“ഉൺമയെപ്പാർക്കിൽ നുറുങ്ങേറിപ്പോയിവർ-
ക്കെന്മൂലമുണ്ടായ വന്മദംതാൻ
ഏറെ മദിച്ചു തുടങ്ങിനാലിങ്ങനെ
വേറൊന്നേയാകുമിക്കാരിയമേ.
ആപത്തിൻമൂലമഹങ്കാരമെന്നുളള-
താരുമറിയാതിന്നാരിമാരോ;
ദീനതപോന്നിവർക്കെത്തുന്നതിൻമുമ്പേ
ഞാനിമ്മദംതന്നെപ്പോക്കവേണം. 510
കാരുണ്യമിന്നിവർ മൂലമെനിക്കേതും
പോരുന്നൂതില്ലെന്നേ തോന്നുന്നിപ്പോൾ
എന്നതിന്നിന്നിമ്മദത്തെയടക്കിനാൽ
നന്നായ്‌വരും മേലി”ലെന്നു നണ്ണി
ധന്യമാരായുളള തന്വിമാരോടൊത്തു
മുന്നേതിലേറ്റം കളിപ്പതിന്നായ്
കൊണ്ടൽനേർവർണ്ണൻ മറഞ്ഞങ്ങുകൊണ്ടാനേ
വണ്ടേലും ചായലാർ കണ്ടിരിക്കേ
മുന്നിലിരുന്നൊരു മംഗലദീപം താൻ
വമ്പുറ്റകാറ്റേറ്റുപോയപോലെ 520
കാർമുകിൽവർണ്ണൻ മറഞ്ഞൊരുനേരത്തു
കൈറോടു വേറാമ്മണികൾപോലെ
വല്ലവിമാരെല്ലാം തങ്ങളിൽ നോക്കീട്ടു
വല്ലാതെനിന്നാരങ്ങൊട്ടുനേരം
‘നിന്നുടെ പിന്നിലോ’യെന്നങ്ങു തങ്ങളിൽ
അന്യോന്യം നോക്കിത്തുടങ്ങിനാരെ.
കണ്ണനായുളെളാരു നൽവിളക്കങ്ങനെ
തിണ്ണമ്മറഞ്ഞങ്ങുപോയനേരം
ദുഃഖമായുളേളാരിരുട്ടുവന്നുളളത്തിൽ
ഒക്കവേയങ്ങു പരന്നുതായി. 530
പ്രേമമിയന്നൊരു കോപവുമുളളില-
ക്കാമിനിമാർക്കു നുറുങ്ങുണ്ടായി.
ചാരത്തുനിന്നൊരു കാർമുകിൽവർണ്ണനെ
ദുരത്തുമെങ്ങുമേ കാണാഞ്ഞപ്പോൾ
ധീരതകൈവിട്ടു തങ്ങളിലിങ്ങനെ
ദീനതപൂണ്ടു പറഞ്ഞുനിന്നാർഃ
“അയ്യോയെന്തോഴീ! ചൊല്ലെന്തിമ്മറിമായം
പൊയ്യല്ലയെന്നതോ കണ്ടുതല്ലൊ.
എന്തൊന്നു ചൊൽവൂ ഞാനയ്യോ പണ്ടിങ്ങനെ
കണ്ടുതില്ലെന്നുമേ തോഴിമാരേ! 540
മാനിച്ചു നമ്മെയറുകൊലകുത്തീട്ടു
മാപാപിയെങ്ങാനും പോയാനത്രെ.
നമ്മെയിക്കാട്ടിലെറിഞ്ഞുകളഞ്ഞിട്ടു
ചെമ്മേ നടപ്പോളം ധീരനോതാൻ.
പെറ്റുവളർത്തുളെളാരമ്മയെത്തന്നെയും
മുറ്റച്ചതിക്കും ചതിയനിവൻ
നമ്മെക്കൊണ്ടെന്തൊരു കാരിയമിന്നിവ-
ന്നുണ്മ പറകിലെൻ തോഴിമാരേ!
വണ്ടിണ്ടതന്നെയപ്പൂമലർ താഞ്ചെന്നു
തെണ്ടി നടക്കുമാറുണ്ടോ കണ്ടു 550
ചങ്ങാതമില്ലാതെ നമ്മെയിന്നിങ്ങനെ
ചാലച്ചതിപ്പോളം ചഞ്ചലനോ?
ചങ്ങാതമുണ്ടെന്നു കണ്ടതിൽപിന്നവ-
നെങ്ങാനുമിങ്ങനെ പൊയ്‌ക്കൊണ്ടുതാൻ
കാട്ടിലെ വമ്പുലിക്കൂട്ടവും പന്നിയും
കാട്ടിയുമുണ്ടല്ലോ ചങ്ങാതമായ്.
നാമിപ്പോൾ തമ്മിൽ പറഞ്ഞിങ്ങുനില്ലാതെ
നാരായണന്തന്നെയാരായേണം.
പൂപ്പറിപ്പാൻ മെല്ലെ നമ്മോടു ചൊല്ലാതെ
തോപ്പിലകം പുക്കാനെന്നിരിക്കാം. 560
പ്രാണങ്ങളായതോ പോയല്ലൊ നമ്മുടെ
നാണം കെട്ടെങ്ങനെ നാം നടപ്പൂ”
“ഒല്ലാതതിങ്ങനെ ചൊല്ലാതെ തോഴി നീ
നില്ലു നുറുങ്ങു പൊറുത്തുമെല്ലെ
കാടകമെങ്ങുമേ തേടിനടക്കുമ്പോൾ
കാണാമിക്കണ്ണനെയെങ്ങാനുമേ”
എന്നതുകേട്ടൊരു നന്മൊഴിമാരെല്ലാം
ഏറ്റമുഴറ്റോടെഴുന്നേറ്റപ്പോൾ
കണ്ണാ! കണ്ണാ! എന്നു തിണ്ണം വിളിച്ചുടൻ
കണ്ണുനീർകൊണ്ടു കുളിച്ചുചെമ്മെ. 570
ചാരുത്വമാണ്ടുളള ദാരുക്കളോടും തൻ
ചാരത്തുചേർന്നൊരു വല്ലിയോടും
കോകങ്ങളോടും നൽകോകിലം തന്നോടും
കൂകുന്ന കേകികളോടും പിന്നെ
ചോദിച്ചുചോദിച്ചു നീളെ നടന്നാരേ
ചൊല്‌ക്കൊളളുമേണങ്ങൾതങ്ങളോടുംഃ
“മാകന്ദമേ! ചൊല്ലു മാധവന്തന്നെ നീ
പോകുന്നതെങ്ങാനും കണ്ടില്ലല്ലീ?
മാരന്നു ഞങ്ങളെത്തീനിട്ടു മെല്ലവേ
നേരേതാനെങ്ങാനും പൊയ്‌ക്കൊണ്ടാനോ.” 580
പൂന്തേനായുളെളാരു കണ്ണുനീർ വാർത്തിട്ടു
‘കാന്തനെ ഞാനെങ്ങും കണ്ടുതില്ലേ’
കാറ്റുകൊണ്ടാടും തലകൊണ്ടു നീയിപ്പോൾ
പോറ്റികളെങ്ങളോടെന്നോ ചൊൽവൂ?
“കോകിലമേ! ചൊൽ നീ ഗോകുലനാഥനേ
പോകുന്നതീവഴി കണ്ടില്ലല്ലീ?
ഓലക്കമാണ്ടവൻ കോലക്കുഴലോടു
ചാലപ്പഠിച്ചായ് നീയെന്നുതോന്നും
ചെമ്പകമേ! നീ ചൊല്ലംബുജലോചനൻ
ചന്തത്തിൽ പോകുന്നതുണ്ടോ കണ്ടു? 590
കാമിച്ചു പായുന്നോരെങ്ങളെയിങ്ങനെ
കാട്ടിലെറിഞ്ഞേച്ചു പൊയ്‌ക്കൊണ്ടാനേ.
പിച്ചകമേ! നീ ചൊല്ലച്യുതൻ വന്നുനി-
ന്നിച്‌ഛയിൽ നിന്നെത്തഴുകിനാനോ?
മൊട്ടുകളാകിന കോൾമയിർക്കൊണ്ടിതാ
വട്ടത്തിൽ നിന്മെയ്യിൽ കാണാകുന്നു.
മല്ലികയേ! നീയമ്മല്ലവിലോചനൻ
മെല്ലെ വരുന്നതു കണ്ടില്ലല്ലീ?
അഞ്ചിതമായ നിൻ പൂക്കളിലിന്നവൻ
പുഞ്ചിരിതൂകിനാനെന്നു തോന്നും. 600
Generated from archived content: krishnagatha20.html Author: cherusseri
Click this button or press Ctrl+G to toggle between Malayalam and English