സ്നേഹം തന്നിരുന്ന
അമ്മ മരിച്ചിരിക്കുന്നു.
മകനേയെന്നു വിളിച്ചു
നെറുകയിൽ മുത്തം നൽകി
ഉറക്കം വരാത്ത രാത്രികളിൽ
ഷാജഹാന്റെയും മുംതാസ് മഹലിന്റെയും
കഥ പറഞ്ഞിരുന്ന അമ്മ
കാലപ്രവാഹത്തിൽ
സ്വർഗ്ഗം പൂകിയിരിക്കുന്നു.
രുചിയൂറുന്ന ബിരിയാണി
വായിൽ വാരിത്തന്നപ്പോഴും
ഇഖ്ബാലിന്റെ സാരെ ജഹാം സെ ഗാനം
മൂളിപ്പാടിയിരുന്ന അമ്മ
ശാന്തി തേടി മറഞ്ഞിരിക്കുന്നു.
ചിറ്റമ്മ അമ്മയോളം വരില്ലല്ലോ.
ബിരിയാണിക്കു പകരം നിൽക്കാൻ
പച്ചക്കറി സാമ്പാറിന് കഴിയുമോ?
താജ്മഹലിന്റെ സ്നേഹക്കഥകളും
ഇഖ്ബാലിന്റെ ആർദ്രമായ വരികളും
ചിറ്റമ്മയ്ക്കറിയില്ല പോലും.
ഗസലിന്റെ വരികൾക്കു പകരം
ജാസിന്റെ സംഗീതം ആർക്കു വേണം.
ചിറ്റമ്മയുടെ മുമ്പിലിരിക്കുമ്പോൾ
ഓർമ്മകൾ വീണ്ടും
പെറ്റമ്മയുടെ കൂടെ വലം വെച്ചു നടക്കുന്നു.
അച്ഛൻ വെടിയേറ്റപ്പോഴും
അമ്മയുടെ കൈകളിൽ
സുരക്ഷിതമായിരുന്നു ബാല്യം.
ഇന്നലെ ചിറ്റമ്മയും ചിറ്റപ്പനും
മന്ത്രിക്കുന്നതു കേട്ടു
അവൻ ഇനി മുതൽ
അയൽപക്കത്തെവിടെയെങ്കിലും പോയി
തുലയട്ടെ.
അവനെ പോറ്റുന്ന നേരം കൊണ്ടു
നാലു ഗോക്കളെ പോറ്റാമല്ലോ…
Click this button or press Ctrl+G to toggle between Malayalam and English