പാർത്തലം തന്നിൽ പൊറുത്തുളള വൈരികൾ-
ക്കാർത്തികൾ ചേർത്തു ചെറുത്ത പാർത്ഥൻ
തീർത്ഥമാടീടുവാനാസ്ഥ പൂണ്ടെങ്ങുമേ
പാർത്തലം തന്നിൽ നടന്നകാലം
ദിക്കുകളെങ്ങുമേ ചൊൽക്കൊണ്ട തീർത്ഥങ്ങ-
ളൊക്കവേ ചെന്നു ചെന്നാടിയാടി
ആസന്നമാമപ്രഭാസമാം തീർത്ഥത്തിൽ
വാസവനന്ദനനായവന്താൻ
പോയങ്ങു ചെന്നപ്പൊളാദരവിൽ ഗദ-
നായൊരു യാദവന്താനും ചെന്നാൻ.
പാർത്ഥനെക്കണ്ടവനാർത്തിയും തീർത്തോരോ
വാർത്തകളോതിനിന്നാസ്ഥയോടേ
മാധവന്തന്നുടെ സോദരിയായൊരു
മാധവിതന്നുടെ കാന്തിയെല്ലാം
മാനിച്ചുനിന്നു പറഞ്ഞുതുടങ്ങിനാൻ
മാരമാൽകൊണ്ടവൻ മാഴ്‌കും വണ്ണംഃ
“ദ്വാരകതന്നിലിന്നുണ്ടൊരു കന്യക
സീരവരായുധസോദരിയായ്
ഇന്നവൾതന്നുടെ കാന്തിയെ വാഴ്‌ത്തുവാൻ
മന്നിലും വിണ്ണിലുമാരുമില്ലേ.
ചൊല്ലരുതെങ്കിലും മെല്ലെമെല്ലിങ്ങനെ
ചൊല്ലിനിന്നീടുന്നേൻ വല്ലവണ്ണം.
മാനിനിമാരുടെ മൗലിയിൽ മേവുന്ന
മാണിക്കക്കല്ലെന്നേ ചൊല്ലാവൂതാൻ.
ശൃംഗാരമായൊരു സാഗരംതന്നെയി-
ന്നംഗജൻനിന്നു കടഞ്ഞു നന്നായ്
മെല്ലവേ കൊണ്ടൊരു പീയൂഷം താനെന്നേ
ചെല്ലുന്നൂതാകിലിന്നൊട്ടു ചേരും.
പൂവൽമെയ്‌തന്നുടെ കാന്തിയെച്ചിന്തിച്ചാ-
ലേവമെന്നിങ്ങനേ ചൊല്ലവല്ലേൻ.
മേനക മുമ്പായ മാനിനിമാരുടെ
മേനിയേ നിർമ്മിപ്പാൻ മാതൃകയായ്
ഭംഗിയിൽ നിർമ്മിച്ചാൻ പങ്കജയോനിയി-
മ്മംഗലതന്നുടലെന്നുതോന്നും.
അഞ്ചമ്പൻതന്നുടെ ചാപത്തെച്ചന്തത്തിൽ
ചെഞ്ചെമ്മേ നിന്നു പിഴിഞ്ഞുപിന്നെ
വെൺതിങ്കൾതന്നെത്തൊലിച്ചു ചമച്ചുടൻ
വെണ്മ വരുത്തിയലിച്ചു തന്നിൽ
ബാണങ്ങളഞ്ചിന്റെ നന്മണംതന്നെയും
പാർത്തുകണ്ടങ്ങതിലാക്കി പിന്നെ,
ഒന്നിച്ചു നന്നായി നിർമ്മിച്ചുനിന്നാനി-
ക്കന്യക തന്നുടെ പൂവൽമേനി
എന്നങ്ങു ചൊല്ലുന്നു കാണുന്നോരെല്ലാരും,
എന്നതും ചെഞ്ചെമ്മേ ചേർന്നുകൂടാ.
സാരമായുളെളാരു ലാവണ്യപൂരത്തെ-
പ്പൂരിച്ചുകൊണ്ടൊരു ഭാജനത്തിൽ
മാനിനിതന്നുടെയാനനമിങ്ങനെ
മാനിച്ചുനിന്നു ചമച്ചു പിന്നെ
ശേഷിച്ചുനിന്നൊരു ലേശത്തെക്കൊണ്ടുടൻ
ദോഷത്തെക്കൈവിട്ടൊരാനനത്തെ
പിന്നെയും നിർമ്മിച്ചു നിന്നൊരു നേരത്ത-
തിന്ദുതൻ മണ്ഡലമായ് ചമഞ്ഞു.
ക്ഷാളനം ചെയ്‌താനപ്പാണികൾ പിന്നെയ-
ന്നാളീകസംഭവൻ തോയംതന്നിൽ.
എന്നതുകൊണ്ടു നൽപങ്കജജാലങ്ങ-
ളെന്നുമുണ്ടാകുന്നു തോയം തന്നിൽ.
എന്നുമുണ്ടെല്ലാരും ചൊല്ലി നിന്നീടുന്നി-
ക്കന്യകതന്മുഖം കാണുംനേരം;
മാനിനും മീനിനും മാനത്തേപ്പോക്കുന്നൊ-
ന്നാനന്ദം തൂകുമക്കണ്മിഴികൾ;
ചോരിവാ കണ്ടത്രെ മൂവന്തിമേഘങ്ങൾ
പാരാതേ പോകുന്നു നേരിടായ്‌വാൻ;
കണ്‌ഠത്തോടേറ്റല്ലോ കംബുക്കളെല്ലാമേ
മണ്ടുന്നു വെളളത്തിൽ മുങ്ങിയിന്നും;
വാരുറ്റ കൊങ്കതൻ ചാരുത്വം കണ്ടപ്പോൾ
മേരുക്കുന്നഞ്ചുന്നു കിഞ്ചിൽ കിഞ്ചിൽ;
തന്നോടു ചേർന്നുളള ലോകരുമെല്ലാരും
നിർന്നിദ്രന്മാരായി മേവിടുന്നു;
അങ്കുരിച്ചീടുന്ന രോമാളിതന്നുടെ
ഭംഗിയെച്ചൊല്ലുവാൻ വല്ലേൻ ഞാനോ;
പൂഞ്ചേലതന്നെയും കാഞ്ചിയെത്തന്നെയും
പൂണ്ടുനിന്നീടുന്നൊരൽക്കീടമോ
ഒന്നഞ്ഞൂറായിരം മാരന്മാർ മേന്മേലേ
നന്നായി നിന്നു മുളപ്പിതിനായ്
മോഹനമായൊരു ലാവണ്യമാകുന്ന
ദോഹദം പൂണ്ടൊരു കേദാരം താൻ;
തിൺതുടതന്നുടെ കാന്തിയെച്ചിന്തിച്ചാൽ
മന്ത്രിച്ചേ നിന്നോടു ചൊൽവാനാവൂ;
ജംഭാരിക്കമ്പുളള കുംഭീന്ദ്രൻതന്നുടെ
തുമ്പിക്കൈ ചേർന്നുളള കാന്തിയെല്ലാം
പെട്ടെന്നു ചെന്നതു കട്ടുകൊണ്ടിങ്ങുപോ-
ന്നിഷ്‌ടത്തിൽ തങ്കലേ വച്ചുകൊണ്ടു
എന്നതുകൊണ്ടല്ലൊ ചേലകൊണ്ടെപ്പൊഴും
തന്നെ മറച്ചു നിന്നീടുന്നുതാൻ;
പാദങ്ങൾതന്നുടെ കാന്തിയെച്ചൊല്ലിനാൽ
പട്ടാങ്ങെന്നിങ്ങനെ തോന്നിക്കൂടാ;
മാൻകണ്ണിമാരുടെ മൗലിതന്മേനിയെ-
ക്കാൺകിലേ നിർണ്ണയം വന്നുകൂടൂ.
കീർത്തി പൊങ്ങീടുമക്കന്യകതന്നുടൽ
വാഴ്‌ത്തുവാനാവതല്ലാർക്കുമോർത്താൽ.
നല്ലതെന്നിങ്ങനേ പിന്നെയും പിന്നെയും
ചൊല്ലി നിന്നീടു നാമെന്നേയാവൂ.”
വാട്ടമകന്നവനിങ്ങനെ ചൊന്നതു
കേട്ടു നിന്നീടുന്ന പാർത്ഥനപ്പോൾ
വർണ്ണിച്ചവസ്ഥകൾ വാസ്‌തവമോയെന്നു
നിർണ്ണയിച്ചീടുവാനെന്നപോലെ
മാനസംതന്നെയയച്ചു നിന്നീടിനാൻ
മാനിനിതന്നുടെ മേനിതന്നിൽ.
Generated from archived content: krishnagatha15.html Author: cherusseri