ഗോപികാദുഃഖം- ഭാഗം 8

ദീനതചേർത്തങ്ങു താൻ പിന്നെ മെല്ലവേ

കാനനംതന്നിൽ മറഞ്ഞുകൊണ്ടാൻ.

എന്തിനി നല്ലതെന്നേതുമറിയാതെ

വെന്തുവെന്തിങ്ങനെയായി ഞങ്ങൾ.

പേരാലവൻ കണ്ണൻ വേറുപാടാകാതെ

നേരേയൊരുത്തിയുണ്ടങ്ങുകൂടെ

അദ്ദിക്കേ പോവാനായെങ്ങൾ തുടങ്ങുന്നു-

തെദ്ദിക്കേ പോയവനെന്നു ചൊൽ നീ.

താഴാതകാന്തികലർന്നൊരു കണ്ണനെ

ഞാഴലേ! നീയെങ്ങും കണ്ടില്ലല്ലി? 710

കോഴപൂണ്ടിങ്ങനെ നീളെ നടന്നെങ്ങും

കേഴുമാറാക്കിനാനെങ്ങളെയോ

കൈതേ! ഞാൻ നിന്നോടു മെല്ലെന്നു ചോദിച്ചാൽ

കൈതവം കൈവിട്ടു ചൊല്ലണം നീ.

എങ്ങളു വന്നുളെളാരോമനക്കാന്തനെ

ഇങ്ങു വരുന്നതു കണ്ടില്ലല്ലീ?

കാർമുകിൽപോലെയവന്നു നിറംതന്നെ

കാർകുഴലൊട്ടുണ്ടു കെട്ടിച്ചെമ്മേ

കൈയിൽ കുഴലുണ്ടു കാലിൽ ചിലമ്പുണ്ടു

മെയ്യിലമ്മാൺപുറ്റ പൂൺപുമുണ്ടു 720

മഞ്ഞൾ നിറന്തോഞ്ഞ കൂറയുടുത്തുണ്ടു

മഞ്ഞ്‌ജുളമായ മൊഴിയുമുണ്ടേ

നെറ്റിമേൽ താണ കുരുൾനിരയുമുണ്ടു

നേരില്ല യാതൊരു കാന്തിയുണ്ടേ

കുങ്കുമം കൊണ്ടു തൊടുകുറിയിട്ടുണ്ടു

കങ്കണമുണ്ടു കരങ്ങളിലും

പെണ്ണുങ്ങൾനെഞ്ചകം തന്നെപ്പിളർക്കുന്ന

പുഞ്ചിരിയുണ്ടുടൻ കൂടക്കൂടെ

‘ഉളളിലിണങ്ങിനേൻ’ എന്നങ്ങു ചൊല്ലുന്ന

കളളനോക്കുണ്ടയ്യോ മെല്ലെമെല്ലെ 730

കണ്ടുതില്ലെങ്കിലും കണ്ടുതില്ലെന്നതു

മിണ്ടൊല്ലാ ഞങ്ങളോടിങ്ങനെ നീ

ഇണ്ടൽപൂണ്ടെങ്ങൾക്കു നെഞ്ചിൽ വരുന്നല്ലൽ

കണ്ടാൽ നിനക്കു പൊറുക്കരുതേ.“

ഇങ്ങനെയോരോരോ ദാരുക്കളോടെല്ലാം

അംഗജവേദന പൊങ്ങുകയാൽ

ചോദിച്ചു നീളെ നടന്നുതുടങ്ങിനാർ

ഖേദിച്ചുനിന്നുളള നല്ലാരെല്ലാം.

ദാരുക്കളോടവർ ചോദിച്ചതിങ്ങനെ

ചേരുവോന്നാകയുമുണ്ടു പാർത്താൽ 740

ദാരുക്കളുളളിലും ജീവനായ്‌ നിന്നതി-

ക്കാർമുകിൽനേർവർണ്ണൻതാനല്ലയോ?

പെണ്ണുങ്ങളുളളിലെ മാനമടക്കുവാൻ

കണ്ണൻ മറഞ്ഞങ്ങു പോകുന്നേരം

നീളയായുളെളാരു നാരിയെക്കൈക്കൊണ്ടു

നീളെ നടന്നാനക്കാടുതോറും.

നർമ്മങ്ങളായുളള നൽവചനങ്ങളെ-

ച്ചെമ്മെ പറഞ്ഞു പറഞ്ഞുടനെ

പൂക്കൾ പറിച്ചവൾ ചൂഡയിൽ ചൂടിനാൻ

വായ്‌ക്കുന്ന കൊങ്കകൾ പുൽകിപ്പുൽകി. 750

കാട്ടിൽനിറന്നുളള പൂമരമോരോന്നേ

കാട്ടിനിന്നമ്പോടു ചൊല്ലിനാൻതാൻഃ

”ചൂതങ്ങൾ പൂത്തങ്ങു നീളെ വിരിഞ്ഞെങ്ങും

കേതകീവാടിയും കണ്ടായോ നീ?

മാരനിപ്പാരിടം നേരേ ജയിക്കുന്ന

ബാണങ്ങളല്ലൊയിക്കാണായത്‌.

നിർമ്മലമായുളെളാരുമ്മത്തം തന്നുടെ

വെൺമതിരണ്ടെഴും പൂവിതല്ലൊ

നാളീകബാണന്നു വെളളികൊണ്ടീടെഴും

കാളം ചമച്ചങ്ങുവച്ചപോലെ. 760

പാടലംതന്നുടെ പാടലമായുളള

നീടുറ്റ പൂവുകൾ കാണണമേ

കാമന്നു വെൺമയിൽ പൊന്മയമായുളള

കാളാഞ്ചി നീളപ്പിടിച്ചപോലെ

തേന്തുളളി കണ്ടാലും താംബൂലംതന്നുടെ

തേമ്പാതെയുളള രസംകണക്കെ

ഇങ്ങനെയോരോരോ ഭംഗി പറഞ്ഞവൾ-

ക്കംഗജമാലങ്ങു പൊങ്ങിച്ചുളളിൽ

ചെമ്മുളളശോകത്തിമ്പൂക്കൾ പറിച്ചവൾ

ധമ്മില്ലം തന്നിലേ ചേർത്തു മെല്ലെ. 770

കാന്തികലർന്നുനിന്നിങ്ങനെ ചൊല്ലിനാൻഃ

“കാന്തന്മാരുളളിനെച്ചീന്തുന്നേരം

ശോണിതം തോഞ്ഞുളള ബാണങ്ങളാണ്ടൊരു

തൂണീരമായിതു മാരന്നിപ്പോൾ.”

കണ്ണനോടിങ്ങനെ കൂടിക്കലർന്നവൾ

തിണ്ണം തെളിഞ്ഞു കളിക്കുന്നേരം

മാനസംതന്നിലെഴുന്നു തുടങ്ങീതു

മാനമില്ലാതൊരു മാനമപ്പോൾഃ

“മറ്റുളള നാരിമാരെല്ലാരിലും വച്ചു

മുറ്റുമിവനെന്നെ വേണ്ടീതിപ്പോൾ 780

നാരിമാരായൊരു വാരിധിതോയത്തെ

നേരേ കടഞ്ഞു കടഞ്ഞു ചെമ്മെ

നൂനമെടുത്തൊരു പീയൂഷമായിതേ

ഞാനിന്നിവനിപ്പൊഴെന്നു വന്നു.

എന്നോടുകൂടിക്കളിപ്പതിന്നായല്ലൊ

തന്നെയുവന്നോരെക്കൈവെടിഞ്ഞു.

എന്നിലെഴുന്നൊരു മന്മഥമാൽകൊണ്ടു

തന്നെയുംകൂടെ മറന്നാനിവൻ

എഞ്ചൊല്ലൊഴിഞ്ഞേതും കേൾക്കയില്ലിന്നിവൻ

നെഞ്ചകമെങ്കലേ തഞ്ചുകയാൽ.” 790

ഇങ്ങനെ തന്നിലെ ചിന്തിച്ചുനിന്നവൾ

പൊങ്ങിന മാനംമികുത്തു ചൊന്നാൾഃ

“കല്ലിൽ നടന്നിട്ടു കാലെല്ലാം നോകുന്നു

മെല്ലെ നീയെന്നെയെടുക്കവേണം;

വേഗത്തിലിങ്ങനെ നീളെ നടപ്പതി-

ന്നാകുന്നൂതില്ലെന്നു തേറിനാലും

കൈലാസവാസിയും കാമിനിതന്നെത്തൻ

മൗലിയിലല്ലയോ വച്ചുകൊൾവൂ.”

നീളതാനിങ്ങനെ ചൊന്നൊരുനേരത്തു

നീലക്കാർവർണ്ണന്താനോർത്താനപ്പോൾ. 800

Generated from archived content: krishnagatha22.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here