കണ്ടതുകൊണ്ടേയെന്നംഗങ്ങൾ മാഴ്‌കുന്നു
മിണ്ടുവാൻതന്നെയും വല്ലേൻ ചെമ്മേ.
എങ്ങനെയിന്നിവൻപൂജയെച്ചെയ്‌വു ഞാൻ
നിന്നു പൊറുക്കരുതായുന്നിപ്പോൾ.“
ഇങ്ങനെ ചിന്തിച്ചു വന്ദിച്ചു നിന്നാള-
മ്മംഗലന്തന്നുടെ പാദങ്ങളേ.
വന്ദിച്ചു നിന്നൊരു കന്യകയോടവൻ
നന്ദിച്ചു ചൊല്ലിനാൻ മന്ദമപ്പോൾ.
”മന്മഥന്നുടെ മംഗലമായൊരു
മന്ദിരമായി വിളങ്ങുമിന്നീ 480
ഇഷ്‌ടനായുളെളാരു കാന്തനുമായിട്ടു
തുഷ്‌ടയായ് മേവുക“യെന്നിങ്ങനെ.
എന്നതു കേട്ടൊരു കന്യകതാനപ്പോൾ
തന്നിലേ നണ്ണിനാൾ ഖിന്നയായി.
”ഇഷ്‌ടനായുളളതോ മറ്റാരുമല്ലല്ലോ
കഷ്‌ടമായല്ലോ ചമഞ്ഞുകൂടി.
ഇച്ചൊല്ലിനിന്നുളേളാരാശിയെക്കോലുവാ-
നിജ്ജന്മമല്ലെനിക്കെന്നു വന്നു.
സജ്ജനവാക്കിനു സത്യതയില്ലെന്നു-
മിജ്ജനംമൂലമായ് വന്നുകൂടി. 490
കന്ദർപ്പന്തന്നുടെ കാന്തിയേ വെല്ലുന്ന
സുന്ദരനായൊരു പാർത്ഥന്തന്നിൽ
മുന്നമേ ചെന്നുളേളാരെന്നുടെ മാനസം
തന്നിലേയാക്കുന്നോനിന്നിവൻതാൻ.“
ഇങ്ങനെ നണ്ണിന മംഗലതാനപ്പോ-
ളംഗജമാലുറ്റു നിന്നനേരം
പാർത്ഥനോടായിട്ടു ചൊല്ലിനിന്നീടിനാ-
ളാർത്തയായ് നിന്നങ്ങു തന്നിൽ മെല്ലെ.
”നിന്നുടെ കോരകമായി നിന്നീടുന്നോ-
രെന്നുടെ മാനസം തന്നെയിപ്പോൾ 500
തന്നുടെ കോരകമാക്കി നിന്നീടുന്നോൻ
നിന്നെയും വെന്നൊരു സന്യാസിതാൻ.
പാരാതെ വന്നു നീ പാലിച്ചുകൊളളായ്‌കിൽ
പോരായ്‌മയായ് വരും പാരമിപ്പോൾ.“
വാരുറ്റു നിന്നൊരു കന്യകയിങ്ങനെ
ധീരത കൈവിട്ടു നിന്നനേരം
ചന്തത്തിൽ നിന്നുളള ചേടിമാർ ചൊല്ലിനാർ
മന്ത്രിച്ചു തങ്ങളിൽ മെല്ലെമെല്ലെ.
”സന്യാസിമാരുടെ നോക്കിനെപ്പോലെയ-
ല്ലിന്നിവൻ നോക്കുന്നു കന്യകയേ. 510
കന്യകതന്നോടു കൺമുനകൊണ്ടിവൻ
ഖിന്നനായ് ചൊന്നതു കണ്ടായോ നീ?
‘എന്നുടെ ജീവിതം നിന്നുടെ കൈയിലൂ
മന്നിലേ മാനിനീമൗലിമാലേ!
കാരുണ്യം ദൂരമായ് വാരിജലോചനേ!
മാരന്നു നമ്മെ നീ തീനിടൊല്ലാ.
ചാരത്തു കണ്ടു നിൻ ചോരിവാതന്നെയും
പാരമുണ്ടാകുന്നു ദീനമുളളിൽ.
കാണുന്നോരെല്ലാരും കണ്ടങ്ങു നിന്നാലും
പൂണുന്നതുണ്ടു ഞാൻ നിന്നെയിപ്പോൾ’ 520
എന്നെല്ലാമുണ്ടോ ചൊൽ കണ്ണുകൊണ്ടിങ്ങനെ
സന്യാസിമാരായോർ ചൊല്ലിക്കാൺമൂ?
ചെഞ്ചെമ്മേയുളെളാരു സന്യാസിയല്ലിവൻ
വഞ്ചകനെന്നതേ വന്നുകൂടൂ.“
ദക്ഷമാരായുളള ചേടിമാരിങ്ങനെ
ഭിക്ഷുകൻമൂലമായ് ചൊല്ലുന്നേരം
ഭിക്ഷയ്‌ക്കു വേണുന്ന സാധനം നിർമ്മിപ്പാ-
നക്ഷണം പോയാളക്കന്യകതാൻ.
Generated from archived content: krishnagatha10.html Author: cherusseri