ചുവന്ന പൂക്കൾ

 

 

 

 

ഉറങ്ങാൻ പോകുന്നതിന് മുൻപ് അന്നും അയാൾ പതിവുപോലെ പ്രാർത്ഥിച്ചു.  എന്നും അയാൾ പ്രാർത്ഥിക്കാറുണ്ട്. എങ്കിലും അയാൾക്കറിയാം അയാൾക്ക് ഉറങ്ങാൻ കഴിയില്ലെന്ന്. അങ്ങനെ അയാൾ ഉറങ്ങാൻ കിടന്നു.

സ്വപ്നങ്ങൾക്ക് എത്ര ദൈർഘ്യം ഉണ്ടാവുമെന്ന് അയാൾക്കറിവില്ല. എങ്കിലും അയാളിലെന്നും ഒരു സ്വപ്നം ഉറങ്ങാതെ കിടക്കുന്നു.

കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ അയാൾ നിൽക്കുകയാണ്.

അയാൾ സ്വപ്നം കാണുകയാണ്.

അയാൾ രാജകുമാരനാണ്.

മുന്നിൽ വളരെ മനോഹരമായ ഒരു മരം.

വലിപ്പമേറിയ ചുവന്ന പൂക്കളാണ് ആ മരത്തിന്റെ സൗന്ദര്യം. ആ പൂക്കളെനോക്കി രാജകുമാരൻ   എന്നും നിർവൃതികൊള്ളും.

ആ പൂക്കളിൻമേൽ  രാജകുമാരനൊഴികെ വേറൊരാൾക്കും അവകാശമില്ല. ആ അവകാശം മുഴുവൻ, ആ പൂക്കൾ മുഴുവൻ രാജകുമാരൻ മറ്റൊരാൾക്കുവേണ്ടി കരുതിവെക്കുന്നു. അവൾക്കുവേണ്ടി.

നാളെ   അവളുടെ പിറന്നാളാണ്. അവൾക്ക് പൂക്കളേറെ ഇഷ്ടമാണ്. മരത്തിലെ എല്ലാ പൂമൊട്ടുകളും മുഴുവനായി വിരിഞ്ഞു കഴിഞ്ഞു. ഒരു പൂവ് മാത്രം പാതി വിരിഞ്ഞ് നിൽക്കുന്നു. ഈ പൂവായിരിക്കട്ടെ നാളത്തേക്കവൾക്കുള്ള പിറന്നാൾ സമ്മാനം. സൂര്യനുണരുന്നതും ആ പൂവ് വിടരുന്നതും കാത്ത് അയാൾ കിടന്നുറങ്ങി.

പിറ്റേന്ന്, സൂര്യനുദിച്ചിരിക്കുന്നു.

താൻ ഉണരാൻ വൈകി.

മനസ്സിലാകെ പരിഭ്രാന്തി നിറഞ്ഞുകേറി. മട്ടുപ്പാവിലേക്ക് അതിവേഗം ഓടിക്കേറി. തന്റെ കണ്ണുകളെ അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പൂവുകൾ നിന്നിടത്ത്, രണ്ടു വണ്ടുകൾ മാത്രം  പാറിക്കളിക്കുന്നു. അയാളുടെ നെഞ്ചകം പിടഞ്ഞു.

“ഇന്ന്, ഇന്നുഞാൻ എന്തു നൽകും അവൾക്കായ്?. എന്തു നല്കിയാലാണ് അവൾക്കിനി സന്തോഷമുണ്ടാകുക?, അവളുടെ പുഞ്ചിരി നേടാനാവുക? ഈശ്വരാ.. ആ പൂവിനെന്തു സംഭവിച്ചു.?”

അയാൾക്ക് അയാളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. അയാൾ വേഗം പിതാവിന്റെ അടുത്തേക്ക് പോയി. കൊട്ടാരത്തിലെ നിലവറയിൽ സൂക്ഷിച്ചിരുന്ന അമൂല്യമായ രത്നങ്ങളാകെ പിതാവിന്റെ അനുവാദം കൂടാതെ തന്നെ അയാൾ സഞ്ചിയിൽ നിറച്ചു. മകന്റെ വ്യഗ്രത കണ്ട രാജാവ് തെല്ലുപേടിയോടെകൂടെ തന്നെ പറഞ്ഞു. “മകനേ, നമ്മുടെ രാജ്യത്തിന്റേതന്നെ ഐശ്വര്യധാതാക്കളായ അമൂല്യ സമ്പത്താണ് ഈ രത്നങ്ങൾ. ഇത് നീ കൊണ്ടുപോയി നശിപ്പിക്കരുത്”. തന്നെ മാനിക്കാതെ നിശബ്ദമായി നടന്ന് നീങ്ങിയ രാജകുമാരനെ പിടികൂടാൻ രാജാവ് കല്പിച്ചു. രാജകുമാരന് കോപം നിയന്ത്രിക്കാൻ സാധിച്ചില്ല.  പിടികൂടാൻ വന്നവരെ അരിഞ്ഞു വീഴ്ത്തി. അവസാനം പിതാവിനെയും.

കുതിരപ്പുറത്ത് മണൽപ്പരപ്പിലൂടെ  അയാൾ പായുകയാണ്. തനിക്ക് പിന്നിലായി ഒരു രാജ്യം നിന്ന്കത്തുന്നു. അയാളത് ഗൗനിക്കുന്നതേ ഇല്ല.

ഒടിവലതാ കാണുന്നു അവളുടെ കൊട്ടാരം.

ആകെ ക്ഷീണിതനും അവശനും ആയിക്കഴിഞ്ഞിരുന്നു അയാൾ. അവളുടെ കൊട്ടാരത്തിൽ ഏതോ വർണാഭമായ ചടങ്ങ് നടക്കുകയാണ്.  അവളുടെ വിവാഹം. അയാളെ കണ്ടതും രാജകുമാരി  അയാളുടെ അടുത്തേക്ക് വന്ന് തനിക്ക് വേണ്ടി കൊണ്ടുവന്ന പൂവിനായി കൈനീട്ടി.  അയാളുടെ തൊണ്ട ഇടറി, കൈകാലുകൾ കുഴഞ്ഞു.  പരാജിത ഭാവത്തിൽ അയാൾ മുട്ടുകുത്തി. തന്റെ കയ്യിലുള്ള അമൂല്യ രത്നനങ്ങൾ അയാൾ രാജകുമാരിക്ക് നേരെ നീട്ടിയില്ല.

രാജകുമാരി പറഞ്ഞു ” എനിക്കറിയാം നിനക്കത് നൽകാൻ കഴിയില്ലെന്ന്”

അയാളുടെ കണ്ഠത്തിൽ വാക്കുപോലും ജീവൻ വെടിഞ്ഞു. എല്ലാത്തിനും ഉത്തരമായി അയാൾ തന്റെ വാൾ ഉറയിൽനിന്നെടുത്ത്, സ്വന്തം നെഞ്ചിലേക്ക് കുത്തിയിറക്കി.

ആരിലും ഒരു ഭാവഭേദവും കണ്ടില്ല.

ചോരയിൽകുതിർന്ന അയാളുടെ ശവശരീരം ഭടന്മാർ എടുത്തു മാറ്റി. രാജകുമാരി കതിർമണ്ഡപത്തിലേക്ക് നടന്നുനീങ്ങി. അയാളുടെ ചോര അവിടെത്തന്നെ തളംകെട്ടി നിന്നു ചുവന്ന പൂക്കളെപ്പോലെ.

ഞെട്ടലൊന്നും കൂടാതെ അയാൾ സ്വപ്നത്തിൽ നിന്നുണർന്നപ്പോഴും ആ ചുവന്ന പൂക്കൾ അവിടെ ഉണ്ടായിരുന്നില്ല എന്നത് ഒരു യാഥാർഥ്യം മാത്രമായിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here