കോമളതന്നുടെ തൂമൊഴിയായൊരു
താർമധു പെയ്‌തു കുളുർക്കയാലേ
കോൾമയിർക്കൊണ്ടവനാമോദംതന്നുടെ
കോമരമായിനിന്നുണ്മ ചൊന്നാൻ.
ഉണ്മയെക്കേട്ടൊരു സുന്ദരിതന്നുടെ
നന്മുഖം ചാലേ വിരിഞ്ഞിതപ്പോൾ
വാരുറ്റു നിന്നൊരു സൂര്യയ്യനെക്കണ്ടൊരു
വാരിജകോരകമെന്നപോലെ.
സംഭ്രമം കൊണ്ടവളൊന്നുമേ വല്ലാതെ
കമ്പവും പൂണ്ടു വിളങ്ങി നിന്നാൾ. 720
നാണവും പൂണ്ടു നടുങ്ങി നിന്നീടുന്ന
മാനിനിതന്നുടെയുളളമപ്പോൾ
പായസം കണ്ട ബുഭൂക്ഷിതൻതന്നുടെ
മാനസംപോലെ ചമഞ്ഞുകൂടി.
ഇഷ്‌ടമായുളളതു കിട്ടുക മൂലമായ്
തുഷ്‌ടനായുളെളാരു പാർത്ഥനപ്പോൾ,
പേയറ്റു നിന്നൊരു ജായയും താനുമായ്
പോയിത്തുടങ്ങിനാനങ്ങുനോക്കി.
വണ്ടേലും ചായലാൾതന്നെയും കൊണ്ടവൻ
മണ്ടിനിന്നീടുന്നോനെന്നിങ്ങനെ 730
ദ്വേഷികളായുളള യാദവന്മാർക്കെല്ലാം
ഘോഷവുമുണ്ടായിവന്നുതപ്പോൾ.
സീരിതാനങ്ങതു കേട്ടൊരു നേരത്തു
സീരവും പാരാതെ കൈയിലാക്കി
അന്തമില്ലാതൊരു കോപവും പൂണ്ടുനി-
ന്നന്ധകന്മാരോടുകൂടിച്ചെമ്മേ
ഭീതിയെക്കാണാതൊരന്തകനുളളിലും
ഭീതിയെപ്പൊങ്ങിച്ചു ഭീഷണനായ്
നോക്കിനെക്കൊണ്ടേയിപ്പാരിടമെല്ലാമേ
തീക്കനലാക്കുന്നോനെന്നപോലെ 740
‘നില്ലു നില്ലെ’ന്നതേ ചൊല്ലിനിന്നങ്ങനെ
ചെല്ലത്തുടങ്ങിനാനങ്ങുനോക്കി.
കോപിച്ചുപോകുന്ന ലാംഗലിതന്നുടെ
കോപത്തെക്കണ്ടൊരു ഗോവിന്ദൻതാൻ
ഓടിച്ചെന്നങ്ങവൻകോപത്തെപ്പോക്കുവാൻ
കേടറ്റ വാക്കുകളോതിനിന്നാൻഃ-
“പാർത്ഥനീ നിന്നുടെ ചീർത്തെഴും കോപത്തിൻ
പാത്രമായ് വന്നതിന്നോർത്തുകണ്ടാൽ
വീരനായുളെളാരു കേസരിതന്നോടു
നേരായിപ്പോരുമപ്പാഴ്‌ക്കുറുക്കൻ. 750
സീരവുമായിട്ടു പാരാതെ ചെന്നങ്ങു
നേരിട്ടു ചെന്നു കതിർക്കിലിപ്പോൾ
മാധവിതന്നുടെ മംഗലസൂത്രത്തിൽ
ബാധയെച്ചെയ്‌കൊഴിച്ചേതുമില്ലേ.
സോദരിതന്നുടെ വേദന കണ്ടുക-
ണ്ടാദരവോടതിലാടിനില്‌ക്കാം.
ഉണ്മയെച്ചൊൽകിലിപ്പാണ്ഡവൻ നമ്മുടെ
സംബന്ധിയായിട്ടു വന്നാനല്ലൊ.
ചീറ്റലും കൈവിട്ടു പാരാതേ ചെന്നു നി-
ന്നേറ്റവും മാനിക്കവേണ്ടതിപ്പോൾ. 760
നാമൊഴിച്ചാരിനി പ്രേമവും പൂണ്ടു നി-
ന്നോമനിച്ചീടുവാനോർത്തുകണ്ടാൾ?”
ഇത്തരമായുളെളാരുക്തികൾകൊണ്ടവൻ-
ചിത്തമയച്ചുചമച്ചു പിന്നെ
കോപിച്ചുപായുന്ന യാദവന്മാരുടെ
കോപവും പോക്കിനാൻ വാക്കുകൊണ്ടേ.
ശാർങ്ങ്‌ഗിതാനിങ്ങനെ ചൊന്നതു കേട്ടൊരു
ലാംഗലിതന്നുടെയുളളമപ്പോൾ
നിതിയും ചിന്തിച്ചു കോപവും കൈവിട്ടു
ശീതളമായിച്ചമഞ്ഞുകൂടി. 770
ഏറിയിരുന്ന പൊലിക്കാണംതന്നെയും
പാരാതെ നൽകിനാൻ പാർത്ഥന്നായി
തുഷ്‌ടയായ് വന്നവന്തന്നോടുകൂടെപ്പോ-
യിഷ്‌ടമായ് നിന്നവന്മന്ദിരത്തിൽ
കല്യാണമായുളളതെല്ലാമേ ചെയ്യിച്ചു
മെല്ലവേ പോന്നിങ്ങു വന്നു പിന്നെ
വൃഷ്ണികൾ ചൂഴുറ്റു കൃഷ്ണനും താനുമായ്
വൃത്തികളോരോന്നേയാചരിച്ചാൻ. 778
Generated from archived content: krishnagatha14.html Author: cherusseri