ഒറ്റ മുറി(വ്)ക്ക് ചുള്ളിക്കാടിന്റെ കുറിപ്പ്

സോഫിയ ഷാജഹാന്റെ പുതിയ കവിതാ സമഹാരമായ ഒറ്റ മുറി(വ്)വിന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കുറിപ്പ് വായിയ്ക്കാം

“ഏകാന്തതയുടെയും പ്രണയത്തിന്റെയും അനാഥമായ ആത്മവേദനകളുടെയും അവസാനിക്കാത്ത കാത്തിരിപ്പിന്റെയും വിശ്ലഥസംഗീതമാണ് സോഫിയുടെ കവിത. ഈ ജന്മത്തിന്റെ ഋതുഭേദങ്ങളില്‍ നീ എന്നെ തനിച്ചാക്കിയത് എന്തിനായിരുന്നു എന്നു തേങ്ങുന്ന വിരഹിണിയുടെ ഹൃദയം ഇനിയും എത്താത്ത ചൈത്രത്തിനായി സന്ധ്യയുടെ ശൂന്യതയില്‍ കാത്തിരിക്കുന്നു. കല്ലിച്ച കണ്ണുനീരായി ഉടഞ്ഞുചിതറാത്ത മൗനമായി വാക്കുകളില്‍ വേദന ഉറഞ്ഞുനില്‍ക്കുന്നു. ഇരുളില്‍ മരിച്ചുവീണ നിഴലുകളെ പൂര്‍വ്വജന്മത്തിന്റെ പ്രണയസ്മൃതികൊണ്ടു കുങ്കുമം ചാര്‍ത്തുന്നു. ആത്മദഹനത്തിന്റെ വ്യാകുല മുഹൂര്‍ത്തത്തില്‍ വാക്കുകള്‍ ചിതയിലെ ചന്ദനമായി എരിയുന്നു. വര്‍ണ്ണരഹിതമായ പ്രവാസലോകത്തില്‍ ഹതാശമായ കവിത നരച്ച നിറങ്ങളുടെ സഖിയാകുന്നു. ജീവിതം വ്യര്‍ത്ഥതയുടെ വ്യാഖ്യാനമാകുന്നു. ചിറകില്ലാത്ത ശലഭമായി പ്രണയം പിടഞ്ഞൊടുങ്ങുന്നു. തലയ്ക്കല്‍ എരിയിച്ച ദീപം അണയ്ക്കാതെ ആത്മാവിന്റെ വിലാപം ഒരു തലോടലായി കടന്നുപോകുന്നു. മനസ്സ് അനുരാഗത്തിന്റെ കാല്പാദങ്ങളെ തഴുകുന്ന തിരമാലയാകുന്നു. കറുകപ്പുല്‍ത്തുമ്പില്‍ ഇറ്റുവീഴാനൊരുങ്ങുന്ന മഞ്ഞുതുള്ളിപോലെ വിശുദ്ധമായ ബാല്യത്തിന്റെ നഷ്ടം അനന്തരമായ വേദനയാകുന്നു. വന്ധ്യമേഘങ്ങള്‍ക്കു കീഴെ നിറവും രൂപവും ഭാവവുമില്ലാത്ത കാലത്തിന്റെ ചക്രസഞ്ചാരം അറിയുന്നു. സാഫല്യമില്ലാത്ത കാമനകള്‍ നിശയുടെ നിഗൂഢതയില്‍ ഒളിപ്പിച്ച തേങ്ങലുകളാകുന്നു. ഒരു ഗംഗയിലും ഒഴുക്കാനാകാത്ത ദുഃഖത്തിന്റെ മണ്‍കുടം നെഞ്ചോടുചേര്‍ത്ത് കവിത നില്‍ക്കുന്നു. ഇതാ, അവളുടെ ആത്മരക്തം മഞ്ചാടിമണികളായി കാലത്തിന്റെ തിരുമുറ്റത്തു ചിതറിവീഴുന്നു. ഞാന്‍ ഈ മഞ്ചാടിമണികള്‍ പെറുക്കിയെടുക്കട്ടെ. എന്റെ ഹൃദയത്തില്‍ സൂക്ഷിക്കട്ടെ.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here