എട്ടാം പടലം

“ചൊന്നാലും ചെല്ലേണ്ടുമതി,ന്റൊരു ചൂരനാമിരാകവനെ-

ന്തെന്നോടെല്ലാമാവതു? പോരിടയെന്തുകൊണ്ടെതിർപ്പുതവൻ

നിന്നോടെല്ലാമാം പകയർക്കു, നിനക്കു പാടവം പെരികു-

ണ്ടൊന്നാർ തമ്മോടോടിയൊളിച്ചൊരുചാതി പോറ്റുവാനുയിരെ.” 78

“ഉയിരുണ്ടാകിൽക്കണ്ടുകൊളളാം ഉലകത്തിൽ മറ്റു നല്ലവെല്ലാം,

തുയരം വാരാ വൈരികളെത്തുയരാതവർക്കു പോരിലെങ്ങും,

പയമെന്നൊട്ടും നീയറിയാ പടയിൽ പിടിത്തണത്തു നിന്നെ-

ക്കയറും പൊട്ടാചങ്ങലയും കനമിട്ടു കെട്ടിവൈക്കിലുമേ.” 79

“വൈക്കിന്റേനിച്ചാർച്ചയെല്ലാ,മിനി വൻപനാമിരാകവരെ-

ക്കൈക്കൊണ്ടാലും നറ്റുണയായ്‌, കനമുണ്ടു നിമ്മിൽ വേണ്ടുകയും,

തക്കം പെറ്റു നിൻപേര,ച്ചനാ തമ്പി നീയെന്മേടമെനി-

ക്കൊക്കും നന്നാ,യെന്നതു കേട്ടുടനേ വിപീഴണൻ ചൊല്ലിനാൻ.” 80

“ഉടനെപ്പൊഴുംകൂടി നിന്നോടുളനെങ്ങും ഞാൻ കൊടുംപടയിൽ,

തടയപ്പോരാ നീയവനെത്തനിയേ, ഇരാമനോടെളുതായ്‌

കൊടുമൈക്കെല്ലാം മേറ്റരമാകിന കുമ്പനും നികുമ്പനും വ-

മ്പടയക്കോലും കമ്പനനും നല്ലകമ്പനനുമാവതില്ലേ.” 81

“ഇല്ലാതേയാമാരുമരക്കർ ഇരാമനോടെതിർപ്പവർ, പോർ

വല്ലാതേയാം, നല്ലതികായനും വമ്പുചേർ മകോതരനും

എല്ലാരോടും വെന്റിവിളങ്കും ഇലങ്കവേന്തനും പെരിക-

യില്ലാ വാണാൾ തേന്മൊഴിയാളെയിനിക്കൊടായ്‌കിൽ മന്നവനേ.” 82

“മന്നന്നയ്യാ, മൈതിലിയെക്കൊടു വൈരവും വിടെന്നിവണ്ണം

പിന്നും പിന്നും വീഴ്‌ന്തു വണങ്കി വിപീഴണൻ കനം വിനവ

മുന്നം നീയും തമ്പിയെനിക്കിതുമൂലമായ്‌ മറുത്തു ചെറു-

ത്തിന്നും പൊല്ലാ പേചുകിൽ എന്നിതിരാവണൻ കറുത്തു ചൊന്നാൻ.” 83

“ചൊന്നായെല്ലോ നല്ലവെല്ലാം തുയർന്നിങ്ങനെയെല്ലാവകയും,

നിന്നോടൊപ്പോരില്ല നമുക്ക,തു നില്‌ക്ക, മന്നിലുറ്റവരേ,

എന്നാലിപ്പോൾ നിന്നുയിർപോം, ഇതിൻമുന്നമേയിരാമനെന്നും

മന്നോർകോനെക്കണ്ടുകൊളളായ്‌കിൽ വഴക്കു നമ്മിലേ വരുമേ.” 84

“വരുമെന്റേക്കും നമ്മിൽ വഴക്കു, മറുത്തു ഞാനുരൈക്കുമതും

പെരുതിക്കാലം, നിന്നിനവോ പിഴകൂടി വന്റിതെന്നറിഞ്ഞേൻ,

അരുതെന്നാലിന്നാചമൊഴിച്ചത്‌; അതങ്കതം വരുംമുന്നമേ

വിരവിൽപ്പോകിന്റേനിനിയെന്റു വിപീഴണൻ ചൊന്നാൻ പിന്നെയും.” 85

“പിനെയും കൈയാരത്തൊഴുതാമതു പേർത്തിരന്നു തമ്മിൽ വെറു-

ത്തിനിയില്ലാവൊന്റെന്റുമറിന്തു ഇടയൊത്തരക്കർ നാലരുമായി

തനവും വീടും താരങ്ങളും തനിയേ പിരിന്തിരാമപിരാൻ

കനിവുണ്ടാമാറും കരുതിക്കകനം പൊരുന്തിനാനവനേ.” 86

“അവനെക്കണ്ടാർ വാനരന്മാർ അവർകൾക്കു ചൊല്ലിനാനവനും

പുവനങ്കൾക്കും നായകനാന പുരാണനാതനൈത്തൊഴുവാൻ

ഇവിടേക്കിപ്പോൾ ഞങ്ങൾ വന്നതിവണ്ണമങ്ങുണർത്തുവിനെ-

ന്റവിടം മേന്മേലൊക്കറിയിച്ചരിവീരരും വണങ്കിനരേ.” 87

“വണങ്കംനേരം, നാമവനോടു വഴക്കുചെയ്‌വതോ കരുമം,

പിണങ്ങാതേ കൈക്കൊളളുമതോ, പിഴയാളിയെന്റു പോക്കുമതോ?

അണവിൽ ചിന്തിപ്പിനിനിയെന്റരിവീരരോടിരാമപിരാ-

നുണരച്ചൊല്ലക്കേട്ടങ്ങോരോന്നുടനൊത്തു കൂറിനാരവരും.” 88

Generated from archived content: sreeramacharitham8.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here