മുന്നൽനിന്നീടുമക്കന്യക പോയപ്പോൾ
ഖിന്നനായ് നിന്നൊരു സന്യാസിതാൻ 530
കന്യകതന്നെയേ ചിന്തിച്ചു ചിന്തിച്ചു
തന്നെയുംകൂടി മറന്നനേരം
വന്ദിപ്പാനായിട്ടു വന്നുളേളാരെല്ലാരും
വന്ദിച്ചു നിന്നു പറഞ്ഞാർ തമ്മിൽഃ
“ഇങ്ങനെയുളെളാരു സന്യാസിതന്നെപ്പ-
ണ്ടെങ്ങുമേ കണ്ടില്ലയെന്നുമേ നാം.
മാനമറ്റീടുന്നൊരാനന്ദംതന്നിലേ
മാനസം ചെന്നു ലയിക്കയാലേ
സ്പന്ദത്തെക്കൈവിട്ടോരിന്ദ്രിയമെല്ലാമേ
മന്ദങ്ങളായിട്ടേ കാണാകുന്നു. 540
കൺമുന്നിൽ നിന്നുളള നമ്മെയുമേതുമേ-
കാണുന്നോനല്ലല്ലോ ധ്യാനിക്കയാൽ.
ഉളളകംതന്നിലുണർച്ച പൂണ്ടീടുന്നോ-
ർക്കുളെളാരു ഞായമിതെന്നു വന്നു.”
വിസ്‌മയിച്ചിങ്ങനെ ചൊന്നവരെല്ലാരും
വിശ്വസിച്ചങ്ങനെ പോയനേരം
ദക്ഷയായുളെളാരു കന്യക വന്നുടൻ
ഭിക്ഷയിട്ടീടുവാനാരംഭിച്ചാൾ.
ഭിക്ഷുകൻമൂലമാമുല്‌ക്കടമാൽകൊണ്ടു
മിക്കതും വെന്തുളെളാരുളളവുമായ് 550
ലാളനപൂണ്ടവൻപാദങ്ങൾ നന്നായി
ക്ഷാളനം ചെയ്‌തങ്ങു മേളമാക്കി
ചിത്രമായുളെളാരു പത്രവും മുന്നിൽ വ-
ച്ചുത്തമപീഠത്തിലാക്കിപ്പിന്നെ
മൂർത്തുളള മന്മഥബാണങ്ങളേല്‌ക്കയാൽ
ദീർഘമായ് വീർത്തുവീർത്താർത്തിയോടേ
ഓദനംതന്നെ വിളമ്പിനിന്നീടിനാൾ
വേദനപൂണ്ടുളെളാരുളളവുമായ്.
മുന്നിലിരുന്നൊരു ഭിക്ഷുകന്താനുമ-
ക്കന്യകതന്മുഖം കാൺകയാലേ 560
ഓദനംതന്നേ വിലക്കുവാൻ വല്ലാതെ-
യോർച്ചയും പൂണ്ടങ്ങു മേവുകയാൽ,
പാത്രത്തിൽനിന്നുളെളാരോദനമെല്ലാമേ
പാത്രത്തിലാമ്മാറു വീണുകൂടി.
അക്ഷണം പിന്നെയും കന്യകമുന്നലേ
ഭിക്ഷുകന്തന്മുഖം നോക്കിനോക്കി
ഉത്തമമായൊരു നൽഘൃതം ചെഞ്ചെമ്മേ
പത്രത്തിലാമ്മാറു വീഴ്‌ത്തി നിന്നാൾ.
ചാലത്തൊലിച്ചുളള വാഴപ്പഴങ്ങളും
ചാലക്കളഞ്ഞിതു ചാപല്യത്താൽ. 570
അത്തൊലിതന്നെ വിളമ്പിനിന്നീടിനാൾ
ചിത്തം മയങ്ങിനാലെന്നു ഞായം.
പത്രത്തിലായുളെളാരത്തൊലി തന്നെത്താൻ
ചിത്തമഴിഞ്ഞവനാസ്വദിച്ചാൻ.
കമ്പവുമാണ്ടു കരുത്തുമകന്നങ്ങു
സംഭ്രമിച്ചീടുന്ന കന്യകതാൻ
മുമ്പിലേ വേണ്ടതു പിമ്പിൽ വിളമ്പിനാൾ
പിമ്പിലേ വേണ്ടതു മുമ്പിൽത്തന്നെ.
ഇങ്ങനെ വന്നവയൊന്നുമറിഞ്ഞില്ല
കന്യകാമുന്നിലിരുന്നവന്താൻ. 580
Generated from archived content: krishnagatha11.html Author: cherusseri
Click this button or press Ctrl+G to toggle between Malayalam and English