ചുവപ്പാണെന്റെ പേരെന്ന് ചൊന്നത്
കട്ടപിടിച്ച മഞ്ഞുറങ്ങുന്ന കാർസിന്റെ
കഥാകാരനായിരുന്നു.
ബാല്യത്തിൽ കളി നിർത്തിയത്
കാൽ മുറിഞ്ഞ്
ചുവപ്പ് കാണുമ്പോഴായിരുന്നു.
കൗമാരത്തിൽ പക്വതയെത്തിയെന്ന്
അമ്മ പറഞ്ഞതും ചുവപ്പ് കണ്ടായിരുന്നു.
കൊല്ലന്റെ ഉലയിലും
കൊല്ലപ്പെട്ടവന്റെ കഴുത്തിലും
കലാകാരന്റെ ബ്രഷിലും
കവികളുടെ ഹൃദയത്തിലും
ഞാൻ തന്നെയായിരുന്നു.
പകലോനുറങ്ങിയതും
പുലരി പിറന്നതും
എന്റെ മടിത്തട്ടിലായിരുന്നു.
ദൈവങ്ങൾ കലഹം നിർത്തിയതും
രക്തസാക്ഷികൾ ജനിച്ചതും
ഞാൻ തീർത്ത പുഴകളിലായിരുന്നു.
എന്നിട്ടും പറയുന്നു
ഞാൻ അപകടമാണെന്ന്.
അപകടമായിരുന്നില്ല
അപകടം വരുന്നു എന്ന്
മുന്നറിയിപ്പ് തന്നവനായിരുന്നു ഞാൻ.