കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യ നോവല്‍ ഹിരണ്യം ഉടൻ പ്രസിദ്ധീകൃതമാകും. 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ 18-ാമത്തെ വയസ്സില്‍ എഴുതിയ മാന്ത്രിക നോവലാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഒരു കൗമാര കമ്പത്തിന്റെ പേരില്‍ കുറച്ചുനാള്‍ ദുര്‍മന്ത്രവാദം പഠിക്കാന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈ നോവല്‍ എഴുതിയിരിക്കുന്നത്. നാട്ടിലെ ഒരു കൊടിയ മന്ത്രവാദിയുടെ കീഴിൽ ശിഷ്യപ്പെട്ടതും അതിനുശേഷം അതിനുണ്ടായ ദുരന്തപൂര്ണമായ അന്ത്യവും ഒക്കെയാണ് നോവലിൽ വിവരിക്കുന്നതെന്ന് ചുള്ളിക്കാട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അന്നത്തെ പ്രമുഖ മാസികകൾ നിരസിച്ച പുസ്തകം പ്രസിദ്ധീകരിച്ചത് യു.കെ.കുമാരനായിരുന്നു. പിന്നീട് എഴുത്തുകാരൻ തന്നെ മറന്നുകളഞ്ഞ ഒരു പുസ്തകമാണ് ഇപ്പോൾ ഡിസി ബുക്ക്സ് വഴി വയനക്കാരിലേക്ക് എത്തുന്നത്. ഹിരണ്യം എന്നാണ് നോവലിന്റെ പേര്.മന്ത്രവാദവും അതിന്റെ അതീത ലോകവും നിറഞ്ഞു നിൽക്കുന്നതാണ് നോവൽ എന്നു പ്രസാധകർ അവകാശപ്പെടുന്നു.ചിദംബര സ്മരണ വായിച്ച മലയാളികൾക്ക് ചുള്ളിക്കാടിന്റെ ഗദ്യത്തിൽ ഉള്ള താൽപര്യം ഈ നോവലിന് ഏറെ വായനക്കാരെ സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്.