ചോണനുറുമ്പുകൾ

ants_2
മൃതശരീരങ്ങളിലെ
ചോരയൂറ്റിക്കുടിക്കാൻ
മരണം കഴിഞ്ഞു
നാഴികകൾക്കു ശേഷം
മന്ദം മന്ദം നടന്നു വരാറുണ്ട്
കാക്കി വേഷമിട്ട ചോണനുറുമ്പുകൾ.

ചക്കരക്കുടങ്ങളിൽ
മധുരം നുണഞ്ഞു
പിന്നിലെ ഭരണി നിറച്ചാൽ
മന്ദം മന്ദം നടന്നു
വീടണയാറുമുണ്ട്
ചോണനുറുമ്പുകൾ.

തലമുറകൾക്കു
നൊട്ടിനുണയാനുള്ള മധുരം
വീട്ടിനുള്ളിലെ രഹസ്യ അറകളിൽ
സൂര്യപ്രകാശം കാണാതെ
പൂഴ്ത്തിവെച്ചു കാത്തിരിക്കാറുമുണ്ട്
ചോണനുറുമ്പുകൾ.

മുങ്ങി മരിച്ചവന്റെ അടിവസ്ത്രവും
തൂങ്ങിയവന്റെ കാലടികളും
പര്യവേഷണം നടത്തി
പിന്നാമ്പുറങ്ങളിലേക്ക്
ഊളിയിട്ടു പോകുമ്പോഴും
വേഗത കുറവാണെന്ന പഴി കേൾക്കണം.

തന്നെക്കാൾ വലിയ ഭാരം
ഉയർത്തുമ്പോഴും
ഒന്നിനും കൊള്ളാത്തവനായി
പഴികേൾക്കാനായി പിറന്ന ജന്മമായി
ഇനിയും അരിച്ചു നടക്കണം…
ബൂട്ടുകൾക്കിടയിൽ കിടന്ന്
ഞരങ്ങിത്തീരും വരെ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here