കേരളം മലയാളികളുടെ മാതൃഭൂമിയാണ്. മലയാളം ഒരു സാഹിത്യഭാഷായാകാൻ വൈകിയെങ്കിലും മലയാളികളുടെ സംസാരഭാഷ ആദ്യം മുതലേ മലയാളമായിരുന്നു. എന്നാൽ മലയാളികൾ ആദ്യകാലത്ത് ലിഖിതഭാഷയായി ഉപയോഗിച്ചത് അന്നുതന്നെ സാഹിത്യസമ്പുഷ്‌ടമായിരുന്ന തമിഴും സംസ്‌കൃതവുമാണ്. തമിഴിലെ പ്രശസ്‌തമായ സംഘ സാഹിത്യത്തിലെ ഏറെ പ്രശസ്‌തമായ ചിലപ്പതികാരവും, മറ്റു പലകൃതികളും കേരളത്തിലെ സാഹിത്യകാരന്മാരുടെ രചനകളാണല്ലോ. തമിഴിന്റെയും സംസ്‌കൃതത്തിന്റെയും സ്വാധീനം ആദ്യകാലമലയാളകൃതികളിൽ വളരെയേറെയുണ്ട്. പാട്ട്, മണിപ്രവാളം തുടങ്ങിയ ആദ്യകാലമലയാള സാഹിത്യപ്രസ്‌ഥാനങ്ങളും, രാമകഥപ്പാട്ടു തുടങ്ങിയ തമിഴ് ഡയലറ്റ് ഭാഷാകൃതികളും, സംസ്‌കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനം എങ്ങനെ മലയാളസാഹിത്യഭാഷയെ രൂപപ്പെടുത്തിയെന്നു വ്യക്തമാക്കുന്നു. അറബി മലയാളവും, മിഷനറി മലയാളവുമൊക്കെ മലയാളസാഹിത്യഭാഷയെ സ്വാധീനിച്ചിട്ടുളളവതന്നെ. ഇവയിൽ നിന്നൊക്കെ മലയാളത്തിന്റേതായ ഒരു മാനകസാഹിത്യഭാഷ രൂപപ്പെടുത്തിയ വ്യക്തിയാണ് മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന എഴുത്തച്ഛൻ. ഇന്നും എഴുത്തച്ഛന്റെ സാഹിത്യഭാഷതന്നെയാണ് മലയാളത്തിന്റെ സാഹിത്യഭാഷയായി നിലനിൽക്കുന്നത്. ഈ മലയാള സാഹിത്യഭാഷയുടെ ഏതാനും മാതൃകകൾ അവതരിപ്പിക്കുകയും കാലപ്രവാഹത്തിൽ മറഞ്ഞുപോകാതെ നിൽക്കുന്ന ചില കൃതികളെ പരിചയപ്പെടുത്തുകയുമാണ് ക്ലാസിക് കൃതികൾ എന്നഭാഗത്ത് ചെയ്യാനുദ്ദേശിക്കുന്നത്. പുരാതനവും ഉൽക്കൃഷ്‌ടവും ശാശ്വതമൂല്യങ്ങൾ ഉൾക്കൊളളുന്നതുമായ കൃതികളാണല്ലോ ക്ലാസിക് കൃതികൾ
Generated from archived content: aamukham.html Author: antonyjoseph