മുപ്പത്തിനാലാം പടലം

“പഴുതുകണ്ടരക്കൻതന്നെ പരിപവപ്പെടുത്തതെല്ലാ-

മഴകുതായ്‌മീണ്ടുകൊണ്ടിങ്ങരികുലവീരർകോമാൻ

അഴിനിലയണയാതേ പോയണൈന്തു താചരതിചെമ്പൊർ

കഴൽ തൊഴുമഴകു കാലംകഴിത്തടൽകിടൈപ്പുതിപ്പോൾ.” 365

“അടൽതൊടുത്തരികളെല്ലാമരചനേയഴിന്തുതെന്നേ

അടയലർക്കഞ്ചി നന്റായകന്റുപോയ്‌ മുടിയും മുന്നേ

തടവുതിപ്പടയെ വേന്തൻതന്നുടെ വരവുപാർത്തെ-

ന്റിടയിടെയരികുലത്തെയിടർകൊടുത്തനുമൻ കാത്താൻ.” 366

“ഇടർകെടുത്തരികളെക്കാത്തിതംകൊൾ മാരുതി വിളങ്ക-

യടലിടെ വെന്റി കൈക്കൊണ്ടരക്കർകോൻവരവു കണ്ടു

ചുടരൊളിമാടന്തോറും ചുരുങ്കിടമാർ തെളിന്ത-

മ്മടുമലർ കളപം മാല മാലയമിവ പൊഴിന്താർ.” 367

“പൊഴിന്തവൻ മെയ്യിലെങ്കും പൂണ്ടപോതരികൾകോമാൻ

അഴിന്ത മോകത്തിനോടുമരക്കർകോൻ ചെവിയിരണ്ടും

ചെഴും തടം കൈയാൽ വാങ്കിത്തിറംകൊൾതെന്തങ്കളാലെ-

യെഴുന്ത നാതികയും കൂടയെടുത്തുകൊണ്ടെഴച്ചമൈന്താൻ.” 368

“ചമൈന്തവൻ കഴലിരണ്ടും തടംകയ്യാൽ പിടിത്തെടുത്ത-

ങ്ങമർന്തുടനരക്കന്മണ്മേലലൈത്തനനരും ചിനത്താൽ

കമിഴ്‌ന്ത വൻപടയും ചൂഴക്കലർന്തവായുതങ്കളോടും

നിമർന്തുപോയെഴുന്തു വാനിൽ നിന്റനനരികൾവേന്തൻ.” 369

“അരികുലവേന്തനാൽ വന്തവത്ത കണ്ടചലത്തിന്മേൽ

അരുവിയാറൊഴുകുംപോലെയലൈത്തുപായ്‌ന്തൊഴുകും ചോരി

വരവര മൂന്റിൽനിന്റും വാരിവാരിക്കുടിത്ത-

ന്നിരുപമനിചാചരഞ്ഞാന്നിരായുതനെന നിനൈന്താൻ.” 370

“നിരായുതനായിരുന്ത നിചാചരൻ മുതലമേന്തി-

ത്തരാതലം തുളങ്കിച്ചെങ്കിച്ചകടചക്കിരങ്കൾപോലെ

ഓരോതരം തിരിന്തുചെന്തീയുമിണ്ണകണ്ണിണകളോടു-

മിരാവണൻതമ്പി വമ്പോടികൽക്കളമുടൻ പുകുന്താൻ.” 371

“ഇകൽക്കളം പുകുന്തോരോപാടിരിപ്പുലക്കയുമായ്‌നേരേ

പകയവരുടൽ പൊടിത്തു പരുമാറിന്റരക്കൻതന്മേൽ

മികച്ച വങ്കവികൾ പായ്‌ന്താർ വിലങ്കൽമേൽ മരങ്കൾപോലെ

ചെകത്തിടെ വിളങ്കിനാരത്തിൺകവിവീരരെല്ലാം.” 372

“കവിവീരരനേകം തന്മേൽ കനമെഴപ്പായ്‌ന്തനേര-

മവരാലും ചിലരെ വായിലകപ്പെടുത്തരക്കൻ ചെല്ല

ചെവിപോന പഴുതുടെപ്പോയ്‌ത്തെളുതെളപ്പുറപ്പെട്ടെങ്ങു-

മവനോടുപോരും കൈവിട്ടവരവരകന്റുനിന്റാർ.” 373

“നിന്റതില്ലരക്കനെങ്കും, നിരാമയനുമാമണാളൻ

കൊന്റചൂടുംപിരാന്തങ്കൊടുംകനൽനയനംപോല

വന്റവൻ വാപിളന്തു വല്ലിടി തുടരുംവണ്ണ-

മൊന്റിനോടൊന്റു കേട്ടങ്ങുടനുടനലറിനാനേ.” 374

“അലറിയുമുലക്കകൈക്കൊണ്ടവിരതമറന്തറന്ത-

ങ്ങുലകിടെ വീഴ്‌ത്തിയും പായ്‌ന്തുടനുടൻ പിടിത്തുകൊണ്ടും

വലിയപോരരക്കൻ തിന്റും വന്റതു കണ്ടു മണ്ടി

മലിപുകൾ കവികളൊക്ക മന്നർകോനടിപണിന്താർ.” 375

Generated from archived content: sreeramacharitham34.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here