ചുവന്ന കവറിലെ ഡയറി

 

 

 

 

 

എനിക്ക് കാനഡയിലേക്ക് പോകാനുള്ള വിസ വന്നു. വീട്ടിൽ എല്ലാവർക്കും സന്തോഷം എന്റെ സന്തോഷം അവിടെ ചെന്ന് ഇവിടുന്ന് പോയ ഫ്രണ്ട്സിനെയെല്ലാം കാണാല്ലോ എന്നതാണ്.

ഒന്നരവർഷമായുള്ള പരിശ്രമമാണ് പക്ഷേ ഇപ്പോ പെട്ടെന്ന് കിട്ടിയത് പോലെ തോന്നുന്നു. ഏതായാലും ഇനിയൊരു മാസം കഴിയുമ്പോൾ ഞാൻ കാനഡയുടെ തണുപ്പിലേക്ക് എത്തപ്പെടും. അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ പഴയ സാധനങ്ങളും പുസ്തകങ്ങളും എല്ലാം ഒന്ന് അടുക്കി അതിൽനിന്ന് വേണ്ടത് കൊണ്ട് പോകണമെന്ന് അമ്മ പറഞ്ഞത്. ഞാൻ പകുതി മടിയോടെ എന്റെ മുറി വൃത്തിയാക്കി. ഒന്നും കൊണ്ട് പോകണമെന്ന് എനിക്കില്ലായിരുന്നു.
അവിടെ ചെന്ന് എല്ലാം പുതുതായി ഉണ്ടായി വരട്ടെ. പുതിയ ആളുകൾ
പുതിയ സംസ്കാരം പുത്തൻ കാഴ്ചകൾ അങ്ങനെ ഒരു പുതിയ ഞാൻ
ഉണ്ടാവട്ടെ. ഇവിടുന്നുള്ളതും പഴയതും കൊണ്ടു പോകേണ്ട ഒരു
ആവശ്യമില്ല.

അങ്ങനെ മുറി ഒരു വിധം ഒതുങ്ങി ഇനി മേശ അടുക്കണം. അതിനുള്ളിൽ ഉള്ളത് എല്ലാം ഞാൻ വലിച്ചു പുറത്തിട്ടു. മുറി അടുക്കിയപ്പോൾ ഉള്ളതും മേശയ്ക്കു അടിയിലെയും എല്ലാം കൂടെ മറ്റൊരു വലിയ കവറിലാക്കി താഴെ കൊണ്ട് വച്ചിട്ട് കളഞ്ഞേക്കാൻ പറഞ്ഞു. ശേഷം മുറിയിലേക്ക് എത്തിയപ്പോൾ ഭാരം കുറഞ്ഞ ഒരു ബാഗ് പോലെ എന്റെ മുറി ചുരുങ്ങിയതായി എനിക്ക് തോന്നി. ഞാനൊട്ടും നൊസ്റ്റാൾജിക്ക് അല്ല പഴയ കാര്യങ്ങൾ കഴിഞ്ഞ, ഇനി വരുന്നതാണ് ജീവിതം എന്നാണ് എന്റെ പക്ഷം. ഇതൊക്കെ പണ്ടേ കൊണ്ട് കളയേണ്ടത് ആയിരുന്നു. പക്ഷെ അമ്മ
പറഞ്ഞു ഇപ്പൊ കളയേണ്ട നിനക്ക് ഒരു ജോലി കിട്ടിയിട്ട് കളഞ്ഞ
മതിയെന്ന്.

അങ്ങനെ എല്ലാം ഒതുക്കിയക്ഷീണത്തിൽ കട്ടിലിൽ കിടന്നപ്പോഴാണ് തറയിൽഒരു കവറിൽ പൊതിഞ്ഞ പുസ്തകം കാണുന്നത്.
കളയാൻ കൂട്ടി വച്ച കവറിൽ നിന്ന് ചാടിയവനാണ്. എല്ലാവരും പോയിട്ടും ഇവനു മാത്രം എന്താണ് ഇത്ര മടി. ബാക്കിയുള്ളവർക്കില്ലാത്ത എന്ത് പ്രത്യേകതയാണ് ഇവനുള്ളത്. ഏതായാലും ഇതൊന്ന് തുറന്നു നോക്കിയിട്ട്കളഞ്ഞ മതിയെന്ന് മനസ്സിൽ തോന്നി.

ചുവന്ന കവറു മാറ്റിയപ്പോൾ 2012ലെ ഒരു ഡയറിയാണ്. വെള്ള
മേഘങ്ങളും നീലാകാശങ്ങളും മലയും പച്ചപ്പും തെങ്ങുമൊക്കെ
പുറംചട്ടയിൽ നിറഞ്ഞു നിൽക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ
ഡയറിയാണിത്. The bank that kerala trusts! എന്ന പരസ്യവാചകവും അതിലുണ്ട്.

ഞാനോർത്തു വർഷങ്ങൾ കഴിഞ്ഞു. ഇന്ന് ആ ബാങ്കിന്റെ പേര് പോലും അതല്ല പക്ഷേ അവരിറക്കിയ ഡയറി ഇന്നും നിലനിൽക്കുന്നു ഓർമകളുടെ സാക്ഷിപത്രവുമായി. പണ്ട് അപ്പന്റെ മുറിയിൽ ഈ ഡയറി കണ്ടപ്പോൾ കൗതുകത്തിനു മേടിച്ച് കൈയിൽ വച്ചതാണ്. ഞാനായിട്ട് അതിലൊന്നും എഴുതിയതായി ഓർക്കുന്നില്ല. ആകാംക്ഷയോടെ ഞാനത് തുറന്നു. നിറയെ അക്ഷരങ്ങൾ നിറയെ എന്ന് വെച്ചാൽ ഡയറിയുടെ പകുതിയോളം എന്തൊക്കെയോ എഴുതിയിട്ടുണ്ട്. എന്റെ കൈയക്ഷരങ്ങളല്ല പരിചയമുള്ള ആരുടെയുമായി സാമ്യവും തോന്നുന്നില്ല. ഞാൻ വായിച്ചു തുടങ്ങി….

ഒരാളെ മറ്റൊരാൾ മനസ്സിലാക്കുന്നത് അയാൾ തന്നെ പറ്റി പറയുന്ന
കഥകളിലൂടെയാണ്. ഈ ഡയറി വായിക്കുമ്പോൾ നിനക്ക് പുതിയൊരു
എന്നെ കാണാൻ കഴിയും… ഉറപ്പ് . ഇതിൽ എന്റെ ഉള്ളിലുള്ള ആരോടും പറയാത്ത എന്റെ ജീവിതമാണ്. നിന്നോട് നേരിട്ട് കണ്ട് ഈ ഡയറി തന്ന് യാത്ര പറയാൻ പറ്റില്ല, അതിനുള്ള സമയമില്ല. ഞാൻ പോകുന്നു. ഇത് വായിച്ചു കഴിഞ്ഞ് നീ എന്തായാലും വിളിച്ചോളും. എനിക്ക് നേരിട്ട്ഏൽപിക്കാൻ കഴിയൂല്ല ആരെങ്കിലും വഴി ഇത് ഞാൻ തന്നിരിക്കും.

അടുത്ത് പേജ് തുറന്നു….

ഏഴ് ആൺമക്കളും മൂന്ന് പെൺമക്കളും ഉള്ള പണിക്കരു തറവാട്ടിലെ
ഏറ്റവും ഇളയ മകനായിരുന്നു എന്റെ അപ്പൻ. ആ നാട്ടിലെ ആളുകൾക്ക് എന്ത് ആവശ്യത്തിനു വേണ്ടിയും പണിക്കരു വീട്ടിലെ വാതിൽ തുറന്നു ഇട്ടേക്കും. അപ്പന്റെ അപ്പൻ അബ്രഹാം പണിക്കർ നാട്ടിലെ പ്രമാണി ആയിരുന്നു. എപ്പോഴും തുറന്നു കിടന്ന ആ ഗേറ്റ് കടന്നു ചെല്ലുമ്പോൾ ടാറിട്ട വഴി നീളുന്നത് വീട്ടിലേക്കാണ് . വഴിക്ക് ഇരുവശവും അരമതിൽ പൊക്കി അതിന്മേൽ ചെടി വച്ചിരിക്കുന്നു. അരമതിലിന്റെ വലതു വശത്ത് ഒരു പ്രാവിന്റെ കൂട് അതും വലുത്. അന്തരീക്ഷത്തിൽ പ്രാവിന്റെ കുറുകലും പട്ടികുരയും കോഴിക്കൂവലുകളും മാറിയും മറിഞ്ഞും കേൾക്കാം. പണിക്കരു വീട്ടിലെ മക്കൾ ചിരിച്ചും കളിച്ചും പരസ്പരം പങ്കു
വച്ചും വഴക്കിട്ടും സന്തോഷിച്ചും വളർന്നു.

കുഴിമറ്റത്ത് മാണി തന്റെ അപ്പൻ ഔസേപ്പുമായി പിണങ്ങി മറ്റൊരു
കുടുംബം ഉണ്ടാക്കി. ഭാര്യയുടെ പേര് ചേർത്ത് ‘ഗ്രേസ് വില്ല’ എന്ന് പേരിട്ടു. ഗ്രേസ് ജർമനിയിൽ നഴ്സ് ആയിരുന്നു പണത്തിനെ മാത്രം സ്നേഹിച്ച അവൾ കാരണമാണ് മകനും അപ്പനും പിണങ്ങിയത്. അവരാരെയും സ്നേഹിച്ചില്ല. അവരുടെ മകളായിയാണ് എന്റെ അമ്മയുടെ ജനനം. ജന്മം നൽകി മുലപ്പാൽ പോലും കൊടുക്കാതെ തിരിച്ചു ജർമനിയിലേക്ക് പോയി.

ആരോടും മിണ്ടാതെ തന്നിലേക്ക് തന്നെ ഒതുങ്ങി സ്നേഹമറിയാതെ എന്റെഅമ്മ വളർന്നു.

മലങ്കര നസ്രാണികളിലെ ഓർത്തഡോക്സ് യാക്കോബായ വിഭാഗത്തിന്റെ പള്ളിതർക്കങ്ങളിലും കേസുകളിലും മാണിയും അബ്രഹാമും സജീവ സാന്നിധ്യമായിരുന്നു. അവർ തമ്മിലുള്ള സൗഹൃദം വളർന്നപ്പോൾ തങ്ങളുടെ മക്കൾ തമ്മിൽ വിവാഹിതരായാൽ അവരുടെ സൗഹൃദം കുടുംബം ബന്ധം
ആകുമല്ലോ എന്നവർ ആശിച്ചു. അങ്ങനെ എന്റെ അപ്പനും അമ്മയും
വിവാഹിതയായി.

ഒന്നിച്ചുള്ള ജീവിതത്തിൽ നിന്നും ഒരിക്കലും ചേരാൻ പാടില്ലാത്ത രണ്ടു
ആളുകളായിരുന്നു തങ്ങൾ എന്ന് അവർ മനസ്സിലാക്കി. തന്നിലേക്ക് തന്നെ ഒതുങ്ങിയ ഒരു തുരുത്താണ് അമ്മയെങ്കിൽ തിരക്കും ബഹളങ്ങളും നിറഞ്ഞ ഒരു നഗരമാണ് അപ്പൻ. ചേരാത്ത രണ്ട് ദ്രാവകങ്ങൾ ഒന്നിച്ചു ഒഴിച്ചാലും അവർ രണ്ടായി തന്നെ നിലനിൽക്കില്ലേ അത് പോലെ അവർ ജീവിച്ചു.

വീട്ടുകാരോട് ഇതിനെപ്പറ്റി അവർ രണ്ടും സംസാരിച്ചിരുന്നു പക്ഷേ
തുടക്കത്തിലെ പ്രശ്നം മാത്രമാണ് ഇതൊക്കെയെന്നും പതിയെ മാറുമെന്നുള്ള മറുപടി ആണ് രണ്ടു പേർക്കും കിട്ടിയത്.

ഇതിനിടയിലാണ് എന്റെ ജനനം. വീട്ടുകാരെല്ലാം ഒരുപാട് സന്തോഷിച്ചു. എന്നിലൂടെ അവരൊന്നാകുമെന്ന് കരുതിയിട്ടുണ്ടാകും. പക്ഷെ നടന്നത് മറ്റൊന്നാണ്. എന്റെ വരവോടെ അമ്മ കുറച്ചൂടെ ഒറ്റപ്പെട്ടു . അയൽക്കാരുമായി ചേരില്ല , ശരിയായി ഭക്ഷണം വെയ്ക്കില്ല , വീട് വൃത്തിയാക്കില്ല , ഒരു വേലക്കാരിയെ പോലും അകത്തു കയറ്റില്ല എന്നീ പരാതികൾ അപ്പൻ എല്ലാവരോടും പറഞ്ഞു. അപ്പന്റെ വീട്ടിലെ എല്ലാവരുമായി അമ്മ ഉടക്കുകയും ചെയ്തു.

അമ്മയ്ക്ക് ഞാനും അപ്പനും മാത്രം മതി. പക്ഷെ അപ്പനു എല്ലാവരെയും വേണം.ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ നിൽക്കാൻ വന്ന അപ്പന്റെ അപ്പനെ അമ്മ ഇറക്കി വിട്ടു. അത്രയും ആയപ്പോള്‍ വല്ലപ്പോഴും മദ്യപിച്ചിരുന്ന അപ്പൻ മുഴുവൻ സമയം മദ്യത്തിലായി. എന്റെ ഓർമ്മയുള്ള കാലം തൊട്ട് അപ്പനെ സ്വബോധത്തോടെ കണ്ടിട്ടില്ല. കൂട്ടുകാരെ വീട്ടിൽ വരുത്തി മദ്യപിക്കുന്നത്
പതിവായി. അതിന്റെ പേരിൽ അമ്മയുമായി വഴക്കായി എന്റെ
കൺമുന്നിൽ വെച്ച് അമ്മയെ തൊഴിച്ച് കസേര കൊണ്ട് കുറെ തല്ലി. ഞാൻ തടയാൻ ചെന്നപ്പോൾ എന്നെയും തല്ലി. എന്നെ ആദ്യമായാണ് അപ്പന്‍ തല്ലുന്നത് എന്റെ കണ്ണ് നിറഞ്ഞു. അമ്മയുടെ ദേഹത്ത് നിന്നും ചോര ഒലിച്ചു കൊണ്ടേയിരുന്നു. തറയിൽ നിറയെ ചോരയായി. ചോരയ്ക്ക് വല്ലാത്ത ഒരു മണമുണ്ട് അല്ല നാറ്റമുണ്ട്!

അന്നത്തെ സംഭവം കഴിഞ്ഞ് അപ്പനെ ഭ്രാന്താശുപത്രിയിലാക്കി. അമ്മയുടെ മുറിവുകൾ ഉണങ്ങിയപ്പോൾ കൗൺസിലിംഗിനു ഒരു മഠത്തിലും ആക്കി.

ഞാൻ ഒറ്റയ്ക്കായി. പണിക്കരു വീട്ടിലെ അപ്പച്ചനും അമ്മച്ചിയും മരിച്ചത് കൊണ്ട് ബാക്കിയുള്ള അപ്പന്റെ സഹോദരങ്ങൾക്ക് ഞാനൊരു ഭാരമായി തോന്നി. അവർക്ക് എന്നെ വളർത്താൻ കഴിയില്ല എന്ന് തീർത്തു പറഞ്ഞു.

അന്ന് മാണി അപ്പച്ചനും മരിച്ചിരുന്നു ഇപ്പോ ഗ്രേസ് വില്ലയിൽ ഗ്രേസ്
അമ്മച്ചി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒടുവിൽ എന്റെ ചുമതല
അവർക്ക് ഏൽക്കേണ്ടി വന്നു. ഇന്നേവരെ ആരെയുംസ്നേഹിച്ചിട്ടില്ലാത്ത
അവർക്ക് വീട്ടിൽ ഒരു പുതിയ വളർത്തു മൃഗം വന്ന പോലെയെ
ഉണ്ടായിരുന്നുള്ളൂ. മൂന്ന് നേരം ഭക്ഷണവും സ്കൂളിലേക്കുള്ള ഫീസും തരും.

ക്ലാസില്ലാത്തപ്പോൾ പറമ്പിലും പാടത്തും എല്ലാ പണിയും ചെയ്യണം.
അധികം സംസാരിക്കുക പോലുമില്ല. ഇടയ്ക്ക് പണിക്കരപ്പച്ചന്റെയും
അമ്മച്ചിയുടെയും കല്ലറയിൽ പോയി ഞാൻ കരയും. വല്ലപ്പോഴുമേ
കണ്ടിട്ടുള്ളു എങ്കിലും എപ്പോൾ കണ്ടാലും എന്നെ വാരി പുണർന്നു
നെഞ്ചോട് ചേർത്ത് വച്ച് കവളിലും മൂക്കിലും നെറ്റിയിലും മുത്തം
തരുമായിരുന്നു. സത്യം പറഞ്ഞാ എന്നെ ചേർത്ത് പിടിച്ചു ഉമ്മ
വെച്ചിട്ടുള്ളത് അവർ മാത്രമാണ്!

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എൻട്രൻസുള്ള സ്കൂളിൽ വിടണമെന്ന് അമ്മ മഠത്തിൽ നിന്നും വിളിച്ചു പറഞ്ഞു. അങ്ങനെയാണ് ഞാൻ നമ്മുടെ സ്കൂളിൽ എത്തുന്നത്. ഇവിടെ വന്നപ്പോൾ മുതൽ നീ എന്റെ കൂടെ ഉണ്ട്. ഒരു പക്ഷെ എന്നോട് ഇത്രയധികം സംസാരിച്ച ഒരു വ്യക്തി നീ ആയിരിയ്ക്കും. എന്റെ ജീവിതത്തിലെ ആദ്യത്തെ സുഹൃത്ത് നീയാണ്.

നീ നിന്റെ വീട്ടിലെ തമാശകൾ പറയുമ്പോൾ ഞാൻ കരഞ്ഞു പോയിട്ടുണ്ട്. നീ കണ്ടിട്ടില്ലെന്നേയുള്ളൂ. എന്റെ ഫാമിലിയെ പറ്റി ചോദിക്കുമ്പോൾ ഞാൻ പിന്നെ പറയാമെന്ന് പറഞ്ഞിട്ടല്ലെ ഉള്ളു. കാരണം നിന്റെ തമാശകൾ ഒക്കെ കേട്ടിരിക്കുമ്പോൾ ഞാൻ എന്റെ ഭൂതകാലം ശരിക്കും മറക്കും.

ഇവിടുന്ന് പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ നീ എവിടെയാണോ പഠിക്കാൻ പോവുക അവിടെ ഞാനും വരും. നീ കൂടെ ഉണ്ടാകുന്നത് ഒരു സുഖമാണ്.

എന്ന്
യാക്കോബ് പണിക്കർ

എന്റെ കണ്ണുകൾ ശരിക്കും നിറഞ്ഞു. ഞാൻ ഡയറി അടച്ചു വച്ചു.
എന്റെ അപ്പച്ചനും അമ്മച്ചിയും മരിച്ചപ്പോൾ പോലും കരഞ്ഞിട്ടില്ലാത്ത
ഞാൻ ഈ ഡയറി വായിച്ചപ്പോൾ കരഞ്ഞു. എനിക്ക് എന്നെ
മനസ്സിലാകുന്നില്ല. എന്തിനാണ് ഞാൻ കരയുന്നത് ജേക്കബിന്റെ ജീവിതം
ഇങ്ങനെ ആവേണ്ടതല്ലായിരുന്നു അവനു കുറച്ചൂടെ നല്ലൊരു ജീവിതം
കിട്ടേണ്ടതായിരുന്നു എന്ന് ഓർത്തിട്ടാണോ ?. ജേക്കബ് ഐസക്ക് അബ്രഹാം എന്ന മുഴുവൻ പേര് ചുരുക്കി ജേക്കബ് ഐ എ എന്നാണ് അവനെ വിളിച്ചിരുന്നത്. ഞങ്ങളുടെ ബാച്ച് മുഴുവനും അയ്യേ എന്നായിരുന്നു അവനെ കളിയാക്കി വിളിച്ചിരുന്നത്. ഞാൻ മാത്രമേ അങ്ങനെ വിളിക്കാത്തിരുന്നുട്ടുള്ളൂ എന്തോ അവനാ വിളി ഇഷ്ടമാകുന്നില്ല എന്നെനിക്കു തോന്നിയിരുന്നു. വിളിക്കപ്പെടുന്ന ആളിനു ഇഷ്ടമല്ലെങ്കിൽ അങ്ങനെ വിളിക്കുന്നതിൽ ഒരു ന്യായവുമില്ലെന്നാണ് എന്റെ പക്ഷം.

നിറഞ്ഞ കണ്ണുകളോടെ തറയിലിങ്ങനെ ചിന്തിച്ചിരുന്നിട്ട് കുറച്ചു
നേരമായെന്ന് അപ്പോഴാണ് ഓർത്തത്. ഒന്ന് മുഖം കഴുകി ആ ഡയറി
വീണ്ടും പൊതിഞ്ഞ് മേശപ്പുറത്ത് വെച്ചു. അന്നേരം പന്ത്രണ്ടാം ക്ലാസിലെ യൂണിഫോമിട്ട് എന്റെ മുന്നിലിരുന്ന് ചിരിക്കുന്ന അവന്റെ മുഖം തെളിഞ്ഞു വന്നു. പതിനൊന്നാം ക്ലാസിലാണ് അവൻ ഞങ്ങളുടെ
സ്കൂളിലേക്ക് വരുന്നത്. അവൻ എൻട്രൻസ് കോച്ചിംഗുള്ള ഒരു
ബാച്ചിലായിരുന്നു. അത് പഠിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയപ്പോൾ അവൻ അവിടുന്ന് ഞങ്ങളുടെ ബാച്ചിലേക്ക് വന്നു. എന്റെ കൂടെയാണ് ഇരുന്നത് ഞാൻ എപ്പോഴും കഥകൾ പറഞ്ഞു കൊണ്ടേയിരിക്കും അവൻ ഒരു മടിയുമില്ലാതെ കേട്ടോളും. എനിക്ക് എന്റെ വീട്ടിൽ അപ്പനും അമ്മയും ചേച്ചിയും ഉള്ള കുറെയധികം തമാശകൾ കൈയിലുണ്ട്. പുതുതായി ഒരാളെ പരിചയപ്പെട്ടാൽ ആ കഥകളെല്ലാം പറഞ്ഞു നോക്കും. സാധാരണ ആളുകൾ അതൊക്കെ കേട്ട് പൊട്ടി ചിരിക്കാറുണ്ട്. പക്ഷെ ജേക്കബ് അതിനൊന്നും
വലുതായി ചിരിക്കില്ല. കണ്ണുകൾ നിറഞ്ഞു തുളുമ്പി എന്നെ
നോക്കിയിരിക്കും ചോദിച്ചാൽ പറയും കണ്ണു നിറയുന്ന അസുഖമാണെന്ന്.

പന്ത്രണ്ടാം ക്ലാസ് തീരുന്നതിനു ആറു മാസം മുമ്പാണ് അവൻ പെട്ടെന്ന്

സ്കൂൾ വിട്ട് പോകുന്നത്. കാരണം അവന്റെ അമ്മയ്ക്ക് വയ്യാതായെന്നോ മറ്റോ ആണെന്ന് അവന്റെ ഹോസ്റ്റൽ റൂമിൽ ഉള്ളവർ പറഞ്ഞാതായി ഓർക്കുന്നു. അവരിൽ ആരോ എന്റെയീ ഡയറി തന്നതും ഞാൻ ആർട്സ് ഫെസ്റ്റിവലിന്റെ തിരക്കിൽ അത് നോക്കാതെ എടുത്ത് ബാഗിൽ ഇട്ടതും. പിന്നീട് അത് മേശയ്ക്കടിയിൽ എത്തിയതും ഓർത്തു എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. കാരണം ഞാൻ അതിനൊക്കെ അത്രയെ പ്രാധാന്യം കൊടുത്തിരുന്നുള്ളൂ

ഞാൻ പിന്നീട് അവനെക്കുറിച്ച് എന്താ ഓർക്കാഞ്ഞെ? അവനെ
മുഴുവനായും ഞാൻ മറന്നോ? എനിക്ക് ചുറ്റും എപ്പോഴും സുഹൃത്തുക്കൾ ഉണ്ടാവും അത് കൊണ്ട് പഴയ സുഹൃത്തുക്കളെ ആരെയും ഞാൻ അന്വേഷിക്കാറില്ല സത്യം പറഞ്ഞാ ഓർക്കാറു പോലുമില്ല. പക്ഷെ അവനു എന്നെ മറക്കാൻ പറ്റുവോ ഒരിക്കലുമില്ല. എന്നിട്ടും ഒരു കോളോ മേസേജോ അവന്റെതായി വന്നിട്ടില്ല. അതിനർത്ഥം അവനെന്തോ പറ്റി എന്നല്ലേ?

എന്താവും യാക്കോബിനു പറ്റിയത്? അവന്റെ അച്ഛൻ ആശുപത്രിയിൽ
നിന്നും പുറത്തുചാടി കാണുമോ? അവന്റെ അമ്മ വയ്യാതായി എന്ന് കോൾ വന്നത് അങ്ങനെ ആവുമോ?

എനിക്ക് ഇരിപ്പുറച്ചില്ല ഞാൻ അവനു വേണ്ടി തിരച്ചിൽ തുടങ്ങി.
ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം എല്ലാം നോക്കി. ഫെയ്സ്ബുക്കിൽ അക്കൗണ്ട് ഉണ്ട് പക്ഷെ അവസാന ഫോട്ടോ ഇട്ടേക്കുന്നത് എട്ടു വർഷം മുമ്പാണ്.അതായത് ഞങ്ങളുടെ കൂടെ സ്കൂളിൽ പഠിക്കുന്ന സമയത്ത്.

കാനഡയ്ക്ക് പോവുകയാണെന്നും യാത്ര പറയാൻ വിളിച്ചതാണ് എന്ന്
പറഞ്ഞ് എല്ലാരോടും സൂത്രത്തിൽ ജേക്കബിനെ പറ്റി തിരക്കി. . അവന്റെ ഫോൺ നമ്പർ ആരുടെയും കൈയിലില്ല. ഞങ്ങളുടെ ബാച്ചിലുള്ള പലരെയും ടീച്ചേഴ്സിനെയും വിളിച്ചു നോക്കി ആർക്കും അറിയില്ല.

എന്തിനു ഞാൻ കുറച്ചു സംസാരിച്ച് , അവന്റെ വട്ട പേരൊക്കെ പറഞ്ഞപ്പോഴാണ് ഓർമ്മ പോലും വന്നത്. എന്നെയും കുറെ നാൾ കാണാതിരുന്ന ഇവരൊക്കെ മറന്നു പോകുവോ? ഓരോരുത്തർക്കും അവരോരുടെ ജീവിതങ്ങൾ ആണ് പ്രധാനം അതിലേക്ക് വന്നു പോകുന്നവർക്ക് നമ്മൾ അത്ര കണ്ട് പ്രാധാന്യം ഒന്നും
കൊടുത്തു എന്ന് വരില്ല. പക്ഷെ അവർക്ക് നമ്മൾ ഒരു വലിയ
ആശ്വാസമാവും. ഈ ഡയറി എന്നെ ഒരുപാട് മാറ്റി.

ഞാനിപ്പോൾ പ്ലെയിനിലാണ് അന്ന് ചാക്കിൽ കളയാൻ ശ്രമിച്ച ഓർമകളും പുസ്തകങ്ങളും എന്റെ കൂടെ ഉണ്ട്. ഫ്ലൈറ്റ് ടേക് ഓഫ് ചെയ്തു.

കൈയിലിരുന്ന ജേക്കബിന്റെ ഡയറി വീണ്ടും വായിച്ചു. അവനെ
രക്ഷിക്കാൻ ഇനിയും വല്ല ക്ലൂവും കിട്ടിയാലോ? പെട്ടെന്ന് ഞാനെന്റെ
പഴയ മെയിൽ നോക്കി. ഞാൻ സ്കുൾ സമയത്ത് ഉപയോഗിച്ചിരുന്ന
മെയിൽ. അതിൽ ജേക്കബിന്റെ ഒരു മെസേജുണ്ട്. എന്റെ മുഖം വിടർന്നു.

അവൻ സ്കൂളിൽ നിന്നും പോയതിനും രണ്ട് മാസം കഴിഞ്ഞാണ് അത്
വന്നിട്ടുള്ളത്. ഞാൻ വായിച്ചു….

”ഇത്രയും നാൾ ഞാനൊരു ഇരുട്ട് വഴിയിലൂടെ നടക്കുകയായിരുന്നു.
പെട്ടെന്നാണ് ഒരു ചെറിയ വെട്ടം വഴിയിലേക്ക് വീണത്. ഇപ്പോ വീണ്ടും
ഇരുട്ടായി പക്ഷേ ഇത് നേരത്തത്തെക്കാളും ഭീകരമായ ഇരുട്ടാണ്”

മെയിൽ തീർന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here