ഭാഷാചിന്തകൾ

1. മലയാളദേശവും ഭാഷയും

മലയാളം എന്ന വാക്ക്‌ ആരംഭത്തിൽ ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന അർത്ഥത്തിലാണ്‌ നാം മലയാളഭാഷ എന്നു പറയാറുളളത്‌. ദേശത്തിന്‌ മലയാളം എന്നും ഭാഷയ്‌ക്ക്‌ മലയാണ്‌മ അല്ലെങ്കിൽ മലയായ്‌മ എന്നും ഒരു വിവേചനം ഉണ്ടായിരുന്നത്‌ ക്രമേണ നഷ്‌ടമായി. ആധുനിക മലയാളത്തിന്റെ ആവിർഭാവത്തോടുകൂടിയാണ്‌ ദേശനാമം തന്നെ ഭാഷയ്‌ക്കും ഉപയോഗിക്കാൻ തുടങ്ങിയത്‌. അതിനാൽ ഇപ്പോൾ മലയാണ്‌മ എന്നതിന്‌ പഴയ മലയാളഭാഷ എന്നുകൂടി ചിലർ അർത്ഥം ഗ്രഹിക്കാറുണ്ട്‌.

മലയാളദേശത്തിന്റെ വിസ്‌താരവും വിഭാഗങ്ങളും പലകാലത്തും പല വിധമായിരുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർജില്ല ഇത്രയും കൂടിയ ഭൂഖണ്ഡത്തിനാണ്‌ ഇപ്പോൾ ഇപ്പേർ. നാട്ടുകാരായ തമിഴർ പാണ്ടിക്കും മധുരയ്‌ക്കും പടിഞ്ഞാറു കിടക്കുന്ന മലംപ്രദേശത്തിന്‌ ‘മലനാട്‌’ എന്നുപേർ പറഞ്ഞുവന്നു. പശ്ചിമഘട്ടം എന്ന പർവ്വതപങ്‌ക്തിയുടെ പടിഞ്ഞാറുവശത്തുളള ഭൂമിയെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കാം. ആര്യാവർത്തത്തിൽ നിന്നു തെക്കോട്ടു കടന്നുവന്ന ആര്യൻമാർ ഈ ഭൂമിക്കു ‘കേരളം’ എന്ന്‌ സംജ്ഞചെയ്‌തു. കേരം എന്നുപറയുന്ന നാളികേരവൃക്ഷങ്ങളുടെ ധാരാളതയെ ഈ പേർ സൂചിപ്പിക്കുന്നു. ഇതിന്റെ അതിർത്തികൾ ‘കന്യാകുമാരി മുതൽ ഗോകർണ്ണപര്യന്തം’ എന്നാണു വെച്ചിട്ടുളളത്‌. വീരഹത്യാപാപം തീരാൻവേണ്ടി പരശുരാമൻ സമുദ്രരാജാവിനോട്‌ പിടിച്ചടക്കി ബ്രാഹ്‌മണർക്ക്‌ ദാനംചെയ്‌ത ഭൂമി എന്നുളള പുരാണപ്രസിദ്ധിപ്രകാരം സംസ്‌കൃതത്തിൽ ഈ ദേശത്തെ ‘ഭാർഗവക്ഷേത്രം’ എന്നും വ്യവഹരിക്കാറുണ്ട്‌. മറുദേശങ്ങളിൽനിന്നു കച്ചവടത്തിനുവന്ന അറബി മുതലായ വിദേശീയർ അറബിക്കടലിന്റെ കരയ്‌ക്കുണ്ടായിരുന്ന രാജ്യങ്ങൾക്ക്‌ പൊതുവെ ‘മലബാർ’ അല്ലെങ്കിൽ ‘മലിബാർ’ എന്നുപേർ പറഞ്ഞുവന്നു. ഈ വിഭാഗത്തിൽ കിഴക്കുപടിഞ്ഞാറുളള വ്യാപ്‌തിയുടെ നിശ്ചയം ഇല്ല. യൂറോപ്പുദേശക്കാർ തമിഴുഭാഷയ്‌ക്കു കൂടി മലബാർ എന്നപേർ പറഞ്ഞുവന്നിരുന്നു. തമിഴകം എന്നതിനെ ‘ദി മിലികെ’ എന്നാക്കി ഗ്രീക്കുകാർ ഈ നാട്ടിനു പേർ കൊടുത്തിരുന്നു.

‘തൊൽകാപ്പീയം’ എന്ന തമിഴ്‌ഗ്രന്ഥപ്രകാരം സംസ്‌കൃതത്തിൽ ‘കേരളം’ എന്നു പറഞ്ഞുവരുന്ന ‘ചേര’ രാജ്യത്തിന്‌, 1. വേണാട്‌, 2. പൂഴിനാട്‌, 3. കർക്കാനാട്‌, 4. ചീതനാട്‌, 5. കുട്ടനാട്‌, 6. കുടനാട്‌, 7. മലയമാനാട്‌ എന്ന്‌ ഏഴു വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ‘കുട്ടനാട്‌’ എന്നപേർ മദ്ധ്യതിരുവിതാംകൂറിലെ ചില താലൂക്കുകൾക്ക്‌ ഇന്നും പറഞ്ഞുവരുന്നുണ്ട്‌. ‘വേണാട്‌’ എന്നത്‌ ആദികാലത്ത്‌ ഇടവാ മുതൽ തെക്കോട്ടുമാത്രം വ്യാപിച്ചിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിന്റെ പേർ ആയിരുന്നു. ഏറെക്കുറെ ചേരരാജ്യത്തിനുതന്നെയാണ്‌ തമിഴിലെ അർവ്വാചീനഗ്രന്ഥകാരൻമാർ ‘മലൈനാട്‌’ അല്ലെങ്കിൽ ‘മലൈമണ്ഡലം’ എന്നു പേരിട്ടത്‌. ഒരു കാലത്ത്‌ സേലം, കോയംപുത്തൂർ എന്ന ഇപ്പോഴത്തെ രണ്ടു ജില്ലകളും ചേരരാജാക്കന്മാരുടെ കീഴിലായിരുന്നു. പരശുരാമൻ കേരളത്തിൽ സപ്തകൊങ്കണങ്ങളെ നിർമ്മിച്ചു എന്നു പുരാണാദികളിൽ കാണുന്നത്‌ ഈ ഏഴു നാടുകളെ ഉദ്ദേശിച്ചുതന്നെ ആയിരിക്കാം.

ഒരിക്കൽ മലയാളരാജ്യത്തു കടൽ കയറുകയും പിന്നീട്‌ പിൻവാങ്ങുകയും ഉണ്ടായിട്ടുണ്ടെന്ന്‌ ഭൂവിജ്ഞാനീയ ശാസ്‌ത്രപ്രകാരം കാണുന്നുണ്ട്‌. ‘പരശുരാമൻ സമുദ്രത്തിൽ നിന്ന്‌ വീണ്ടെടുത്തു’ എന്ന്‌ പുരാണങ്ങൾ ഘോഷിക്കുന്നതും ഈ സംഭവത്തെ ഉദ്ദേശിച്ചായിരിക്കാം. ഇതുതന്നെ ആയിരിക്കയില്ലയോ വേറെ ചില ഇതിഹാസകഥകൾക്കും അടിസ്ഥാനം എന്ന്‌ ഊഹിക്കുവാൻ വഴികാണുന്നു. പുരാണപ്രകാരം അടുത്തുകഴിഞ്ഞ അവാന്തരപ്രളയം ദ്രമിളദേശത്താണ്‌ ആരംഭിച്ചത്‌. ദ്രമിളാധിപതിയായ സത്യവ്രതൻ കൃതമാലാനദിയിൽ സന്ധ്യാവന്ദനത്തിനായിട്ട്‌ കൈയിൽ കോരിയെടുത്ത ജലത്തിൽ ഒരു ചെറിയ മത്സ്യത്തെ കണ്ടുവെന്നും അതു ജലാഞ്ഞ്‌ജലിയിൽ വിട്ടൊഴിയാതെ നില്‌ക്കയാൽ അതിനെ രാജാവ്‌ ഗൃഹത്തിൽ കൊണ്ടുവന്നു സൂക്ഷിച്ചതിൽ ദിവസംപ്രതി ഇടുന്ന പാത്രം നിറഞ്ഞുവന്ന്‌ നാലഞ്ചു ദിവസത്തിനുളളിൽ മഹാമത്‌സ്യമായിത്തീർന്ന്‌ ഏഴു ദിവസത്തിനകം പ്രളയമുണ്ടാകുവാൻപോകുന്ന വിവരവും, അപ്പോൾ ചെയ്യേണ്ടുന്ന കൃത്യങ്ങളും രാജാവിനെ ഗ്രഹിപ്പിച്ചിട്ട്‌ സമുദ്രത്തിൽ പ്രവേശിച്ചുവെന്നും ആണല്ലോ മത്‌സ്യാവതാരകഥ. ദ്രമിളരാജ്യത്തിന്റെ കടലോരം ആണ്‌ കേരളം; അതിന്റെ ഒരു അതിർത്തി കൃതമാലാനദി ആയിരുന്നുവെന്ന്‌ “കൃതമാലാമലയാചല പശ്ചിമാംഭോധിമദ്ധ്യേ” എന്ന്‌ ഇന്നും സങ്കല്പത്തിൽ പറഞ്ഞുവരുന്ന എലുകകളിൽ നിന്ന്‌ തെളിയുന്നുമുണ്ട്‌. അതിനാൽ, ‘ആറാമതായ ചാക്ഷുഷമന്വന്തരത്തിന്റെ അന്തത്തിൽ ഉണ്ടായി’ എന്ന്‌ ഘോഷിക്കുന്ന അവാന്തരപ്രളയം കേരളത്തിൽ സമുദ്രം കയറിയതുതന്നെ ആകരുതോ?

യുക്തിമാർഗ്ഗത്തിൽ കടന്ന്‌ ആലോചിക്കുന്നതായാൽ മത്സ്യാവതാരത്തിന്റെ പ്രയോജനത്തിനും തമിഴുദേശചരിത്രത്തിൽ ഉപപത്തികൾ ഊഹിപ്പാൻ വേണ്ടിടത്തോളം വഴി കാണുന്നുണ്ട്‌. ഹയഗ്രീവമഹാസുരനാൽ അപഹരിക്കപ്പെട്ട വേദങ്ങളെ വീണ്ടെടുപ്പാനാണ്‌ മഹാവിഷ്‌ണു മത്‌സ്യമായി അവതരിച്ചത്‌. ഇക്കഥ, ‘ഒരുകാലത്തു ലുപ്‌തങ്ങളായിപ്പോയ വർണ്ണാശ്രമധർമ്മാചാരങ്ങളെ ദ്രമിളദേശത്ത്‌ പ്രത്യുജ്ജീവിപ്പിക്കേണ്ടുന്ന ആവശ്യം നേരിട്ടു’ എന്ന സംഗതിയെപ്പറ്റിയുളള അർത്ഥവാദമാണെന്നും കല്‌പ്പിക്കുവാൻ വിരോധമില്ല. ആദികാലത്ത്‌ ചെറിയ സംഘങ്ങളായി തെക്കോട്ടു കടന്നുവന്ന ആര്യൻമാർ ആദിമനിവാസികളായ ദ്രാവിഡർക്കു കീഴടങ്ങി വളരെക്കാലം ഇരുന്നിട്ടുണ്ടെന്നു തമിഴുപഴമകളിൽ നിന്നു കാണുന്നുണ്ട്‌. വിശേഷിച്ചും കേരളത്തിൽ ആര്യൻമാർ സിന്ധുനദീമുഖത്തുനിന്നു പുരാതന കാലത്തുതന്നെ സമുദ്രയാത്രചെയ്ത്‌ ഗോകർണ്ണംവഴി തെക്കോട്ടു വ്യാപിച്ച്‌ കുടിപാർത്തിരുന്നിരിക്കുവാൻ ഇടയുണ്ട്‌. സംസ്‌കൃത ശബ്ദങ്ങളെ ഉച്ചരിക്കുന്നതിൽ മലയാളികൾക്ക്‌, ശേഷമുളള ദ്രാവിഡരിൽ ഒരു സംഘത്തിലും ഇല്ലാത്ത ചില വിശേഷവിധികൾ ഈ ഊഹത്തിന്‌ ഒരു പ്രധാന ലക്ഷ്യമാകുന്നു. ‘ഡ’കാരത്തെ ‘ള’കാരമാക്കി ഉച്ചരിക്കുന്ന സംപ്രദായം ഋഗ്വേദത്തിൽ മാത്രമുളളത്‌ ഇന്നും കേരളീയരുടെ സംസ്‌കൃതോച്ചാരണത്തിൽ സാർവ്വത്രികമായി കാണുന്നുഃ സമ്രാഡ്‌ഭ്യാം=സമ്രാൾഭ്യാം, വഷട്‌=വഷൾ ഇത്യാദി. ഇങ്ങനെ ആദ്യമായി കടൽവഴി കടന്നുവന്ന ആര്യൻമാർ പശ്ചിമഘട്ടം കയറിക്കടന്നു കിഴക്കോട്ടും വ്യാപിച്ചിരുന്നാലും പ്രധാനമായി കേരളത്തിൽത്തന്നെ കുടിപാർത്തിരിക്കാം. സംഘബലക്കുറവിനാൽ ഇവർ ചില ദ്രാവിഡാചാരങ്ങളെ സ്വീകരിക്കുകയും ആര്യമതാചാരങ്ങൾക്ക്‌ ലോപംവരുത്തുകയും ചെയ്‌തിരിക്കാം. പിന്നീടു ക്രമേണ ആര്യാവർത്തത്തിൽ ആധ്യപത്യം സ്ഥാപിച്ചിട്ട്‌ അവിടെനിന്നും വിന്ധ്യപംക്തി ഉല്ലംഘിച്ച്‌ ദക്ഷിണാപഥത്തെ ആക്രമിച്ച ആര്യസംഘങ്ങൾ പൂർവ്വാഗതന്മാരായ ഈ സ്വവർഗ്ഗക്കാരോടു കൂട്ടിമുട്ടിയപ്പോൾ അവരെ ഭ്രഷ്ടന്മാരെന്നും ലുപ്താചാരന്മാരെന്നും ആക്ഷേപിച്ചിരിക്കുവാൻ ഇടയുണ്ട്‌. ദ്രാവിഡരെ ജാതിഭ്രഷ്ടരായ ക്ഷത്രിയരെന്നു മനു പറയുന്നതു നോക്കുകഃ “പൗണ്ര്‌ഡകാശ്‌ചൗഡദ്രവിഡാഃ കംബോജാ യവനാഃശകാഃ പാരദാഃപഹ്ലവാശ്‌​‍്‌ചീനാഃ കിരാതാ ദരദാഃ ഖശാഃ ശനകൈസ്‌തു ക്രിയാലോപാദിമാഃ ക്ഷത്രിയജാതയഃ വൃഷലത്വം ഗതാ ലോകേ ബ്രാഹ്‌മണാദർശനേനച. (മനുസ്‌മൃതി *,43,44)

പ്രളയാനന്തരം മഹാവിഷ്‌ണു വേദചോരനായ ഹയഗ്രീവനെ വധിക്കുകയും, ആര്യാചാരങ്ങൾ യഥാവിധി നടപ്പിൽ വരികയും ചെയ്‌തു. ആചാരഭേദം സ്വീകരിച്ച പ്രഥമാഗതാര്യന്‌മാരിൽ പ്രളയാനന്തരം ശേഷിച്ചവരുടെ സന്താനങ്ങളായിരിക്കാം ഇപ്പോൾ കേരളത്തിൽ കാണുന്ന വേദമില്ലാത്ത നംപൂരിവർഗ്ഗക്കാർ എന്നും, ‘കേരളത്തിലെ അനാചാരങ്ങൾ’ എന്നു പറയുന്നവ എല്ലാം പ്രസ്‌തുത വിലക്ഷണാചാരങ്ങളുടെ അവശേഷങ്ങളാണെന്നുംകൂടി കല്‌പിക്കുന്നതായാൽ എന്റെ അഭ്യൂഹം പൂർണ്ണമാകും. എന്നാൽ ഈ വക സംഗതികൾ ദേശചരിത്രകാരന്റെ അധികാരത്തിൽ ഉൾപ്പെട്ടതാകയാൽ വൈയാകരണന്‌ അതിൽ പ്രവേശിക്കുവാൻ അവകാശമില്ല.

മലൈനാടായ മലയാളത്തിലെ ആദിമനിവാസികൾ തമിഴരും അവരുടെ ഭാഷ തമിഴുമായിരുന്നു. എന്നാൽ എല്ലാക്കാലത്തും ഗ്രന്ഥഭാഷ അല്ലെങ്കിൽ വരമൊഴി, നാടോടി ഭാഷ അല്ലെങ്കിൽ വായ്‌മൊഴി എന്ന്‌ ഒരു വ്യത്യാസം എല്ലാജീവത്‌ഭാഷകളിലും ഉളളതുപോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്‌ഥഭാഷയ്‌ക്ക്‌ ‘ചെന്തമിഴ്‌’ എന്നും നാടോടിബ്‌ഭാഷയ്‌ക്ക്‌ ‘കൊടുന്തമിഴ്‌’ എന്നും ആണ്‌ തമിഴുഗ്രന്ഥകാരന്‌മാർ പേരിട്ടിരിക്കുന്നത്‌. പലവക കൊടുന്തമിഴുകൾ ഉണ്ടായിരുന്നതിൽ ഒന്നാണ്‌ നമ്മുടെ മലയാളമായിത്തീർന്നത്‌. ഇപ്പോഴത്തെ നിലയിൽ സംസ്‌കൃതത്തിന്റെ മണിയം പലതും മലയാളഭാഷയിൽ കയറി ഫലിച്ചിട്ടുണ്ടെങ്കിലും അസ്‌തിവാരവും മേൽപ്പുരയും ഇന്നും തമിഴു പ്രതിഷ്‌ഠിച്ചിട്ടുളളതു തന്നെയാണ്‌. വിശേഷവിധികളൊന്നും ഉളളിലേക്കു തട്ടീട്ടില്ല. മരംകൊണ്ടുളള നിര കളഞ്ഞ്‌ ആ സ്ഥാനത്ത്‌ ഇട്ടിക പടുത്തു ചുമരുകെട്ടുക, വാതായനങ്ങൾ പണിഞ്ഞ്‌ ഇരുട്ടും മുട്ടും തീർക്കുക-ഇത്രയൊക്കെയേ സംസ്‌കൃതവർത്തകനു തന്റെ മലയാളഗൃഹത്തിൽ പരിഷ്‌കാരംചെയ്യുവാൻ സാധിച്ചിട്ടുളളു. ഈ സിദ്ധാന്തത്തെ സ്ഥാപിക്കുന്നതിന്‌ വേണ്ടുന്ന ലക്ഷ്യങ്ങൾ ഈ പ്രകൃതത്തിൽത്തന്നെ മറ്റൊരിടത്തു പ്രസ്‌താവിക്കാം.

മലയാളത്തിന്റെ പ്രാഗ്രൂപം കൊടുന്തമിഴാണെന്നു പറഞ്ഞുവല്ലോ. ചെന്തമിഴ്‌തന്നെ ഏതു ഭാഷാകുടുംബത്തിൽ ഉൾപ്പെട്ടതാണെന്നു തീർച്ചപ്പെടുത്തേണ്ടതുണ്ട്‌. തമിഴ്‌, ‘ദ്രാവിഡം’ എന്നൊരു പ്രത്യേക കുടുംബത്തിൽ ഉൾപ്പെട്ട ഭാഷയാണ്‌. ആ കുടുംബത്തിലെ അംഗങ്ങളെതാഴെ വിവരിക്കുന്നുഃ

1 2 3 4ഠഅ​‍്വൺഫഞ്ഞൻഫംഉഠ

1. thamizh~ { 4. thuLuTha_a@vaN_phanjan_pham_uTha{

2. malayaaLam 3. kar_NNaaTakam { 5. koTak~ {8. kurruk~ Tha_a@vaN_phanjan_pham_uTha{

6. thODaa {9. maal_TTOTha_a@vaN_phanjan_pham_uTha{

7. kODaaTha_a@vaN_phanjan_pham_uTha{

ഠഅ​‍്വൺഫഞ്ഞൻഫംഉഠ

5 6 7ഠഅ​‍്വൺഫഞ്ഞൻഫംഉഠ

10. gONDiTha_a@vaN_phanjan_pham_uTha{

11. gONDa {(കൂയി) 12. തെലുങ്ക്‌ 13. ബ്രാഹൂയിഠഅ​‍്വൺഫഞ്ഞൻഫംഉഠ

ഇവയിൽ തമിഴ്‌-മലയാളങ്ങൾ ഒരു ഭാഷയുടെതന്നെ രൂപാന്തരങ്ങൾ ആകുന്നുവെന്നു മുൻപുതന്നെ പ്രസ്‌താവിച്ചല്ലോ. കർണ്ണാടകത്തിനും തമിഴിനോടു വലിയ അടുപ്പമുണ്ട്‌. തുളു, കൊടക്‌, തോഡാ,കോടാ എന്ന താഴ്‌വഴി തമിഴു മലയാളങ്ങളുടേയും കർണ്ണാടകത്തിന്റെയും മദ്ധ്യത്തിൽ നിൽക്കുന്നു. അതിലും ഇവയ്‌ക്ക്‌ അധികം ചാർച്ച കർണ്ണാടകത്തോടാകുന്നു. കുറുക്‌, മാൽട്ടോ എന്ന രണ്ടു ഭാഷകളുടെനിലയും മുൻപറഞ്ഞ നാലെണ്ണത്തിന്‌ ഏകദേശം ചേർന്നുതന്നെയാണ്‌. ഗോണ്ഡി, കൂയി എന്ന രണ്ടിനും തെലുങ്കിനോടു രക്‌തസംബന്ധംകൂടും. തെലുങ്ക്‌ പണ്ടേതന്നെ മൂലകുടുംബത്തിൽനിന്നു വളരെ അകന്നുപോയി. ബ്രാഹൂയി ഒറ്റതിരിഞ്ഞു ബലൂചിസ്ഥാനത്ത്‌ അകപ്പെട്ടുപോകയാൽ അതിന്‌ അന്യഭാഷകളുടെ അതിക്രമം അധികം തട്ടീട്ടുണ്ട്‌. ദ്രാവിഡഭാഷകളിൽ തമിഴ്‌, തെലുങ്ക്‌, കർണ്ണാടകം, മലയാളം, തുളു, കൊടക്‌ ഈ ആറു ഭാഷകൾക്ക്‌ ഗ്രന്ഥസാമഗ്രികൊണ്ടു പുഷ്‌ടി ലഭിച്ചിട്ടുണ്ട്‌. അവയുടെ അവരോഹക്രമത്തിലാണ്‌ അവയെ ഇവിടെ നിർദ്ദേശിച്ചിരിക്കുന്നത്‌.

ദ്രാവിഡവർഗ്ഗക്കാർ ‘ദക്ഷിണാപഥം’ എന്നു പറയുന്ന തെക്കേ ഇൻഡ്യയിലെ ആദ്യനിവാസികൾതന്നെ ആയിരിക്കണമെന്നാണ്‌ പ്രബലമായ ഊഹം. ഇവർ ആര്യൻമാരുടെ ഇൻഡ്യാപ്രവേശനത്തിനുമുമ്പ്‌ വടക്കോട്ട്‌ അങ്ങുമിങ്ങും വ്യാപിച്ചിരിക്കാം എന്നുമാത്രമേ ഉളളു. ആര്യൻമാരെപ്പോലെയും, മുസൽമാൻമാരെപ്പോലെയും മറ്റും ഇവരും മറുദേശങ്ങളിൽനിന്നു വന്ന്‌ കുടിയേറിപ്പാർത്തതിന്‌ ഒരു ലക്ഷ്യവും കാണുന്നില്ല. അതിനാൽ ഇവരുടെ ഭാഷകളും ഒരു പ്രത്യേകശാഖയിൽ നില്‌ക്കുന്നു. സംസ്‌കൃതത്തോടാകട്ടെ, അതിൽനിന്നു ദുഷിച്ചുണ്ടായ വടക്കേ ഇൻഡ്യയിലെ നാട്ടുഭാഷകളോടാകട്ടെ ദ്രാവിഡഭാഷകൾക്കു പറയത്തക്കതായി യാതൊരു ബന്ധവും ഇല്ല. ശബ്‌ദശാസ്‌ത്രകാരൻമാർ ഭാഷകൾക്കു ചില മഹാവിഭാഗങ്ങൾ ചെയ്‌തിട്ടുളളതിൽ സിഥിയൻ, ടാർട്ടാർ, തുറേനിയൻ എന്നും മറ്റും പറയുന്ന അനിരുക്‌തസ്വരൂപങ്ങളായ പല ശാഖകളോടും ദ്രാവിഡ ഭാഷാവർഗ്ഗത്തിനു ചാർച്ചയുളളതായി വാദങ്ങൾ പുറപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും സിദ്ധാന്തദശയിൽ എത്തിക്കഴിഞ്ഞിട്ടില്ല. ഇക്കൂട്ടത്തിൽ ആസ്‌ട്രേലിയ മഹാദ്വീപിന്റെ വടക്കു ഭാഗങ്ങളിൽ പ്രചരിക്കുന്ന ഭാഷകൾക്കും ദ്രാവിഡഭാഷകൾക്കും തമ്മിൽ ചില അംശങ്ങളിൽ കാണുന്ന യോജിപ്പുമാത്രം വക്തവ്യമായിട്ടുണ്ട്‌.

ആര്യൻമാർ ദക്ഷിണാപഥത്തിൽ പ്രവേശിച്ച്‌ ആര്യമതാചാരങ്ങളും ആര്യപരിഷ്‌കാരങ്ങളും അവിടെ സ്ഥാപിച്ചകൂട്ടത്തിൽ ആര്യഭാഷയായ സംസ്‌കൃതം ദ്രാവിഡഭാഷകളിൽ പ്രബലമായി സ്വാധികാരം ചെലുത്തുകയും ഉണ്ടായിട്ടുണ്ട്‌. സംസ്‌കൃതത്തിൽനിന്നു പദങ്ങൾ കടം വാങ്ങുകയും സംസ്‌കൃതവാക്യഭംഗികളേയും അലങ്കാരരീതികളേയും സ്വീകരിക്കുകയും ദ്രാവിഡഭാഷകളിൽ നടപ്പായി എന്നുവേണ്ട, കാലക്ഷേപത്തിനുമുട്ടുണ്ടായിരുന്ന ചില ഭാഷകൾ സംസ്‌കൃതത്തിൽ നിന്ന്‌ വിഭക്തിരൂപങ്ങളേയും, ആഖ്യാതങ്ങളേയും,നിപാതങ്ങളേയും ദത്തെടുത്തു ചേർത്ത്‌ ‘മണിപ്രവാളം’ എന്നൊരു പുതിയ വേഷം കെട്ടാനുംകൂടി ആരംഭിച്ചു. ഈ വക വിശേഷവിധികളെല്ലാം ഗ്രന്ഥഭാഷയെ അല്ലാതെ നാടോടിബ്‌ഭാഷയെ ബാധിച്ചിട്ടില്ല. തറവാട്ടുമൂപ്പുസ്ഥാനം വഹിക്കുന്ന തമിഴുമാത്രം പുതുമോടികളിൽ ഭ്രമിച്ച്‌ പഴയ പാരമ്പര്യങ്ങളുപേക്ഷിക്കാതെ കഴിച്ചുകൂട്ടി. തെലുങ്ക്‌ എന്ന സംജ്‌ഞ്ഞതന്നെ ‘ത്രിലിംഗം’ അല്ലെങ്കിൽ ‘ത്രികലിംഗം’ എന്ന സംസ്‌കൃതത്തിന്റെ തത്‌ഭവമായിത്തീർന്നു. ‘കരൈനാട്‌’ ‘കർണ്ണാടകം’ എന്ന സംസ്‌കൃതവേഷംകെട്ടി. ഇക്കൂട്ടത്തിൽ ‘തമിഴ്‌’ എന്നതിന്റെ സംസ്‌കൃതീകരണമാണ്‌ ദ്രാവിഡശബ്‌ദം. തമിൾ-ദമിള-ദ്രമിളം-ദ്രവിളം-ദ്രവിഡം. കുലകൂടസ്ഥന്റെ പേർ ഗോത്രനാമമായിത്തീരാറുളള മുറയ്‌ക്കാണ്‌ ‘ദ്രാവിഡം’ എന്നത്‌ ഭാഷാ ശാഖയ്‌ക്ക്‌ പൊതുപ്പേരായിച്ചമഞ്ഞത്‌. സംസ്‌കൃതഗ്രന്ഥകാരൻമാർ ദക്ഷിണാത്യഭാഷകളെ ‘ആന്ധ്രദ്രാവിഡങ്ങൾ’ എന്നും വ്യവഹരിച്ചു കണ്ടിട്ടുണ്ട്‌. ഇത്‌ ആന്ധ്രഭാഷയായ തെലുങ്കിന്‌ തമിഴിനോടുളള അകൽച്ചയെ ആസ്‌പദമാക്കി ച്ചെയ്തതായിരിക്കാം.

മണിപ്രവാളമലയാളത്തിലെ സംസ്‌കൃതബാഹുല്യം കണ്ടു ഭ്രമിച്ച്‌ പ്രാമാണികൻമാരായ ഗ്രന്ഥകാരൻമാർപോലും സംസ്‌കൃതത്തിൽ ദ്രാവിഡം കലർന്നുണ്ടായ ഭാഷയാണ്‌ ‘മലയാളം’ എന്നു ശങ്കിക്കുകയുണ്ടായിട്ടുണ്ട്‌. അതിനാൽ ദ്രാവിഡസംസ്‌കൃതങ്ങൾ ഭിന്നവർഗ്ഗങ്ങളിൽപ്പെട്ട ഭാഷകൾ ആണെന്നുളളതിലേക്കു ചില പ്രധാനലക്ഷ്യങ്ങൾഇവിടെ എടുത്തുകാണിക്കാം. ഒരു വർഗ്ഗത്തിൽപ്പെട്ട ജനസമുദായം മറ്റു വർഗ്‌ഗത്തിൽപ്പെട്ട ജനസമുദായത്തോടു നിത്യസംസർഗ്ഗം ചെയ്യുമ്പോൾ രണ്ടുവർഗ്ഗങ്ങളുടെയും വേഷദൂഷാദികൾ, ലൗകികാചാരങ്ങൾ, നടപടിക്രമങ്ങൾ ഇതെല്ലാം കൂടിക്കലർന്നു ഭേദപ്പെടുമ്പോലെ അവരുടെ ഭാഷകളിലെ ശബ്‌ദസമുച്ചയവും ഭേദപ്പെടും. എന്നാൽ അങ്ങനെ വരുമ്പോഴും മതാചാരങ്ങൾ, കുടുംബപാരമ്പര്യങ്ങൾ, അവകാശക്രമങ്ങൾ മുതലായവ അപൂർവ്വമായിട്ടേ മാറിപ്പോകാറുളളു. അതുപോലെ ഭാഷകളുടെയും അന്വയക്രമം, രൂപനിഷ്‌പാദനസമ്പ്രദായം, ശൈലികൾ ഇതൊന്നും മാറുക സാധാരണയല്ല. പ്രകൃതത്തിൽ ആര്യൻമാരുടെ പരിഷ്‌കാരോൽക്കർഷവും പ്രാബല്യാധിക്യവും നിമിത്തം ദ്രാവിഡരുടെ മതാചാരങ്ങൾ കൂടി മാറിപ്പോയി. എങ്കിലും ഭാഷകൾക്ക്‌ ബാഹ്യവേഷസ്ഥാനം വഹിക്കുന്ന ശബ്‌ദങ്ങളിലല്ലാതെ ആന്തരതത്വമായ വ്യാകരണത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

സംസ്‌കൃതത്തിൽനിന്നു പദം കടം വാങ്ങീട്ടുളളതും ചില അത്യാവശ്യങ്ങൾക്കോ ആഡംബരത്തിനോ മാത്രമേയുളളു. വീടുകളിൽ പതിവായി പെരുമാറുന്ന വാക്കുകൾക്ക്‌ സംസ്‌കൃതത്തിലും ദ്രാവിഡത്തിലും യാതൊരു സംബന്ധവും ഇല്ലെന്ന്‌ (താഴെക്കാണിക്കുന്ന1)നാമങ്ങളും കൃതികളും നിപാതങ്ങളും നോക്കിയാൽ ബോധപ്പെടും. മേൽക്കാണിച്ച സംസ്‌കൃതനാമങ്ങളെല്ലാംതന്നെയും ഇപ്പോൾ മലയാളത്തിൽ നടപ്പിൽ വന്നിട്ടുണ്ടെങ്കിലും അതുകൾ ആഡംബരത്തിനുവേണ്ടി സംസ്‌കൃതത്തിൽനിന്നും സ്വീകരിച്ച ‘തത്‌സമങ്ങൾ’ എന്നല്ലാതെ ഭാഷയുടെ സ്വന്തശബ്‌ദങ്ങളല്ല. നഖം, മുഖം, സുഖം, ദുഃഖം മുതലായ അത്യാവശ്യപദങ്ങളും ഇപ്പോൾ സംസ്‌കൃതതത്സമങ്ങൾ മാത്രമായിക്കാണുന്നത്‌ പഴയ ദ്രാവിഡപദങ്ങളെ ഉപേക്ഷിച്ചുകളഞ്ഞതിനാൽ മാത്രമാകുന്നു.2

മലയാളം തമിഴിന്റെ ഉപഭാഷയാണെന്ന്‌ ആദ്യം തന്നെ പ്രസ്‌താവിച്ചിട്ടുണ്ടല്ലോ. അത്‌ പ്രധാനഭാഷയായ തമിഴിൽനിന്നും ഭേദപ്പെട്ട്‌ ഒരു പ്രത്യേക ഭാഷ എന്നനിലയിൽ വന്നുചേർന്നത്‌ എത്രകാലം കൊണ്ടാണ്‌ എന്നും അതിലേക്കുളള കാരണങ്ങൾ എന്തെല്ലാമായിരുന്നു എന്നും ആണ്‌ ഇനി ആലോചിപ്പാനുളളത്‌. എല്ലാ ഭാഷകൾക്കും, രുചിഭേദം നിമിത്തം ദേശ്യഭേദങ്ങൾ വരാറുണ്ട്‌. മലയാളത്തിനുതന്നെ ഇപ്പോൾ മദ്ധ്യമലയാളത്തിനു പുറമേ തെക്കൻഭാഷ, വടക്കൻഭാഷ എന്ന വകഭേദം നാം കൽപ്പിക്കാറുണ്ടല്ലോ. അതുപോലെ തമിഴിന്‌. ”തെൻ പാണ്ടി കുട്ടം കുടം കർക്കാ വേൺപൂഴി പന്റിയരുവാവതൻ വടക്കു നന്റായവ ചീതം മലാടു പുനനാടു ചെന്തമിഴ്‌ചേ രേതമിൽ പന്നിരുനാട്ടെൺ“3 എന്ന വചനപ്രകാരം പന്ത്രണ്ടു നാടുകളിലായിട്ടു ദേശ്യഭേദങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ മധുരജില്ലയിൽ നടപ്പായിരുന്നഭാഷയ്‌ക്ക്‌ ‘ചെന്തമിഴ്‌’ എന്നും മേൽപ്പറഞ്ഞ പന്ത്രണ്ടുദേശങ്ങളിൽ നടപ്പായിരുന്ന ഭാഷയ്‌ക്ക്‌ കൊടുന്തമിഴ്‌ എന്നും ആണ്‌ തമിഴ്‌ ഗ്രന്ഥകാരൻമാർ പേർ കൊടുത്തിരുന്നത്‌. പന്ത്രണ്ടുദേശങ്ങൾ എടുത്തുപറഞ്ഞതിൽ കുട്ടം, കുടം, കർക്കാ, വേൺ, പൂഴി ഈ അഞ്ചും ഇന്നത്തെ കേരളഖണ്ഡത്തിൽ ഉൾപ്പെട്ടവയാണ്‌. ഈ അഞ്ചു നാടുകളിലെ കൊടുന്തമിഴ്‌ മലയാളമായി പരിണമിക്കുവാനുളള കാരണമെന്ത്‌?

1. മലയാളദേശത്തിന്റെ കിടപ്പ്‌ കിഴക്കേ അതിർത്തി മുഴുവൻ വ്യാപിക്കുന്ന പർവ്വതപംക്തികൊണ്ട്‌ മറ്റു തമിഴുനാടുകളിൽനിന്നും വേർപ്പെട്ട്‌ ഒറ്റതിരിഞ്ഞായിപോയത്‌ഃ-

ആദികാലത്ത്‌ തെക്കേ ഇൻഡ്യയുടെ തെക്കേ അറ്റം ചേരം, ചോളം, പാണ്ഡ്യം എന്നു മൂന്നു

രാജ്യങ്ങളായി വിഭജിച്ചിരുന്നു. അതിൽ പശ്‌ചിമഘട്ടങ്ങളുടെ പടിഞ്ഞാറു വശവും കൊങ്ങുദേശവും ഉൾപ്പെട്ടിരുന്നു. മൂന്നു സ്വാതന്ത്ര രാജ്യങ്ങളായിരുന്നെങ്കിലും അന്യോന്യം കലഹങ്ങളും ഒന്നിനു മറ്റു രണ്ടു രാജ്യങ്ങളുടെ മേൽക്കോയ്‌മ ഉണ്ടെന്നുളള അഭിമാനവും, അതുമൂലം പല യുദ്ധങ്ങളും ഉണ്ടായിരുന്നു. യുദ്ധങ്ങളിലെ ജയം അനുസരിച്ച്‌ മേൽക്കോയ്‌മയും മാറിമാറി വന്നുകൊണ്ടിരുന്നു. മൂവരശർക്കു പുറമേ പല്ലവർ, ചാലൂക്യൻ, രാഷ്‌ട്രകൂടർ മുതലായ വൈദേശികരുടെ ആക്രമണങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ട്‌. ഈ രാജ്യപരിവർത്തന കോലാഹലങ്ങളിൽ എല്ലാ തമിഴ്‌നാടുകൾക്കും ഒഴിക്കുവാൻ പാടില്ലാത്തവിധത്തിൽ പരസ്‌പര സംസർഗം വേണ്ടിവന്നു. അന്നത്തെ രാജ്യഭരണസമ്പ്രദായവും പ്രസ്‌താവയോഗ്യമാണ്‌. രാജധാനിയും അതിനു ചുറ്റുമുളള ദേശവും മാത്രമേ നേരെ രാജാവിന്റെ കീഴിൽ വർത്തിച്ചിരുന്നുളളു. ശേഷം ഭാഗമെല്ലാം നാടുവാഴികളായ ഉദ്യോഗസ്ഥൻമാരാണ്‌ ഭരിച്ചുവന്നത്‌. ഓരോ രാജ്യവും നാടുകളായി വിഭജിച്ച്‌, ഓരോ നാട്ടിനും ഭരിക്കുന്നതിന്‌ അധികാരികളായി പ്രഭുക്കൻമാരെ നിയമിച്ചിരുന്നു. നാടുവാഴികളായ പ്രഭുക്കൻമാർ പ്രായേണ തങ്ങളുടെ അധികാരം കുലപരമ്പരയായി വഹിച്ചു കൊണ്ടിരുന്നതിനാൽ അവരിൽ ചിലർ പ്രബലൻമാരായിത്തീർന്ന്‌ പേരിനുമാത്രം രാജാവിനു കീഴടങ്ങിക്കൊണ്ട്‌ കാര്യത്തിൽ സ്വതന്ത്രൻമാരായിത്തീരുകയും ചെയ്‌തിട്ടുണ്ട്‌. ഇക്കൂട്ടത്തിൽ കുട്ടനാടിന്റെ അധിപതിയായിരുന്ന ചെംകുട്ടവൻ എന്ന പ്രഭുവിനെപ്പറ്റി പഴയ തമിഴ്‌ ഗ്രന്ഥങ്ങളിൽ പല കഥകളും കാണുന്നുണ്ട്‌. എന്നുവേണ്ട ‘പതിറ്റിപ്പത്ത്‌’ എന്ന തമിഴ കാവ്യം ചേരരാജാക്കൻമാരുടെയും മലയാളനാടുകൾ ഭരിച്ചിരുന്ന നാടുവാഴികളുടെയും പരാക്രമങ്ങളെ വർണ്ണിച്ച്‌ മലയാളനാട്ടിൽ ഉണ്ടായിരുന്ന കവികൾ നിർമ്മിച്ചിട്ടുളളതാകുന്നു. പതിറ്റിപ്പത്തിന്റെ ആദ്യത്തെയും ഒടുവിലത്തെയും പാട്ടൊഴിച്ചു ശേഷം പാട്ടുകൾ ഇപ്പോഴും നടപ്പുണ്ട്‌. ഇതിൽ ഏഴാമത്തെ പാട്ട്‌ ‘ചെല്‌വക്കടുങ്കോവാഴിയാതൻ’ എന്ന ചേരരാജാവിനെ സംബോധന ചെയ്‌ത്‌ ‘കപിലർ’ എന്ന ബ്രാഹ്‌മണകവി ഉണ്ടാക്കിയിട്ടുളളതാണ്‌. ഇക്കവി പാണ്ടിയിൽ തിരുവടവൂർ എന്ന ദേശത്തു ജനിച്ച്‌, മലയാളത്തിൽ വന്നുതാമസിച്ച ആളും, ‘പൊയ്യു പറയാത്തവൻ’ എന്നർത്ഥമായ ‘പൊയ്യാനാവിർക്കപിലർ’ എന്ന വിരുതുപേർ ലഭിച്ച മഹാനും ആകുന്നു. ഇദ്ദേഹത്തിന്റെ കവിതകളിലെല്ലാം മലനാട്ടിലെ പ്രഭുക്കന്‌മാരാണ്‌ നായകൻമാർ. ‘ഐങ്കുറുനൂറ്‌’ ‘ചിലപ്പതികാരം’ മുതലായി വേറെയും കേരളീയകൃതികളായ തമിഴുകവിതകൾ ഉണ്ട്‌. അടുത്തകാലത്ത്‌ കൊല്ലവർഷാരംഭംവരെ തമിഴിൽ കവിപാടീട്ടുളള കേരളീയരെക്കുറിച്ച്‌ അറിവുണ്ട്‌. ‘ഐയ്യനരിതനാർ’എന്ന കേരളീയതമിഴ്‌കവി ക്രിസ്ത​‍്വബ്ദത്തിന്റെ ഏഴാം ശതകത്തിലോ എട്ടാമത്തേതിലോ ജീവിച്ചിരുന്നതായിക്കാണുന്നു. ‘മുകുന്ദമാല’ എന്ന സംസ്‌കൃതസ്‌തോത്രത്തിന്റെ കർത്താവായ കുലശേഖര ആൾവാരെപ്പറ്റി തിരുവിതാംകൂർകാർ എല്ലാവരും കേട്ടിരിക്കുമല്ലോ. ഈ രാജകവിയും തമിഴ്‌ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ട്‌.

മേൽ കാണിച്ചപ്രകാരം തമിഴ്‌രാജ്യവും മലയാളരാജ്യവും ഒരേ രാജാവിന്റെ കീഴിൽ ഇരുന്നിടത്തോളംകാലം തമിഴ്‌ഭാഷയും മലയാളഭാഷയും ഒന്നുതന്നെയായിരുന്നു. കേരളീയ കൃതികളിൽ ചെന്തമിഴിൽനിന്നും വ്യത്യസ്തങ്ങളായ ചില രൂപങ്ങളും (ഒല്ലാർ), പദങ്ങളും (പോത്ത്‌, പട്ടി, കൈനില മുതലായവ) കാണുന്നില്ലെന്നില്ല; എന്നാൽ അതുകളെല്ലാം ദേശ്യഭേദങ്ങളെന്നേ ഗണിക്കപ്പെട്ടിട്ടുളളു. ചിലപ്പതികാരം തമിഴിലെ പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളിൽ ഒന്നായിട്ടാണ്‌ തമിഴർ ഇന്നും പറഞ്ഞുവരുന്നത്‌. മറ്റു തമിഴുനാടുകൾക്കൊപ്പം മലനാട്ടിലും മൂവരശരിൽ ഒരാൾ ഭരിക്കുക എന്ന ഏർപ്പാട്‌ പെരുമാക്കൻമാരുടെ കാലത്തോടുകൂടി അവസാനിച്ചു. ‘കേരളോൽപത്തി’ എന്ന പുരാണഗ്രന്ഥത്തെ വിശ്വസിക്കുന്നപക്ഷം പെരുമാക്കൻമാർതന്നെ രാജപ്രതിനിധികൾ എന്നല്ലാതെ സാക്ഷാൽ രാജാക്കൻമാരായിരുന്നില്ല. ചരിത്രപ്രകാരം നോക്കുന്നതായാലും പെരുമാക്കൻമാർ മൂവരശരിൽ ഒരാളുടെ വൈസ്രോയിമാരായിരിക്കുവാൻ ഇടയുണ്ട്‌. രാഷ്‌ട്രകൂടർ, ചാലൂക്യർ മുതലായ വിജിഗീഷുക്കളുടെ ആക്രമണങ്ങളാൽ പാണ്ഡ്യചോളചേരന്‌മാരുടെ ശക്തി കുറഞ്ഞതിനുപുറമേ ചില വംശങ്ങൾ ക്ഷയിക്കുകയും ഒന്നു മറ്റൊന്നിൽ ലയിക്കുകയും എല്ലാം ഉണ്ടായി. ക്രി. അ. 1293-ന്‌ അടുത്തു പരലോകം പ്രാപിച്ച സുന്ദരപാണ്ഡ്യരാജാധിരാജനോടുകൂടി മൂവരശരുടെ ശക്തി അസ്തമിച്ചു. 1310-​‍ാം വർഷത്തിൽ മലിക്‌കഫൂർ എന്ന മഹമ്മദീയവിജിഗീഷു തെക്കേ ഇൻഡ്യയിൽ കടന്ന്‌ രാജ്യമാസകലം കൊളളചെയ്‌ത്‌ സർവ്വസ്വവും കുത്തിക്കവർന്നു കൊണ്ടുപോകുകയും ചെയ്തു. ഈ അനാഥ സ്ഥിതിയിൽ കൊല്ലത്ത്‌ ദേശിംഗനാടിന്റെ അധിപതിയായിരുന്ന രവിവർമ്മകുലശേഖരരാജാവ്‌ പാണ്ഡ്യചോളദേശങ്ങളെ വെട്ടിപ്പിടിച്ച്‌ കാഞ്ചീപുരരാജധാനിയിൽ രാജാധിരാജനായി സ്വല്പകാലം വാഴുകയുണ്ടായി, എന്നാൽ കേരളീയരുടെ ദുർഭാഗ്യത്താൽ അദ്ദേഹത്തിലും രാജലക്ഷ്‌മി സ്ഥിരമായി വസിച്ചില്ല. ഇതിനുമേൽ വിജയനഗരത്തിലെ ഹിന്ദു രാജാക്കൻമാർക്കും ആർക്കാട്ടിലെ നഭാക്കൻമാർക്കും മറ്റും ശക്തിയും ഊർജ്ജിതവും ലഭിച്ചിട്ടുണ്ടെങ്കിലും ഈസ്‌റ്റിൻഡ്യാക്കമ്പനിക്കാർ ടിപ്പുവിനെ ജയിച്ച്‌ മലബാറിൽ പ്രവേശിച്ചതുവരെ ഉളള ദീർഘമായ കാലത്തെങ്ങും മലയാളവും പാണ്ടിയും ഒരേ രാജാവിന്റെ സാക്ഷാൽ ഉളള ശാസനയിൽ ഉൾപ്പെട്ടിരിക്കുകയുണ്ടായിട്ടില്ല.

”ഒടുവിലത്തെ പെരുമാൾ, ഭാസ്‌ക്കരരവിവർമ്മചേരമാൻപെരുമാളായാലും ശരി, പളളിബാണപ്പെരുമാളായാലും ശരി, സ്വരാജ്യം മുഴുവനും തന്റെ മക്കൾക്കും മരുമക്കൾക്കും പകുത്തുകൊടുത്തു“ എന്നാണല്ലോ നമ്മുടെ പഴമ. അന്നു മുതൽ മലയാളത്തുകാർക്ക്‌ പാണ്ടിക്കാരുമായുളള നിത്യസംസർഗം അവസാനിച്ചു. രാജ്യകാര്യം സംബന്ധിച്ച്‌ ഒരുത്തർക്കും അങ്ങോട്ടുമിങ്ങോട്ടും കടന്നിട്ടാവശ്യമില്ല. ആവശ്യങ്ങളുണ്ടായിരുന്നിടത്തോളം കാലം മാർഗനിരോധകമായി ഗണിക്കപ്പെട്ടിട്ടില്ലായിരുന്ന മലയാചലപംക്‌തി ഇക്കാലം മുതൽ തങ്ങൾക്ക്‌ ഒരു വലിയ പ്രതിബന്ധമായിട്ടും തീർന്നു. തീർത്ഥാടനം ചെയ്യുന്ന ഭക്തൻമാരും ദേശസഞ്ചാരത്തിനിറങ്ങുന്ന ഉത്സാഹികളും അല്ലാതെ സാധാരണക്കാർ മലയിടുക്കുകളിലുളള ദുർഘടവഴികളിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക എന്നുളളത്‌ വളരെ അപൂർവ്വമായിത്തുടങ്ങി. രണ്ടു സംഘക്കാർക്കും തങ്ങളിലുളള പെരുമാറ്റം ചുരുങ്ങിയപ്പോൾ അവരവരുടെ ഭാഷകൾക്കും ദേശ്യഭേദങ്ങൾ വർദ്ധിച്ചു വന്നു. ചിലപ്പതികാരത്തിലും മറ്റും ഉണ്ടായിരുന്ന വ്യത്യസ്തപ്രയോഗങ്ങളിൽ തുലോം പ്രബലപ്പെട്ട മാറ്റങ്ങൾ മലയാളത്തിലെ കൊടുന്തമിഴിൽ കടന്നുകൂടി.

(2) മറു നാട്ടുകാർക്കില്ലാത്ത പല വിശേഷവിധികളും മലയാളത്തുകാർക്കുണ്ടായിരുന്നതിനാൽ അവർക്ക്‌ ഒരു പ്രത്യേകസംഘമായി തിരിയുന്നതിനുണ്ടായ സൗകര്യംഃ

മരുമക്കത്തായം,മുൻകുടുമ, മുണ്ടുടുപ്പ്‌ മുതലായതെല്ലാം മലയാളത്തിലെ വിലക്ഷണാചാരങ്ങളാകുന്നു. ഇതൊന്നും ഈ നാട്ടിൽ പുത്തനായിട്ടുണ്ടായതല്ല. ‘പതിറ്റിപ്പത്തി’ൽ പ്രശംസിച്ചിരിക്കുന്ന പ്രഭുക്കൻമാരും രാജാക്കൻമാരും മരുമക്കത്തായം അനുഷ്‌ഠിച്ചിരുന്നവരാണെന്ന്‌ ആ ഗ്രന്ഥത്തിൽത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്‌. നിത്യസഹവാസം ഉണ്ടായിരുന്ന കാലത്ത്‌ ഈ വക വൈലക്ഷണ്യങ്ങളൊന്നും ഒരു വിശേഷവിധിയായി പാണ്ടിക്കാർ ഗണിച്ചിരുന്നില്ല. എങ്കിലും ഇതുകളിൽ അവർക്കു തൃപ്‌തി പോരായിരുന്നു എന്നു തെളിയുന്നുണ്ട്‌. ‘മലയാളനാടു വാഴുന്നതിന്‌ രാജാക്കൻമാരില്ലാതെ വന്നിട്ട്‌ നമ്പൂരിമാർ അപ്പോഴപ്പോൾ പരദേശത്തു ചെന്ന്‌ പെരുമാക്കൻമാരെ അവരോധിച്ച്‌ കൊണ്ടുവന്നിരുന്നു’ എന്ന്‌ കേരളോൽപ്പത്തിക്കാരൻ ഘോഷിക്കുന്ന ഐതിഹ്യത്തിന്‌ നിദാനം ഈ നീരസം ആയിരിക്കണമെന്ന്‌ ഊഹിപ്പാൻ വഴിയുണ്ട്‌. പരശുരാമനെ പഴിപറഞ്ഞ്‌ നമ്പൂരിമാർ ക്ഷത്രിയരാജാക്കൻമാരെ സ്വജാതിയിൽ വിവാഹം ചെയ്തു മക്കത്തായം അനുഷ്‌ഠിപ്പാൻ അനുവദിക്കാതിരുന്നത്‌ തങ്ങളുടെ ശക്തിക്ക്‌ കുറവുവന്നേക്കുമോ എന്നു ശങ്കിച്ചിട്ടായിരിക്കാം. ‘പാണ്ഡ്യചോളരാജ്യങ്ങൾകൂടി ജയിച്ച്‌ വേഗമതീ (വൈകാ) തീരത്തുവെച്ച്‌ രാജ്യാഭിഷേകം ചെയ്ത ദേശിംഗനാട്ടിലെ രവിവർമ്മകുലശേഖരൻ’ ഒരു പാണ്ഡ്യരാജകുമാരിയെ വിവാഹം ചെയ്തതിനുശേഷം അവരുടെ സന്താനങ്ങളുടെ സ്ഥിതി എന്തായിരുന്നു എന്നറിവാൻ മാർഗ്ഗം കാണുന്നില്ല. ഏതായാലും ‘മരുമക്കത്തായം മുതലായ അനാചാരങ്ങൾ മലയാളരാജ്യത്തെ ഒറ്റതിരിക്കുന്നതിനും അതുവഴിയായി മലയാളഭാഷയെ തമിഴിൽനിന്ന്‌ അകറ്റുന്നതിനും സഹായിച്ചു’ എന്നു നിശ്ചയമാണ്‌.

3) നമ്പൂരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംകരവും

ക്രിസ്‌തുവർഷാരംഭത്തിനു മുൻപുതന്നെ ബ്രാഹ്‌മണരും ബൗദ്ധരും, ജൈനരും ആയ ആര്യൻമാർ തെക്കേഇൻഡ്യയിലേക്കു കടന്നിട്ടുണ്ട്‌; എന്നാൽ അവർ ഒറ്റയൊറ്റ കുടുംബങ്ങളായിട്ടല്ലാതെ വലിയ സംഘങ്ങളായിട്ടു വന്നിട്ടില്ല. ആര്യബ്രാഹ്‌മണർ ഗ്രാമമടച്ച്‌ കേരളത്തിലേക്കു കുടിയേറിപ്പാർക്കുവാൻ ആരംഭിച്ചതും ക്രിസ്‌ത്വബ്ദം ആറാംശതകം മുതലാണ്‌. അക്കാലത്ത്‌ കദംബരാജവംശത്തിന്റെ പ്രവർത്തകനായ മയൂരവർമ്മരാജാവു ഗോകർണ്ണത്തുനിന്നും കേരളത്തിലേക്ക്‌ ആര്യബ്രാഹ്‌മണരെ ക്ഷണിച്ചുവരുത്തി കുടിപാർപ്പിച്ചതായിട്ടു ലക്ഷ്യങ്ങൾ ഉണ്ട്‌. അതിനുശേഷം പാണ്ഡ്യൻ, ചോളൻ മുതലായ മറ്റു രാജാക്കൻമാരും അവരിൽ നിന്നും അധികാരം ലഭിച്ച മറ്റു പെരുമാക്കൻമാരും പല പ്രാവശ്യമായി കേരളത്തിൽ ബ്രാഹ്‌മണപ്രതിഷ്‌ഠ ചെയ്തിട്ടുണ്ട്‌. അടുത്തകാലത്ത്‌ ബ്രാഹ്‌മണരെ ഗ്രാമം കൊടുത്തു പ്രതിഷ്‌ഠിച്ചു പുണ്യം സമ്പാദിച്ച കേരളരാജാവ്‌ ചിറയ്‌ക്കലെ കോലത്തിരിയാണ്‌. അദ്ദേഹം രണ്ടുതവണയായി ‘സാഗരം’ (237) എന്നും ‘സമുദ്രം’ (257) എന്നും സംഖ്യയുളള ബ്രാഹ്‌മണഗൃഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌. വഴിയേ വന്നുകയറിയ മതാന്തരസ്ഥരായ ജൂതൻമാർക്കും ക്രിസ്‌ത്യാനികൾക്കുംകൂടി പലവിധം പദവികളും അവകാശങ്ങളും അധികാരങ്ങളും കൊടുക്കത്തക്ക ഓദാര്യമുളള നാട്ടുകാർ തങ്ങൾ ക്ഷണിച്ചുവരുത്തിയവരും സ്വമതസ്ഥരുമായ നമ്പൂരിമാർക്ക്‌ സൽക്കാരപുരസ്സരം സകലാധികാരങ്ങളും ഉദകപൂർവ്വം ദാനംചെയ്യുവാൻ മടിക്കുമെന്നു സന്ദേഹിക്കുവാൻപോലും ഇടയില്ല. അതിനാൽ നമ്പൂരിമാർക്ക്‌ സ്വഗ്രാമങ്ങളിൽ സർവ്വവിധാധികാരങ്ങളും ലഭിച്ചിരിക്കണം. ക്രിസ്‌ത്വബ്ദം 629-നും 645-നും മദ്ധ്യേ ഇൻഡ്യ സന്ദർശിച്ച ഹിയ്യൂങ്ങ്‌സാങ്ങ്‌ എന്ന ചീനദേശ്യനായതീർത്ഥ യാത്രക്കാരൻ തെക്കേ ഇൻഡ്യയിൽ പറയത്തക്കതായ ആര്യജനനിവേശങ്ങൾ കണ്ടതായി എഴുതിയിട്ടില്ല. ക്രിസ്‌ത്വബ്ദം 774-ൽ വീരരാഘവചക്രവർത്തി കൊടുങ്ങല്ലൂർ വച്ച്‌ ഇരവികോർത്താൻ എന്ന കച്ചവടക്കാരന്‌ മണിഗ്രാമാധിപത​‍്ര​‍്യം കൊടുത്ത ചെമ്പുപട്ടയത്തിൽ പന്നിയൂർ, ചൊവ്വര എന്ന ബ്രാഹ്‌മണ ഗ്രാമക്കാരെ വേണാടിന്റെയും കുട്ടനാടിന്റെയും ഉടയവരോടൊപ്പമായ നിലയിൽ സാക്ഷിവച്ചു കാണുന്നതിനാൽ 774-​‍ാമാണ്ടിനിടയ്‌ക്ക്‌ നമ്പൂതിരിമാർക്കു കേരളത്തിൽ പറയത്തക്ക ചില അധികാരങ്ങൾ സിദ്ധിച്ചുകഴിഞ്ഞിരിക്കുന്നു എന്നും തെളിയുന്നു. മയൂരവർമ്മരാജാവ്‌ ആറാംശതവർഷരംഭത്തിൽ ബ്രഹ്‌മപ്രതിഷ്‌ഠ ചെയ്‌തിട്ടുളള സംഗതി മുൻപുതന്നെ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇതെല്ലാം കൂട്ടിച്ചേർത്തു നോക്കുമ്പോൾ, 600 മുതൽ 774 വരെയുളള ഒന്നേമുക്കാൽ ശതാബ്ദത്തിനകത്തായിരിക്കാം നമ്പൂരിമാർ കേരളത്തിൽ പ്രതിഷ്‌ഠ ഉറപ്പിച്ചത്‌ എന്ന്‌ ഊഹിക്കാവുന്നതാണ്‌. കൊല്ലവർഷാരംഭവൽസരമായ 825-​‍ാം വർഷത്തിനോടടുത്താണ്‌ നാം പ്രസ്‌താവിക്കുന്ന കാലഘട്ടം. ഏകദേശം ഇതിനടുത്താണ്‌ പെരാമാക്കൻമാരുടെ വാഴ്‌ച അവസാനിച്ചതും ശ്രീശങ്കരാചാര്യസ്വാമികൾ അവതരിച്ചു ദ്വിഗ്‌വിജയം ചെയ്‌ത്‌ അദ്വൈതശാങ്കരമതം സ്‌ഥാപിച്ചതും. ഈ രണ്ടുസംഗതികളിൽ ഒന്നിന്റെ സ്‌മാരകമായിട്ടാണ്‌ കൊല്ലവർഷം എന്നൊരബ്ദം ആരംഭിച്ചത്‌ എന്നുകൂടി പ്രബലമായ അഭിപ്രായമുണ്ട്‌. മൂവരശരുടെ കുലങ്ങൾ ക്ഷയിച്ച്‌ തെക്കേ ഇൻഡ്യയിൽ രാജ്യാവകാശവഴക്കുകളും കുഴപ്പങ്ങളും അനാഥാവസ്‌ഥയും ആരംഭിച്ചത്‌ ഈ ഘട്ടത്തിനു സമീപിച്ചാണ്‌.

ഇതൊരു നല്ലതരം എന്നുകരുതി നമ്പൂരിമാർ അവരുടെ അധികാരങ്ങളെ കൈകടത്തി പ്രയോഗിച്ചു തുടങ്ങി. മേൽകാണിച്ച സംഭവങ്ങൾ അവരുടെ ഉയർന്നതരം ആശകൾക്ക്‌ അനുകൂലിച്ചു. പ്രത്യേകിച്ചും മരുമക്കത്തായം മുതലായ കേരളീയവിലക്ഷണാചാരങ്ങൾ അവരുടെ ആശാസിദ്ധിക്കു വേണ്ടതിലധികം ഉപകരിച്ചു. പണ്ട്‌ ക്ഷത്രിയരാജാക്കൻമാർ നിർബന്ധമായിട്ടനുഷ്‌ഠിക്കാതിരുന്ന മരുമക്കത്തായം അവരും അനുഷ്‌ഠിക്കണമെന്നു വിധിച്ചു. നാട്ടിലെ രക്ഷാധികാരികളായ ‘അറുനൂറർ’, ‘പതിനായിരത്താർ’ എന്നും മറ്റും പറയുന്ന നായർയോഗക്കാരാകട്ടെ പ്രസ്‌തുത സംഗതിയിൽ ഒട്ടും പ്രതിബന്ധം ആചരിച്ചില്ല. നാട്ടുമാമൂലുകൾ നാട്ടിൽ കുടിപാർക്കുന്നവരെല്ലാം തന്നെ ആചരിക്കണമെന്നായിരുന്നു അവരുടെ സ്വദേശാഭിമാനഭ്രമം. ഇതിനുപുറമെ ‘അതിജാജ്വല്യമാനം’ എന്നു പണ്ടേ തന്നെ കീർത്തികേട്ടിരിക്കാവുന്ന ആര്യപരിഷ്‌കാരത്തിന്റെ ആചാര്യൻമാരും അനുഷ്‌ഠാതാക്കളും ഈ നമ്പൂരിമാർ ആയിരുന്നല്ലോ. ആര്യനാഗരികങ്ങളുടെ നാനാമാർഗ്ഗളെല്ലാം തങ്ങളുടെ കൈവശമായിരുന്നു എന്നത്‌ ഇവർക്കും ഒരു വലിയ മെച്ചമായിരുന്നു. ചുരുക്കത്തിൽ നവാഭ്യാഗതൻമാരായ ആര്യൻമാരുടെയും പ്രാചീനനിവാസികളായ ദ്രാവിഡരുടെയും വർഗ്ഗങ്ങൾക്ക്‌ കൂടിക്കലരുന്നതിനു വേണ്ടിയിരുന്ന ഉപകരണങ്ങളെല്ലാം യോജിച്ചുവന്നു. രണ്ടും കൂടിച്ചേർന്ന്‌ ഒരു കഷായമായി. യോഗം നന്നായിചേർന്നതിനാൽ കഷായത്തിന്‌ വീര്യം സ്വയമേ കൂടുതലായിരുന്നു. പേരെങ്കിൽ നസ്രാണിക്രിസ്‌ത്യാനികൾ അതിന്‌ ഒരു മേമ്പൊടിയും ചേർത്തു. അത്‌ സേവിക്കയാൽ കേരളലക്ഷ്‌മിക്ക്‌ ശരീരപുഷ്‌ടിയും ബുദ്ധി വികാസവും ഓജസും വർദ്ധിക്കുകയും ചെയ്തു.

പാണ്ഡ്യചോളദേശങ്ങളിലേക്കാൾ കേരളത്തിൽ ആര്യദ്രാവിഡവ്യതികരത്തിന്‌ യോഗബലം കൂടുതലായിരുന്നു. വിവാഹംമൂലമുളള ആര്യരക്‌തസംബന്ധം മറ്റു ദേശങ്ങളിൽ ഇത്രത്തോളം ദ്രാവിഡർക്കു സിദ്ധിക്കുവാൻ സൗകര്യം ലഭിച്ചില്ല. അതിനാൽ കേരളീയരുടെ ആര്യപരിഷ്‌കാരത്തിന്‌ അതനുസരിച്ച്‌ ഒരു മാറ്റുകൂടുമെന്നു സമ്മതിക്കേണ്ടതുണ്ട്‌. ‘നമ്പൂരിമാർ നാട്ടുകാരോട്‌ യോജിപ്പാൻവേണ്ടി വർണ്ണാശ്രമധർമ്മങ്ങൾക്ക്‌ ലോപം വരുത്തി’ എന്നൊരപവാദത്തിനും ഇടയാക്കിയില്ല. പരമാർത്ഥം നിഷ്‌പക്ഷപാതമായി ആലോചിക്കുന്നതായാൽ സ്‌മൃതിയിൽ വികല്‌പം അനുവദിച്ചിട്ടുളളിടത്ത്‌ മറ്റു നാട്ടുകാർ ആദരിക്കാത്ത കോടികളെ ഇവർ സ്വീകരിച്ചു എന്നേ ഉളളു. ‘ജ്യേഷ്‌ഠഭ്രാതാവിനു മാത്രം വൈദികഗാർഹസ്ഥ്യം; ശേഷം പേർക്ക്‌ സ്‌നാതക വൃത്തി മതി’ എന്ന്‌ ഒരു സൗകര്യം അവർ നടപ്പാക്കി എങ്കിൽ അതിനു പകരം ബ്രഹ്‌മചര്യവ്രതത്തിലും ഗൃഹസ്ഥാചാരങ്ങളിലും തീവ്രനിർബന്ധങ്ങളും ചെയ്‌തുവെച്ചു. രജസ്വലാവിവാഹം നിഷേധിക്കായ്‌കയാൽ കന്യകമാർ വയസ്സുചെന്നിരിക്കാറുണ്ടെങ്കിൽ വിധവകൾക്ക്‌ ശിരോമുണ്ഡനാദികൾ വേണ്ടെന്നു കല്‌പിച്ചിട്ടുമുണ്ട്‌. ഈവക ആചാരപരിവർത്തനങ്ങൾ ലഹളയൊന്നുംകൂടാതെ രമ്യമായി നടന്നതിൽ ആശ്‌ചര്യം തോന്നുന്നു. ഒഴുകിവരുന്ന നദി കായലിൽ ചെന്നുചേരുമ്പോലെ വന്നു കയറിയവരായ ആര്യർ ഇരിപ്പുകാരായ ദ്രാവിഡരിൽ ലയിച്ചതേ ഉളളു. ഭിന്നവർഗ്ഗക്കാരായ ജനങ്ങൾ കൂടിക്കലർന്നതുപോലെ അവരുടെ ഭാഷകളും യഥായോഗ്യം യോജിച്ചു. ‘ദ്രാവിഡഹിമഗിരി ഗളിത’യായ കൊടുന്തമിഴ്‌ഭാഷ ഈ വിധത്തിൽ ‘സംസ്‌കൃതവാണീകളിന്ദജാമിളിത’യായിട്ട്‌ മലയാളമായി ചമഞ്ഞു. കാളിന്ദീസംഗമം ഗംഗയ്‌ക്ക്‌ പുഷ്‌ടികരവും മാഹാത്‌മ്യഹേതുകവും ആണെന്നു വിചാരിക്കുന്നപക്ഷം മലയാളത്തിന്‌ കൊടുന്തമിഴായിരുന്ന അവസ്ഥയെക്കാൾ ഉൽക്കർഷവും കല്‌പിക്കാവുന്നതാണ്‌.

ഇനി കൊടുന്തമിഴായിരുന്ന ഭാഷ ഏതുവിധം മലയാളമായിച്ചമഞ്ഞു എന്നാണ്‌ ആലോചിപ്പാനുളളത്‌. ദേശ്യഭേദങ്ങളെക്കൊണ്ടു മാത്രം ഭാഷാഭേദം കല്‌പിക്കുന്നതിന്‌ ന്യായം ഇല്ല. അത്രതന്നെയുമല്ല, ദേശ്യഭേദങ്ങൾ ‘പതിറ്റിപ്പത്ത്‌’ മുതലായ കൃതികളിലും ഉണ്ടായിരുന്നു എന്നും, എങ്കിലും അതുകൾ ഇന്നും തമിഴുഗ്രന്ഥങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു എന്നും നാം കണ്ടുവല്ലോ.അതിനാൽ ഇന്നയിന്ന ഇനങ്ങളിൽ മലയാളം തമിഴിൽനിന്നു വ്യത്യാസപ്പെടും എന്ന്‌ തരംതിരിക്കത്തക്കവിധം ചില പൊതുനിയമങ്ങൾ ഉണ്ടെന്നു കാണിച്ചാൽ മാത്രമേ മലയാളത്തിന്‌ ഒരു സ്വതന്ത്ര ഭാഷയെന്നുളള നില സിദ്ധിക്കുകയുളളു. അങ്ങനെ വല്ല നിയമവും ഉണ്ടോ എന്നു പരിശോധിക്കാം. താഴെ വിവരിക്കുന്ന നയങ്ങൾ അനുസരിച്ച്‌ മലയാളം തമിഴിൽനിന്നു വേർതിരിയുന്നു. (1) അനുനാസികാതിപ്രസരം, (2) തവർഗ്ഗോപമർദ്ദം അല്ലെങ്കിൽ താലവ്യാദേശം, (3) സ്വരസംവരണം, (4) പുരുഷഭേദനിരാസം, (5) ഖിലോപസംഗ്രഹം, (6) അംഗഭംഗം.

Generated from archived content: basha-chinthakal.html Author: ar-rajarajavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here