മലയാളഭാഷാപോഷണം

മലയാളഭാഷയ്‌ക്ക്‌ ഇപ്പോഴുളള ന്യൂനതകളും അവയുടെ പരിഹാരമാർഗ്ഗങ്ങളുംഃ-

1. ന്യൂനത-വിദ്യാഭ്യാസം മുഴവനും അന്യഭാഷാപ്രധാനമാക്കിയിരിക്കുന്നതു നിമിത്തം, മലയാളഭാഷയേക്കുറിച്ച്‌ ആലോചിക്കേണ്ട കാര്യംതന്നെ ഇല്ലാതിരിക്കുന്ന സ്ഥിതിഃ- പരിഹാരം-ഉയർന്നതരം വിദ്യാഭ്യാസം ഭാഷയിൽ ഏർപ്പെടുത്തണം. എന്നാൽ ഭാഷയ്‌ക്കു പുറമെ, ചരിത്രങ്ങൾ, ഭൂമിശാസ്‌ത്രം, കണക്ക്‌, രസതന്ത്രം, പ്രകൃതിശാസ്‌ത്രം മുതലായ വിഷയങ്ങളിൽ സാമാന്യജ്ഞാനം ഉണ്ടാകത്തക്കവിധം, ആ വക വിഷയങ്ങൾ മലയാളഭാഷയിൽത്തന്നെ പഠിപ്പിക്കുന്നതിനു വേണ്ട ഏർപ്പാടു ചെയ്യണം.

2.ന്യൂനത-ഭാഷയിൽ പ്രത്യേക പാണ്ഡിത്യം സമ്പാദിക്കുന്നതുകൊണ്ട്‌ ഉപജീവനത്തിനു വഴിയില്ലാതിരിക്കുന്ന സ്‌ഥിതിഃ- പരിഹാരം-ഒന്നാം സംഗതിയിൽ കാണിച്ച പ്രകാരം ഉയർന്നതരം വിദ്യാഭ്യാസം സിദ്ധിച്ചവർക്ക്‌, ഏതെങ്കിലും ക്രമമനുസരിച്ച്‌, ഗവൺമെന്റുദ്യോഗങ്ങളിൽ, പ്രവേശം അനുവദിക്കണം. ഇപ്പോഴുളള ‘സ്‌ക്കൂൾഫൈനൽ’ മുതലായ പരീക്ഷകളെപ്പോലെ തന്നെ, മേൽക്കാണിച്ച ഭാഷാവിദ്യാഭ്യാസപരീക്ഷയും ഗണിക്കണം. ഈ ഭാഷാവിദ്യാഭ്യാസത്തിലും ഇംഗ്ലീഷ്‌ ഉപഭാഷയായി ആദ്യം മുതല്‌ക്കുതന്നെ പഠിപ്പിക്കേണ്ടതാകയാൽ, കാര്യനിർവ്വഹണത്തിനു മതിയാകാതെ വരുന്നതല്ല.

3. ന്യൂനത- ഇംഗ്ലീഷു സ്‌ക്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നുണ്ടെങ്കിലും, ആ വിഷയത്തിൽ വേണ്ട നിഷ്‌കർഷ വരുന്നതിനു യാതൊരേർപ്പാടും ഇല്ല. പൊതുവായുളള പരിശോധകൻമാർ, വിദ്യാഭ്യാസാധ്യക്ഷൻ മുതലായവരേ, ഭാഷയിൽ തീരെ അഭിനിവേശവും ജ്‌ഞ്ഞാനവും ഇല്ലാത്തവരായിട്ടാണു പ്രായേണ കണ്ടുവരുന്നത്‌ഃ- പരിഹാരം-ആ വക സ്‌ക്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നതിനും, പരിശോധിക്കുന്നതിനും, പ്രത്യേകിച്ചു വേണ്ട പരിഷ്‌കരണങ്ങൾ ചെയ്യുന്നതിനും തക്കതായ ഏർപ്പാടാണ്ടാക്കണം.

4. ന്യൂനത- ഗവൺമെന്റുവക എഴുത്തുകുത്തുകളും ‘റിക്കാർട്ടു’കളും മിക്കതും ഇംഗ്ലീഷിലാക്കിയതു

നിമിത്തം, ഇംഗ്ലീഷുവിദ്യാഭ്യാസം സിദ്ധിച്ചവരായ ഉദ്യോഗസ്‌ഥന്‌മാർക്ക്‌, മലയാളം തീരെ

ആവശ്യമില്ലാതാക്കിത്തീർത്തിട്ടുളള സ്‌ഥിതിഃ-

പരിഹാരം- അത്യാവശ്യമുളള ‘റിക്കാർട്ടു’കളൊഴിച്ചുശേഷമെല്ലാം മലയാളത്തിലാക്കണമെന്നു നിർബന്ധം ഉണ്ടായിരിക്കണം. കോടതികളിലെ വിധി, വിധിന്യായങ്ങൾ, കീഴുദ്യോഗസ്ഥൻമാർക്കും മറ്റും അയയ്‌ക്കുന്ന കല്‌പനകൾ മുതലായതു മലയാളത്തിലാകണമെന്നു വരുമ്പോൾ, ആ വക ഉദ്യേഗസ്‌ഥൻമാർ ആവശ്യം ഭാഷയിൽ പരിചയിക്കുകയും, അതുനിമിത്തം ഭാഷയ്‌ക്കു പല ഗുണങ്ങളും ഉണ്ടാകുകയും ചെയ്യും. ആവശ്യമായി വരുന്ന ‘റിക്കാർട്ടു’കൾ ഇംഗ്ലീഷിലേയ്‌ക്കു തർജ്ജമചെയ്‌വാൻ ഏർപ്പാടുണ്ടായാൽ മതിയാകുന്നതാണ്‌.

5. ന്യൂനത-ഓരോരോ വിഷയങ്ങളിലും കാലത്തേ അനുസരിച്ചുണ്ടാകേണ്ട പുസ്‌തകങ്ങൾ മലയാളഭാഷയിൽ ഉണ്ടാകുന്നില്ല. പ്രകൃതിശാസ്‌ത്രം, രസതന്ത്രം മുതലായ ശാസ്‌ത്രങ്ങളിൽ ഇംഗ്ലീഷിലുളള പാരിഭാഷികപദങ്ങൾക്കു തക്കതായ മലയാളപദങ്ങൾ കാണിക്കുന്ന ഒരു നിഘണ്ടു ഒന്നാമതായുണ്ടാക്കേണ്ടതാണ്‌. അതും ഉണ്ടായിട്ടില്ലഃ-

പരിഹാരം- ആ വക പുസ്‌തകങ്ങൾ ഉണ്ടാക്കിച്ചു പ്രസിദ്ധം ചെയ്യുന്നതിന്നായി കൊല്ലംതോറും ഒരു സംഖ്യ ഗവൺമെന്റിൽനിന്ന്‌ അനുവദിക്കുകയും, ഏതേതെല്ലാം വിഷയങ്ങളിൽ ഏതേതരം പുസ്‌തകങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും മറ്റും ആലോചിക്കുന്നതിന്നും, ആവക കാര്യങ്ങൾ നടത്തുന്നതിന്നും ആയി ഒരു ‘കമ്മിറ്റി’ ഏർപ്പെടുത്തുകയും വേണം. അങ്ങനെ ഉണ്ടാക്കുന്ന പുസ്‌തകങ്ങളും, ഭാഷയേപ്പറ്റി നല്ല അറിവുണ്ടാക്കുന്ന പുസ്‌തകങ്ങളും, പാഠപുസ്‌തകങ്ങളാക്കി, മേല്‌പറഞ്ഞ കമ്മിറ്റിക്കാരുടെ അധീനത്തിലോ മറ്റോ ഒരു പരീക്ഷ നിശ്ചയിയ്‌ക്കയും, ഏറ്റവും ഉയർന്ന ഉദ്യോഗമൊഴികെ മറ്റു ഗവൺമെന്റുദ്യോഗങ്ങൾക്കെല്ലാം ആ പരീക്ഷയിൽ ജയിച്ചവരേ മാത്രം അർഹതയുളളവരായി ഗണിക്കയും വേണം.

Generated from archived content: bashaposhanam.html Author: ar-rajarajavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English