സുഭദ്രാഹരണം – ഭാഗം 13

അന്യയായുളളവൾ ചൊല്ലിനിന്നീടിനാ-

ളെന്നതു കേട്ടു ചിരിച്ചു മെല്ലെഃ-

“മത്തനായ്‌ വന്നൊരു വാരണന്തന്നെ നീ

ഹസ്‌തങ്ങൾകൊണ്ടു മറച്ചു വച്ചാൽ

എന്നെയോ വഞ്ചിക്കാമിങ്ങനെ ചൊല്ലിനാൽ

മന്നിലേ ലോകരേ വഞ്ചിക്കാമോ?

സന്യാസിതന്നെയും മുന്നിട്ടു നിന്നുളള

കന്യകതന്നുടെ വാർത്തയെല്ലാം 650

മാലോകർ ചൊന്നതു കേട്ടു നിന്നീടുമ്പോൾ

മാലിയന്നീടുമമ്മാനസത്തിൽ.

എങ്ങുമേ പൊങ്ങാതെ മന്ദിരവാർത്തയി-

ന്നങ്ങാടിപ്പാട്ടായി വന്നുകൂടി.”

എന്നതു കേട്ടവൾ പിന്നെയും ചൊല്ലിനാൾ

“എന്നുണ്ടോ മാലോകർക്കൊന്നു കണ്ടാൽ?

അന്തവുമാദിയും ചിന്തിച്ചോയിന്നെല്ലാ-

മന്ധന്മാരായുളേളാർ ചൊല്ലി ഞായം.

ഒന്നുണ്ടോ തോഴീ! നിനക്കിന്നു കേൾക്കേണ്ടു

സന്യാസിയല്ലിവനെന്നു ചൊല്ലാം. 660

സന്യാസിമാരിലക്കന്യകതന്നുളള-

മെന്നുമേ ചെല്ലുവോന്നല്ല ചൊല്ലാം.

കന്യകതന്നെയും കാമിച്ചു വന്നൊരു

മന്നവനെന്നതേ വന്നുകൂടൂ.

എന്നതേയല്ലിതിൽ വന്നുളള സങ്കട-

മിന്നിതു തൊട്ടു പിണഞ്ഞുകൂടും.

വീരന്മാരായുളള യാദവന്മാരിലി-

ന്നാരുമേയില്ലയിദ്വാരകയിൽ.

കെല്പു കലർന്ന സുയോധനനായിട്ടു

കല്പിതയാമിവൾതന്നെയിപ്പോൾ 670

സ്പഷ്‌ടമേ കൊണ്ടിവൻ പെട്ടെന്നു പോകിലോ

കഷ്‌ടമായല്ലോതാൻ വന്നു ഞായം.”

ഇങ്ങനെ കേട്ടവളിങ്ങനെ ചൊല്ലിനാൾ

“എങ്ങനെയിന്നിതു വന്നുകൂടൂ?

മല്ലാരിതന്നുടെ മന്ദിരം താനിതു

വല്ലായ്‌മയാരാനും വന്നു ചെയ്‌കിൽ

അന്നവൻതൻതല നൂറു നറുക്കീട്ടി-

ക്കന്യകതന്നെയും കൊണ്ടുപോരും.

എന്നതുകൊണ്ടുളള വാർത്തകൾ നിന്നാലു-

മെന്നുമേയിന്നിതു വന്നുകൂടാ; 680

എങ്ങു നീ പോകുന്നു ചങ്ങാതി! ചാരത്തോ

എങ്കിലോ പോക നാമേന്നേ വേണ്ടു.”

ഗൂഢമായ്‌ നിന്നു പറഞ്ഞുളള ചേടിമാർ

കേടറ്റ മന്ദിരം പൂകും നേരം

വൃഷ്ണികളെല്ലാരും ദൈവതപൂജയ്‌ക്കു

കൃഷ്‌ണനേ മുന്നിട്ടു പോയാരപ്പോൾ.

സുന്ദരിയായൊരു കന്യകതാനും തൻ-

മന്ദിരം തന്നിൽനിന്നെന്നനേരം

സുന്ദരമായൊരു സ്യന്ദനമേറിത്തൻ-

സുന്ദരിമാരുമായ്‌ മന്ദം മന്ദം 690

ദുർഗ്ഗമായുളെളാരു മാർഗ്ഗവും പിന്നിട്ടു

നിർഗ്ഗമിച്ചീടിനാൾ നീതിയോടെ.

സീരി തുടങ്ങിന വീരന്മാരങ്ങൊരു

കാരിയം ചിന്തിച്ചു ദൂരത്തപ്പോൾ

ഒക്കവേ പോകുന്ന തക്കവും പാർത്തുളള

തസ്‌ക്കരനായുളള മസ്തരിതാൻ

ചാരത്തു ചെന്നവൾ തേരിലങ്ങേറിനി-

ന്നാരബ്ധലീലനായാദരവിൽ

പല്ലവം വെല്ലുന്ന പാണിയെപ്പാരാതെ

മെല്ലവേ പൂണ്മതിനോങ്ങും നേരം 700

മന്ദമായ്‌ ചൊല്ലിനാൾ സുന്ദരിയെന്നപ്പോൾ

വന്ദിച്ചുനിന്നവൻപാദങ്ങളേ

“ബന്ധങ്ങളെല്ലാമേ വേർമുറിഞ്ഞീടിനാ-

ലെന്തിതു തോന്നുവാൻ തമ്പുരാനേ!

ഇത്രമേൽ വന്നു കരേറിനിന്നോരു നിൻ-

മുക്തിക്കു ദൂഷണം ചെയ്യൊല്ലാതെ.

ഉജ്ജ്വലനായുളേളാരർജ്ജുനന്തന്നിലേ

മജ്ജനം ചെയ്‌തോന്നെന്നുളളമെന്നാൽ

സജ്ജനായ്‌ വന്നുനിന്നർജ്ജൂനൻ വേണമി-

ന്നിജ്ജനത്തിന്നുടെ പാണിപൂണ്മാൻ.” 710

Generated from archived content: krishnagatha13.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here