കൂകുന്ന കേകികൾ കേകകളെക്കൊണ്ടു
കൂകിത്തുടങ്ങീതക്കാവിലെങ്ങും
പാരാവതങ്ങൾതൻ പേടകളോടൊത്തു
നേരേകളിച്ചു തുടങ്ങീതപ്പോൾ
വട്ടംതിരിഞ്ഞുതിരിഞ്ഞു മയങ്ങീട്ടു
പെട്ടെന്നു കാന്തതൻ മുന്നിൽചെന്ന്
അഞ്ചിതമായൊരു ചഞ്ചുപുടംതന്നെ
അഞ്ചാതെ മെല്ലവേ വായ്‌ക്കൊണ്ടുടൻ
ആനനം താഴ്‌ത്തുമുയർത്തിയുമമ്പോടു
ദീനത കൈവിട്ടു കൂകിക്കൂകി 910
ഏണങ്ങൾ തങ്ങളിൽക്കൂടിക്കലർന്നുതൻ
പ്രാണങ്ങളാകിന കാന്തതന്നെ
കൊമ്പുകൊണ്ടമ്പിൽ കഴുത്തിലുരുമ്മീട്ടു
ചുംബിച്ചുനിന്നു തുടങ്ങീതെങ്ങും
വണ്ടിണ്ട തങ്ങളിൽ കൂടിക്കലർന്നുടൻ
മണ്ടിനടന്നോരോ പൂവുതോറും
കാന്തയും താനുമായൊന്നൊത്തു നിന്നിട്ടു
പൂന്തേൻ നുകർന്നു തുടങ്ങീതെങ്ങും.
പക്ഷങ്ങളാലൊന്നു ചാലെപ്പരത്തിതൻ-
പക്ഷിയെ മെല്ലെത്തഴുകിനിന്ന് 920
നന്മധു വായ്‌ക്കൊണ്ടു മെല്ലവേ നിന്നവൻ
നൻമുഖം തന്നിലേ നൽകിനൽകി
കാന്തൻ കൊടുത്തതു താനും നുകർന്നിട്ടു
കാന്തികലർന്നു കളിച്ചു പിന്നെ
മത്തങ്ങളായ്‌നിന്നു പാടിത്തുടങ്ങീതേ
ചിത്തമഴിഞ്ഞു കുഴഞ്ഞു ചെമ്മേ.
കേതകിതന്നുടെ പൂമ്പൊടികൊണ്ടെങ്ങും
മീതെ വിതാനം ചമച്ചുപിന്നെ
നൂതനമായൊരു വാതവും വന്നപ്പോൾ
വീതു തുടങ്ങീതെ മെല്ലെമെല്ലെ. 930
ഉത്‌കണ്‌ഠയാകിനോരിന്ധനം കൊണ്ടെങ്ങും
ഒക്കെപ്പൊതിഞ്ഞു പുകഞ്ഞുചെമ്മേ
ഉളളിലിരുന്നൊരു മന്മഥപാവകൻ
തളളിയെഴുന്നുതുടങ്ങീതപ്പോൾ
അംഗജവേദന പൊങ്ങിന ഗോപികൾ
തങ്ങളിൽ കൂടിക്കലർന്നു പിന്നെ
പുണ്യമിയന്നൊരു കണ്ണന്മെയ്‌തന്നുടെ
വർണ്ണനം ചെയ്‌തു തുടങ്ങിനാരേ.
“കാർവർണ്ണൻതന്നുടെ കാന്തികലർന്നൊരു
കാർകുഴൽ തോന്നുന്നൂതെന്നുളളിലേ.” 940
അന്യയായുളളവൾ ചൊല്ലിനാളെന്നപ്പോൾ
തന്നിലേ ചിന്തിച്ചുനിന്നു നന്നായ്‌ഃ
“ലോകങ്ങളായുളള ചാതകങ്ങൾക്കെല്ലാം
താപങ്ങൾ പോക്കുവാനാക്കമാണ്ട്
തൂമകലർന്നൊരു കാർമ്മുകിൽമാലതൻ
കോമളമേനിയെത്തോന്നുന്നുതെ.”
കന്ദർപ്പനെന്നപ്പോൾ തന്ദർപ്പമുളളിലേ
സന്ദർപ്പിച്ചാനങ്ങു മെല്ലെമെല്ലെ.
സന്തതമെന്നുളളിൽ ചന്തമെഴുന്നവൻ
കുന്തളകാന്തിയെത്തോന്നുന്നുതേ‘ 950
’നാരികൾ മാനസമായി വിളങ്ങുന്ന
വാരണന്തന്നെത്തളപ്പതിന്നായ്
മംഗലവാസവനീലംകൊണ്ടുളെളാരു
ചങ്ങലതന്നെയായ് തോന്നുന്നുതേ.‘
ചാരത്തുനിന്നൊരു മാരനന്നേരത്തു
മൂരിനിവർന്നുതുടങ്ങിനാനേ.
’വാരുറ്റവന്തന്റെ തൂനെറ്റിതന്നെയെൻ
മാനസംതന്നിലേ തോന്നുന്നുതേ.‘
’കാർകുഴലായൊരു കൂരിരുട്ടാകിയ
വൈരിയെക്കണ്ടു നടുങ്ങുകയാൽ 960
അംബരംതന്നിലേ പോകരുതാഞ്ഞൊരു
തിങ്കൾതമ്പൈതലേത്തോന്നുന്നുതേ.
അല്ലിത്താർബാണനന്നല്ല വസന്തത്തെ
മെല്ലവേ നോക്കിച്ചിരിച്ചാനപ്പോൾ.
‘വല്ലവീനായകന്തന്നുടെ നല്ലൊരു
ചില്ലികൾ തോന്നുന്നുതെന്നുളളിലേ.’
‘കാന്തയായുളെളാരു കാളിന്ദിതന്നിലെ
നീന്തുന്ന വീചികൾ തോന്നുന്നുതേ.’
മുപ്പാരിതെപ്പേരുമെപ്പോഴും വെല്ലുന്ന
കെല്‌പേറും വില്ലു കുലച്ചാൻ മാരൻ. 970
‘കർണ്ണങ്ങളോടങ്ങിണങ്ങിക്കളിക്കുന്ന
കണ്ണിണ തോന്നുന്നുതെന്നുളളിലേ
ഈരേഴുലോകങ്ങളെങ്ങും വിളങ്ങുന്ന
മാരന്തൻ ബാണങ്ങൾ തോന്നുന്നുതേ’
ചേണുറ്റ വീരന്തൻ ബാണത്തിൻചൊവ്വെല്ലാം
മാനിച്ചു നോക്കിനാൻ മാൺപിനോടെ.
‘ഇച്‌ഛയിൽ മേവിനോരച്യുതന്തന്നുടെ
നൽച്ചെവി തോന്നുന്നുതെന്നുളളിലേ.’
‘ഓടിയണഞ്ഞൊരു കാലനെക്കണ്ടിട്ടു
പേടിതഴച്ചുളള ലോകരുടെ 980
’പാഹി‘യെന്നുളെളാരു ഭാരതിതാഞ്ചെന്നു
പൂകുന്ന ഗേഹമായ് തോന്നുന്നുതേ.’
മല്ലികാബാണന്താനെന്നതു കേട്ടപ്പോൾ
മെല്ലെത്തലയും കുലുക്കി നിന്നാൻ.
‘നാഥനായുളെളാരു നാരായണന്തന്റെ
നാസിക തോന്നുന്നുതെന്നുളളിലേ’
കണ്ണിണയാകുന്ന മീനങ്ങളെക്കണ്ടു
തിണ്ണമണഞ്ഞു പിടിപ്പതിന്നായ്
നെറ്റിയായുളെളാരു കുന്നിന്മേൽനിന്നങ്ങു
പറ്റിയിഴിഞ്ഞങ്ങു പാഞ്ഞനേരം 990
ചില്ലികളാകിന വല്ലികളുടെ പോയ്
തളളിനിലമേറെച്ചെല്ലുകയാൽ
മീനങ്ങളെങ്ങുമേ കാണാഞ്ഞമൂലം ത-
ന്നാന്നനം തന്നെയുയർത്തുനിന്ന്
തുമ്മിത്തുമയ്‌ക്കുന്ന പാമ്പല്ലീ തോഴി കേൾ
എന്മനം തന്നിലേ തോന്നുന്നുതേ.‘
പുഷ്‌കരബാണന്നു ദക്ഷിണമാകുന്നോ-
രക്ഷിയുമാടിത്തുടങ്ങീതപ്പോൾ.
’പുത്തൻനിറം തന്നെമെത്തുമവൻതൻ ക-
വിൾത്തടം തോന്നുന്നുതെന്നുളളിലേ.‘ 1000
Generated from archived content: krishnagatha24.html Author: cherusseri