സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘ചോല’ പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിന് സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ വടക്കൻ ,ഷാജി മാത്യു എന്നിവർ പങ്കെടുക്കും.
ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമാണ് ഒറിസോണ്ടി.
ലോകത്തിലെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമായ വെനീസ് ചലച്ചിത്രമേളയിൽ ഇതിനു മുൻപ് പ്രദർശിപ്പിക്കപ്പെട്ട മലയാള സിനിമകൾ അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽ കുത്ത് എന്നിവയാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമിച്ച ചോല, സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്.