നിത്യമായിങ്ങനെ ഭിക്ഷയും പെണ്ണിനി-
ന്നസ്‌തമിച്ചീടിനാലാലയത്തിൽ
വിശ്രമിച്ചീടുവാൻ വിശ്രുതമായവൾ
സശ്രമയായിട്ടു പോയനേരം
വേറിരുന്നുളെളാരു വേദനപൂണ്ടവൻ
വേവു കലർന്നു പൊറായ്‌കയാലേ
ദീപവും ചാലെപ്പൊലിച്ചുകളഞ്ഞുടൻ
ദീപമില്ലെന്നങ്ങു ചൊല്ലും പിന്നെ;
ദീപവുംകൊണ്ടവൾ വന്നതു കാണുമ്പോൾ
ചാപലം പൂണ്ടൊന്നു വീർത്തുനില്‌ക്കും. 590
പിന്നെയും പോയവൾ മന്ദിരം പൂകുമ്പോൾ
മുന്നമേപ്പോലേ പൊറായ്‌കയാലേ
നീരുളളതെല്ലാമേ ദൂരെക്കളഞ്ഞിട്ടു
നീരില്ലയെന്നങ്ങു ചൊല്ലും പിന്നെ;
നീരുമായ് വന്നവൾ പിന്നെയും പോകുമ്പോൾ
ധീരതപോക്കുമത്താരമ്പന്താൻ.
വറ്റാത കോഴയാൽ തെറ്റെന്നു പിന്നെയും
മറ്റൊന്നു ചൊല്ലി വിളിക്കുമപ്പോൾ.
ഇങ്ങനെയോരോരോ രാത്രികൾ പിന്നിട്ടാ-
നംഗജമാലുളളിൽ പൊങ്ങുകയാൽ. 600
പാരിച്ചുനിന്നുളള പാഴിടിനാദത്തെ-
പ്പൂരിച്ചു പെയ്യുമപ്പേമഴയിൽ
അന്നിലംതന്നിലേ നിന്നു പുലർന്നാന-
ക്കന്യകതന്നിലെക്കാംക്ഷയാലേ.
ഊക്കേറി നിന്നുളള മാരശരങ്ങൾക്കു
ലാക്കായി രാപ്പകൽ മേവുകയാൽ
വെന്തുവെന്തീടുമക്കന്യകതന്നുളളിൽ
ചിന്ത തുടങ്ങീതു പിന്നെപ്പിന്നെ.
“യോഗ്യമല്ലാതൊരു ഭിക്ഷുകൻമേലല്ലോ
ഭാഗ്യമില്ലാതെയെൻ ജാള്യമിപ്പോൾ. 610
ഉത്തമമായ കുലത്തിൽ മുളച്ചെനി-
യ്‌ക്കിത്തരം തോന്നുവാനെന്തു ഞായം?
പാർത്ഥനിലുളെളാരു മാനസമിന്നിന്നി-
ത്തീർത്ഥകന്തങ്കലേയായിക്കൂടി.
ഓർത്തുനിന്നീടിലിമ്മന്മഥനിന്നെന്നെ
കൂത്തികളാക്കുന്നോനെന്നുവന്നു.
ഊക്കുകൊണ്ടിന്നിവനിങ്ങനെ കൊൽകിലും
യോഗ്യമല്ലാതതു ചെയ്യേനെന്നും.
ഭിക്ഷുകൻമൂലമായ് ദുഷ്‌കൃതിചെയ്‌തു ഞാൻ.
നില്‌ക്കുമാറെങ്ങനെ ലോകർമുന്നിൽ? 620
കണ്ണനു ചെഞ്ചെമ്മേ സോദരിയായോരു
കന്യകയല്ലോ ഞാൻ നൂനമെന്നാൽ
ഇജ്ജന്മമിങ്ങനെ ദുഃഖമാം വാരിയിൽ
മജ്ജനംചെയ്‌തു കിടന്നു പിന്നെ
വിജ്വരയായി വന്നുജ്വലദേഹയാ-
യർജ്ജുനൻതന്നെ ഞാനേശിക്കൊൾവൂ.”
ഇങ്ങനെ തന്നിലേ നണ്ണിന കന്യക
ഖിന്നയായ് വന്നങ്ങു നിന്നനേരം,
നീടുറ്റു നിന്നുളള ചേടിമാർ തങ്ങളിൽ
കൂടിപ്പറഞ്ഞു തുടങ്ങീതപ്പോൾ. 630
“എന്തിതു ചൊൽ തോഴീ! കന്യകതന്നുടെ
മന്ദിരമിങ്ങനെ മങ്ങിപ്പോയി?
ചങ്ങാതിമാരായ ചന്ദനവാണിമാ-
രെങ്ങുമേ പോകാതെയങ്ങുമിങ്ങും
നിന്നുമിരുന്നുമങ്ങൊന്നുമേ വല്ലാതെ
മന്ത്രിച്ചു പോരുന്നൂതെന്തിങ്ങനെ?”
എന്നതു കേട്ടവൾ ചൊല്ലിനിന്നീടിനാ-
ളുണ്മയായുളളതു മൂടി മെല്ലെഃ
“കന്യകതന്നുടെ രോഗമെന്നുളളതോ
നിന്നുടെയുളളിലും വന്നുതല്ലൊ. 640
ഉറ്റവരിങ്ങനെ മന്ത്രിച്ചു പോരുവാൻ
മറ്റൊരു കാരണമില്ലയേതും.”
Generated from archived content: krishnagatha12.html Author: cherusseri