ആധുനിക മലയാളഭാഷ

ഒരു ഭാഷയുടെ ഉൽക്കർഷവും അപകർഷവും, അതു സംസാരിക്കുന്ന ജനസാമാന്യത്തിന്നു സിദ്ധിച്ചിട്ടുളള ബുദ്ധിസംസ്‌കാരത്തിന്റെ മാത്രയേ ആശ്രയിച്ചാണിരിക്കുക. ഉദ്‌ബുദ്ധമായ ഒരു ജനസമുദായം ഉപയോഗിക്കുന്ന ഭാഷ ഉന്നതപദവിയേ പ്രാപിച്ചിരിക്കും;പാമരജനങ്ങളുടെ മാതൃഭാഷ പ്രാകൃതസ്ഥിതിയിലുമായിരിക്കും. ഒരുവന്റെ ഉളളിൽ വ്യാപരിക്കുന്ന ആശയങ്ങളെ വെളിപ്പെടുത്തുന്നതിനുളള ഉപായമാണു ഭാഷ എങ്കിൽ, ഓരോ നാട്ടുകാരുടേയും പരിഷ്‌കാരനില അവരുടെ നാട്ടുഭാഷയിൽ പ്രതിഫലിച്ചു കാണാതിരിക്കയില്ല. ജനസമുദായങ്ങൾക്കും അവരുടെ ഭാഷകൾക്കും ഈ വിധം ഒരു ബന്ധമുളളതിനാൽ, ഒന്നിന്റെ നില അറിഞ്ഞാൽ, മറ്റതിന്റെ നില ഊഹിക്കാൻ കഴിയുന്നതാണ്‌. ഇന്ത്യയുടെ പൂർവ്വചരിത്രം മിക്കതും, സംസ്‌കൃതഗ്രന്ഥങ്ങളിൽ നിന്ന്‌ ഈ വിധം ഊഹിച്ചു തിട്ടപ്പെടുത്തിയിട്ടുളളതാകുന്നു. നമ്മുടെ പൂർവ്വികൻമാർ അന്നന്നു നടക്കുന്ന സംഭവങ്ങളെ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിൽ വിമുഖരായിരുന്നതിനാൽ, ഭാരതീയരുടെ പൂർവ്വചരിത്രം നിർണ്ണയിക്കുന്നതിന്‌, ശ്രുതിസ്‌മൃതീതിഹാസപുരാണാദിഗ്രന്ഥങ്ങളും ശിലാലേഖനങ്ങളുമല്ലാതെ മറ്റെന്താണ്‌ ആധാരം?

അതിനാൽ, ഭാഷയ്‌ക്കും അതു സംസാരിക്കുന്ന ജനങ്ങൾക്കുമുളള ഈ പരസ്‌പരബന്ധമനുസരിച്ചു നോക്കുന്നതായാൽ, മലയാളഭാഷയ്‌ക്കു സാമാന്യം ഉത്തമമായൊരു നിലയ്‌ക്കുതന്നെ അവകാശ മുളളതായിട്ടാണ്‌ ഇപ്പോൾ ഇരിക്കുന്നത്‌. ‘കോരപ്പുഴ’ കടന്നാൽ കുലം കെടും എന്നു കരുതി ഒതുങ്ങിയിരുന്നവർ, ഇക്കാലത്ത്‌, പുഴകളല്ല അനേകം വൻകടലുകൾതന്നെ കടന്ന്‌, പരിഷ്‌കൃതമായ പല ദ്വീപാന്തരങ്ങളിലും പ്രവേശിച്ചും, താമസിച്ചും സഞ്ചരിച്ചും, ഓരോ സംഗതികളിലും പ്രത്യേകനിപുണതയും ലോകപരിചയവും സമ്പാദിച്ചും വന്ന്‌, പൊതുജനങ്ങളുടെ ഉൽക്കർഷത്തിനായി പ്രയത്നം ചെയ്‌തുവരുന്നു. ഇഹലോകവാസത്തിൽ വെറുപ്പുതോന്നുമ്പോൾ മാത്രം. സഹ്യാദ്രിയുടെ മറുവശത്തേയ്‌ക്കു പോയിരുന്നതുനിമിത്തം,‘ദേശാന്തരം പോയി’ എന്നു പറഞ്ഞ്‌, ഇഹലോകവ്യാപാരം വെറുത്തു എന്നർത്ഥം മനസ്സിലാക്കിക്കൊണ്ടിരുന്ന മലയാളികൾ ഇപ്പോൾ ഭൂഖണ്ഡത്തിന്റെ സകലഭാഗങ്ങളിലും ചെന്നുകൂടി, ഇഹലോകവ്യാപാരത്തിന്നുപയുക്തങ്ങളായ നല്ലനല്ല ഉപകരണങ്ങൾ തിരഞ്ഞെടുത്തു ശേഖരിച്ചുകൊണ്ടാണിരിക്കുന്നത്‌. ഇങ്ങനെ സ്വന്തം നാട്ടുകാർ വഴിക്കും, ഉൽകൃഷ്‌ടരാജ്യക്കാരായ മറുനാട്ടുകാരുമായി പലവിധത്തിലും വന്നുചേർന്നിട്ടുളള ഇടപാടുകൾ വഴിക്കും പൊതുജനങ്ങളുടെ സ്‌ഥിതിയിലും സാമാന്യമായ ഒരുൽക്കർഷം ഉണ്ടായിട്ടുണ്ടെന്നുളളതിനു

സംശയമില്ല. ഉത്‌പതിഷ്‌ണുക്കളായ മേല്‌പ്പറഞ്ഞ ജനങ്ങളുടെ ആവക പ്രയത്‌നങ്ങൾ നിമിത്തം, മലയാളഭാഷയുടെ പ്രസിദ്ധിയും മറ്റു രാജ്യങ്ങളിൽ ധാരാളം എത്തിയിരിക്കുന്നു. എന്നു മാത്രമല്ല, കല്‌ക്കത്ത മുതലായ പ്രദേശങ്ങളിലെ സർവ്വകലാശാലകളിൽ മലയാളം ഉപഭാഷകളിൽ ഒന്നായി നിശ്ചയിക്കേണ്ട സംഗതിയും അധികൃതന്‌മാരുടെ ആലോചനയ്‌ക്കു വിഷയമായിത്തീർന്നിട്ടുണ്ടെന്നാണറിയുന്നത്‌. ചുരുക്കിപ്പറയുന്നതായാൽ, മലയാള ഭാഷ സംസാരിക്കുന്ന ജനങ്ങൾ ഇപ്പോൾ സാമാന്യം നല്ലൊരു നിലയിലെത്തീട്ടുണ്ടെന്നു പറയാവുന്നതാണ്‌. ആ സ്ഥിതിക്ക്‌ ആ ഭാഷയും, ഏകദേശമെങ്കിലും അതിനു തക്ക ഒരു നിലയിൽ, എത്തിയിരിക്കേണ്ടതാണല്ലോ. എന്നാൽ പ്രസ്‌തുത ഭാഷയുടെ കാര്യത്തിൽ, ഈ സംഗതി വളരെ വ്യത്യാസപ്പെട്ടു കാണുന്നു. ഇപ്പോഴത്തെ ഭാഷാസ്‌ഥിതിയിൽനിന്ന്‌, മലയാളികളുടെ സ്‌ഥിതി ഊഹിക്കുന്നതായാൽ, വാസ്‌തവത്തിലുളളതിൽനിന്ന്‌ എത്രയോ താണ ഒരു നിലയിൽ നാം ഇരിക്കേണ്ടതായിത്തീരും!

പരസ്‌പരബന്ധമുളള രണ്ടു വസ്തുക്കൾ സ്വഭാവവിരുദ്ധമായി ഇങ്ങനെ പരസ്‌പരം ഭേദപ്പെട്ടിരിക്കേണമെങ്കിൽ അതിനു ചില പ്രത്യേകകാരണങ്ങളും ഉണ്ടായിരിക്കണമല്ലോ. മലയാളഭാഷയുടെ അഭിവൃദ്ധിയെ തടയുന്നതിനുളള കാരണങ്ങളിൽ പ്രധാനമായിട്ടുളളത്‌, അഭിവൃദ്ധി വരുത്തുവാൻ അവകാശപ്പെട്ടവരുടെ ഇക്കാര്യത്തിലുളള സ്വാർത്ഥപരത, അല്ലെങ്കിൽ ഉദാസീനത ഈ രണ്ടിലൊന്നോ, രണ്ടും കൂടിയോ തന്നെയാണ്‌. വിദ്യകൊണ്ടും ലോകപരിചയം കൊണ്ടും മറ്റും, ജനസാമാന്യത്തിന്നുൽക്കർഷമുണ്ടാക്കിത്തീർക്കുന്ന മാന്യൻമാരെയാണ്‌, ഏതുകാലത്തും പൊതുജനങ്ങൾ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നത്‌. അതിനാൽ ഭാഷയുടെ ഓരോ തരത്തിലുളള ഗതിക്കും പ്രധാന ഹേതുഭൂതന്‌മാർ അവർതന്നെ ആയിട്ടേ ഇരിക്കയുളളു. അതു നല്ലമട്ടിലാക്കേണ്ട ചുമതല അവരിൽ നിന്നൊഴിച്ചാലൊഴിയുന്നതുമല്ല. അവർതന്നെ അതാതു ഭാഷയുടെ കുലവും സ്വഭാവവും നോക്കാതെ പെരുമാറിയാൽ, അതു ദോഷപ്പെട്ടുപോകാനേ നിവൃത്തിയുളളു എന്നു വേറെ പറയേണ്ടതില്ലല്ലോ. അങ്ങനെ ഭാഷയ്‌ക്കുണ്ടാകുന്ന കേടുകൾ, വാസ്‌തവത്തിൽ അവർ മനഃപൂർവ്വമായി വരുത്തിക്കൂട്ടുന്നതല്ലെങ്കിലും, മനസ്സിരുത്താഞ്ഞിട്ടു വന്നുകൂടുന്നതാണെന്നുളള സംഗതി അല്‌പം ആലോചിച്ചാൽ അറിയാം.

ഉളളിൽ വ്യാപരിക്കുന്ന ആശയം പുറത്താക്കുന്ന കാര്യത്തിൽ അവനവന്റെ തൽകാലസൗകര്യം മാത്രംനോക്കി, സാധാരണ സംഭാഷണങ്ങളിലും, പ്രായേണ എഴുത്തുകളിലും മലയാളഭാഷയ്‌ക്കു യോജിക്കാത്തവിധം ഇംഗ്ലീഷുവാക്കുകളും, ചിലപ്പോൾ ഇംഗ്ലീഷ്‌ വാചകങ്ങൾതന്നെയും കൂട്ടിക്കലർത്തി, ഒടുവിൽ ഒരു ഭാഷാപദമോ, പ്രത്യയമോ ചേർത്ത്‌ ഭാഷ ചെയ്യുന്ന സമ്പ്രദായം തുടങ്ങിവച്ചതു മുതല്‌ക്കാണ്‌, മലയാളത്തിന്റെ ഗതിയും “ഭാഷ”യൊന്നു മാറിയ മട്ടിലായിത്തുടങ്ങിയത്‌! ആദ്യത്തിൽ ഈ മാതിരി ദുർഘടപ്രയോഗങ്ങൾ, ചില പ്രത്യേക വിഷയങ്ങളേക്കുറിച്ച്‌ സംസാരിക്കുമ്പോൾ മാത്രമായിരുന്നുവെങ്കിലും, ക്രമത്തിലതു വർദ്ധിച്ച്‌ വർദ്ധിച്ച്‌ ആശയം വെളിപ്പെടുത്തുന്ന കാര്യത്തിൽ സൗകര്യത്തിനുലേശംപോലും വ്യത്യാസമില്ലാത്ത സംഗതികളേക്കൂടി കൈയേറി ബാധിച്ചുതുടങ്ങി. ആകപ്പാടെ മലയാളം സംസാരിക്കുമ്പോൾ, ഒരു വാക്യത്തിൽ ഒരിംഗ്ലീഷുവാചകമോ, ചുരുങ്ങിയത്‌ ഒന്നുരണ്ടിംഗ്ലീഷുവാക്കെങ്കിലുമോ, തന്നെത്താനറിയാതെ വന്നുകൂടുമെന്ന വിധത്തിലായിത്തീർന്നിട്ടാണ്‌ ഇപ്പോൾ കണ്ടുവരുന്നത്‌. ഇങ്ങനെ ഭാഷയ്‌ക്കുവല്ലാത്ത പുഴുക്കുത്തു പിടിപ്പിച്ചു കേടുവരുത്തുന്ന സംഗതിയിൽ വല്ലഅർത്ഥവുമുണ്ടോ എന്നുളളതും നോക്കേണ്ടതാണ്‌. ഇംഗ്ലീഷുഭാഷ അറിയുന്നവരോടാണു സംസാരിക്കുന്നതെങ്കിൽ ഈവിധം രണ്ടുംകെട്ട മാതിരിയിൽ അലങ്കോലപ്പെടുത്തിപ്പറയുന്നതുകൊണ്ടു വിശേഷിച്ചൊരു ഫലവും കിട്ടാനില്ല. അതറിയാത്തവരോടു സംസാരിക്കുമ്പോൾ, ഇതും അറിയാത്തതുതന്നെയുമാണ്‌. കോളേജിൽ ചേർന്നു പഠിച്ചു പരീക്ഷയിൽ ജയിക്കുന്നതിനേക്കാൾ, “കോളീജിയേറ്റു സ്‌റ്റഡിക്കു പോയി എക്‌സാമിനേഷൻ പാസാകാതിരിക്കു”ന്നത്‌ ആർക്കും നല്ലതാവാൻ തരമില്ല. സാധാരണ മലയാളികൾക്ക്‌ “ന്യുഹ്സെടുത്തു ഫിറ്റപ്പുചെയ്‌തു താമസിക്കു”മ്പോഴും പുതിയൊരു ഗൃഹം വാങ്ങി ഒരുക്കുകൂട്ടിപ്പാർക്കുമ്പോഴും ഒപ്പം തന്നെയാണോ ഭാരം തോന്നുന്നതെന്നും വിചാരിക്കേണ്ടതുണ്ട്‌. കേൾക്കുന്നവരുടെ നിലഭേദം നോക്കാതെയുളള ഈ മാതിരി സംസാരംകൊണ്ട്‌, താൻപറയേണ്ടതു പറയുക എന്ന ഒന്നു മാത്രമേ പ്രധാനമായി നിർവ്വഹിക്കുന്നുളളു എന്നുളളതു സ്പഷ്ടമാണല്ലോ. അതാണ്‌, പ്രധാനകാരണങ്ങളിലൊന്ന്‌ സ്വാർത്ഥപരതയാണെന്നു മുൻപിൽ പ്രസ്‌താവിച്ചത്‌.

ഇനി, ചില പ്രത്യേകവിഷയങ്ങളെപ്പറ്റിപ്പറയേണ്ടിവരുമ്പോൾ, മലയാളഭാഷയിൽ അതാതിന്നു തക്ക വാക്കുകളില്ലാത്തതുകൊണ്ട്‌ ഇംഗ്ലീഷ്‌ വാക്കുകൾ തന്നെ ഇടകലർത്തേണ്ടിവരുന്നതാണെങ്കിൽ, അതിനേപ്പറ്റിയും അല്‌പം പറയേണ്ടതുണ്ട്‌. ആ മാതിരി സംസാരംകൊണ്ടു വേണ്ടിടത്തോളം ഫലം സിദ്ധിക്കുകയില്ലെന്നുളള സംഗതി ഇരിക്കട്ടെ; അതിനുപുറമെ, ലോകസ്വഭാവത്തിനും ഇതൊട്ടും യോജിക്കുന്നതല്ല. ഏതുകാലത്തും പുതിയ പുതിയ സംഭവങ്ങളും വസ്‌തുക്കളും ആശയങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നതാണല്ലോ ലോകഗതിയുടെ സ്വഭാവം. അതുതന്നെ സമാധാനകാലങ്ങളിലും, മനസ്സംസ്‌കരണം, പരിശ്രമശീലം മുതലായ ഗുണങ്ങൾ അധികമുളള ജനസാമാന്യത്തിന്റെ ഇടയിലും വിശേഷിച്ചും ക്ഷണംപ്രതി വർദ്ധിച്ചുവരുകയും ചെയ്യും. ആവക സംഭവങ്ങളെപ്പറ്റിയും മറ്റും പറയുന്നതിനു വേണ്ട പ്രത്യേകപദങ്ങൾ അതാതുകാലങ്ങളിൽ തന്നെ മറ്റെല്ല ബ്‌ഭാഷകളിലും ഉണ്ടായെന്നു വരുന്നതല്ല. അപ്രകാരം തന്നെ, മതം സമുദായസ്ഥിതി മുതലായതിന്റെ രീതിഭേദം നിമിത്തവും, ഓരോരോ ഭാഷകളിലുളള വാക്കുകൾക്ക്‌ തക്കതായ ഒറ്റ വാക്കുകൾ മറ്റുഭാഷകളിൽ ഇല്ലാതെ വന്നേയ്‌ക്കാം. ചോളം, ബലിക്കല്‌പുര, തിയ്യാട്ട്‌, താലപ്പൊലി മുതലായതോ കാളൻ, കാളിപ്പഴം, കവണി, കണ്‌ഠശരം മുതലായതോ, ഇംഗ്ലീഷിലേ ഒറ്റപ്പദംകൊണ്ടു പറഞ്ഞു മനസിലാക്കാൻ സാധിക്കുന്നതല്ലല്ലോ. അതുപോലെ തന്നെ ഇംഗ്ലീഷിലേ ഒരു വാക്കിനു മലയാളത്തിൽ ഒരുവാചകമോ വാക്യം തന്നെയോ വേണ്ടിവന്നേയ്‌ക്കാം. അതിനാൽ, പുതിയ സംഭവങ്ങളേപ്പറ്റിയും മറ്റം പറയുന്നതിന്നുളള പ്രത്യേക പദങ്ങൾ ഓരോ ഭാഷയിലും ഉണ്ടായി നടപ്പാകുന്നതുവരെ, ആ വക സംഭവങ്ങളേയും ഏർപ്പാടുകളേയും എല്ലാം, വാചകങ്ങൾകൊണ്ടോ, വാക്യങ്ങൾകൊണ്ടോ വിവരിച്ചു മനസിലാക്കുന്നതേ ലോകസ്വഭാവത്തിന്നും ജനങ്ങൾക്കും ചേർന്നതായിത്തീരുകയുളളു. ഇംഗ്ലീഷുകാരുടെ “മോണർക്കി” മലയാളത്തിലെത്തുമ്പോൾ “സ്വായത്തസിദ്ധി” എന്ന പഴയ സംസ്‌കൃതവേഷത്തിൽ വരുന്നതു പുതിയ മോടിയ്‌ക്കു പിടിക്കുന്നില്ലെങ്കിൽ, സ്വതന്ത്രരാജ്യഭരണമോ, രാജാവിന്റെ സ്വതന്ത്രഭരണമോ ആയിവന്നു കുറേക്കാലം പെരുമാറേണ്ടതാണ്‌. “ലാങ്‌കോട്ട്‌” നെടുംകുപ്പായമായാലും അധികം നീളുന്നതല്ലല്ലോ. “കാളർ” കഴുത്തുപട്ടയും, “സ്‌റ്റോക്കിങ്ങ്‌സ്‌” അടിയുറയും ആയാലാണു മലയാളികൾക്കധികം യോജിക്കുന്നതെന്നു തോന്നുന്നു. ഈ മാതിരിയിൽ അസംഖ്യം ജാതിപദങ്ങൾ അർത്ഥം മാത്രമനുസരിച്ച്‌, വേഷം തീരെ മാറ്റിത്തന്നെ, ഭാഷയിൽ കൂട്ടിയിണക്കേണ്ടതായി വരും. സംജ്‌ഞ്ഞാനാമങ്ങൾ അല്ലെങ്കിൽ യദൃച്‌ഛാശബ്‌ദങ്ങൾ എന്ന വർഗത്തിൽപ്പെട്ട പദങ്ങളെപ്പറ്റിയേടത്തോളം ഈ മാർഗ്ഗം അത്ര ശരിയായി വരുന്നതല്ലെങ്കിലും, ആ വക ശബ്‌ദങ്ങളിലും ഓരോരോ ഭാഷകളുടെ വർഗ്ഗഭേദമനുസരിച്ച്‌ ചില വിശേഷമോടി വരുത്തേണ്ടതുണ്ടെന്നുളള സംഗതി പരിഷ്‌കൃതഭാഷകൾ പരിശോധിച്ചാൽ ധാരാളം അറിയാവുന്നതാണ്‌.

തിരുവനന്തപുരം, കൊല്ലം, ചിറമണ്ണൂർ, കോഴിക്കോട്‌ മുതലായ വാക്കുകൾ ഇംഗ്ലീഷിനോടുകൂടി ഇടപ്പെടുമ്പോൾ ട്രിവൻഡ്രം, കൊയിലൂൺ, ഷോർണ്ണൂർ, കാലിക്കറ്റ്‌ എന്നെല്ലാമായി വരുന്നത്‌ ഉച്ചാരണത്തിൽ എത്രയും വൈഷമ്യമുളള അനേകം പദങ്ങൾ നിഷ്‌പ്രയാസം ഉച്ചരിച്ചുവരുന്ന ഇംഗ്ലീഷുകാർക്ക്‌ തിരുവനന്തപുരം എന്നുച്ചരിപ്പാൻ സാധിക്കാഞ്ഞിട്ടല്ല; വർഗ്ഗപ്പിഴ തീർത്തു ഭാഷയുടെ തന്‌മയത്വം വരുത്താൻ വേണ്ടിയാണ്‌. ഗോപാലൻ “ഗോപ്പാൽ” ആകുന്നതും. പിളള “പിളൈള” ആകുന്നതും എല്ലാം ഈ വഴിക്കുതന്നെ. വിദേശവാക്കുകളെ മലയാളത്തിൽ ചേർത്ത്‌ ജാതിഭേദം വരുത്തുമ്പോഴും, ഈ മാതിരി അല്‌പം ചില കർമ്മങ്ങൾ കഴിച്ച്‌, ആകപ്പാടേ മോടിയ്‌ക്കൊരു മാറ്റം ഉണ്ടാക്കിയാലേ, കൂട്ടത്തിൽ പെരുമാറിയാൽ തിരിച്ചറിയാത്തവിധം ഇണക്കം തോന്നുകയുളളു. ഇപ്രകാരം, ഒന്നിനേ മറ്റൊരു വർഗ്ഗത്തിൽ ചേർക്കുന്ന അവസരങ്ങളിലും, വേഷത്തിലെന്നപോലെ ഭാഷയിലും ചിലതിന്നു മാത്രമേ ആകൃതിവ്യത്യാസം വരുത്തേണ്ട ആവശ്യം നേരിടുകയുളളു എന്നുളളതും, അതാതു പദങ്ങളുടെ സ്വരൂപം കണ്ടാൽ ക്ഷണത്തിൽ അറിയാവുന്നതാണ്‌. ജർമ്മനി, ഇറ്റലി, അമേരിക്ക മുതലായത്‌ അതേ രൂപത്തിൽത്തന്നെ മലയാളത്തിലും ഇണങ്ങിക്കൊളളും. ഈജിപ്‌റ്റ്‌, തെംസ്‌, ഓസ്‌റ്റ്‌റ്യാ ഇവ, ഈജിപ്‌തും തിംസയും ആസ്‌ത്രിയയുമായാൽ മതിയാകുമെന്നു തോന്നുന്നു. ഇത്രയും കാണുമ്പോൾ പക്ഷേ, വായനക്കാരിൽ ചിലർ നെറ്റിചുളിച്ചേയ്‌ക്കാം. മറ്റു ചിലർ ഈ ലേഖകന്റെ അഭിപ്രായത്തിൽ പാരീസ്‌ “പരാശയോ”, “പരേശിയോ” എന്താകണമെന്നാണ്‌ എന്നു പരിഹാസചോദ്യവും തുടങ്ങിയേക്കാം. എന്നാൽ, ഭാഷാതത്വജ്‌ഞ്ഞന്‌മാർക്കും ഭാഷാഭിമാനികൾക്കും, പ്രസ്‌തുത സംഗതിയോർക്കുമ്പോൾ വലിയ കുണ്‌ഠിതത്തിനാണിടയുളളത്‌. മലയാളരാജ്യത്തിന്റെ ഒരു ഭൂമിശാസ്‌ത്രമെങ്കിലും നമ്മുടെ സ്വന്തം ഭാഷയിൽ ശരിയായെഴുതണമെങ്കിൽ ഓരോ ദേശങ്ങളിലുംപോയി പഴമക്കാരേക്കണ്ട്‌, അതാതു ദേശത്തിന്റെ മലയാളപ്പേർ മനസിലാക്കിയതിനു ശേഷം മാത്രമേ ആ കാര്യം സാധിക്കുകയുളളൂ എന്ന നിലയിലാണ്‌ ഇപ്പോഴത്തെ ഭാഷാസ്‌ഥിതി വന്നുകൂടിയിരിക്കുന്നതെന്ന്‌ അവരെങ്കിലും ഓർക്കുമെന്നാണെന്റെ വിശ്വാസം. മലയാളഭാഷ സംസാരിക്കുമ്പോൾത്തന്നെ, തിരുവനന്തപുരവും കോഴിക്കോടും ട്രിവൻഡ്രവും കാലിക്കറ്റും മറ്റുമാക്കി ത്തീർക്കുന്നതിന്റേയും, മലയാളത്തിനിടയിൽ ഇംഗ്ലീഷുവാക്കുകളും വാചകങ്ങളും ഇംഗ്ലീഷിലും ഒടുവിൽ “ആൽ” “ന്റെ” മുതലായ പ്രത്യയങ്ങൾ മാത്രം മലയാളത്തിലും എഴുതിവരുന്നതിന്റെയും അനൗചിത്യത്തേപ്പറ്റിപ്പറയുന്നതിനേക്കാൾ, ആവക ഭ്രമത്തിന്റെ ശക്‌തി ഊഹിച്ചറിയുന്നതാണ്‌ നല്ലത്‌. ആകപ്പാടെ അല്‌പം പ്രയത്‌നം ചെയ്യുന്ന കാര്യത്തിൽ ഈവിധം ഉദാസീനത കാണിക്കുന്നതു നിമിത്തം, ഭാഷയ്‌ക്കു വന്നിട്ടുളള ദോഷം എത്രയോ വലുതായിതന്നെ തീർന്നിരിക്കുന്നുവെന്നു പറയാം.

മേൽ പ്രസ്‌താവിച്ച കാരണങ്ങൾക്ക്‌ പുറമെ, ചില നവീനഗ്രന്‌ഥകാരന്‌മാർ വഴിക്കും ഓരോ ജാതി തരക്കേടുകൾ ഭാഷയ്‌ക്കു വന്നു കൂടുന്നുണ്ട്‌. ആ വക ദോഷങ്ങൾ പലതാണെങ്കിലും, മിക്കതും ഭാഷയുടെ ശൈലിയെ സംബന്ധിച്ചുളളവായിട്ടാണ്‌ കണ്ടുവരുന്നത്‌. ഓരോ ഭാഷകളിലും വാക്കുകൾക്കെന്നപ്പോലെ വാചകങ്ങൾക്കും വാക്യങ്ങൾക്കും ഓരോരോ പ്രത്യേക സ്വഭാവമുണ്ടായിരിക്കും. പ്രായേണ, വാക്കുകളുടെ ബന്‌ധക്രമമാണ്‌ ആ സ്വഭാവത്തിനടിസ്ഥാനം. അതു നല്ലവണ്ണം പ്രകാശിച്ചാൽ മാത്രമേ വാചകത്തിനൊരു ജീവനുണ്ടാകുകയുളളു. വാചകത്തിന്റെ ജീവനാണല്ലോ വാചകപുഷ്‌ടിക്കുളള പ്രധാനാസ്‌പദം. ആ വക സംഗതികളിലൊന്നും ശ്രദ്ധ വയ്‌ക്കാതെ, ആംഗ്ല ഭാഷയുടെ ശൈലി മാത്രം നോക്കി വാചകം നിർമ്മിച്ചു മലയാളത്തിന്റെ ജീവൻ കെടുക്കുന്നത്‌ ഒട്ടും ആഗ്രഹിക്കത്തക്കതല്ല. നാം ഭാഷ പഠിക്കേണ്ടതിനു പകരം, ഭാഷ നിർമ്മിക്കാൻ തുടങ്ങിയാൽ, അതു നല്ല ഭാഷയായി വരുകയില്ല. നേർവഴി മലയാളത്തിൽത്തന്നെ ആശയം വെളിപ്പെടുത്തുവാൻ നോക്കാതെ, ഇംഗ്ലീഷിൽ വാക്യം നിർമ്മിച്ച്‌, അതിനേ മലയാളവേഷം കെട്ടിപ്പാൻ പുറപ്പെടുന്നതുകൊണ്ടാണ്‌ ഈ വിധം ഭാഷാശൈലി വിടേണ്ടി വരുന്നത്‌. ഓരോ ഇംഗ്ലീഷ്‌ പദത്തിന്റേയും സ്‌ഥാനത്ത്‌ ഓരോ മലയാള പദംവച്ച്‌ കൂട്ടികെട്ടി വാക്യമുണ്ടാക്കേണ്ടിവരുന്നതും, പദത്തിന്‌ പദം കിട്ടാതെ കുഴങ്ങി ഭാഷയിൽ വാക്കില്ലെന്ന്‌ ആവലാതി പറയേണ്ടിവരുന്നതും, അധികവും ഈ വളഞ്ഞവഴിക്ക്‌ പുറപ്പെട്ടിട്ടുണ്ടാക്കിത്തീർക്കുന്ന അനർത്ഥങ്ങളാണ്‌. ഭാഷയിൽ നേരെ തന്നെ പറയുന്നതായാൽ മിക്ക സംഗതികളിലും യാതൊരു കുഴപ്പത്തിനും സംഗതിവരില്ലെന്നുമാത്രമല്ല, ഇംഗ്ലീഷിലും മറ്റും പദാർത്ഥമാകാവുന്നത്‌ മലയാളത്തിൽ വാക്യാർത്ഥമായി വരേണ്ടത്‌ അങ്ങനേയും നേരെ മറിച്ച്‌ വേണ്ട ദിക്കിൽ അങ്ങനെയും, തന്നെത്താനറിയാത്തവിധം എളുപ്പത്തിൽ ശരിയാക്കാവുന്നതുമാണ്‌. ആ സ്ഥിതിക്ക്‌, നഷ്‌ടം വരാത്ത ഉപകാരം ചെയ്‌വാൻ മടിച്ച്‌ ബുദ്ധിമുട്ടുവാൻ ഒരുങ്ങുന്ന സമ്പ്രദായം സ്വീകരിച്ചിട്ടാണ്‌, ഈ വിധത്തിൽ ഭാഷയുടെ ജീവൻ കുറഞ്ഞുപോകുന്നതെന്നുതന്നെ പറയേണ്ടതായിക്കാണുന്നു.

വേറൊരുവിധത്തിൽ ഭാഷാശൈലിക്കു കേടുതട്ടിക്കുന്ന ദോഷം, പുതിയ ഗ്രന്ഥങ്ങളിലും മറ്റും അധികഭാഗവും സ്ഥലംപിടിച്ചുകൂടീട്ടുളള കർമ്മണി പ്രയോഗമാണ്‌. ഭാഷയിൽ അത്‌ കൃത്രിമമാണെന്നും, അഭംഗിയാണെന്നും ഈ ലേഖകൻതന്നെ പല തവണവും പ്രസ്‌താവിച്ചിട്ടുണ്ട്‌. എങ്കിലും മുൻപറഞ്ഞ ദോഷത്തേക്കാൾ എത്രയോ മാറ്റധികം ഭാഷാശൈലിയെ ദുഷിപ്പിക്കുന്ന ഇതിനെപ്പറ്റി ഇവിടെയും രണ്ടു വാക്കു പറഞ്ഞേക്കാം. സംസ്‌കൃതം, ഇംഗ്ലീഷ്‌ മുതലായ ഭാഷകളിൽ “കൃദന്തം” അല്ലെങ്കിൽ “പേരെച്ചം” എന്ന ഇനത്തിൽപ്പെട്ട പദങ്ങൾ അതാതു ക്രിയകളുടെ കർത്തൃകർമ്മങ്ങളേ മാത്രമേ പ്രധാനമായിക്കുറിക്കുന്നുളളു. സംസ്‌കൃതത്തിൽ മറ്റു ചില കാരകങ്ങളേയും ദുർല്ലഭം കുറിക്കുമെങ്കിലും, ആ വക ശബ്‌ദങ്ങൾ മിക്കതും, പേരെച്ചം എന്ന അംശംവിട്ട്‌ നാമങ്ങളെപ്പോലെ യായിത്തീർന്നിട്ടുളളതാണ്‌. ഈ സംഗതിയനുസരിച്ച്‌, കർത്തൃകർമ്മപ്രയോഗങ്ങളടങ്ങിയ കൃദന്ത ശബ്‌ദങ്ങൾ ചേർന്നുണ്ടായ വാക്യങ്ങളെപ്പോലെ കേവലം കർത്തൃകർമ്മപ്രയോഗങ്ങളും ആ വക ഭാഷകളുടെ ശൈലിക്കു യോജിച്ചുവരുന്നു. മലയാളഭാഷയിൽ പേരെച്ചങ്ങൾ എല്ലാ കാരകങ്ങളെയും ഒരുപോലെ പ്രധാനമായിത്തന്നെ കുറിക്കും. അതുകൊണ്ട്‌ പേരെച്ചങ്ങൾ ചേർന്നുണ്ടായ വാക്യങ്ങളിൽ, കരണപ്രയോഗവും, അധികരണപ്രയോഗവും എല്ലാം അടങ്ങിക്കൊണ്ടുവരുന്നതാണ്‌. അവയ്‌ക്കെല്ലാം ശബ്‌ദരൂപം ഒന്നുതന്നെയുമാണ്‌. ആ സ്‌ഥിതിക്ക്‌ കർമ്മത്തേമാത്രം കൂട്ടത്തിൽ നിന്ന്‌ പിരിച്ച്‌ ഒറ്റയ്‌ക്ക്‌ പെടുത്തുന്നത്‌ അനാവശ്യകവും, കൃത്രിമപ്രയോഗവും ആവാനേ വഴിയുളളു. ഇതിനും പുറമെ, “പെടുക” എന്നതു വാസ്‌തവത്തിൽ നാമങ്ങളിൽ നിന്ന്‌

ക്രിയകളുണ്ടാക്കുവാൻ മാത്രം ഉപയോഗപ്പെടുത്തേണ്ട ശബ്‌ദവുമാണ്‌. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ, പ്രയോഗവിശേഷങ്ങളെപ്പറ്റിയേടത്തോളവും, മറ്റു ഭാഷകളുടെ ശൈലിക്കും മലയാളത്തിന്റെ ശൈലിക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നുളളത്‌ സ്‌പഷ്‌ടമായല്ലോ. സൂക്ഷ്‌മം നോക്കിയാൽ ഭാഷയിൽ കർമ്മണിപ്രയോഗമാണ്‌ പറഞ്ഞുവരുന്ന മാതിരിയിലുളള വാക്യങ്ങൾ തന്നെ അസംബന്ധമാണെന്നും, ആ അസംബന്ധം പരിഹരിക്കണമെങ്കിൽ ചില പ്രത്യേകനിയമങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്നും ഉളള സംഗതിയും ഭാഷാതത്വജ്‌ഞ്ഞന്‌മാർക്ക്‌ അനുഭവപ്പെടുന്നതാണ്‌. ഏതായാലും ഇതും വേണ്ടാതെ വരുത്തിക്കൂട്ടുന്ന ഒരു ശൈലീഭംഗമാണെന്ന്‌ തീർച്ചതന്നെ.

ഇനി, “വാളെടുത്തവരൊക്കെവെളിച്ചപ്പാട്‌” എന്ന ന്യായമനുസരിച്ച്‌, ഗ്രന്ഥകർത്താക്കന്‌മാരായിത്തീർന്നിട്ടുളളവരേപ്പറ്റിയാണ്‌ അല്‌പം പറവാനുളളത്‌. ഇവർവഴിക്കു ഭാഷയ്‌ക്ക്‌ വന്നുചേർന്നിട്ടുളള ന്യൂനതകൾ, ഇന്നിന്നതെല്ലാമാണെന്നോ, ഇന്നിന്നതരത്തിൽപ്പെട്ടതാണെന്നോ പറയത്തക്ക സ്‌ഥിതിയിലുളളതല്ല. സംസ്‌കൃതപദങ്ങളിൽ ഭാഷയ്‌ക്ക്‌ യോജിക്കുന്നതും യോജിക്കാത്തതും ഏതേതെല്ലാമെന്നൊന്നും നോക്കാതെ ഒരു ഇംഗ്ലീഷ്‌ സംസ്‌കൃതനിഘണ്ടുവിന്റെ സഹായത്തോടുകൂടി, ഇംഗ്ലീഷിൽ വാക്യം രചിച്ച്‌, സംസ്‌കൃതത്തിൽ മലയാളീ​‍്‌കരിച്ചാൽ ഏതെല്ലാം ദോഷങ്ങൾ വരാമോ അതെല്ലാം ഭാഷയ്‌ക്ക്‌

കിട്ടീട്ടുണ്ടെന്ന്‌ ചുരുക്കത്തിൽ പറയാം.

ദോഷങ്ങളെക്കുറിച്ച്‌ ഇത്രത്തോളം വിസ്‌തരിച്ചു പറഞ്ഞതുകൊണ്ട്‌, മലയാളഭാഷയിൽ മുൻപില്ലാത്ത അനവധി ദോഷങ്ങൾ കടന്നുകൂടി അതു സാമാന്യത്തിലധികം ദുഷിക്കുകമാത്രം ചെയ്‌തിട്ടുണ്ടെന്നും, അതിനാൽ ആധുനികമലയാളഭാഷ പുരാതനഭാഷയെക്കാൾ വളരെത്താണ നിലയിലാണ്‌ ഇരിയ്‌ക്കുന്നതെന്നും ധരിക്കരുത്‌. ഏകദേശം മുപ്പതുകൊല്ലത്തിനിപ്പുറമുളള കാലംകൊണ്ട്‌, നമ്മുടെ ഭാഷയ്‌ക്ക്‌ ആശാസ്യമായ അഭിവൃദ്ധിയും ഉണ്ടായിട്ടുണ്ട്‌. ഒന്നാമതായി ഗദ്യപുസ്‌തകങ്ങളുടെ കാര്യംതന്നെ നോക്കാം. ദുർല്ലഭം ചില വ്യാഖ്യാനങ്ങളും, ഒന്നോ രണ്ടോ സ്വതന്ത്രഗ്രന്ഥങ്ങളും മാത്രമേ അക്കാലത്തു ഭാഷയിൽ ഉണ്ടായിരുന്നുളളു. അതിനാൽ ഗദ്യഗ്രന്‌ഥങ്ങൾ തീരെ ഇല്ലെന്നുതന്നെ പറയത്തക്കനിലയിൽ ഇരുന്നിരുന്ന മലയാളത്തിൽ, ഇപ്പോൾ വിവിധവിഷയങ്ങളിലും ആ വക ഗ്രന്‌ഥങ്ങൾ പലതുമുണ്ടെന്നു പറയാറായിരിക്കുന്നു. അതിലും വിശേഷിച്ച്‌, ഭാഷാശൈലിക്കുനല്ലവണ്ണം പിടിച്ച വാചകങ്ങളാണെങ്കിലും, വാക്യങ്ങൾ വേണ്ടാതെ വലിച്ചുനീട്ടി വളച്ചുകെട്ടീട്ടുളള പഴയ സമ്പ്രദായത്തിൽനിന്ന്‌, നല്ല ഭാഗങ്ങൾ മാത്രം സ്വീകരിച്ചും, പോരാത്തതു പുതുതായി സൃഷ്‌ടിച്ചും, ഭാഷയിൽ നല്ലൊരു ഗദ്യരീതി നിലനിർത്തുന്നതിന്നുതകത്തക്കവണ്ണം, നിർമ്മിച്ചിട്ടുളള ചില ഗ്രന്‌ഥങ്ങളും ഇപ്പോൾ നമുക്കു സിദ്ധിച്ചിട്ടുണ്ട്‌. മാസികകൾ, വർത്തമാനപ്പത്രങ്ങൾ മുതലായവവഴിക്കും ഭാഷയ്‌ക്കു ഗണനീയമായ അഭിവൃദ്ധി ഇക്കാലത്തിന്നിടയിൽ ഉണ്ടായിരിക്കുന്നു. പദ്യഗ്രന്ഥങ്ങളുടെ സംഗതി നോക്കിയാലും, അതുപ്രകാരംതന്നെ അസാധാരണമായൊരു വർദ്ധനയാണ്‌ ഈ അല്‌പകാലത്തിനുളളിലുണ്ടായിട്ടുളളത്‌. സംസ്‌കൃതവിഭക്‌തിപ്രയോഗങ്ങൾ “കണക്കും കൈയുമില്ലാ”തെ എല്ലാംകൂടി ഒരു “ബഹള”മായിരുന്ന സമ്പ്രദായം വിട്ട്‌, സുകുമാരമായ നല്ലൊരു മലയാളപദ്യരീതി നിലനില്‌ക്കുമെന്നു വിശ്വസിക്കാറായിട്ടുളളതും ഈ അടുത്തകാലത്തിന്നിടയിലാണ്‌. പക്ഷേ, ആ വക ഗ്രന്‌ഥങ്ങളുടെ കൂട്ടത്തിലും മേൽ പ്രസ്‌താവിച്ച ദോഷങ്ങൾ ധാരാളമുളളതും പദ്യത്തിനു വേണ്ട പ്രത്യേകഗുണങ്ങളില്ലാത്തതും ആയി പലതും ഉണ്ടായിരിക്കാം. വാസ്‌തവത്തിൽ കവിതയെന്നു പറയാവുന്നതു വളരെ ദുർല്ലഭമായിരിക്കാം. എന്നാൽ, ഏതു ഭാഷയിൽ നോക്കിയാലും അനവധി ഗ്രന്‌ഥങ്ങളുടെ കൂട്ടത്തിൽ ഒന്നോ രണ്ടോ മാത്രമേ ഗുണം തികഞ്ഞ കവിതയെന്നു ഗണിക്കത്തക്കതായി കാണുകയുളളു. അതു വിശിഷ്‌ടവസ്‌തുക്കളുടെ സ്വഭാവമാണ്‌. കൗമുദിയുടെ സ്ഥിതിതന്നെ നോക്കുക; സാധാരണ കൗമുദി മിക്കദിവസങ്ങളിലും ഉണ്ടാകുന്നുവെങ്കിലും, മാസത്തിലൊരിക്കൽ മാത്രമേ ഗുണങ്ങളെല്ലാം തികഞ്ഞു കാണുന്നുളളു. അതുതന്നെ ചിലപ്പോൾ പല ദോഷങ്ങളും വന്നുകൂടി മങ്ങിപ്പോയെന്നും വരും. മാസികാകൗമുദിയും മാസത്തിലൊരിക്കൽ ഉണ്ടകുമെങ്കിലും, എല്ലാ അവസരങ്ങളിലും വേണ്ടിടത്തോളം നന്‌മകൾ തികഞ്ഞുതന്നെ പുറപ്പെട്ടു എന്നു വരുന്നതല്ലല്ലോ. വാസ്‌തവത്തിൽ, മലയാളഭാഷയ്‌ക്ക്‌ ഇക്കാലത്തിനുളളിൽ പല ദോഷങ്ങൾ വന്നുകൂടീട്ടുളളതിന്റെയും തത്ത്വം, ഇപ്രകാരമുളള ഒരു സ്വഭാവവിശേഷം തന്നെയാണെന്നു പറയേണ്ടിയിരിക്കുന്നു. ഗുണങ്ങൾ സാധാരണയിൽ കവിഞ്ഞ വേഗത്തിൽ കൂട്ടംകൂട്ടമായി വന്നുചേരുമ്പോൾ മാത്രമാണ്‌. അതിന്റെ കൂട്ടത്തിൽ ചില ദോഷങ്ങൾക്കും കടന്നുകൂടുവാൻ തരംവരുന്നത്‌. സാവധാനത്തിൽ തിരഞ്ഞെടുത്തു ചേർത്തുവെയ്‌ക്കുന്നതിലോ, പ്രത്യേകം പരിശോധിച്ചു ശേഖരിക്കുന്നതിലൊ കേടുംപതിരും ഉണ്ടാകുന്നതല്ലല്ലോ. ഒന്നായിക്കൂടുമ്പോൾ ഉൾപ്പെട്ടിട്ടുളള ദോഷങ്ങളെ പിന്നീടു പരിഹരിച്ചു നേരെയാക്കുക എന്നുളളത്‌, അതാതിന്നു ചുമതലപ്പെട്ടവരുടെ കർത്തവ്യ കർമ്മമായിട്ടാണു വിചാരിക്കേണ്ടതും.

ഭാഷകൊണ്ടു കൈകാര്യം ചെയ്‌വാൻ മലയാളികൾക്കെല്ലാം ഒരുപോലെ അവകാശമുളളതുകൊണ്ട്‌, അതിന്റെ കേടുതീർത്തു നന്നാക്കുന്നതിനുളള ചുമതലയും അവർക്കെല്ലാം പ്രത്യേകം തന്നെയുണ്ടെങ്കിലും, ഒത്തൊരുമിച്ചു പലരുംകൂടി പണിയെടുത്താലല്ലാതെ, ഒന്നോ രണ്ടോ ആൾമാത്രം ശ്രമിച്ചതുകൊണ്ട്‌ കാര്യം സാധിപ്പാൻ കഴിയുന്നതല്ല. മലയാളത്തിലെ ജനങ്ങളെല്ലാംകൂടി ഈ ജോലിക്കു തുനിഞ്ഞിറങ്ങുക എന്നുളളതു സംഭവിക്കാവുന്നതുമല്ല. ആ നിലയ്‌ക്കു ഒരു പ്രത്യേക സംഘംവഴിയായിട്ടേ പ്രസ്‌തുതകാര്യം വേണ്ടതുപോലെ നിറവേറ്റുവാൻ നിവൃത്തികാണുന്നുളളു. എന്നു മാത്രമല്ല, ആ വഴിക്കു ശ്രമിക്കുന്നതാണ്‌ ഉത്തമമെന്നുളളതിന്നു ചിലദൃഷ്‌ടാന്തങ്ങളും ഇപ്പോൾ നമുക്കു സിദ്ധിച്ചിട്ടുണ്ട്‌. വിദേശഭാഷകളുടെ കൈയേറ്റം നിമിത്തം, തമിൾ, തിലുങ്കു,മുതലായ സഹോദരഭാഷകളും മലയാളംപോലെയോ അതിലധികമായോ ദുഷിച്ചുകൊണ്ടാണ്‌ ഇപ്പോളിരിക്കുന്നത്‌. ആ വക ദോഷങ്ങളെ പരിഹരിക്കുന്നതിനും, ഭാഷാപോഷണത്തിനും ആയി, ഓരോ സംഘം ഏർപ്പെടുത്തി ആ വഴിക്കാണു തമിഴ്‌ഭാഷാക്കാരും, തിലുങ്കുഭാഷക്കാരും ഇപ്പോൾ ശ്രമിച്ചുവരുന്നതും. എന്നാൽ പ്രകൃതാനുപ്രകൃതമായിട്ടാണെങ്കിലും ഒരു സമയം പ്രസ്‌തുതത്തിലും ഉപയോഗപ്പെടാവുന്ന ഒരു സംഗതി ഇവിടെ പറയേണ്ടതുണ്ട്‌. മേൽക്കാണിച്ച സഹോദരഭാഷാസംഘങ്ങളിൽ തിലുങ്കുസംഘത്തിൽപെട്ടവർ, ആലോചന തുടങ്ങിയപ്പോൾ, രണ്ടു പക്ഷക്കാരായി പിരിഞ്ഞുകാണുന്നു. അതിൽ ഒരു കൂട്ടരുടെ പക്ഷം, ഇപ്പോഴത്തെ ഭാഷയിൽ, വാക്കിലും വാചകങ്ങളിലും ഭാഷാസ്‌ഥിതിക്കു യോജിക്കാത്ത വിധത്തിൽ വിദേശഭാഷാസംസർഗ്ഗം കൊണ്ട്‌ ഉണ്ടായ ദോഷങ്ങൾ മാത്രം തളളിക്കളഞ്ഞു പരിഷ്‌കരിക്കുകയാണു വേണ്ടതെന്നാണ്‌. ഇപ്പോൾ തിലുങ്കു ഭാഷയിൽ സംസ്‌കൃതപ്രകൃതികളായ വാക്കുകൾ വളരെ അധികമാണെന്നും, അതുകൊണ്ട്‌ അതെല്ലാം കളഞ്ഞും, ഭാഷാപ്രകൃതികളായ ശബ്‌ദങ്ങളെ തേടിപ്പിടിച്ചും ആകപ്പാടെ ഒന്നുടച്ചുവാർക്കണം എന്നാണു മറ്റൊരുപക്ഷമുളളത്‌. ഇതിൽ രണ്ടാമതു പറഞ്ഞവരുടെ പുറപ്പാട്‌ ഒട്ടും ആഗ്രഹിക്കത്തക്കതാണെന്നു തോന്നുന്നില്ല. ഗ്രന്‌ഥഭാഷയും സംസാരിക്കുന്ന ഭാഷയും, കഴിയുന്നേടത്തോളം അടുത്തിരിക്കുന്നതാണ്‌ ഏതു ഭാഷയുടേയും അഭിവൃദ്ധിക്കുമുഖ്യകാരണം. ആ സ്‌ഥിതിക്ക്‌, ഇപ്പോഴത്തെ സംസാരഭാഷയിൽ സംസ്‌കൃത പ്രകൃതികളാണധികമെങ്കിൽ, ഗ്രന്‌ഥഭാഷയിലും അങ്ങനെത്തന്നെയാണു വരേണ്ടത്‌. പിന്നെ, ഭാഷാപ്രകൃതികളെന്നു വിചാരിക്കുന്ന ശബ്‌ദങ്ങൾ, ഉയർന്ന നിലയിലുളളവരുടെ സംസാരഭാഷയിൽ ചുരുക്കമായിട്ടുളളതുകൊണ്ട്‌, താണവർഗ്ഗക്കാരുടെ ഇടയിൽ ചെന്നു പെരുമാറിയിട്ടാണ്‌, തേടിപ്പിടിക്കേണ്ടിയിരിക്കുന്നത്‌. അവരുടെ സംസാരത്തിലുളള ശബ്‌ദങ്ങളും, വാസ്‌തവത്തിൽ ഭാഷയുടെ ഒരുതരം വികൃതി എന്നല്ലാതെ ശുദ്ധഭാഷാപ്രകൃതിയാവാൻ നിവൃത്തിയുളളതല്ലെന്ന്‌, അധികം ആലോചനകൂടാതെതന്നെ ആർക്കും അറിയാവുന്നതുമാണ്‌. എല്ലാംകൂടി നോക്കിയാൽ, ഈ മാതിരി ശ്രമം, “ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റ”തായിക്കലാശിപ്പാനാണ്‌ എളുപ്പം. ഇങ്ങനെയുളള പല വൈഷമ്യങ്ങളും അറിഞ്ഞു പ്രവർത്തിപ്പാൻ ശക്‌തിയുളള ഒരു സംഘമായാലേ, നമ്മുടെ ഭാഷയ്‌ക്കും നന്‌മ വരുവാൻ വഴിയുണ്ടാവുകയുളളു എന്ന്‌ ഇനി വേറെ പറയേണ്ടതില്ലല്ലോ.

ഭാഷാസംസ്‌കാരത്തിനായി ഏർപ്പെടുത്തുന്ന ആ മാതിരി സംഘത്തിൽ, അഭിജ്ഞന്‌മാരെപ്പോലെതന്നെ ഉൽസാഹഗുണം തികഞ്ഞിട്ടുളള ചിലരും, പ്രധാന അംഗങ്ങളായിട്ടുണ്ടായിരിയ്‌ക്കണം. എന്നാൽ മാത്രമേ, ആ സംഘം നിലനിന്നു വേണ്ട കാര്യം വേണ്ടതുപോലെ നടത്തുവാൻ മതിയാവുകയുളളു എന്നുളളത്‌; “മനോരമാ” പത്രാധിപർ ആയിരുന്ന വർഗ്ഗീസുമാപ്പിള അവർകളുടെ ഉൽസാഹത്താൽ പ്രകൃതസംഗതിയേക്കുറിച്ചുതന്നെ ഏർപ്പെടുത്തിയിരുന്നതും, കുറച്ചുകാലം ശരിയായി നടന്ന്‌ ആ ഗുണസമ്പന്നന്റെ അവസാനത്തോടുകൂടി ജീവൻ പോയതും ആയ “ഭാഷാപോഷിണി” സഭതന്നെ ധാരാളം തെളിയിച്ചിട്ടുണ്ട്‌. ആകപ്പാടെ ആലോചിച്ചുനോക്കിയതിൽ, “കൊച്ചി 10-​‍ാം കൂറു രാമവർമ്മ അപ്പൻതമ്പുരാൻ” തിരുമനസിലെ ആധിപത്യത്തിൽ ഈയിടെ ഏർപ്പെടുത്തീട്ടുളള “സാഹിത്യസമാജം” വഴിക്കുതന്നെ പ്രസ്‌തുത കാര്യം നിർവ്വഹിക്കുന്നത്‌ എല്ലാവിധത്തിലും നന്നായിരിക്കുമെന്നാണ്‌ തോന്നുന്നത്‌. മലയാളികൾക്കെല്ലാം പൊതുവായി ഉപയോഗപ്പെടുന്ന ഈ ഭാഷാരാജ്യകാര്യം നിർവ്വഹിക്കുന്നതിനു മദ്ധ്യമലയാളമായ കൊച്ചിതന്നെ തലസ്‌ഥാനമാകുന്നതാണല്ലോ യുക്തം. മറ്റു ഭാഷകളുടെ സംസർഗ്ഗംകൊണ്ടുളള ദൂഷ്യം കുറയുന്നതു നിമിത്തം, ഭാഷാശുദ്ധി പരീക്ഷിക്കുന്നതിനുളള സൗകര്യവും മധ്യമലയാളികൾക്കാണല്ലോ അധികം ഉണ്ടാകാവുന്നത്‌. തെക്കും വടക്കുമുളള മലയാളികളോടുകൂടി ആലോചിച്ച്‌, ഭാഷയേപ്പറ്റിയേടത്തോളം തളേളണ്ടതും കൊളേളണ്ടതും നോക്കി, മധ്യസ്‌ഥനിലയിൽ മധ്യമലയാളികൾ തീർച്ചപ്പെടുത്തുന്നതു മറ്റുളളവർ കൈക്കൊളളുന്നതായിരിക്കുമല്ലോ നല്ലതും.

ഭാഷയ്‌ക്കു വന്നുകൂടീട്ടുളള ദോഷങ്ങൾ ഇങ്ങനെയൊരു സംഘംവഴിക്ക്‌ പരിഹരിക്കാവുന്ന താണെങ്കിലും, ഒരുസംഗതിയിൽ മലയാളികളെല്ലാം പ്രത്യേകംതന്നെ മനസുവയ്‌ക്കേണ്ടതുണ്ട്‌. സാധാരണയായി മലയാളഭാഷയിൽ പ്രസംഗിക്കുന്നതും, ചിലപ്പോൾ സംസാരിക്കുന്നതുതന്നെയും വലിയ കുറവാണെന്ന്‌, പല മാന്യന്‌മാരും ധരിച്ചിട്ടുളളതുപോലെ തോന്നുന്നു. “ഇംഗ്ലീഷിലാണെങ്കിൽ പ്രസംഗിക്കാം; മലയാളത്തിൽതന്നെ വേണമെങ്കിൽ എനിക്കു കഴിയുകയില്ല” എന്നും മറ്റും തുറന്നു പറയുവാൻ പോലും ചിലർ മടിയ്‌ക്കുന്നില്ല. ഇങ്ങനെയൊരു ധാരണ നിമിത്തം നമ്മുടെ ഭാഷയ്‌ക്കു സിദ്ധിക്കാവുന്ന അനേകം ഗുണങ്ങൾ തീരെ ഇല്ലാതായിത്തീരുന്നു. ഭാഷയുടെ അഭിവൃദ്ധിമാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുളളതാണ്‌, സഭകളിലും മറ്റുമുളള പ്രസംഗങ്ങൾ എന്നു പറയേണ്ടതില്ലല്ലോ. തമിഴുരാജ്യത്തിലും മറ്റും, പലവിധത്തിലുളള യോഗ്യതകളും തികഞ്ഞ മഹാന്‌മാർ സ്വദേശഭാഷയിൽ പ്രസംഗിക്കുന്നത്‌, തങ്ങളുടെ കർത്തവ്യകർമ്മവും അഭിമാനഹേതുവും ആയിട്ടാണ്‌ ഇക്കാലത്തു കരുതിവരുന്നത്‌. ഏതായാലും സ്വഭാഷയിൽ സ്‌നേഹമുളള മലയാളികൾ, മേലിലെങ്കിലും ആ വക തെറ്റിദ്ധാരണ വേണ്ടന്നു വെച്ചു ശ്രമിക്കുന്നതായാൽ, നമ്മുടെ ഭാഷയെപ്പറ്റിയേടത്തോളവും, ഉത്‌കൃഷ്‌ടമായ ഒരു നിലതന്നെ നമുക്കു സിദ്ധിക്കുന്നതാണെന്ന്‌ മാത്രം പറഞ്ഞുകൊളളുന്നു.

Generated from archived content: malayalabasha.html Author: ar-rajarajavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here