മുപ്പത്തൊന്നാം പടലം

“വരമിണങ്കിന നിചാചരനിരാവണനുടെ

മതുമലർക്കഴൽ വണങ്കി നടകൊണ്ടളവു ക-

ണ്ടരി!യിതെന്തൊരു പെരുന്തടി,യിതെന്തിനുളളതോ-

ന്റ, വയവങ്കളുമെല്ലാമുളയടുക്കുംവണ്ണമേ,

തിരപൊരുന്തുമലൈയാഴിതന്നെയാഴമറിവാൻ

തെചമുകൻ വടിവെഴുംപടി പടൈത്തവുരുവോ,

തരണിമണ്ടലവും വാനുമിടവുമുളളതറിവാൻ

തയമുകന്നഴിവില്ലായുമൊരു മായമല്ലയോ.” 331

“അഴിവില്ലാത കരുമാമലൈയൊരാളുരുവമായ്‌

അടൽ നമ്മൊടു തനിയേ കരുതി വന്റ വരവോ,

പിഴകുലാവിനതു കണ്ടളവിരുണ്ടമിടറൻ

പെരികരിപ്പമൊടു മുപ്പുരമെരിത്തയുരുവോ,

അഴിഞ്ഞു മാവെലിതന്നോടിരന്നു മാണിയുരുവാ-

യവനിമണ്ടലങ്കൾ പണ്ടളന്ന കൊണ്ടൽവണ്ണനോ

ഉഴറിവന്റതിങ്ങു,വന്റവനെ വെന്റുകൊൾവതാ-

രൊരുവരെന്റരികൾ തങ്ങളിലണൈന്തുരചെയ്‌താർ.” 332

“ഉരചെയ്താനരചർകോനു,ലകെല്ലാമുലയുമാ-

റുടലമാമോളം വളർന്തൊരു നിചാചരവരൻ

വരവു കാണി,വനെയാർ പയന്ന,തെന്തിവനു പെയർ,

വളർ കരത്തിട മുഴുത്തിതൊരു ചൂലമുടൈയോൻ

കരിയമേകനിറവും തിറമൂറും വടിവുമി-

ക്കടിയ വെളെളകിറുമുളളവനെയുളളവണ്ണം നീ

വിരവിനൊടു ചൊല്ലെനിക്കെന്നു വിപീഴണനുടൻ

വിമലപാതകമലം തൊഴുതഴിഞ്ഞു മൊഴിഞ്ഞാൻ.” 333

“അഴിവുളേളാരിലഴിവുളളവനിവൻ തെയമുക-

ന്നതികമമ്പുടയ തമ്പി വളർകുമ്പകരുണൻ,

ചുഴലെല്ലാരെയുമെങ്ങും നടന്നു വാലതയിലേ

തുടതുടച്ചിരതരം വിഴുങ്ങിയേ തുടങ്ങിനാൻ,

അഴൽമുഴുത്തമരർ ചെന്റകിലലോകചനക-

ന്നവിടമൊക്കങ്ങറിയിച്ചനർ ചപിച്ചരുളിനാൻ

എഴുമയും കിടന്നു നീയുറങ്ങിയേ മുടികയെ-

ന്റിടർ ചെകുത്തിനറെ നിത്തിരപിടിത്തിതുടനേ.” 334

“ഉടനുടൻ കൊടിയനായുലകമേഴിലും നട-

ന്നൊരുവരാലുമൊരുനാളുമൊരിടത്തുമികലിൽ-

ത്തടപെറാതവനെനിക്കിളയരക്കനുറങ്ങി-

ത്തറയിലേ കിടന്നു പോയ്‌മുടിയുമെന്ററിഞ്ഞവൻ

വെടിയൊല്ലാ മതിമറന്നെന്നെയുമെന്റയനുടേ

വിമലചേവടി പണിന്തു തമയൻ കനമിര-

ന്തിടയിടെയുണർകൊരാറു തിങ്ങൾകൂടിയൊരുനാ-

ളിനിയുളെളടമിവനെന്റയനുമന്നരുൾചെയ്‌താൻ.” 335

“അരുൾചെയ്യും മൊഴിവണങ്കിവന്നിലങ്കയിലുറ-

ന്തവിരതം തന്നെ മറന്തുറങ്ങുമന്നിചാചരൻ

വരവിതെന്റുളളതറിന്തരുളുകെന്റവനുടേ

വചനകോമളനറുന്തെളി നുകർന്ത ചെവിയാൽ

ഉരകൊൾ നാകചയനനൊളികിളർന്ത ചില ഞാ-

ണൊലി പെരുക്കി വൻമുകിൽക്കുരൽപകൈക്കും മൊഴിയാൽ

വരമിണങ്കിന ചരങ്കളും വലംകൈയിലോരോ

വകതിരിന്തുടന്നടന്തനനടൽക്കരചനും.” 336

“അരചനെത്തൊഴുതിലക്കണനിരന്തനനണൈ-

ന്ത,വനിയിൽ പെരിയരക്കനെയൊരിക്കലടിയൻ

ചരനിരൈക്കൊരിരൈയാക്കി വരുമാക്കമറിഞ്ഞേ

തരുവിതിപ്പൊഴുതടൽക്കിടമെന്നാൻ, പിന്നെ മന്നൻ

പെരികരിപ്പമവനെപ്പൊരുതുലൈപ്പതതികം,

പിണങ്ങുമൊട്ടലർ തമുക്കുമിന്നമുക്കുമിടയേ

വരുമൊരിക്കവുമടക്കവുമവങ്കളുമെങ്ങും

വരുമിടത്തവകുറിക്കൊളളറിഞ്ഞെന്റു മൊഴിഞ്ഞാൻ.” 337

“മൊഴിഞ്ഞുനിന്റളവു മാരിമതവാരണങ്ങളും

മുഴങ്ങും മേകകുരലൊത്ത ചെറുഞ്ഞാണൊലികളും

ചുഴലെങ്ങും കൊടിവിരൈന്ത വളർതേർനിരകളും

തുരകപന്തിയുമെഴും പട പടർന്തിതു ചെമ്മേ,

അഴകെഴുംപടി നടന്തളവിരാമനെയുമി-

ക്കരികുലത്തെയുമുടിത്തുകൊടിലക്കണനെയും

മുഴുവനൊക്കറഞ്ഞു കൊന്റിടുവനെന്റു നടന്നാൻ

മുനിവുപെററുടലിടം പെരിയ കുമ്പകരുണൻ.” 338

“കരുണയെന്റുമറിയാതവനിടങ്കൾ മതിലും

കടന്നുപോയ്‌ നടന്നപോതിരിൾമുകില്‌ക്കുലമെല്ലാം

അരുണമായ്‌ കനൽചൊരിന്തന, കരിന്തിതു ചെമ്മേ-

യരുണതാരതിയുടേ തിരുനിറം വരവര,-

ത്തരണിയാഴിയൊടു മാമലൈകളൊടും നടുങ്ങീ,

തളർന്നുപോയിനനുടൻ പവനനും, ചിവങ്ങളും

മരണമുണ്ടടലിലെന്മതറിയിത്തനയൊരോ

വക മൊഴിഞ്ഞങ്ങറിവുളള ചെറുപുളളിനങ്ങളും.” 339

“ചെറിയ പുളളിനങ്ങളുളളവ ചെറുത്തളവിലേ

തെളികടഞ്ഞൊളികിളർന്ത വളർചൂലമതിന്മേൽ

തിറമുറും കഴുകിളച്ചിതു, തുടിച്ചിതു കയ്യും

ചിലയുമ,ന്നയനവും കനമിടത്തുടനുടൻ

അറിഞ്ഞറിഞ്ഞു പിഴവന്റതറിയിച്ചു, നിരതി-

ച്ചടൽതൊടുത്തനൻ നിചാചര,നെടുത്തെറിഞ്ഞൊരോ

മറുവറുന്ന മലയും മരങ്ങളും കുരങ്ങൻമാർ

മരുവലാരുടൽ പൊടിച്ചെയ്തു മുടിത്തനരെങ്ങും.” 340

“പൊടിപെടിന്റ പട കണ്ടളവു കുമ്പകരുണൻ

പുവനമേ കുലയുമാറലറിനാ,നവനിമേൽ

നടുങ്ങി വീഴ്‌ന്തിതരിവീരർ ചില,രാഴിതന്നുടെ

നടുവുമെണ്ടിചൈയുമായിതു ചിലർക്കു നിലയം,

കൊടിയ കുഞ്ചരമെന്നുംപടി നടന്തിടയിടെ

കുതർന്നെല്ലാരെയും വരിന്റവനെ നിന്റ വിവിതൻ

തടവുതെന്റു തരണീതരമെടുത്തെറിഞ്ഞത-

ത്തടിയന്നെഞ്ചൊടിടപെട്ടു പൊടിപെട്ടുതറവേ.” 341

Generated from archived content: sreeramacharitham31.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here