ഇങ്ങനെ ചൊന്നവരുളളത്തിൽകൗതുകം
പൊങ്ങിച്ചു പിന്നെയും ചൊല്ലിനാന്താൻഃ
“കാലമോ പോകുന്നു യൗവനമിങ്ങനെ
നാളയുമില്ലെന്നതോർക്കേണമേ.
മറ്റുളളതെല്ലാമേ വച്ചുകളഞ്ഞിപ്പോൾ
ചുറ്റത്തിൽചേർന്നു കളിക്കണം നാം
കാനനംതന്നുടെ കാന്തിയെക്കണ്ടിട്ടു
മാനിച്ചുനില്‌ക്കയും വേണമല്ലോ.”
ഉത്തരമിങ്ങനെ മറ്റും പറഞ്ഞവൻ
ചിത്തംകുലഞ്ഞു മയങ്ങുന്നേരം 310
പെണ്ണങ്ങളെല്ലാരും കളളംകളഞ്ഞുടൻ
കണ്ണനോടുളളമിണങ്ങിച്ചെമ്മെ
കൈയോടു കൈയുമമ്മെയ്യോടുമെയ്യെയും
പയ്യവേ ചേർത്തു കളിച്ചുനിന്നാർ.
രാത്രിയായുളെളാരു നാരിതൻ നെറ്റിമേൽ
ചേർത്ത തൊടുകുറിയെന്നപോലെ
നിർമ്മലനായൊരു വെൺമതിതന്നുടെ
തൺമതിരണ്ട നിലാവുകണ്ട്
ഒക്കെ മദിച്ചു പുളച്ചുതുടങ്ങിനാർ
ദുഃഖമകന്നുളള മൈക്കണ്ണിമാർ 320
നീടുറ്റപൂവെല്ലാം നീളെപ്പറിച്ചുടൻ
ചൂടിത്തുടങ്ങിനാരെല്ലാരുമേ
കേടറ്റ രാഗങ്ങൾ പാടിത്തുടങ്ങിനാർ
ആടിത്തുടങ്ങിനാരാദരവിൽ
ഓടിത്തുടങ്ങിനാർ ചാടിത്തുടങ്ങിനാർ
പാടിത്തുടങ്ങിനാരങ്ങുടനെ
നന്ദതനൂജനും നാരിമാരെല്ലാരും
ഒന്നൊത്തുകൂടിക്കലർന്നു ചെമ്മെ
വൃന്ദാവനം തന്റെ വെണ്മയെക്കാണ്മാനായ്
മന്ദമായെങ്ങും നടന്നാരപ്പോൾ 330
മുല്ലതുടങ്ങിയ വല്ലരിജാലത്തെ
മെല്ലവെ ചേർത്തു തന്മെയ്യിലെങ്ങും
ശാഖകളാകിന പാണികളെക്കൊണ്ടു
ചാലപ്പിടിച്ചു തഴുകുന്നേരം
മെയ്യിലെഴുന്ന വിയർപ്പുകളെപ്പോലെ
പയ്യവേ തേന്തുളളി തൂകിത്തൂകി
ചാരുക്കളായങ്ങു ചാലനിറന്നുളള
ദാരുക്കളോരോന്നേ കണ്ടുകണ്ട്,
പൂമണംതങ്ങിന തെന്നൽക്കിടാവിനെ
തൂമകലർന്നുളളിൽ കൊണ്ടുകൊണ്ട്, 340
കോകപ്പിടകളുമ കേകിനിരകളും
കൂകുന്നതെങ്ങുമേ കേട്ടുകേട്ട്,
വണ്ടിണ തങ്ങളിൽ കൂടിക്കലർന്നുടൻ
മണ്ടുന്നതെങ്ങുമേ നോക്കിനോക്കി,
കൂകുന്ന കോകിലം തന്നോടു നേരിട്ടു
ഗീതങ്ങൾ നീതിയിൽ പാടിപ്പാടി
തേനുറ്റ പൂവുകൾ മെല്ലെപ്പറിച്ചുടൻ
മാനിച്ചു വേണിയിൽ ചൂടിച്ചൂടി,
നെഞ്ചിൽ നിറഞ്ഞൊരു കൗതുകംതന്നാലെ
പുഞ്ചിരി സന്തതം തൂകിത്തൂകി, 350
അന്നത്തിമ്പേടയ്‌ക്കു മെല്ലെ നടത്തം കൊ-
ണ്ടല്ലലെയുളളത്തിൽ നൽകി നൽകി,
മാരന്തൻ വങ്കണ മാറിൽ തറച്ചങ്ങു
പാരം നൊന്തുളളത്തിൽ വീർത്തു വീർത്ത്,
മത്തേഭമസ്‌തകമൊത്ത മുല കന-
ത്തത്തൽ മുഴുത്തുളളിൽ ചീർത്തുചീർത്ത്,
മാധവന്തന്നുടെ മാറു തൻ കൊങ്കയിൽ
മാനിച്ചു നിന്നുടൻ ചേർത്തു ചേർത്ത്,
കുന്തളം കണ്ടു തൻ കൂട്ടരെന്നോർത്തിട്ടു
മണ്ടിവരുന്നൊരു വണ്ടിനത്തെ 360
ലീലയ്‌ക്കു തങ്കൈയിൽ ചേർത്തൊരു താമര-
പ്പൂവുകൊണ്ടങ്ങുടൻ പോക്കിപ്പോക്കി,
ഹാരമായുളെളാരു നിർഝരവാരിതൻ
പൂരമിയന്നുളള കൊങ്കകളെ
കുന്നെന്നു നണ്ണീട്ടു ചെന്നങ്ങു ചാരത്തു
നിന്നുടൻ നോക്കുന്ന മാൻകുലംതാൻ
കൺമുന കണ്ടു തൻ ചങ്ങാതിയെന്നോർത്തു
ചെമ്മേ കളിച്ചു തുടങ്ങുംനേരം
ചേണുറ്റ വമ്പുല്ലു ചാലപ്പറിച്ചു തൻ
പാണിതലംകൊണ്ടു നൽകി നൽകി, 370
കാർമുകിൽവർണ്ണനോടൊത്തങ്ങുകൂടിനാർ
കാർവേണിമാരെല്ലാം മെല്ലെ മെല്ലെ.
ഇങ്ങനെ പോയങ്ങു ഭംഗികളെങ്ങുമേ
തങ്ങിന പൂങ്കാവിൽ പൂകുന്നേരം
മെല്ലവേ ചൊല്ലിനാൻ വല്ലവീനായക-
നല്ലേലും ചായലാരെല്ലാരോടുംഃ
“പൂമണമായൊരു കാഴ്‌ചയും കൈക്കൊണ്ടു
തൂമകലർന്നൊരു തെന്നലിവൻ
സേവിപ്പാനായിങ്ങു വന്നതു കണ്ടാലും
മേവുമിപ്പൂങ്കാവുതന്നിലൂടെ. 380
സേവയ്‌ക്കിവന്നിപ്പോൾ കാലം കൊടുക്കേണം
നാമിപ്പൊളെല്ലാരും നാരിമാരേ!”
എന്നങ്ങു ചൊന്നതു കേട്ടൊരുനേരത്തു
മന്ദം നടന്നുടൻ മാനിനിമാർ
മേന്മകലർന്നൊരു തേന്മാവിൻകൂട്ടത്തിൽ
മേളത്തിൽ ചെന്നുടൻ നിന്നെല്ലാരും
വിദ്രുമംകൊണ്ടു പടുത്തു ചമച്ചൊരു
പുത്തന്തറതന്മേൽ പുക്കുചെമ്മെ,
ആയർകുമാരകന്തന്നുടെ ചൂഴവും
ആദരവോടങ്ങിരുന്നനേരം 390
ചാലവിളങ്ങിനാരോലക്കമാണ്ടുളള
നീലക്കാർവേണിമാരെല്ലാരുമേ.
കാർമുകിൽതന്നുടെ ചൂഴും വിളങ്ങിനോ-
രോമനത്തൂമിന്നലെന്നപോലെ.
മന്ദമായ് വന്നൊരു തെന്നലെയെല്ലാരും
നന്ദിച്ചു നിന്നുടനേല്‌ക്കും നേരം
നർമ്മമായുളെളാരു നന്മൊഴി ചൊല്ലിനാൻ
നന്ദസുതൻ നല്ലാരെല്ലാരോടുംഃ
Generated from archived content: krishnagatha18.html Author: cherusseri