“കാനനങ്കളിലരൻ കളിറുമായ്‌ക്കരിണിയായ്
കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടന്റ-
ന്റാനനം വടിവുളളാനവടിവായവതരി-
ത്താതിയേ, നല്ല വിനായകനെന്മൊരമലനേ,
ഞാനിതൊന്റു തുനിയിന്റതിനെൻ മാനതമെന്നും
നാളതാർതന്നിൽ നിരന്തരമിരുന്തരുൾ തെളി-
ന്തൂനമറ്ററിവെനക്കു വന്നുതിക്കുംവണ്ണമേ
ഊഴിയേഴിലും നിറൈന്ത മറഞ്ഞാനപൊരുളേ!”
ഞാനമെങ്കൽ വിളയിച്ചു തെളിയിച്ചിനിയചൊൽ-
നായികേ, പരവയിൽത്തിരകൾനേരുടനുടൻ
തേനുലാവിന പതങ്കൾ വന്തു തിങ്ങി നിയതം
ചേതയുൾത്തുടർന്നു തോന്റുംവണ്ണമിന്റുമുതലായ്
ഊനമറ്റെഴും ഇരാമചരിതത്തിലൊരു തെ-
ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്‌വാൻ
ഞാനുടക്കിനതിനേണനയനേ, നടമിടെൻ
നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ.“
”താരിണങ്കിന തഴൈക്കുഴൽ മലർത്തയ്യൽമുലൈ-
ത്താവളത്തിലിളകൊളളുമരവിന്തനയനാ,
ആരണങ്കളിലെങ്ങും പരമയോകികളുഴ-
ന്റാലുമെന്റുമറിവാനരിയ ഞാനപൊരുളേ,
മാരി വന്തതൊരു മാമലയെടുത്തു തടയും
മായനേ, അരചനായ് നിചിചരാതിപതിയെ
പോരിൽ നീ മുന്നം മുടിത്തമയെടുത്തു പുകഴ്‌വാൻ
പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ.“
”അരുവൈ പാതിയുരുവായ പരനേ, ചരണതാ-
രകകുരുന്തുകൊടു തന്തതം നി നൈന്തുകൊൾവവ-
ർക്കരിയ വൻപിറവിയാം തുയരറുത്തുകളവോ-
രചുരനാചകരനേ, വിചയൻ വിൽത്തടിയിനാൽ
തിരുവുടമ്പുടയുമാറ്റന്തവന്നപിമതം
തെളുതെളുപ്പിൽ വിളയിച്ചു തെളിയിച്ച ചിവനേ,
അരചനാകി മതുചൂതനനിരാവണനെ വെ-
ന്റമയെനക്കു പുകഴ്‌വാൻ വഴി വരം തന്നരുളേ.“
”വഴിയെനക്കു പിഴയാതവണ്ണമുറ്റരുൾചെയ്യെൻ
മനകുരുന്തിലിളകൊണ്ടു, പുനൽകൊണ്ടു വടിവാ-
ണ്ടെഴുന്ത കൊണ്ടൽപതറും നെറിതഴത്തകുഴലീ,
ഇളമതിക്കു തുയർ പൊങ്ങി വിളങ്ങിന്റ നുതലീ,
ചുഴല നിന്റകിലലോകം വണങ്കിന്റ കഴലീ,
തുകിൽ പുലിത്തൊലികൊളളിന്റരനു തൻ കണ്ണിണപെ-
ട്ടഴിവുപെട്ട മലർവില്ലിയെയനങ്കനെ-
യവ്വളവുതോറ്റിന പെരുപ്പമുളള വെപ്പിൻമകളേ!“
”മകരകേതനനുടെ ചെനകനായർമകനായ്
വളരുമെങ്കൽ മറിമായൻ മണിമാർവിലിളകൊ-
ണ്ടകിലലോകങ്ങളിലും നിറഞ്ഞുനിന്നരുളുവോ-
രമലകോമളപയോതിതനയേ, അരചനായ്
ചെകങ്കളേഴും ഉലയിക്കുമന്നിചാചരവരൻ
ചിരങ്ങൾ പത്തുമങ്ങറുത്ത മനുവീരചരിതം
പുകഴുമെന്നെയിന്നു നോക്കിയരുൾവാക്കുടയ വേൽ-
പൊരുതു ചേലിടഞ്ഞിഴുന്റിന കടക്കൺമുനയാൽ.
“ഇടഞ്ഞു താനവരൈ വേരറ മുടിക്കുമടലിൽ വൻ-
പിലകുമിന്തിരനുമങ്കി നമനും നിരുതിയും
കുടിലവാരിപതി വായുവളകേചനരനും
കുളിർനിലാമതിവെയ്യോനുമുരകാതിപതിയും
വടിവുചേരവനിമാതുമയനും വിണ്ണവരും
മയിടനാചിനിയും മുക്കണ്ണർകനൽക്കണ്ണിലെഴും
കൊടിയ പൈരവിയും ആനനങ്ങളാറുളളവനും
കുതുമവാണനുമെനക്കു തുണയാകയിതിനേ.”
തുണയെനക്കിതിനു മിക്കവരു,മുൾക്കനമേറ-
ച്ചുരുങ്കിനോരകതിയെന്ററിഞ്ഞു നല്ലവരെല്ലാം,
പണിയിതർക്കിവനെനക്കരുതി നൊയ്യവർകളും,
പകയരാവതിനറപ്പരെന്നൊടൊപ്പമുടയോർ,
പിണങ്ങുവോരില്ലയെന്നും പൊഴുതു പോയിടയിട-
പ്പിഴമുഴുക്കിലും, എനത്തെളിഞ്ഞരക്കരെ മുന്നം
മണിവർണ്ണൻ മനുചനായ്‌പ്പൊരുത പോർക്കൊടുമതൻ
വഴിയുരൈപ്പതിനു കോലിനതെൻ മേതകൊടു ഞാൻ“
”മേത നൽകുക കവീന്തിരരിൽ മുമ്പുടയ വാ-
ന്മീകിയും പിന്നെ വിയാതനുമെനക്കതികമായ്
വേതവിത്തു നല്ലകത്തിയനൊരോ വകവകൈ
വേരിതിഴ്‌ക്കിന തമിഴ്‌ക്കവി പടൈത്ത മുനിയും
ഓതയിൽ തുയിലുമണ്ണൻ വിണ്ണുളാർ പുകഴ വ-
ന്തൂഴിയിൽ തചരതൻതനയനായവതരി-
ത്താതികാലമുളളരുന്തൊഴിൽകൾ ചെയ്‌തവ കഴി-
ഞ്ഞാഴിമാനിനിയെ മീണ്ട വഴി കൂറുവതിനായ്.“
”ആഴിമാതിനെ നിചാചരവരൻ കവർന്നുകൊ-
ണ്ടാടിമാതങ്കൾ വരുംമുന്നം മറന്ത വഴിയേ
ഊഴിമീതു നടന്നന്റു കവിമന്നനുറവാ-
യോടിനാടുകെനവേയരികൾ നാലു തിചൈയും
കീഴുമേലും വിനവിന്റളവിൽ വായുതനയൻ
കേടില്ലാത മതിയൊടു തിരയാഴി കടന്ന-
മ്മാഴനീൾമിഴിയെ മൈതിലിയെ നേടിയൊരിരാ
മാൽപുനന്തമയുരൈപ്പതിനരിപ്പമെങ്ങളാൽ.“
”മാൽപുനന്തവനറിന്തണഞ്ഞങ്ങങ്കുലീയവും
മാലവാർകുഴലിലെഴും മണികൈക്കൊളളുംമുന്നേ
വേൽപൊരുന്ന മിഴിയാൾക്കു നൽകിയപ്പൊഴുതിലേ
മേതിൽ വീഴ്‌ന്തടിപണിന്തു വിടയും തൊഴുതുപോയ്
ചേൽപൊരുന്തുമരിവീരൻ അലയാഴി കടന്ന-
ത്തീരമെയ്‌തിയിരുന്നൊൺ കവികൾ ചൂഴ്‌ന്തിനായ പൈ-
മ്പാൽ പൊരുന്തും മൊഴിയാൽ മൊഴിന്തനൻ തൊഴുതെല്ലാം
പാർമന്നൻതന്നൊടു മൈതിലിയുടേ ചരിതമേ.“
Generated from archived content: sreeramacharitham1.html Author: cheeraman