മുല്ലേ! ഞാൻ നിന്നോടു മെല്ലെപ്പറഞ്ഞാലെ-
ന്നല്ലൽ കെടുമ്മാറുചൊല്ലണം നീ
വല്ലവീനായകനെങ്ങളെയിങ്ങനെ
കൊല്ലാതെകൊന്നുടനല്ലലാക്കി
മെല്ലെ മറഞ്ഞുകൊണ്ടെങ്ങാനും പോയാനേ
വല്ലായ്മയെങ്ങളിലില്ല ചൊല്ലാം.
നിന്നുടെ ചാരത്തു വന്നാനെന്നുളളതു
നിർണ്ണയമെങ്ങൾക്കു പാർത്തുകണ്ടാൽ
വാക്കിന്മണവും നന്മാധുര്യവും നിന്റെ
വായ്ക്കുന്ന പൂക്കളിലാക്കിനാൻതാൻ. 610
കണ്ടില്ലയാഞ്ഞല്ലീ മിണ്ടാതെനിന്നു നീ?
ഇണ്ടൽ മുഴുക്കുന്നൂതെങ്ങളുളളിൽ
ഭൃംഗങ്ങളേ! ഞങ്ങൾ സംഗിച്ചുപോരുന്ന
മംഗലകാന്തനെക്കണ്ടുതില്ലേ?
ഭംഗിയിൽനിന്നു കുഴലും വിളിച്ചുകൊ-
ണ്ടിങ്ങെങ്ങും വന്നതു കണ്ടില്ലല്ലീ?
മന്താരമേ! നീ ചൊൽ ചെന്താമരക്കണ്ണൻ
ചന്തമായ് പോകുന്നതുണ്ടോ കണ്ടു?
അഞ്ചാറുനാഴികനേരമുണ്ടെങ്ങളെ
വഞ്ചിച്ചു പോയിതാനങ്ങെങ്ങാനും. 620
കായാവേ! നീയെങ്ങൾ കാന്തനെക്കണ്ടായോ?
മായം കളഞ്ഞിപ്പോൾ ചൊല്ലേണമെ,
തമ്പൂമെയ്കാന്തിക്ക് ചങ്ങാതമാകയാൽ
നിമ്പൂവിലിന്നവനമ്പുണ്ടല്ലോ.
കോലക്കുഴൽവിളികൊണ്ടവനെങ്ങളെ-
ക്കോഴപ്പെടുത്തുടൻ മുന്നൽകൊണ്ടാൻ.
ആടിക്കളിച്ചു പുളച്ചങ്ങിരിക്കവേ
ഓടിക്കളഞ്ഞാനങ്ങെങ്ങാനുംതാൻ.
നീളെ വിരിഞ്ഞുനിരന്നുളള പൂവുകൾ
ആളുമിരഞ്ഞീ! വിരഞ്ഞിന്നിപ്പോൾ 630
നാളീകലോചനനുളേളടമെങ്ങൾക്കു
നാളെയെന്നെണ്ണാതെ ചൊല്ലണം നീ.
അശ്വത്ഥമേ! നീയങ്ങച്യുതനെപ്പൊഴും
വിശ്വസ്തനായല്ലൊ പണ്ടേയുളളു.
വല്ലവിമാരെ നീയല്ലൽപെടുക്കുന്ന-
തൊല്ലായെന്നിങ്ങനെ ചൊല്ലേണമെ.
പ്ലക്ഷമായുളെളാരു വൃക്ഷമേ! കേളെങ്ങൾ
പക്ഷമിയന്നൊരു കണ്ണന്തന്നെ.
വൃക്ഷങ്ങളോടെങ്ങൾ ചോദിച്ചുപോരുന്നു
പക്ഷേ നീ മുമ്പിലേ ചൊല്ലേണമേ. 640
അത്തിയേ! കേളെങ്ങൾ ചിത്തം മയക്കുന്നോ-
രത്തീരനെങ്ങളെക്കൈവെടിഞ്ഞാൻ
അത്തിയേ സന്തതം കത്തിയെഴുന്നിട്ട-
ങ്ങത്തീയേയായിതു മേനിയെല്ലാം.
പേരാലേ! നീയിപ്പോൾ പാരാതെ ചൊല്ലേണം
നാരായണന്തന്നെക്കണ്ടുതാകിൽ.
പോരായ്മ വാരാ നിനക്കിന്നു ചൊല്ലിനാൽ
നാരിമാരല്ലൊയിഞ്ഞങ്ങളെന്നാൽ,
ആരാമമെങ്ങുമേയാരാഞ്ഞുപോയെങ്ങ-
ളാരുമൊരുത്തരും കണ്ടുതില്ലെ. 650
കുന്ദമേ! നീയെന്തു കുമ്പിട്ടുനില്ക്കുന്നു
നന്ദസുതൻ നിന്നെ നിന്ദിച്ചാനോ.
പുഞ്ചിരിതന്നോടു തോറ്റതൊഴിച്ചു നിൻ
നെഞ്ചിൽ വെറുപ്പുമറ്റില്ലയല്ലീ?
കാനകനാറീ! നീ മാനമിയന്നുളെളാ-
രാനായർകോൻതന്നെയുണ്ടോ കണ്ടു?
കാനനംതന്നിലിഞ്ഞങ്ങളിരിക്കവേ
താനങ്ങു മെല്ലെ മറഞ്ഞുകൊണ്ടാൻ.
എങ്ങളെ ഇങ്ങനെ ചാലച്ചതിക്കുമാ-
റെങ്ങുമൊരുനാളു മോർത്തില്ലെങ്ങൾ 660
ഏണങ്ങളേയെന്തു നൂണങ്ങു പായുന്നു
ബാണങ്ങളല്ലയിഞ്ഞങ്ങൾ ചൊല്ലാം.
ക്ഷീണങ്ങളെങ്ങൾക്കു വന്നതു ചൊല്ലുവാൻ
കേണെങ്ങളിങ്ങനെ പായുന്നിപ്പോൾ
പ്രാണങ്ങളായൊരു കണ്ണൻ വെടികയാൽ
ആണുങ്ങൾ കൂടാതെയായി ഞങ്ങൾ
കാണങ്ങൾ വീണങ്ങുപോയോരെപ്പോലെയായ്
കാണെങ്ങൾ പായുന്നതങ്ങുമിങ്ങും
നാണങ്ങൾ കൈവിട്ടു നീളെവിളിച്ചെങ്ങും
വീണെങ്ങൾ ചാകുമാറായിതയ്യോ! 670
വേണുതൻഗാനത്തെക്കേൾപ്പാനായിങ്ങനെ
വേഗത്തിൽ പോകുന്നുതെങ്കിൽ നിങ്ങൾ
വേദനപൂണ്ടെങ്ങൾ വേകുന്നതിങ്ങനെ
വേറെ പറയണം പോകുന്നേരം,
കേകികളേ! നിങ്ങൾ ഞങ്ങളു വന്നൊരു
കേശവൻതന്നെയിന്നുണ്ടോ കണ്ടു?
പീലികൾകോലുവാൻ ചാലക്കളിച്ചവൻ
ബാലകന്മാരുമായ് വന്നില്ലല്ലീ?
എങ്ങാനുമിങ്ങനെ കണ്ടാകിലിന്നിങ്ങൾ
എങ്ങളോടമ്പോടു ചൊല്ലേണമേ. 680
ഇണ്ടൽതിരണ്ടെങ്ങൾ തെണ്ടിച്ചുകൊണ്ടെങ്ങും
തെണ്ടിനടന്നതൊ കണ്ടുതല്ലൊ.
ഗോകുലനായകൻ പോകുന്നതിങ്ങെങ്ങും
കോകങ്ങളെ! നിങ്ങൾ കണ്ടില്ലല്ലീ?
ഖേദിച്ചു പോയുടൻ നീളേ നടന്നെങ്ങൾ
ചോദിച്ചിതെങ്ങുമേ കണ്ടുതില്ലേ?
കോഴപൂണ്ടിങ്ങനെ കേഴുന്നതെന്തിന്നു
കേവലം കണ്ടില്ലയെന്നേ വേണ്ടു.
അന്നലേ! നീയെന്തു സന്തതം കേഴുന്നു
നന്ദസുതൻതന്നെക്കാണാഞ്ഞല്ലീ? 690
എന്തങ്ങു ചെയ്യുന്നോനെന്നതറിയാതെ
ചിന്തപൂണ്ടെങ്ങളുമുണ്ടിങ്ങനെ.
ചേമന്തികേ! നല്ല പൂമരങ്ങൾക്കിന്നു
സീമന്തമായതു നീയല്ലൊതാൻ;
ഹേമന്തകാലത്തെ വാരിജംപോലെയായ്
നാമന്തികേ വന്നു നിന്നതും കാൺ.
പ്രേമം തഴച്ചുളെളാരെങ്ങളുവന്നവൻ
കാമം തഴപ്പിച്ചു നിന്നു പിന്നെ.
ആമന്ദം വന്നെങ്ങൾ മാനസം വേരോടെ
തൂമന്ദഹാസം പെയ്തങ്ങുകൊണ്ടാൻ, 700
Generated from archived content: krishnagatha21.html Author: cherusseri