പതിനൊന്നാം പടലം

“അവനടുത്തുടനിടത്തരിയ വൻപടൈയുമായ്‌

വിവിതൻ നിന്റവൻ, വെടിന്തവർ കുലാന്തകനവൻ,

പവനതംപവനിടംപെരിയ വൻകടൽ കട-

ന്തിവിടെവന്തവനനൂമനങ്ങു നിന്റതരികേ.” 111

“അരികിൽ നിന്റരിവരൻ കുമുതനെന്ററിവുതൊ-

ന്റരുമചേർ പനതൻ മറ്റു, നല്ലവാലിമകനാം

അരിവരൻ പിന്നവനങ്കത,നിതംകിളർവെയ്യോൻ

തിരുനിറംകവരും മെയ്യുളള, തുഴേണനൊരുവൻ.” 112

“ഒരുവചം കിളർ*മുഴുത്തുടൽ ചുവന്തുടനടു-

ത്തിരുവർ നിന്റവർകളോ തൂമൂകതുർമ്മുകരെന്മോർ;

ഒരു കരത്തിടെ മരാമരമെടുത്തതിനുടേ

ചിരം മുറിച്ചെറിഞ്ഞവൻ തെളിവുചേർ തതിമുകൻ.” 113

“മുകമിതം കിളർന്ന തിങ്കൾ മുനിയും വടിവുചേർ-

ന്തികലിൽ വേകതരിചിപ്പെയരിനാനി,രുവർ കാൺ

ചെകം വിളങ്കിന ചൂവേതനോടു ചോതിമുകനെ-

ന്റകമറിന്തരുളിലങ്കമന്നനേ,യഴകുതായ്‌.” 114

“അഴകുതായ്‌ നിൻമുടിവിന്നരചർനായകരുമായ്‌

പിഴയില്ലാതമതിയൺപിന വിപീഴണനയ്യാ,

തഴയുടേ നിഴലിൽ നിന്റതു; തഴൈത്തവർ തൊഴും

കഴൽതകും കവികുലത്തരചൻ നിന്റതരികേ.” 115

“കവികുലത്തരചനും കനമരക്കർമണിയും

പുവിയിൽ മിക്കെഴുമിലക്കണകുമാരനവനും

അവനിനായകനിരാമനടിമൈന്തളിർ പണി-

ന്തവനുടെയരികിൽ നിന്റവർകൾ മൂവരുമയ്യ.” 116

“വരുവതിന്നതറിവോം, മനുകുലത്തരചർകോൻ

അരുവുപോർ കരുതി വന്തതൊരുപോതുമഴിയാ;

കരതലത്തിൽ വിലതും ചിലയുമക്കണകളും

കുരുതിയൊത്ത മിഴിയും കുടികെടുക്കും നമ്മെയെ.” 117

“കുടികെടുക്കുംമുന്നമേ കൊടിയ താചരതി ചേ-

വടിയിണൈക്കടിമ പൂവതു മടിത്തരുളൊല്ലാ;

വടിവുമിക്കിലകും മൈതിലിയെയിപ്പൊഴുതിലേ

കൊടു കടുക്കെന നടുക്കമൊടിലങ്കമന്നവാ.” 118

“ഇലങ്കമന്നനിച്ചൊല്ലിന ചൊല്ലാൽ ചിനമുലാവി-

ക്കലങ്കിന കണ്ണോടവർകളെക്കതറിയാട്ടി

വിലങ്കവന്തു ചാരൻ വിനവിന്റതു വെറുത്തേ

മലിന്തപിഴ പോർ കരുതി മായ പുനയിച്ചാൻ” 119

“പുനഞ്ഞ പോർച്ചിലൈയുമപ്പുതിയ ചെങ്കുരുതിയാൽ

നനഞ്ഞ പൊയ്‌ത്തലൈയുമായ്‌ നളിനനായകിയുടെ

മനകനം തളരുമാറു വരുകെന്റുമുരചെ-

യ്തിനിയ മന്തിരിതന്നോടെഴുന്നനൻ തയമുകൻ.” 120

“തയമുകൻ കുതുമതായകങ്ങളായവണ്ണമേ-

റ്റുയിർ മറന്നങ്ങണഞ്ഞാനൊളികൊൾ ചാനകിതൻ മുൻ

തയരതൻമകനുടെ തലൈയും നല്ല ചിലൈയും

കയലിണങ്കും നയനേ, കുരുതിതെന്റുരചെയ്‌താൻ.” 121

Generated from archived content: sreeramacharitham11.html Author: cheeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here