പൗരന്റെ അവകാശങ്ങൾ പുതിയ കാലത്ത് വെല്ലുവിളികൾ നേരിടുന്നു.വ്യക്തിയുടെ സ്വാകാര്യതയും,അവകാശങ്ങളും സംരക്ഷിക്കേണ്ട ഭരണകൂടങ്ങൾ തന്നെ അതിലൊക്കെ അനാവശ്യമായി ഇടപെടുമ്പോൾ വ്യക്തിക്ക് പലപ്പോഴും നിസ്സഹായത മാത്രമാണ് ബാക്കി.ഈ വിഷയത്തെ പറ്റി കവിയും, സാംസ്കാരിക ചിന്തകനുമായ മനോജ് കുറൂറിന്റെ അഭിപ്രായം വായിക്കാം.
“ഇന്ന് ഫോൺ നംബർ ആധാറുമായി ലിങ്ക് ചെയ്തു. മുന്നിലേക്കു നീട്ടിയ ഉപകരണത്തിൽ തള്ളവിരലമർത്തി വിരലടയാളം പണയം വച്ചു. ആധാർ കാർഡ് എടുക്കാനും ഇതു ചെയ്തിട്ടുണ്ട്. വിരലടയാളം മാത്രമല്ല, കണ്ണിന്റെ റെറ്റിനതന്നെ അന്നു പകർത്തിക്കൊടുത്തിരുന്നു. വിദേശരാജ്യങ്ങളിൽ പോയപ്പോഴും ചിലപ്പോൾ ഇതൊക്കെ വേണ്ടിവന്നിട്ടുണ്ട്.
ഇതു ചെയ്യുമ്പോഴൊക്കെ ഇറ്റാലിയൻ തത്വചിന്തകനായ ജോർജോ അഗംബനെ ഓർക്കും. 2004 ൽ അദ്ദേഹത്തെ ന്യൂയോർക്ക് സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായി പ്രവർത്തിക്കാൻ വിളിച്ചിരുന്നു. അദ്ദേഹം അമേരിക്കയോടുള്ള പ്രതിഷേധമെന്ന നിലയിൽ ക്ഷണം നിരസിക്കുകയും തന്റെ പ്രതിഷേധത്തിൽ പങ്കു ചേരാൻ ബുദ്ധിജീവികളോട് ആവശ്യപ്പെടുകയുമാണു ചെയ്തത്. ഫ്രഞ്ച് പത്രമായ Le Monde യിൽ അദ്ദേഹം അക്കാലത്ത് ഈ വിഷയത്തെപ്പറ്റി ഒരു ലേഖനവും എഴുതിയിരുന്നു. വിദേശത്തുനിന്ന് ആരെങ്കിലും അമേരിക്കയിൽ ചെന്നാൽ വിരലിന്റെയും റെറ്റിനയുടെയും പകർപ്പുകളെടുത്ത്, ജീവശാസ്ത്രപരമായ അടയാളങ്ങളുപയോഗിച്ചു പൗരരെ നോട്ടപ്പുള്ളികളാക്കുകയും രാഷ്ട്രീയാവശ്യങ്ങൾക്കുപയോഗിക്കുകയും ചെയ്യുന്ന ഏർപ്പാടിനെയാണ് അഗംബൻ എതിർത്തത്. പൗരസമൂഹത്തെ കുറ്റവാളികളെപ്പോലെ സംശയിക്കുമ്പോൾ മാനവതതന്നെയാണ് അപകടകരമാകുന്നത് എന്നും വിദേശികളെ ഇതിനു വിധേയമാക്കുന്ന ഈ ഏർപ്പാടിനു നിന്നുകൊടുക്കാൻ തനിക്കാവില്ല എന്നും അതുകൊണ്ട് അമേരിക്കയിലേക്കുള്ള ക്ഷണം നിരസിക്കുന്നു എന്നും അദ്ദേഹം പ്രസ്താവിച്ചു.
ഈ വിരലടയാളം പതിച്ചു കൊടുക്കുമ്പോഴും കണ്ണിന്റെ പകർപ്പെടുക്കുമ്പോഴും സംശയിക്കപ്പെട്ടവൻ എന്ന തോന്നൽ എനിക്കും ഒഴിവാക്കാനായില്ല. പൗരത്വം അപ്പോൾ ലജ്ജാകരമായ ഒരവസ്ഥയായി അനുഭവപ്പെട്ടോ എന്ന് ഓർമ്മയില്ല. പക്ഷേ ഇനിയുള്ള കാലത്ത് ഈ വിധേയജീവിതമാണ് അഭിമാനകരം എന്നു നമ്മൾ ഉദ്ബോധിക്കപ്പെടുന്നുണ്ടല്ലൊ. ‘ആധാർ സാധാരണക്കാരന്റെ അവകാശം’ എന്നൊരു വാചകം കാർഡിൽ കണ്ടു. പക്ഷേ വ്യക്തിത്വത്തിന്റെ ഒരു ഭാഗം ആരോ മുറിച്ചു കൊണ്ടുപോയതുപോലെ! സ്വന്തം രാജ്യത്തായതുകൊണ്ട് അവമാനമായി കാണേണ്ടതില്ല എന്നാശ്വസിക്കാം. അല്ലേ? അടുക്കളയും ബാങ്കും ഫോണുമൊന്നുല്ലാതെ എങ്ങനെ ജീവിക്കുമെന്നാണ്, എന്റെ അഗംബാ!”