊണ്ടന്നമ്മാറിലെ
പൂരിച്ചുനിന്നാരെ മെല്ലെമെല്ലെ.
താമരതന്നില കൊണ്ടന്നു മെല്ലവേ
തൂമകലർന്നങ്ങു വീതുവീതെ 1090
’ആശ്വസിപ്പിൻ നിങ്ങൾ‘ എന്നങ്ങു ചൊല്ലിനി-
ന്നാശ്വസിപ്പിച്ചുതുടങ്ങിനാരെ.
മെത്തയായങ്ങു വിരിച്ചുചമച്ചുളള
പുത്തന്തളിരെല്ലാം വാടിവാടി.
പർണ്ണങ്ങളായിച്ചമഞ്ഞു തുടങ്ങീത-
പ്പെണ്ണുങ്ങൾമെയ്യിലെ ചൂടുകൊണ്ട്
മാറിലിരുന്നൊരു താമരനൂലെല്ലാം
പാരംനരച്ചു വറണ്ടുകൂടി.
മോഹമിയന്നുളള മാനിനിമാരുടെ
ദേഹത്തിലുളെളാരു ദാഹത്താലെ 1100
Generated from archived content: krishnagatha25.html Author: cherusseri