ചൂണ്ടകള്‍

choonda

അപ്പുമണിസ്വാമികളുടെ വെളിച്ചപ്പെടുത്തലുകള്‍ക്കായി ആശ്രമത്തില്‍ ഊഴം കാത്തിരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിക്കൊണ്ടിരിന്നു. പ്രാഭാഷണത്തിന് ശേഷം സ്വാമികള്‍ ആരെയാണ് വിളിക്കുന്നതെന്ന് ആര്‍ക്കും ഊഹിക്കാനാകുമായിരുന്നില്ല.

അന്ന് പ്രാഭാഷണത്തിനുശേഷം സ്വാമികള്‍ ആദ്യം വിളിച്ചത് രക്കനെയായിരുന്നു. മണ്ഡപത്തിലെ ഒരു മൂലയില്‍ ഒതുങ്ങി നിന്നിരുന്ന രക്കനെ സ്വാമികള്‍ മാടിവിളിക്കുകയായിരന്നു.

“വേഗം പോ. നിന്റെ ചൂണ്ടയില്‍ നീ പ്രതീക്ഷച്ചതിലും കവിഞ്ഞ ഒരെണ്ണം കുടുങ്ങിയിരിക്കുന്നു.” – സ്വാമികള്‍ പറഞ്ഞു.

പെരുങ്കുളത്തില്‍ ചൂണ്ടയിട്ടവെച്ചിരുന്ന രക്കന്‍, സ്വാമികളെ നമസ്കരിച്ച ശേഷം ദൃതിയില്‍ പുറത്തേക്കിറങ്ങി.

രക്കന്റെ ചൂണ്ടയില്‍ കുടുങ്ങിയ വരാല്‍ മത്സ്യത്തിന് ആറര കിലോഗ്രാം ആയിരുന്നു തൂക്കം! എഴുനൂറ്റമ്പതു രൂപയ്ക്കു അത് വിറ്റുപോയി.

വീടും കുടുംബവുമൊന്നുമില്ലാത്ത രക്കന്‍ പിന്നെ, ഒരു കുളത്തിലും ചൂണ്ടയിട്ടില്ല. ആ എഴുനൂറ്റമ്പതു രൂപയുമായി പിറ്റേന്നു പത്തരയ്ക്കുള്ള മയില്‍ വാഹനത്തില്‍ കയറിയ രക്കന്‍ പിന്നെ തിരിച്ചുവന്നില്ല.

മോഷണം മുതലാക്കിയ കണ്ടമുത്തനും ഒരിക്കല്‍ സ്വാമികളുടെ മുന്നിലെത്തി.

ആശ്രമത്തില്‍ നിന്നും ഓട്ടുരുളി മോഷ്ടിച്ച കണ്ടമുത്തന്‍ ആയിരത്തി അഞ്ഞൂറു രൂപയ്ക്കു മുരുകന്‍ മൂത്തന്റെ പാത്രക്കടയില്‍ കൊണ്ടുപോയി വിറ്റു. മൂത്തനതു തേച്ചു മിനുക്കി ആശ്രമത്തിലേക്കു തിരിച്ചേല്പ്പിക്കുകയും ചെയ്തു.

രണ്ടാമതും മോഷണത്തിനായെത്തിയ അയാളെ ശിഷ്യന്മാര്‍ പിടികൂടി സ്വാമികളുടെ മുന്നിലെത്തിക്കുകയായിരുന്നു.

“കണ്ടമുത്താ, നീയിവിടെ നിലവിളക്കോ വാല്‍ക്കിണ്ടിയോ മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. നിന്റെ വീട്ടില്‍ അതിലും വലിയ മോഷണം നടന്നിരിക്കുന്നു. മുത്തന്‍ വീട്ടിലേയ്ക്കു ചെല്ലുക. അല്ല, ഇനിയിപ്പോള്‍ ഓടിച്ചെന്നിട്ടും ഫലമൊന്നുമില്ല.”

മുന്നില്‍ മുഖം കുനിച്ചുനില്‍ക്കുന്ന കണ്ടമുത്തനെ നോക്കി സ്വാമികള്‍ സഹതപിച്ചു.

വീട്ടില്‍ ചെന്നപാടെ അയാള്‍ കുടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും പണ്ടങ്ങളും അവിടെത്തന്നെയുണ്ടോയെന്നാണ് നോക്കിയത്. അതെല്ലാം അങ്ങനെതന്നെയുണ്ടെന്ന് കണ്ടപ്പോഴാണ് അയാള്‍ക്ക് ശ്വാസം നേരെ വീണത്. പിന്നെ ആടും, പശുവുമൊക്കെ ഉണ്ടെന്ന് ഉറപ്പുവരുത്തി.

സ്വാമികള്‍ പറ്റിക്കാന്‍ പറഞ്ഞതായിരിക്കുമെന്നുകരുതി സമാധാനിച്ച കണ്ടമുത്തന്‍ പതുക്കെ കിടപ്പുമുറിയിലേക്കുചെന്നു.

സാവിത്രി എവിടെ?

ഒഴിഞ്ഞ് കിടക്കുന്ന കട്ടിലിലേക്കുനോക്കി അയാള്‍ ആശ്ചര്യപ്പെട്ടു.

ഈ നേരത്ത് ഇവളെവിടെപ്പോകാന്‍?

അയാള്‍ അങ്കലാപ്പോടെ കോലായിലേക്കു ചെന്നു.

ഇനിയിപ്പോള്‍ പാറുവമ്മയുടെ ചാലയിലെങ്ങാനും ചെന്നിട്ടുണ്ടാകുമോ?

കണ്ടമുത്തന്‍ ടോര്‍ച്ചുതെളിച്ച് വേലിക്കപ്പുറത്തുള്ള പാറുവമ്മയുടെ കുടിലിലേക്കു ചെന്നു.

പാറുവമ്മ മണ്ണെണ്ണവിളക്കിനു മുന്നിലിരുന്ന് ഉറക്കം തൂങ്ങുകയാണ്. അയാളുടെ മുരടനക്കം കേട്ട് ആ വൃദ്ധ മുഖമുയര്‍ത്തി.

“ചതിച്ചല്ലോ മുത്താ. നിന്റെ പെണ്ണ് ആ ആക്രിക്കച്ചോടക്കാരന്റെ കൂടെ ഇറങ്ങിപ്പോയി.”

പാറുവമ്മ നെഞ്ചത്തുകൈവച്ചുകൊണ്ട് പറഞ്ഞു.

അയാള്‍ മരം കണക്കെ ഏറെ നേരം അങ്ങനെ തന്നെ നിന്നു. അനന്തരം വൃദ്ധ നീട്ടിയ ഒരു മൊന്തവെള്ളം ഒറ്റവലിക്കു കുടിച്ച് ഒന്നും മിണ്ടാതെ ഇരുട്ടിലേയ്ക്ക് ഇറങ്ങിനടന്നു.

“മുത്താ, നീ വിവരക്കേടൊന്നും കാണിക്കണ്ട. അവള് തൊലഞ്ഞൂന്ന് കരുതിയാമതി.” വൃദ്ധ പുറത്തേക്കിറങ്ങി നിന്ന് വിളിച്ചുപ്പറഞ്ഞു.

വീട്ടില്‍ തിരിച്ചെത്തിയ കണ്ടമുത്തന്‍ ഉമ്മറക്കോലായലിരുന്ന് പൊട്ടിക്കരഞ്ഞു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here