“എങ്ങുമേയുളേളാന്നിമ്മങ്കമാർക്കിങ്ങനെ
തങ്ങളെയാണ്ടോനേ മേൽമണ്ടേണം
കീഴുറ്റു ചൂഴറ്റു നാമങ്ങു ചെന്നോളം
കോഴപ്പെടുപ്പരേ നാളിൽ നാളിൽ
താഴത്തുവയ്‌പാനായ് നാമിത്തുടങ്ങുകിൽ
കേഴത്തുടങ്ങുവരൊന്നും വല്ലാർ.”
ഇങ്ങനെ നണ്ണിയന്നാരീമുഖം നോക്കി-
ത്തന്നിലെ മെല്ലെച്ചിരിച്ചു ചൊന്നാൻഃ
“എങ്കഴുത്തിങ്ങനെ നില്‌ക്കുന്നു നിന്നുടെ
സങ്കടം പോക്കുവാനല്ലയോതാൻ” 810
ഇങ്ങനെ ചൊല്ലി നിലത്തു വണങ്ങീട്ടു
നിന്നാനേ മെല്ലക്കഴുത്തുയർത്തി.
എന്നങ്ങു ചൊന്നതു കേട്ടൊരു നീളതാൻ
മുന്നേതിലേറ്റം ഞെളിഞ്ഞാളപ്പോൾ
ചേലയുടുത്തതു ചാലെച്ചുരുക്കീട്ടു
കാലും കവച്ചങ്ങുനിന്നു മെല്ലെ
മേളമിയന്ന കഴുത്തിൽ കരേറുവാൻ
തോളങ്ങു തപ്പീട്ടു കാണാഞ്ഞപ്പോൾ
തിണ്ണം മറിഞ്ഞങ്ങു നോക്കുന്നനേരത്തു
കണ്ണനേയെങ്ങുമേ കണ്ടതില്ലേ. 820
“എന്നുടെ കണ്ണ! നീയെന്തിത്തുടങ്ങുന്നു-
തെന്നെയും കൂടെച്ചതിയ്‌ക്കുന്നായോ?
നിന്നുടെ പിന്നാലെ നീളനടക്കാമേ
നിന്നെയും കൂടെയെടുത്തുകൊളളാം.
‘ഏറെ ഞെളിഞ്ഞൊരു നീളയെക്കൊണ്ടുപോയ്
വേറെ ചതിച്ചാനേ വേണ്ടുവോളം
മറ്റുളള മങ്കമാരെന്നെക്കൊണ്ടിങ്ങനെ
മുറ്റെച്ചിരിക്കുമാറാക്കൊല്ലാതെ.
കാട്ടിലെറിഞ്ഞേച്ചു പോകാതെ നീയെന്നെ
ക്കാർവർണ്ണ! കണ്ണ! വെളിച്ചത്തു വാ” 830
നീളതാനിങ്ങനെ നീളെ വിളിച്ചെങ്ങും
നീളെ നടന്നോരുനേരത്തപ്പോൾ
കണ്ണനെച്ചോദിച്ചു തിണ്ണം നടക്കുന്ന
പെണ്ണുങ്ങളങ്ങതു കേട്ടു ചൊന്നാർഃ
“നീളതൻ തൂമൊഴിയെന്ന കണക്കിനെ
മേളത്തിലങ്ങിതാ കേൾക്കാകുന്നു.
ചാരത്തു മേവിന കണ്ണനുമായിട്ടു
ചാലെപ്പുളയ്‌ക്കുന്നോളെന്നിരിക്കാം.
എന്തൊരു മാനിനിചെയ്‌തൊരു പുണ്യത്തി-
ന്നന്തമില്ലെന്നതോ നിർണ്ണയംതാൻ. 840
താനേ പോയെങ്ങാനും ദാമോദരൻമെയ് തൻ
മേനിയിൽ ചേർത്തല്ലൊ മേവുന്നിപ്പോൾ
എന്തതു ചിന്തിച്ചു സന്തതമിങ്ങനെ
വെന്തുവെന്തുളളമോ നീറുന്നുതേ
നന്നിതു നാമിപ്പിറന്നോരു രാശി ചൊ-
ല്ലൊന്നായിവന്നവാറെങ്ങനെതാൻ?”
തങ്ങളിലിങ്ങനെ കൂടിപ്പറഞ്ഞവർ
അങ്ങനെ പോയങ്ങു ചെല്ലുന്നേരം
നീതിയിൽനിന്നൊരു നീളയെക്കാണായി
നീളെനെടുതായി വീർത്തുകൊണ്ടു. 850
എന്നതു കണ്ടൊരു നന്മൊഴിമാരെല്ലാം
ഏറ്റമുഴറ്റോടടുക്കും നേരം
നീളതാൻ ചെന്നു തഴുകിനിന്നമ്പോടു
നീലക്കാർവ്വർണ്ണന്തൻ വാർത്ത ചൊന്നാൾഃ
“എന്നെയുവന്നതു മുന്നേതിലേറുമേ
നിന്നെയുംകൂടിച്ചതിച്ചാനോതാൻ
തേൻകൊണ്ടു പൂവിലെക്കാർവ്വണ്ടു പിന്നെയും
താൻചെന്നു പൂവിലെന്നുണ്ടു ഞായം
എങ്കിലുമിന്നവൻ തങ്കലഴിഞ്ഞ നിൻ-
കൊങ്കകൾ വേറിട്ടു പോകൊല്ലാഞ്ഞു, 860
മറ്റുളള താരകജാലങ്ങളെച്ചെമ്മെ
മുറ്റെവെടിഞ്ഞങ്ങു പോകിലുംതാൻ
രോഹിണിതന്നുടെ പോർമുല വേറായി
പോകയില്ലേതുമത്തിങ്കളെന്നും.”
എന്നതുകേട്ടൊരു നീളതാൻ ചൊല്ലിനാൾഃ
“എന്തതുകൊണ്ടു പറഞ്ഞിനി നാം
വെന്തുവെന്തുളളമോ നീറുന്നൂതയ്യോ കാ-
ണെന്തിനി നല്ലു നാം തോഴിമാരേ,
കാളിന്ദിതന്നുടെ തീരത്തു പോകയോ
കാലം കളയാതെ നാമെല്ലാരും 870
നീർമ്മേലേ മേന്മേലുളളൂർമ്മികളിൽപ്പാഞ്ഞു
നേർമ്മയിൽ വന്നൊരു തെന്നലേറ്റാൽ
തളളിയെഴുന്നോരു ചൂടങ്ങുപോക്കാമെ-
ന്നുളളിലെനിക്കുണ്ടു തോന്നുന്നിപ്പോൾ.”
എന്നങ്ങു ചൊന്നതു കേട്ടോരുനേരത്തു
നിന്നൊരു നാരിമാരെല്ലാരുമേ
കാളിന്ദിതന്നുടെ ചാരത്തുനിന്നൊരു
കാവിലകം പുക്കു കാന്തിയോടെ
മുല്ലതുടങ്ങിന വല്ലികളെക്കൊണ്ടു
നല്ലൊരു പന്തലായ് നിന്നുമീതേ 880
ഉല്ലസിച്ചുളെളാരു ഭൂതലംതന്നിലെ
മെല്ലവെ ചെന്നങ്ങു നിന്നുപിന്നെ;
വട്ടത്തിലെല്ലാരുമൊക്കെയിരുന്നിട്ടു
വട്ടക്കൺവിട്ടു തുടങ്ങിനാരെ
കണ്ണനും തങ്ങളും കൂടിക്കലർന്നിട്ടു
തിണ്ണം തെളിഞ്ഞുകളിച്ചതെല്ലാം
വീർത്തുനിന്നോർത്തോർത്തു മുന്നേതിലേറ്റവും
ചീർത്തുതുടങ്ങീതങ്ങാർത്തി മേന്മേൽ.
വീരനായുളേളാരു മാരനന്നേരത്തു
നാരിമാർചാരത്തു ചെന്നുപുക്കാൻ. 890
മന്മഥന്തന്നുടെ മന്ത്രികളാകിന
മന്ദസമീരണനാദിയായി
ചെമ്മുളള വീരന്മാരെല്ലാരുമൊന്നൊത്തു
ചേണുറ്റകാവിലേ ചെന്നുപുക്കാർ,
സ്വാമിയിമ്മാതരിൽ പോരുതുടങ്ങുമ്പോൾ
നാമൊത്തുനിൽക്കേണമെന്നപോലെ.
നീടുറ്റ ചൂതങ്ങൾതോറുമിരുന്നുതൻ
പേടകളോടു കലർന്നു ചെമ്മെ
അഞ്ചിതമായൊരു പഞ്ചമരാഗത്തെ-
ക്കൊഞ്ചിത്തുടങ്ങീതു കോകിലങ്ങൾ. 900
Generated from archived content: krishnagatha23.html Author: cherusseri
Click this button or press Ctrl+G to toggle between Malayalam and English