ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയ്ക്ക് പോലീസിന്റെ ക്ലീൻ ചിറ്റ്. സിനിമ നിലവിലുള്ള നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കഥാസന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്നും എഡിജിപി ബി. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി. സിനിമ കണ്ടശേഷമാണ് ഉന്നത പോലീസ് സംഘം ഇങ്ങനെ വിലയിരുത്തിയത്.
ചുരുളി സിനിമയിലെ ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി ചിത്രം ഒ.ടി.ടിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ കോടതി പോലീസിന് നിർദേശം നൽകിയത്. ഇതിനേത്തുടർന്നാണ് ബി. പദ്മകുമാർ അധ്യക്ഷനായ സമിതി സിനിമ കാണുകയും പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്. ചുരുളി ഒരുതരത്തിലുമുള്ള നിയമലംഘനവും നടത്തുന്നില്ല എന്നാണ് റിപ്പോർട്ടിലുള്ളത്.