മുപ്പത്തഞ്ചാം പടലം

“അടിപണിന്തടിയങ്ങൾക്കപയമുററരുൾചെയ്യെ-

ന്റരികുലത്തവരെല്ലാമരചനോടിരന്നപോ-

തിടിമുഴങ്കുംവണ്ണം വില്ലൊലിമുഴക്കി വിരവോ-

ടികൽതൊടുത്തനനിലക്കണനരക്കനൊടു പോയ്‌,

തുടമിണങ്കിന ചരങ്കളിടമീടുമുടലിൽ-

ത്തുയർന്നുതച്ചങ്ങു നിറൈച്ചുയിർ പറിച്ചുകൊളളുമാ-

റുടനുടൻ പൊഴിഞ്ഞ വീരനോടിരന്തനനണ-

ന്തൊരുവരം പെരിയവമ്പുടയ കുമ്പകരുണൻ.” 376

“പെരിക വൻപുളരിൽ മുമ്പുടയനേയടലിൽ നീ,

പിഴയുമൊന്റുമില്ല, നന്റു തൊഴിൽ, നിന്റു പറവാ-

നരുതെനിക്കിവിടം, മിക്കകൊടുമക്കൊരിടമാ-

മരചനെത്തിചൈയിലോനവനെയെത്തും വഴിചൊ-

ല്ലുരതലത്തിടെയെല്ലാമൊളികൊളത്തിരങ്ങളേ-

റെറാരു മനത്തുടയനായിരുന്നരക്കനിങ്ങനെ

വിരഞ്ഞിരന്തളവിലേ വിടകൊടുത്തു വഴിയും

വിനവി വിട്ടരുളിനാനിളയമന്നവർപുരാൻ.” 377

“ഇളയമന്നൻ വിടനൽകി നടകൊണ്ടളവിലേ-

യിരുപുറത്തുമണഞ്ഞുളളവരെ വല്ലവരെയും

വളരിരിപ്പെഴുകുകൊണ്ടറഞ്ഞു കൊന്നുമിടയെ

മതിമറപ്പിനൊടുതിന്നുമുളള ചെങ്കുരുതിയാൽ

തെളുതെളപ്പരുകിയും ചെകന്നടുങ്ങലറിയും

ചിലതിളപ്പിനൊടു വന്റവനെ നിന്റരചർകോൻ

ഒളിവുമിക്ക ചരമാരി പൊഴിഞ്ഞാനവനടർ-

ന്നുടൽ പിളർന്തുമിന്നിചാചരനുലൈന്തുതില്ലെങ്ങും.” 378

“ഉലവില്ലാത മതവാരണമെന്നുംപടി നട-

ന്നുള നിചാചരരെയും കവികുലങ്കളെയുമുൾ-

ക്കലർന്നു വാരിവിഴുങ്ങിക്കുതർന്നെങ്ങും തിരിഞ്ഞു പോർ-

ക്കളമിളക്കി വളർന്നൊച്ചയൊടു പിച്ചുടൈയനായ്‌

വലിയ പാണികളിലായുതങ്ങളേന്തിയുമെല്ലാ-

വഴിയും വന്റവനെയഞ്ചിയകലിന്റിതു ചെമ്മേ

ചിലരുടെ മുടിവുകണ്ടുമങ്ങിരണ്ടു വകയും,

തിരിഞ്ഞടുപ്പവരൊരുത്തരുമില്ലായിതുടനേ.” 379

“ഉടലകത്തുയിരിരിപ്പവരഴൽക്കൊളള മുഴു-

ത്തൊരു കരത്തിൽ മുതലത്തെയുമെടുത്തു തനിയേ

കൊടുമമിക്കിലകുമന്തകനെന്നും തരമെങ്ങും

കലയുമാറലറിവന്റവനെ നിന്റരചർകോൻ

തുടുതുടെക്കണ പൊഴിന്തളവെറിന്തനനരു-

ന്തുയരെഴക്കുവടടർത്തവന,മ്മാമലതന്നെ

കൊടിയ തായകങ്ങൾകൊണ്ടു പൊടിയാക്കിയുടലിൽ-

ക്കുരുതി ചാടുംവണ്ണമത്തിരങ്ങളും പൊഴിഞ്ഞനൻ.” 380

“പൊഴിയുമത്തിരമുരുത്തിരിഞ്ഞുരുത്തിരനിലെ-

പ്പുകഴെഴപ്പിറന്നതിൻ പെരുമയാലഴൽ മുഴു-

ത്തഴിഞ്ഞ കെല്പിനൊടുനിർപ്പതരുതാഞ്ഞലറി മ-

ററടൽ കിടൈത്ത പടൈയുൾക്കലർന്നു തിക്കും മറന്നാൻ,

തഴനിഴല്‌ക്കണയത്തങ്ങു തുമിത്തിരയുടേ

തനയനെത്തിയിതുണർത്തിനനരക്കർപടൈയും

വിഴുങ്ങിയെങ്ങുമുഴലിന്റിതിവനെന്റുമറിവു-

മ്മെല്ലമെല്ലക്കുറഞ്ഞുതെന്റതരചന്നഴകുതായ്‌.” 381

“അരചനപ്പൊഴുതു ചെപ്പിനൻ നിന്നൊപ്പമുളളതാ-

രരികുലത്തില,വരെപ്പിരിഞ്ഞു പോരിങ്ങുതിരി-

ഞ്ഞൊ,രു തനിച്ചിലതരിത്തു നിന്നെ നോക്കുമെന്നെ നോ-

ക്കുടലിലൂക്കുമുടൻ വാക്കുമുളളരക്കരരചാ,

തിരിഞ്ഞുനോക്കിയന്നിചാചരനും വമ്പിലലറി-

ത്തെളുതെളക്കിളർ ചിനത്തൊടു ചിരിത്തുരചെയ്‌താൻ,

കരനും വാലിയും വിരാതനുമല്ലെന്നറികെന്നെ,-

ക്കരുതു കുമ്പകരുണൻ വരവിതെന്റകുതായ്‌.” 382

“ഇതുനിചാചരനുരൈത്തളവിൽ വില്ലൊലിയുമി-

ട്ടെരിചൊരിന്ത ചരമാരി പൊഴിഞ്ഞാന,വയെല്ലാ-

മതികം വമ്പെഴുമുലക്കകൊടടിത്തതു തിരി-

ത്തരിയമാരുതം വരുന്തരമണൈന്തവനുടെ

പതവിമിക്ക കരമും മുതലവും മനുചർകോൻ

പവനനത്തിരമെടുത്തതുകൊടെയ്‌തുലകങ്ങൾ-

ക്കിതമെഴുംപടി മുറിത്തുലകിലിട്ടരുളിനാൻ

ഇടർമുഴുത്തുപടമായ്‌ന്തുതതു വീഴ്‌ന്തെടമെല്ലാം.” 383

“അവനണൈന്തളവു മാമരവുമായുളള കൈയാ-

ലതു മുറിത്തൊളികൊൾ പാവകനുളളത്തിരം മുന്നിൽ,

ചുവടുവച്ചു തൊട(ർ)വിട്ടരമതിക്കു തരമാം

തുടമെഴുന്ത പളളിയമ്പിനിണകൊണ്ടരചർകോൻ

പുവിയിലിട്ടരിഞ്ഞുതിർന്തുടൻ, പുരന്തരനുടേ

പുകഴുളളത്തിരമെടുത്തതു തൊടുത്തരുളിനാൻ,

കവികുലത്തവർ കളിത്തനരൊളിത്തനർ പയം

കനമുളളിൽക്കൊളളുമരക്കരുമൊരക്കണമെങ്ങും.” 384

“കണതൊടുത്തതിനുടേ കിരണപന്തികളെങ്ങും

കലർന്നുതപ്പൊഴുത,തിപ്പൊഴുതിലിപ്പടിയെന്മാൻ

പണിയെനിക്കു, ചെവിമീതണഞ്ഞു വേണ്ടുമതെല്ലാം

പറഞ്ഞുകൊണ്ടു നടകൊണ്ടിതന്നിചാചരനുടേ

മണിയൊടത്തലയറുത്തെറിഞ്ഞു തൂവലോളവും

മറുപുറത്തുലകിൽ മുഴ്‌കിനതെഴുന്തങ്ങു തിരി-

ഞ്ഞണഞ്ഞുണർത്തിയരചന്നു ചെയ്തകാരിയമെല്ലാ-

മഴകിൽ മിക്ക ചരതുണിയിലൊളിത്തിതുടനേ.” 385

“ഉടനുടൻ ചരങ്ങളാലുടലരിന്തതു, തിരി-

ന്തുലകിൽ വീഴ്‌ന്തിതൊരു കൂറു,വരിതന്നിൽ മറുകൂ-

റി,ടയിലേറ മുടിയപ്പൊഴുതു വന്തതറിയേ-

നി,ളകുമൊൺ കടലുയർന്തവനിതാഴ്‌ന്തിതതികം,

തൊട(ർ)വിടാതവണ്ണം മാമലർ പൊഴിന്തനർ വിണ്ണോർ,

തൊഴുതണന്തു പുകണ്ണാരരചനെക്കവികളും,

മുടിവു കുമ്പകരുണനടലിൽ വന്തുതിങ്ങനെ,

മുതിർന്നരക്കരിതെതല്ലാം തെചമുകന്നുരചെയ്താർ.” 386

Generated from archived content: sreeramacharitham35.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here