ഗോപികാദുഃഖം

“ജാരനായ്‌ നിന്നുടനാരുമറിയാതെ

പോരുമിത്തെന്നലെ ഞാനറിഞ്ഞേൻഃ 400

ചന്ദനക്കുന്നിന്മേൽ ചാലേ മറഞ്ഞിട്ടു

ചന്തമായ്‌ നിന്നാനങ്ങന്തിയോളം,

മാലാമയക്കായ കാലം വരുന്നേരം

മാലേയംതന്മണം മെയ്യിൽ പൂശി

മെല്ലെന്നിറങ്ങിനാൻ ചന്ദനക്കുന്നിൽനി-

ന്നല്ലെല്ലാം പോന്നു പരന്നനേരം

പൊയ്‌കയിൽ പോയ്‌ ചെന്നങ്ങാമ്പൽതൻ പൂമ്പൊടി

വൈകാതവണ്ണമങ്ങൂത്തുപിന്നെ

വട്ടംതിരിഞ്ഞുടൻ തർപ്പിച്ചുനിന്നാന-

ങ്ങിഷ്‌ടമായുളെളാരു നന്മണത്തെ. 410

കാട്ടിലകംപുക്കു മെല്ലവെ നൂണുടൻ

വാട്ടമകന്ന നടത്തവുമായ്‌,

ഉളളിൽ നിറഞ്ഞുളെളാരാമോദംതന്നിലെ

കൊളളാഞ്ഞു മേന്മേലെ തൂകിത്തൂകി,

വൃക്ഷങ്ങളേറിന സർപ്പങ്ങൾക്കിന്നു ഞാൻ

ഭക്ഷണമാകൊല്ലായെന്നപോലെ

ഭൃംഗമായുളെളാരു കൺമിഴികൊണ്ടെങ്ങും

ഭംഗികലർന്നുടൻ നോക്കിനോക്കി,

ദൂരത്തു നിന്നങ്ങു നിങ്ങളെക്കണ്ടിട്ടു

ചാരത്തു പോന്നിങ്ങു വന്നുടനെ 420

കൂന്തലഴിച്ചു മയക്കിച്ചമച്ചിട്ടു

ചീന്തിത്തുടങ്ങിനാന്മെല്ലെമെല്ലെ

മുത്തരി പൊങ്ങിന മുഗ്‌ദ്ധമുഖംതന്നിൽ

അത്തൽകളഞ്ഞങ്ങടുത്തു പിന്നെ

ചോരിവാതന്നെയും നേരേ പരുകിനാൻ

ചോരനായ്‌വന്നിവൻ മെല്ലെമെല്ലെ.

കാന്തികലർന്ന കഴുത്തോടു ചേർന്നിവൻ

കാന്തന്മാരാരെയും പേടിയാതെ

പന്തൊത്ത കൊങ്കയും പുൽകിത്തുടങ്ങിനാൻ

ചന്തത്തിൽ നിന്നുടനെന്നനേരം 430

ധൂർത്തതതന്നെയിത്താർത്തെന്നലോളമി-

ന്നോർത്തോളം മറ്റെങ്ങും കണ്ടുതില്ലേ

ചാരത്തുനിന്നൊരു നമ്മെയുമേതുമേ

ശങ്കിക്കുന്നോനല്ല മങ്കമാരേ!

നീവിയുളേളടം തലോടിത്തുടങ്ങിനാൻ

നീതിയിൽനിന്നുടൻ മെല്ലെമെല്ലെ.

മാനിച്ചു നിങ്ങൾതന്മാനസം തന്നില-

ങ്ങാനന്ദമേറ്റവും നൽകിനാനേ.

കോമളമായൊരു മേനിയിൽ നിങ്ങൾക്കു

കോൾമയിർക്കൊണ്ടിതാ കാണാകുന്നു. 440

വാർത്തകൊണ്ടുളളത്തിലാസ്ഥതഴപ്പിച്ചു

താർത്തെന്നലേറ്റേറ്റു നിന്നനേരം

വണ്ടിണ്ട കണ്ടങ്ങു കൊണ്ടാടിനിന്നാനെ

കൊണ്ടൽനിറമാണ്ട കോമളന്താൻ

കണ്ടാലും വണ്ടിണ്ട കണ്ടൊരു പൂക്കളിൽ

മണ്ടിനടക്കുന്നതങ്ങുമിങ്ങും

താർത്തേൻ നുകർന്നൊരു വണ്ടിൻകുലംതന്നെ

വാഴ്‌ത്തുവാനോർക്കിലിന്നാർക്കിതാവൂ?

അന്തരിയാദിയായുളെളാരു രാഗങ്ങൾ

ചന്തമായ്‌ നിന്നങ്ങു പാടിപ്പാടി; 450

കോമളമാരായ കാമിനിമാരുമായ്‌

തൂമകലർന്നു കളിച്ചു ചെമ്മെ,

പുത്തനായ്‌ മേവിന പുഷ്‌പങ്ങൾതന്നിലേ

നൽത്തേനൊഴിഞ്ഞേതുമുൺകയില്ലേ.

തേനറ്റ പൂക്കളെക്കാമിച്ചു പിന്നെയും

കീഴുറ്റുചൊൽകയില്ലെന്നുമേതാൻ.

തേനുറ്റപൂക്കളെച്ചാരത്തു കാൺകിലോ

നാണിച്ചുനില്‌ക്കയുമില്ലയേതും

വാരുറ്റപൂക്കൾതൻ ചാരത്തു ചെന്നിട്ടു

യാചിച്ചു നില്‌ക്കയുമില്ലയെന്നും 460

തേനുണ്ണുന്നേരത്തു പീഡിച്ചു പൂക്കളിൽ

ദീനത ചേർക്കയില്ലേതുമേതാൻ

മാനിച്ചുനിന്നങ്ങു തേനുണ്ടുപോരുമ്പോൾ

തേനുറ്റ പൂക്കൾതന്നുളളിലെങ്ങും

നാളെയുമിങ്ങനെ വന്നു കളിച്ചിവൻ

മേളത്തിൽ മേവേണമെന്നേ തോന്നൂ.

വീരനായുളെളാരു മാരന്നുനേരായി-

പ്പാരിടംവെല്ലുന്ന വില്ലിനുടെ

ചേണെഴുമ്മാറുളള ഞാണായിനിന്നിട്ടു

മാനംവളർക്കുന്നതിന്നിതല്ലോ. 470

വാരുറ്റ നാരിമാർകുന്തളംതന്നോടു

നേരിട്ടുനില്‌പാനും മറ്റൊന്നല്ലേ

പാഴറ്റ രോമാളിതന്നെയും കേഴിച്ചു

കോഴകൊളളുന്നതും മറ്റൊന്നല്ലേ.

താമരപ്പൂവിലത്താർമങ്കതന്നോടു

കൂടിയിരിപ്പതും മറ്റൊന്നല്ലേ.

ഇച്‌ഛയിൽനിന്നതു തേൻ നുകർന്നെപ്പൊഴും

എച്ചുലായുളെളാരു പുഷ്‌പമല്ലൊ.

ദേവകൾപൂജയ്‌ക്കു സാധനമായങ്ങു

മേവിയിരുന്നതും പണ്ടുപണ്ടേ.” 480

കന്മഷവൈരിയാം കണ്ണന്താനിങ്ങനെ

നർമ്മങ്ങളോരോന്നേ ചൊന്നനേരം

മാരശരങ്ങൾ നട്ടെങ്ങളിലിന്നിവൻ

പാരംവശംകെട്ടാനെന്നു നണ്ണി

മാനിനിമാർക്കെല്ലാം മാനസംതന്നിലേ

മാനം വളർന്നുതുടങ്ങീതപ്പോൾ.

‘എങ്ങളോടൊപ്പുളളമാതരിപ്പാരിൽ മ-

റ്റെങ്ങുമൊരേടത്തുമില്ല’യെന്നേ

ഉളളിൽ നിറഞ്ഞു വഴിഞ്ഞു തുടങ്ങിതേ

തളളിയെഴുന്നതിമിർപ്പിനാലെ. 490

‘പൂമാതിനും പണ്ടു നാരായണന്തന്റെ

തൂമാറിടമൊന്നേ നേരേ കിട്ടി

പാർവതീദേവിക്കു പാരാതെ തൻ കാന്തൻ

പാതിയെ മേനിയിൽ പണ്ടു നൽകി

ഇന്നിവൻതന്നുടലൊക്കവേ നൽകിനാൻ

എങ്ങളിലുളെളാരു മോഹംകൊണ്ടേ’

ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചന്നാരിമാർ

പൊങ്ങും മദംകൊണ്ടു മൂടുകയാൽ

തങ്ങളെയുംകൂടി നന്നായ്‌മറന്നുടൻ

അങ്ങനെയായിച്ചമഞ്ഞുതപ്പോൾ. 500

എന്നതു കണ്ടൊരു നന്ദതനൂജനും

ചിന്തിച്ചാനിങ്ങനെ തന്നിൽ മെല്ലെ.

Generated from archived content: krishnagatha19.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English