“ആമ്പാടിതന്നിലിന്നാരുമൊരുവർക്കും
തൺപെടുമാറേതും വന്നില്ലല്ലീ?
ഘോരമായുളെളാരു രാവെന്തു നിങ്ങളി-
പ്പോരുവാനിങ്ങനെ നാരിമാരേ!
കാട്ടി, കടുവായും, കാട്ടാനക്കൂട്ടവും
കാട്ടിൽ നിറഞ്ഞെങ്ങുമുണ്ടല്ലോതാൻ;
വീട്ടിന്നുതന്നെയും പേടിക്കും നിങ്ങളി-
ക്കാട്ടിലേ പോന്നിങ്ങു വന്നതെന്തേ?
കാന്തമായുളെളാരു കാന്താരം തന്നുടെ
കാന്തിയെക്കാൺമാനായെന്നിരിക്കാം. 210
എങ്കിലോ കണ്ടാലും പൂമരമോരോന്നേ
തങ്കൽ പൊഴിഞ്ഞുളള പൂക്കളുമായ്
ഇമ്പം വളർക്കുന്ന ചെമ്പകം തന്നുടെ
കൊമ്പെല്ലാം കണ്ടാലും പൂത്തതെങ്ങും
തേന്മാവു പൂത്തതും മേന്മേലേ കണ്ടാലും
ചാൺമേൽ നെടുതായ കണ്ണുകൊണ്ടേ
വല്ലരിജാലങ്ങൾ നല്ല മരങ്ങളെ
മെല്ലെപ്പിടിച്ചങ്ങു പൂണുന്നതും
കോമളനായൊരു രോഹിണിവല്ലഭൻ
തൂമകലർന്നു വിളങ്ങുകയാൽ 220
ജ്യോൽസ്‌നയായുളെളാരു പാൽക്കളികൊണ്ടുട-
നാർദ്രമായുളെളാരു ഭൂതലവും
കോകിലം പാടുന്ന പാട്ടെല്ലാം കേട്ടാലും
കോകങ്ങൾതങ്ങളിൽ കൂകുന്നതും
വേണുന്നതെല്ലാമേ വെവ്വേറെ കണ്ടങ്ങു
വേഗത്തിൽ പോകണമല്ലോതാനും
ബന്ധുക്കളെല്ലാരും നിങ്ങളെക്കാണാഞ്ഞി-
ട്ടെന്തെന്നോ ചെയ്യുന്നോരെന്നേ വേണ്ടു
ഗോപന്മാരെല്ലാരും കാണുന്നനേരത്തു
കോപിച്ചു ചെയ്യുന്ന വേലയെന്തേ? 230
വൈകല്യമൊന്നിന്നും വാരാതെകണ്ടങ്ങു
വൈകാതെ പോകണം നിങ്ങളെല്ലാം.”
കണ്ണന്താനിങ്ങനെ ചൊന്നൊരുനേരത്തു
പെണ്ണുങ്ങളെല്ലാരും കണ്ണുനീരാൽ
കൊങ്കകൾ രണ്ടിലും തങ്കിയിരുന്നൊരു
കുങ്കുമച്ചാറെല്ലാം പോക്കിനിന്നു
ദീനതപൂണ്ടുളെളാരാനനംതന്നെയും
ദീർഗ്‌ഘമായ് വീർത്തങ്ങു താഴ്‌ത്തിനിന്നു
കാൽനഖംകൊണ്ടു നിലത്തു വരച്ചങ്ങു
കാർവ്വർണ്ണന്തന്നോടു മെല്ലെച്ചൊന്നാർഃ 240
“കണ്ടാലുമിന്നിപ്പോഴുണ്ടായൊരത്ഭുതം
പണ്ടെങ്ങളിങ്ങനെ കണ്ടീലെങ്ങും
തേന്മാവുതാനിങ്ങു കാഞ്ഞിരക്കായ്‌കളെ
മേന്മേലേ കാച്ചതു കണ്ടിരിക്കേ
മാനസംതന്നെ നീ മാനിച്ചുവച്ചല്ലൊ
ദീനത ചേർക്കുന്നൂതെങ്ങൾക്കിപ്പോൾ.
പോവതിന്നോർക്കുമ്പോൾ വേവല്ലൊമേവുന്നു-
താവതോ കേവലമില്ലയല്ലോ.”
കേണുതുടങ്ങിനാർ കേശവൻ മുന്നലേ
വീണുടനിങ്ങനെ വല്ലവിമാർ. 250
കണ്ണന്തൻ മാനസം പെണ്ണുങ്ങൾ കണ്ണിലെ-
ക്കണ്ണുനീർ കണ്ടപ്പോൾ ഖിന്നമായി.
ഓടിച്ചെന്നങ്ങവർ കണ്ണുനീർ പോക്കിനാൻ
നീടുറ്റകൈകളെക്കൊണ്ടുചെമ്മേ.
“ഞാനിന്നു ലീലയായ് ചാലപ്പറഞ്ഞതി-
ന്നൂനപ്പെട്ടിങ്ങനെ കേഴാമോ താൻ?
കോമളമായുളെളാരോമൽമുഖമെല്ലാം
തൂമകെടുമാറങ്ങാക്കൊല്ലായേ.
എൻമുന്നൽ വന്നുളള നിങ്ങളെപ്പോക്കുവ-
നെന്നുണ്ടോ നിങ്ങൾക്കു തോന്നീതിപ്പോൾ! 260
നിങ്ങൾക്കങ്ങെന്നിലുളളമ്പിനെക്കാൺമാനായ്
ഇങ്ങനെ ചൊല്ലി ഞാൻ നിങ്ങളാണ
ചാരത്തു പോന്നുവരുന്നൊരു നിങ്ങളെ-
പ്പോരൊല്ലായെന്നോളും ധീരനോ ഞാൻ?
ഏണാങ്കന്തന്നോടു നേരൊത്തുനിന്നുളെളാ-
രാനനംതന്നെയിന്നിങ്ങളുടെ
കാണാഞ്ഞുനിന്നുളളിൽ വേദന പൊങ്ങി ഞാൻ
കേണതോ നിങ്ങളറിഞ്ഞില്ലല്ലൊ.”
തൂമതിരണ്ടുനിന്നിങ്ങനെ ചൊല്ലീട്ടു
കോമളക്കണ്ണനന്നാരിമാരെ 270
കേവലം പാടിനിന്നാടിച്ചുപോരുന്ന
പാവകളാക്കിനാൻ വാക്കുകൊണ്ട്.
കാമിനിമാരെല്ലാം കാർവർണ്ണന്തന്നുടെ
കോമളവാക്കുകൾ കേട്ടനേരം.
നീറുമാറുളളത്തിലേറിന വേദന
വേർവിട്ടുമേവിനാർ തെറ്റന്നപ്പോൾ
പിന്നെയും ചൊല്ലിനാൻ നല്ലൊരുതേനിലേ
മുന്നമേ മുക്കിന വാക്കുതന്നെഃ
“കണ്ണുനീർ വീണുനുറങ്ങുമയങ്ങീതി-
ന്നിങ്ങൾമുഖമെന്നു തോന്നും നേരം 280
തൂമകലർന്നൊരു രോഹിണീവല്ലഭൻ
കോമളനായങ്ങു നിങ്ങളുടെ
ആനനന്തന്നോടു നേരൊത്തു നില്‌പാനായ്
മാനിച്ചുവന്നതു കാണണമേ.
ആനനന്തന്നോടും ലോചനന്തന്നോടും
മാനിച്ചുനിന്നൊരു താനും മാനും
ഏറ്റൊരുനേരത്തു തോറ്റങ്ങുതങ്ങളിൽ
ചേർച്ചതുടർന്നതു ചേരുവോന്നെ.
പിന്നെയും പോന്നിങ്ങുവന്നതങ്ങോർക്കുമ്പോൾ
എന്നുളളിലൊന്നുണ്ടു തോന്നുന്നുതേ. 290
നേരിട്ടുനിന്നങ്ങു പോരുതുടങ്ങിനാൽ
നേരൊത്തു നില്‌ക്കാമെന്നോർക്കവേണ്ട
ചുറ്റത്തിലിങ്ങനെ ചേർച്ചതുടങ്ങിനാൽ
മറ്റുണ്ടവന്നൊരു തക്കമിപ്പോൾ
കാനനംതന്നിലുന്നിങ്ങളിന്നെല്ലാരും
കാലമിവന്തനിക്കുളളതത്രെ.
ആനനകാന്തി കവർന്നങ്ങുകൊളളുവാൻ
ആരുമറിയാതെയല്ലയല്ലീ?
കൗടില്യമുണ്ടിവനെന്നുളളതെങ്ങുമേ
മൂഢന്മാരായോർക്കും പാഠമല്ലോ.” 300
Generated from archived content: krishnagatha17.html Author: cherusseri